തുടങ്ങും മുന്നേ ഉടക്കി പ്രതിപക്ഷ സഖ്യം; ഉത്തർപ്രദേശിൽ സിറ്റുകളുടെ വിഭജനത്തെ ചൊല്ലി കലഹം; രണ്ടും മൂന്നും സ്ഥാനങ്ങൾ ആധാരമാക്കി സീറ്റു വിഭജനം നടത്തണമെന്ന് എസ്‌പിയും ബിഎസ്‌പിയും; 2009 അടിസ്ഥാനമാക്കണമെന്ന് കോൺഗ്രസ്; ഛത്തീസ്‌ഗഡിൽ കോൺഗ്രസിനും ബിജെപിക്കും ബദൽ തേടി മായാവതി; കോൺഗ്രസ് കൂടുതൽ ത്യാഗം സഹിക്കേണ്ടി വരുമെന്ന് സൂചന
September 22, 2018 | 01:07 PM IST | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി; ഉത്തർപ്രദേശിൽ പ്രതിപക്ഷ സഖ്യത്തിൽ ആദ്യമേ കലഹവും കല്ലുകടിയും. 2014ൽ ലഭിച്ച സീറ്റുകൾ, രണ്ടും മൂന്നും സ്ഥാനങ്ങൾ എന്നിവയെ ആധാരമാക്കി സീറ്റു വിഭജനം നടത്തണമെന്ന് എസ്‌പിയും ബിഎസ്‌പിയും ആവശ്യപ്പെട്ടപ്പോൾ 2009 അടിസ്ഥാനമാക്കണമെന്നാണു കോൺഗ്രസ് നിലപാട്. മോദി തരംഗത്തിൽ പ്രതിപക്ഷത്തിന്റെ അടിത്തറ തകർന്ന വർഷം അടിസ്ഥാനമാക്കി സീറ്റു വിഭജിക്കുന്നതു ശരിയല്ലെന്നാണു കോൺഗ്രസിന്റെ വാദം.
അതേസമയം പ്രതിപക്ഷ മഹാസഖ്യത്തിനു വേണ്ടിയുള്ള കോൺഗ്രസ് ശ്രമങ്ങൾക്കു വിള്ളൽ ഉണ്ടാക്കി മായാവതിയുടെ നീക്കം. ഛത്തീസ്‌ഗഡിൽ അജിത് ജോഗിയുമായി ചേർന്നു മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ കൂടുതൽ സംസ്ഥാനങ്ങളിൽ കോൺഗ്രസിനും ബിജെപിക്കും ബദൽ തേടുന്നതായാണു സൂചന. രാജസ്ഥാനിൽ സമാജ്വാദി പാർട്ടിയെയും ഇടതുപാർട്ടികളെയും ഒപ്പം നിർത്തി മൂന്നാം മുന്നണിക്കു വേണ്ടിയുള്ള ശ്രമം ബിഎസ്‌പി ഊർജിതമാക്കി. മധ്യപ്രദേശിൽ 22 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. പുതിയ നീക്കത്തോടെ മഹാസഖ്യത്തിനു മായാവതി തന്നെ ഭീഷണിയാകുന്ന നിലയിലാണു കാര്യങ്ങൾ.
എന്നാൽ, മായാവതിയുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിശ്ശബ്ദതയിലാണ്. ഇനിയും അതു തുടരേണ്ടതില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. രാജസ്ഥാനിൽ ബിഎസ്‌പിയെ ഒപ്പം കൂട്ടേണ്ടതില്ലെന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംസ്ഥാനാധ്യക്ഷൻ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഇവിടെ ഒറ്റയ്ക്കു ഭൂരിപക്ഷം നേടാൻ കഴിയുമെന്നാണ് അവരുടെ വിലയിരുത്തൽ. അപ്പോഴും മായാവതിയുമായി സീറ്റ് വിഭജന ചർച്ചകൾക്കു സാധ്യതയുണ്ടെന്നു കോൺഗ്രസ് കരുതുന്നു. പിന്നാക്ക വോട്ടുകൾ ഏറെയുള്ള ഛത്തീസ്‌ഗഡിൽ മായാവതി, കോൺഗ്രസിനെതിരെ മൽസരിക്കുമ്പോൾ വോട്ടുകൾ ഭിന്നിക്കുമെന്നതിലാണു ബിജെപി പ്രതീക്ഷ.
ഉത്തർപ്രദേശിലെ കാര്യങ്ങൾ കലഹത്തിൽ അവസാനിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014 അടിസ്ഥാനമാക്കിയാൽ എസ്‌പിക്കും ബിഎസ്‌പിക്കും മുപ്പതിലേറെ സീറ്റു വീതം ലഭിക്കും. അവശേഷിക്കുന്ന 20 സീറ്റുകളേ കോൺഗ്രസും ആർഎൽഡിക്കും ലഭിക്കൂ. 2009 മാനദണ്ഡമാക്കിയാൽ കോൺഗ്രസിനു സീറ്റ് കൂടും. കോൺഗ്രസ് 21, എസ്‌പി 23, ബിഎസ്‌പി 22, ആർഎഡി 05 എന്നിങ്ങനെയാണ് അന്നത്തെ ഫലം.
ഛത്തീസ്‌ഗഡിൽ അജിത് ജോഗിയുമായി ധാരണയുണ്ടാക്കുകയും മധ്യപ്രദേശിൽ സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്ത ബിഎസ്‌പി, യുപിയിലും അയവു കാട്ടില്ലെന്ന സന്ദേശം നൽകിക്കഴിഞ്ഞു. പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കണമെങ്കിൽ കോൺഗ്രസ് കൂടുതൽ ത്യാഗം സഹിക്കേണ്ടി വരുമെന്ന സൂചനയുമാണ് ഇതിലൂടെ മായാവതി മുന്നോട്ട് വയ്ക്കുന്നത്.
അഖിലേഷ് യാദവിന്റെ സൈക്കിളിനു പിന്നിൽ ആരൊക്കെ കയറുമെന്ന് കണ്ടുതന്നെ അറിയണം. കോൺഗ്രസ്, ജെ.ഡി.യു, തൃണമൂൽ, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്്ദൾ, അപ്നാദളിലെ കൃഷ്ണപട്ടേൽ വിഭാഗം എന്നിവരുമായി ചേർന്ന് ബിഹാർ മാതൃകയിൽ സഖ്യകക്ഷി രൂപീകരണം അണിയറയിൽ പുരോഗമിക്കുകയാണ്. നൂറ് സീറ്റുകളാണ് കോൺഗ്രസിന്റെ ആവശ്യമെങ്കിലും 90 വരെ സീറ്റുകൾ നൽകിേേയക്കും. രാഷ്ട്രീയ ലോക്്ദളിന് 20 മുതൽ 22 വരെ സീറ്റ് നൽകും.
