Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുടക്ക് മുതൽ തിരിച്ചു കിട്ടാൻ വേണ്ടി കർഷകർ തെരുവിൽ; അക്രമിക്കപ്പെടാതെ ജീവിക്കാനുള്ള അവകാശത്തിനായി ദളിതരും; വാക്കുകൊണ്ടും ആയുധം കൊണ്ടും നേരിട്ട് സംഘപരിവാർ തിരിച്ചടിക്കും; സംവരണ വിരുദ്ധരും ഇന്ന് ബന്ദ് നടത്തി തെരുവിലേക്ക്; മോദി സർക്കാർ രാജ്യമെങ്ങും നേരിടുന്നത് വൻ പ്രതിഷേധങ്ങളെ; എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ബിജെപി

മുടക്ക് മുതൽ തിരിച്ചു കിട്ടാൻ വേണ്ടി കർഷകർ തെരുവിൽ; അക്രമിക്കപ്പെടാതെ ജീവിക്കാനുള്ള അവകാശത്തിനായി ദളിതരും; വാക്കുകൊണ്ടും ആയുധം കൊണ്ടും നേരിട്ട് സംഘപരിവാർ തിരിച്ചടിക്കും; സംവരണ വിരുദ്ധരും ഇന്ന് ബന്ദ് നടത്തി തെരുവിലേക്ക്; മോദി സർക്കാർ രാജ്യമെങ്ങും നേരിടുന്നത് വൻ പ്രതിഷേധങ്ങളെ; എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്തിൽ അധികാരത്തിലെത്താൻ ബിജെപിക്കായി. എന്നാൽ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ഇതിന് പിന്നാലെ രാജ്യമെങ്ങും കർഷക പ്രക്ഷോഭങ്ങൾ സജീവമായി. ത്രിപുരയിലെ വിജയവും അധിക കാലം ഉയർത്തിക്കാട്ടാൻ ഉണ്ടായില്ല. രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ബിഹാറിലേയും ഉത്തർപ്രദേശിലേയും ഉപതെരഞ്ഞെടുപ്പ് തിരിച്ചടികൾ മോദി സർക്കാരിന് ക്ഷീണമായി. മുംബൈയിലെ കർഷക ലോങ് മാർച്ചിന് പിന്നാലെ വിശപ്പടക്കാനുള്ള കർഷകരുടെ സമരം രാജ്യമെങ്ങും പടരുന്നു. ദളിത് സമരങ്ങളും രാജ്യമെങ്ങും സജീവം. ഇതിനിടെ സംവരണ വിരുദ്ധരും തെരുവിലേക്ക്. മോദി സർക്കാരിന് ഇത് പ്രതിസന്ധികളുടെ കാലമാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതെല്ലാം ബിജെപിക്ക് തിരിച്ചടിയാകും.

സർക്കാർ വിരുദ്ധ ശക്തികൾ പ്രതിഷേധവുമായെത്തുമ്പോൾ സംഘപരിവാർ പ്രസ്ഥാനങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവർത്തികളാണ് നടത്തുന്നത്. ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ. അംബേദ്കറെയും കാവി പൂശിയത് ഇത്തരത്തിലൊന്നാണ്. ഉത്തർപ്രദേശിലെ ബദായൂം ജില്ലയിലെ ദുഗ്രെയ്യ ഗ്രാമത്തിലാണ് തിങ്കളാഴ്ച സംസ്ഥാനസർക്കാർ സ്ഥാപിച്ച അംബേദ്കർ പ്രതിമയ്ക്കു കാവിനിറം നൽകിയത്. പൊതുവെ കാണുന്ന നീലനിറത്തിൽ നിന്നു വ്യത്യസ്തമാണിത്. ഇവിടെയുണ്ടായിരുന്ന അംബേദ്കർ പ്രതിമ നശിപ്പിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ആഗ്രയിൽ നിന്ന് പുതിയ പ്രതിമയെത്തിച്ചത്. പ്രതിമ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അനാവരണം ചെയ്തത്. ഇത്തരം വിഷയങ്ങൾ മോദി സർക്കാരിനെതിരെ ദളിത് വികാരം ആളിക്കത്തിക്കുന്നു.

കർഷകരും ദളിതരും രാജ്യവ്യാപകമായി മോദിക്കെതിരെ ഒന്നിക്കുകയാണ്. ഉത്തർ പ്രദേശിലെ യോഗി സർക്കാർ അംബേദ്കറുടെ പേരിനൊപ്പം 'റാംജി' എന്നു കൂട്ടിച്ചേർത്തതും കേന്ദ്ര സർക്കാരിനെതിരെയാണ് ചർച്ചയായത്. ബിജെപിയെ പ്രതിനിധാനം ചെയ്യുന്ന കാവി നിറമാണ് യു.പി. മുഖ്യമന്ത്രിയുടെ ഓഫീസായ ലാൽബഹദൂർ ശാസ്ത്രി ഭവൻ മുതൽ യു.പി.യിലെ പാർക്കുകൾക്കും കെട്ടിടങ്ങൾക്കും വരെ നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിനെ മുഴുവൻ കാവിയിൽ മുക്കൽ യജ്ഞവുമായി തിരക്കിലാണ് ബിജെപി. സർക്കാരെന്നും എന്നാൽ ഇതൊന്നും അവർക്ക് യാതൊരു ഗുണവും ചെയ്യില്ലെന്നും സമാജ് വാദി പാർട്ടി എംഎ‍ൽഎ. സുനിൽ സിങ് സാജൻ പ്രതികരിച്ചു. ബിജെപി.യുടെ മനസ്സിലിരിപ്പ് എന്താണെന്ന് ജനങ്ങളെ വിളിച്ചറിയിക്കുന്ന പ്രവൃത്തികളാണ് ഇതൊക്കെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇങ്ങനെ യുപിയിൽ ദളിതരെ ബിജെപിക്കെതിരെ സംഘടിപ്പിക്കുകയാണ് എസ് പി. മായാവതിയും എസ് പിക്കൊപ്പമാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിൽ ഇനിയുള്ള തെരഞ്ഞെടുപ്പിലും ബിജെപി വമ്പൻ തിരിച്ചടി നേരിടാനാണ് സാധ്യത.

അതിനിടെ സംവരണ വിരുദ്ധരുടെ കടന്നു വരവ്. വിദ്യാഭ്യാസം, തൊഴിൽ മേഖലകളിലെ ജാതിസംവരണത്തിനെതിരേ ഒരുകൂട്ടം സംഘടനകൾ ചൊവ്വാഴ്ച ഭാരതബന്ദിന് ആഹ്വാനംചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് മുൻകരുതലെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. സാമൂഹികമാധ്യങ്ങളിലൂടെയാണ് ബന്ദിന് ആഹ്വാനമുണ്ടായത്. കഴിഞ്ഞയാഴ്ച ഉത്തരേന്ത്യയിൽ നടന്ന ഭാരത ബന്ദിൽ പരക്കേ അക്രമവും ആളപായവും നാശനഷ്ടവുമുണ്ടായ സാഹചര്യത്തിലാണ് ജാഗ്രതാനിർദ്ദേശം. ഇത് നടത്തിയത് ദളിതരാണ്. ഇപ്പോൾ മറു വിഭാഗവും കലാപമുണ്ടാക്കാനെത്തുന്നു. സംഘപരിവാർ അനുകൂലരാണ് ഇതിന് പിന്നിലെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രാഥമിക നിഗമനം. ഇങ്ങനെ ശത്രുക്കൾക്കൊപ്പം മിത്രവും മോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ദളിത് പ്രക്ഷോഭം രാജ്യവ്യാപകമാകുന്നതിനൊപ്പം പാർട്ടിയിലും ആശയക്കുഴപ്പമുണ്ടാക്കുന്നത് ബിജെപി.യെ അലോസരപ്പെടുത്തുന്നു.

പട്ടികജാതി-വർഗ നിയമത്തിൽ വെള്ളംചേർക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാരിനു പങ്കില്ലെന്ന് നേതൃത്വം ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടിയിലെ ദളിത് നേതാക്കൾ അസ്വസ്ഥരാണ്. ഈ സാഹചര്യത്തിൽ ദളിത് നേതാക്കളെയും എംപി.മാരെയും വിളിച്ചുചേർത്ത് കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി. കേന്ദ്രനേതൃത്വം. ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങളും. ഏപ്രിൽ രണ്ടിലെ രാജ്യവ്യാപക ബന്ദിൽ പങ്കെടുത്ത ദളിതരെ പൊലീസ് വേട്ടയാടുന്നുവെന്ന് ബിജെപി.യുടെ നോർത്ത് ഡൽഹി എംപി. ഉദിത് രാജ് ഞായറാഴ്ച ആരോപിച്ചിരുന്നു. സമ്മർദത്തെത്തുടർന്ന് പ്രസ്താവന പിൻവലിച്ചു. ബഹ്റായ്ചിൽ നിന്നുള്ള സാവിത്രിബായി ഫുലെ, റോബർട്സ്ഗഞ്ചിൽ നിന്നുള്ള ഛോട്ടെ ലാൽ ഖർവാർ, ഇട്ടാവയിൽ നിന്നുള്ള അശോക് കുമാർ ദോഹ്രെ, നഗീനയിൽ നിന്നുള്ള യശ്വന്ത് സിങ് എന്നീ ദളിത് എംപി.മാരും പരസ്യമായി സർക്കാരിനെതിരേ രംഗത്തെത്തി. ദളിത് വിഷയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇവർ പ്രധാനമന്ത്രിക്കു കത്തെഴുതി. ഇതോടെയാണ് നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമായത്.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. 2014-ലെ തിരഞ്ഞെടുപ്പിൽ ബ്രാഹ്മണ-ബനിയ വോട്ടുകൾക്കൊപ്പം ദളിത് വോട്ടുകളും ബിജെപി.ക്കു കാര്യമായി ലഭിച്ചിരുന്നു. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഹിന്ദു ആദിവാസി വിഭാഗത്തിൽ 38.7 ശതമാനവും ഹിന്ദു ദളിത് വിഭാഗത്തിൽ 24.5 ശതമാനവും വോട്ടു കിട്ടി. ഉത്തർപ്രദേശിൽ ബി.എസ്‌പി.യുടെയും എസ്‌പി.യുടെയും ദളിത് വോട്ട് ബാങ്കുകളെ പിളർത്തിയാണ് ബിജെപി. ജയിച്ചത്. ബി.എസ്‌പി.യും എസ്‌പി.യും കൈകോർക്കുകയാണെങ്കിൽ 2019-ലെ തിരഞ്ഞെടുപ്പിൽ ഈ വോട്ടുകൾ ബിജെപിക്ക് കിട്ടില്ല. കഴിഞ്ഞ തവണ യുപിയിൽ 80ൽ 72 ലോക്‌സഭാ സീറ്റിലും ജയിച്ചത് ബിജെപിയാണ്.

കാർഷികോൽപ്പനങ്ങൾക്ക് മതിയായ വില കിട്ടാത്തതാണ് കർഷകരെ വലയ്ക്കുന്നത്. ഇത് കാരണമാണ് അവർ തെരുവിലിറങ്ങുന്നത്. എല്ലാം സംസ്ഥാനത്തും ലോങ് മാർച്ചിന്റെ ആവേശം ഉൾക്കൊണ്ട് കർഷകർ സമര മാർഗ്ഗങ്ങൾ തയ്യാറാക്കുന്നുണ്ട്. പെട്രോൾ-ഡീസൽ വിലവർദ്ധനവും കാര്യങ്ങൾ ബിജെപി സർക്കാരിന് എതിരാക്കുകയാണ്. എന്നാൽ ഇതിനൊന്നും തീരുമാനമെടുക്കാൻ മോദി സർക്കാരിന് കഴിയുന്നുമില്ല. ഇതിനൊപ്പം ജാതി സമവാക്യങ്ങളെ മാറ്റി മറിക്കാൻ ദളിതരും തെരുവിലെത്തുമ്പോൾ ബിജെപി നേരിടുന്നത് വമ്പൻ പ്രതിസന്ധിയയെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP