Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാശിയേറിയ പോരാട്ടത്തിൽ അഹമ്മദ് പട്ടേൽ കടന്ന് കൂടിയത് ജയിക്കാനാവശ്യമായ മിനിമം വോട്ട് മാത്രം നേടി; രണ്ട് കോൺഗ്രസ് വിമതരുടെ വോട്ടുകൾ അസാധുവാക്കിയതോടെ അനിവാര്യമായ വിജയം ഉറപ്പിച്ചു; രാത്രി മുഴുവൻ നീണ്ട ഉദ്വേഗ പൂർണ്ണമായ സംഭവവികാസങ്ങൾക്കൊടുവിൽ കുതിരക്കച്ചവടം പൊളിച്ചതിന്റെ ആവേശത്തിൽ കോൺഗ്രസ് നേതൃത്വം

വാശിയേറിയ പോരാട്ടത്തിൽ അഹമ്മദ് പട്ടേൽ കടന്ന് കൂടിയത് ജയിക്കാനാവശ്യമായ മിനിമം വോട്ട് മാത്രം നേടി; രണ്ട് കോൺഗ്രസ് വിമതരുടെ വോട്ടുകൾ അസാധുവാക്കിയതോടെ അനിവാര്യമായ വിജയം ഉറപ്പിച്ചു; രാത്രി മുഴുവൻ നീണ്ട ഉദ്വേഗ പൂർണ്ണമായ സംഭവവികാസങ്ങൾക്കൊടുവിൽ കുതിരക്കച്ചവടം പൊളിച്ചതിന്റെ ആവേശത്തിൽ കോൺഗ്രസ് നേതൃത്വം

മറുനാടൻ ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് നാടകീയ വിജയം. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഫലം പുറത്തുവന്നത്. എട്ടു മണിക്കൂറോളം മുൾമുനയിൽ നിർത്തിയ നാടകീയരാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്.

സ്വന്തം പാളയത്തിലെ വോട്ടു ചോർച്ചയും ബിജെപിക്കു വലിയ ആഘാതമായി. ഒരു ബിജെപി. എം. എൽ.എ. യുടെ വോട്ടടക്കം നേടിയാണ് പട്ടേൽ വിജയിച്ചത്. മറ്റ് രണ്ട് സീറ്റുകളിൽ ബിജെപി. ദേശീയാധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു. ഗുജറാത്തിൽ വലിയ കുതിരക്കച്ചവടം ആണ് ഇത്തവണ നടന്നത്. കോൺഗ്രസിൽ നിന്ന് 6 എംഎൽഎമാർ ആദ്യം രാജിവച്ചു. പിന്നെ ശങ്കർ സിങ് വഗേലയ്‌ക്കൊപ്പം ഏഴു പേരും. ഇതോടെയാണ് 57 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് പട്ടേലിന്റെ വിജയത്തിനായി വിയർപ്പൊഴുക്കേണ്ടി വന്നത്. കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ ബൽവന്ത്‌സിങ് രാജ്പുത് പരാജയപ്പെട്ടു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിൽ ക്യാമ്പ് ചെയ്ത് പട്ടേലിനെ തോൽപ്പിക്കാൻ കരുക്കൾ നീക്കി. എന്നാൽ അതിനെ സമർത്ഥമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേൽ അതിജീവിച്ചു. രണ്ട് വിമത കോൺഗ്രസ് എംഎ‍ൽഎ.മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കിയതോടെയാണ് പട്ടേലിന്റെ വിജയമുറച്ചത്. രാഘവ്ജി പട്ടേൽ, ഭോലാഭായ് ഗോഹിൽ എന്നീ എംഎ‍ൽഎ.മാരുടെ വോട്ടാണ് അസാധുവാക്കിയത്. ബിജെപി. സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്ത ഇരുവരും ബാലറ്റ് പേപ്പർ അമിത് ഷായെയും സ്മൃതി ഇറാനിയേയും കാണിച്ചതാണ് അസാധുവാക്കാൻ കാരണം. പാർട്ടി ഏജന്റിനെ അല്ലാതെ മറ്റാരെയും വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പർ കാണിക്കാൻ പാടില്ലെന്നാണ് ചട്ടം. ഇതാണ് പട്ടേലിന് തുണയായത്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് വലിയ നേട്ടമാണ് ഈ വിജയം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആത്മവിശ്വാസം കൂട്ടാനുമായി.

വിമതരുടെ വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസാണ് ആദ്യം കമ്മിഷനെ സമീപിച്ചത്. പാർട്ടി പ്രതിനിധികളല്ലാത്തവർക്ക് ഈ എംഎ‍ൽഎ.മാർ തങ്ങളുടെ വോട്ട് പ്രദർശിപ്പിച്ചതിന്റെ വീഡിയോദൃശ്യങ്ങളടക്കമാണ് കോൺഗ്രസ് പരാതി നൽകിയത്. വിമത എംഎ‍ൽഎ.മാർ തങ്ങളുടെ വോട്ടുകൾ അമിത് ഷായെയും സ്മൃതി ഇറാനിയെയും കാണിച്ചെന്ന് നേതാക്കൾ കമ്മിഷനോട് പറഞ്ഞു. വീഡിയോ പരിശോധിച്ച് തീരുമാനിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. തുടർന്ന് ബിജെപി. നേതാക്കളുടെ ഊഴമായി. ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ മുതിർന്ന മന്ത്രിമാരുടെ നിരതന്നെ കമ്മിഷനിലെത്തി. മന്ത്രിമാരായ രവിശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് അവർ കമ്മിഷനെ ധരിപ്പിച്ചു. വോട്ടെടുപ്പ് നടക്കുമ്പോൾ ഗുജറാത്തിൽ കോൺഗ്രസോ തിരഞ്ഞെടുപ്പ് നിരീക്ഷകരോ ഉന്നയിക്കാത്ത ആരോപണമാണ് ഡൽഹിയിൽ അവർ ഉന്നയിക്കുന്നതെന്ന് ബിജെപി. ആരോപിച്ചു.

ബിജെപിക്ക് രണ്ടു പേരെയും കോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയെയും ജയിപ്പിക്കാൻ കഴിയുന്നവിധത്തിലായിരുന്നു ഗുജറാത്ത് നിയമസഭയിലെ കക്ഷിനില. 182 അംഗ നിയമസഭയിൽ കോൺഗ്രസിന് 57 അംഗങ്ങളുണ്ടായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇവരിൽ ആറുപേർ നിയമസഭാംഗത്വം രാജിവച്ചു. ശേഷിച്ച 51 പേരിൽ ഏഴുപേർ വിമതനേതാവ് ശങ്കർസിങ് വഗേലയോടൊപ്പം നിലയുറപ്പിച്ചു. മുന്മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വഗേല ഈയിടെയാണ് കോൺഗ്രസിൽനിന്ന് രാജിവച്ചത്.

സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം

പുലർച്ചെ രണ്ടുമണിയോടെയാണു ഫലം പുറത്തുവന്നത്. ബിജെപി സ്ഥാനാർത്ഥികൾക്കു വോട്ടുചെയ്തശേഷം ബാലറ്റ് പേപ്പർ പരസ്യമായി ഉയർത്തിക്കാട്ടിയ രണ്ടു വിമത കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അസാധുവാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പു ചട്ടങ്ങൾ പ്രകാരം വോട്ടു ചെയ്തത് അതതു കക്ഷികളുടെ തിരഞ്ഞെടുപ്പ് ഏജന്റിനെ മാത്രമേ കാണിക്കാവൂ. വോട്ടിങ്ങിന്റെ വീഡിയോ പരിശോധിച്ചപ്പോൾ രണ്ട് എംഎൽഎമാർ ചട്ടം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടു. 1961-ലെ തിരഞ്ഞെടുപ്പു ചട്ടം 39 എ, 39 എ എ എന്നിവ പ്രകാരം റിട്ടേണിങ് ഓഫിസറോട് ഈ വോട്ടുകൾ രണ്ടും അസാധുവാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

രണ്ടു വോട്ടുകൾ അസാധുവായതോടെ ഒരു സ്ഥാനാർത്ഥിക്കു ജയിക്കാൻ വേണ്ട കുറഞ്ഞ വോട്ട് 44 ആയിരുന്നു. 43 കോൺഗ്രസ് എംഎൽഎമാരുടെയും എൻസിപി, ജെഡിയു എന്നിവയുടെ ഓരോ എംഎൽഎമാരുടെയും ഒരു ബിജെപി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ. മുതിർന്ന നേതാക്കളടക്കം വിട്ടുപോയതിനെത്തുടർന്നു ഗുജറാത്തിൽ ക്ഷീണത്തിലായ കോൺഗ്രസിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം നൽകുന്ന വിജയമാണിത്. ഏറ്റവും വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ വിജയം സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം കൂടിയാണ്.

രാജ്യം കണ്ട ഏറ്റവും നാടകീയമായ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഏഴു മണിക്കൂറോളം വോട്ടെണ്ണൽ തടസ്സപ്പെട്ടു. വിമതരുടെ വോട്ട് അസാധുവാക്കണമെന്ന കോൺഗ്രസ് ആവശ്യം ഗുജറാത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ ആദ്യം തള്ളി. തുടർന്നു കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ കേന്ദ്ര കമ്മിഷൻ ഗുജറാത്തിലേക്കു നിർദ്ദേശം നൽകി.

നിർണ്ണായകമായത് മുൻ ഗുജറാത്ത് ചീഫ് സെക്രട്ടറിയുടെ തീരുമാനം

അചൽ കുമാർ ജോതി തിരഞ്ഞെടുപ്പു കമ്മിഷണറായതു ജൂലൈ ആറിനാണ്. 1975 ബാച്ചിലെ ഗുജറാത്ത് കേഡർ െഎഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ ഗുജറാത്തിൽ ചീഫ് സെക്രട്ടറി ആയിരുന്നു. നാലു മണിക്കൂറിനിടയിൽ മൂന്നുതവണ വീതമാണു ബിജെപിയുടെയും കോൺഗ്രസിന്റെയും ഉന്നത നേതൃസംഘങ്ങൾ അദ്ദേഹത്തെ കാണാനെത്തിയത്. എങ്ങനെ തീരുമാനമെടുത്താലും വിവാദമാകുന്ന വിഷയമാണു മുന്നിൽ. തിരഞ്ഞെടുപ്പു ചട്ടം 1961 പ്രകാരം രണ്ട് എംഎൽഎമാർ നിയമലംഘനം നടത്തിയോ എന്നതാണു വിഷയം. മുൻ ചരിത്രം പരിശോധിച്ചാൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തരം പരാതികളിൽ രണ്ടു വിധത്തിലും തീരുമാനമെടുത്തിട്ടുണ്ട്.

രഹസ്യ ബാലറ്റാണു ചെയ്യേണ്ടത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ, ഏതു കക്ഷിയുടെ എംഎൽഎയാണോ വോട്ടു ചെയ്യുന്നത് ആ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റിനെ വോട്ട് കാണിക്കാമെന്നുണ്ട്. മറ്റ് ആരെയും കാണിക്കാനും പാടില്ല. 2016ൽ ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ നടന്നത് അതാണ്. അന്നു പക്ഷേ, ബിജെപിയായിരുന്നു പരാതി നൽകിയത്. അന്നു രാജ്യസഭാ തിരഞ്ഞെടുപ്പിന് അവിടെ രണ്ടു സ്ഥാനാർത്ഥികളാണ് - ഇന്ത്യൻ നാഷണൽ ലോക്ദളും കോൺഗ്രസും പിന്താങ്ങുന്ന ആർ.കെ.ആനന്ദും ബിജെപിയുടെ സുഭാഷ് ചന്ദ്രയും. അന്നു കോൺഗ്രസ് എംഎൽഎയായ രൺധീപ് സിങ് സുർജേവാല വോട്ടു ചെയ്തപ്പോൾ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് കിരൺ ചൗധരിയെ കാണിച്ചു.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് ബി.കെ.ഹരിപ്രസാദ് ആയിരുന്നു. ഹരിപ്രസാദിനു മാത്രമേ വോട്ട് കാണാൻ അവകാശമുള്ളൂ. സുർജേവാലയുടെ വോട്ട് അസാധുവായി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചു. ഇതോടൊപ്പം െഎഎൻഎൽഡി എംഎൽഎ ഹരിചന്ദ് മിധയുടെ വോട്ടും റദ്ദാക്കണം എന്നു ബിജെപി ആവശ്യപ്പെട്ടിരുന്നു. കാരണം, മിധ വോട്ടു ചെയ്യാൻ വന്നപ്പോൾ കൂടെ ഒരു അപരിചിതനും വന്നു. അപരിചിതനെ കൊണ്ടുവരണമെങ്കിൽ മുൻകൂട്ടി റിട്ടേണിങ് ഓഫിസറുടെ അനുമതി വാങ്ങിയിരിക്കണം.

അങ്ങനെ ചെയ്യാത്തതിനാൽ വോട്ട് റദ്ദാക്കണം എന്നായിരുന്നു ബിജെപിയുടെ വാദം. ഇതു പക്ഷേ, അംഗീകരിച്ചില്ല. ഏതായാലും ആ തിരഞ്ഞെടുപ്പിൽ ജയിച്ചതു സുഭാഷ് ചന്ദ്രയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP