Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിയുമൊത്ത് ചായ കുടിക്കാൻ വന്നുവെന്ന് പീയൂഷ് ഗോയൽ; ചായയും ബിസ്‌കറ്റും കഴിക്കാൻ വന്നതെന്ന് തമാശ പറഞ്ഞ് ധർമേന്ദ്ര പ്രധാൻ; കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെ കണ്ടതിൽ കാര്യമില്ലെന്ന് മന്ത്രിമാർ ചിരിച്ചുതള്ളിയെങ്കിലും യോഗത്തിൽ ചർച്ചയായത് എണ്ണ ഇറക്കുമതി; നോർത്ത് ബ്ലോക്കിലെ ഓഫീസിൽ ബിഗ് വണ്ണിനെ കാണാൻ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ക്യൂ നിൽക്കുന്നു; തീരുമാനങ്ങൾ എടുക്കുന്നതിൽ സൂപ്പർ വേഗതയോടെ അമിത്ഷാ പുതിയ അധികാര കേന്ദ്രമാകുന്നു

മന്ത്രിയുമൊത്ത് ചായ കുടിക്കാൻ വന്നുവെന്ന് പീയൂഷ് ഗോയൽ; ചായയും ബിസ്‌കറ്റും കഴിക്കാൻ വന്നതെന്ന് തമാശ പറഞ്ഞ് ധർമേന്ദ്ര പ്രധാൻ; കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെ കണ്ടതിൽ കാര്യമില്ലെന്ന് മന്ത്രിമാർ ചിരിച്ചുതള്ളിയെങ്കിലും യോഗത്തിൽ ചർച്ചയായത് എണ്ണ ഇറക്കുമതി; നോർത്ത് ബ്ലോക്കിലെ ഓഫീസിൽ ബിഗ് വണ്ണിനെ കാണാൻ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ക്യൂ നിൽക്കുന്നു; തീരുമാനങ്ങൾ എടുക്കുന്നതിൽ സൂപ്പർ വേഗതയോടെ അമിത്ഷാ പുതിയ അധികാര കേന്ദ്രമാകുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിഗ് ഫോറിലെ ബിഗ് വൺ-അമിത് ഷാ കേന്ദ്ര മന്ത്രിസഭയിൽ ചേരും മുമ്പേ തന്നെ മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത വിശേഷണം. ആഭ്യന്തരം കൈയാളുന്ന ഷാ മോദി സർക്കാരിലെ പുതിയ അധികാരകേന്ദ്രമായി മാറുകയാണെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ പുതിയ സംസാര വിഷയം. അധികാരമേറ്റപ്പോൾ മുതൽ ഗവർണർമാർ, മുഖ്യമന്ത്രിമാർ, ക്യാബിനറ്റ് മന്ത്രിമാർ എന്നിവരുടെ നീണ്ട നിരയാണ് ഷായുടെ ഓഫീസിൽ. നേരത്തെ അരുൺ ജെയ്റ്റ്‌ലിയായിരുന്നു അധികാരകേന്ദ്രമെങ്കിൽ, അത് ഈവട്ടം ഷായിലേക്ക് മാറിയിരിക്കുന്നു.

ചൊവ്വാഴ്ച യോഗങ്ങളുടെ ഒരുപരമ്പര തന്നെ ഷായുടെ ഓഫീസിൽ അരങ്ങറി. അതിൽ ഒരുയോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വാണിജ്യ-റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും അമിത് ഷായെ കണ്ട് ചർച്ച നടത്തി. എണ്ണ ഇറക്കുമതിയായിരുന്നു വിഷയം. എന്നാൽ, യോഗം കഴിഞ്ഞപ്പോൾ മന്ത്രിമാരെല്ലാം അത് ചിരിച്ചുതള്ളി. മന്ത്രിയുമൊത്ത് ചായ കുടിക്കാൻ വന്നുവെന്നായിരുന്നു പീയൂഷ് ഗോയലിന്റെ മറുപടി. ചായയും ബിസ്‌കറ്റും കഴിക്കാൻ വന്നതാണ് ധർമേന്ദ്ര പ്രധാൻ തമാശ പറഞ്ഞു. അമിത് ഷാ പാർട്ടി അദ്ധ്യക്ഷനായതുകൊണ്ട് മന്ത്രിമാരും നേതാക്കളും അദ്ദേഹത്തെ കാണാനെത്തുന്നത് സ്വാഭാവികമാണെന്നായിരുന്നു അൽപം ഗൗരവം കലർത്തി പിന്നീടുള്ള വിശദീകരണം.

കഴിഞ്ഞ മോദി സർക്കാരിലെ ആഭ്യന്തര മന്ത്രിയുടെ കീഴിൽ മറ്റുമന്ത്രാലയങ്ങളുടെ യോഗങ്ങൾ വിളിച്ചിരുന്നില്ല. ഇതാദ്യമാണ് രണ്ടാം മോദി സർക്കാരിൽ ഇത്തരമൊരുയോഗമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അമിത് ഷാ സുപ്രധാന മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നാണ് ഈ ചർച്ച സൂചിപ്പിക്കുന്നത്. ആഫ്രിക്കയിലെ മൊസാംബിക്കിൽ നിന്ന് ഇന്ധനവും പാചകവാതകവും ലഭിക്കുന്നതിനു നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിനായിരുന്നു അമിത് ഷാ അധ്യക്ഷത വഹിച്ചത്. കാശ്മീരിലെ സ്ഥിതിഗതികളും വിലയിരുത്തി. തീവ്രവാദികളുമായി ചർച്ചയ്ക്കില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

മോദിക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഇനി ഉത്തരം ആവശ്യമില്ല. കേന്ദ്ര മന്ത്രിസഭയിൽ രണ്ടാമനായ ഷാ തന്റെ ഭാവി ദൗത്യത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷം സർക്കാരിൽ തീരുമാനമെടുക്കൽ അൽപം മന്ദഗതിയിലായിരുന്നു. ഇപ്പോൾ ഷാ വന്നതോടെ ഉഷാറായി എന്നാണ് പിന്നാമ്പുറ സംസാരം.

മന്ത്രിമാരെ വിരട്ടി ഷാ

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ളവർ ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കുന്നതിനെതിരായ കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ പരാമർശമാണ് അമിത്ഷായെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ , ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബിജെപി നേതാവുമായി സുശീൽ കുമാർ മോദി, രാം വിലാസ് പാസ്വാൻ എന്നിവർ പങ്കെടുത്ത ഇഫ്താറിനെ വിമർശിച്ച് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്യുകയായിരുന്നു. ഇഫ്താർ നടത്തുന്ന അതേ അവേശത്തിൽ നവരാത്രി ആഘോഷവും നടത്തിയിരുന്നെങ്കിൽ എത്ര ഭംഗിയാകുമായിരുന്നേനെ എന്നായിരുന്നു ഗിരിരാജ് സിങിന്റെ ട്വീറ്റ്. ഗിരിരാജ് സിങ് മനഃപൂർവം തന്നെയാണ് പരാമർശം നടത്തിയതെന്നും അതുകൊണ്ട് മാധ്യമങ്ങൾ വാർത്തയാക്കുന്നതെന്നും നിതീഷ് കുമാർ പ്രതികരിക്കുകയും ചെയ്തു.

മന്ത്രിസഭയിൽ ചേരാതെ ജെ.ഡി.യു മാറി നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ ദോഷം ചെയ്യുമെന്നാണ് അമിത്ഷായുടെ നിലപാട്. പ്രത്യേകിച്ച് മഹാസഖ്യത്തിലേക്ക് ജെഡിയുവിന് പരോക്ഷ ക്ഷണം വന്ന സാഹചര്യത്തിൽ വിശേഷിച്ചും. അതുകൊണ്ട് തന്നെ ഗിരിരാജ് സിങ്ങിനെ ഷാ അതൃപ്തി അറിയിച്ചു. ഹൈദരാബാദ് ഭീകരപ്രവർത്തനത്തിന്റെ പറുദീസയാണെന്നാണു ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞപ്പോഴും ഷാ ഇടപെട്ടു. ബെംഗളൂരുവിലോ ഭോപാലിലോ ഭീകരവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവം ഉണ്ടായാൽ അതിന്റെ വേരുകൾ ഹൈദരാബാദിലാണെന്നും പൊലീസും എൻഐഎയും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ അവിടെ നിന്നും ഭീകരരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നുമായിരുന്നു കിഷന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനകൾ മേലിൽ അരുതെന്ന് കിഷനെ ഷാ ശാസിക്കുകയും ചെയ്തു.

ബിഗ് ഫോറിലെ ബിഗ് 1

ആഭ്യന്തരം, ധനകാര്യം, പ്രതിരോധകാര്യം, വിദേശകാര്യം -ഇതാണ് കേന്ദ്ര മന്ത്രിസഭയിലെ ബിഗ് ഫോർ. അതിൽ ബിഗ് വൺ, ആഭ്യന്തരവും.ആരും എഴുതി വച്ചിട്ടില്ലെങ്കിലും ആഭ്യന്തര മന്ത്രിയെ പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമനായാണ് കണക്കാക്കുന്നത്. 2014 ലെ ആദ്യ മോദി സർക്കാരിന്റെ കാലത്ത് ആരാണ് നമ്പർ ടൂ എന്ന കാര്യത്തിൽ എപ്പോഴും സംശയമായിരുന്നു. രാജ്നാഥ് സിങ്ങാണോ, അരുൺജെയ്റ്റ്ലിയാണോ? ജെയ്റ്റ്ലി പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ആരോഗ്യകാരണങ്ങളുടെ പേരിൽ ജെയ്റ്റ്ലി ഇത്തവണ മാറി നിന്നെങ്കിലും മോദി അദ്ദേഹത്തെ വീട്ടിൽ പോയി സന്ദർശിച്ചത് ഓർക്കുക. ഒരുസമയത്ത് ജെയ്റ്റ് ലിക്ക് ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ചുമതലയുണ്ടായിരുന്നു.എന്നാൽ, രാജ്നാഥ് സിങ്ങിന് മോദിയുടെ തൊട്ടടുത്ത് സീറ്റ് നൽകി ആഭ്യന്തര മന്ത്രി തന്നെയാണ് രണ്ടാമൻ എന്ന തോന്നലുണ്ടാക്കാനും ശ്രദ്ധ പുലർത്തിയിരുന്നു. ഏതായാലും ഇത്തവണ അത്തരം ആശയക്കുഴപ്പമൊന്നുമില്ല. ഗാന്ധിനഗറിൽ എൽ.കെഅദ്വാനിക്ക് പകരം മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ ഷാ തന്നെ രണ്ടാമൻ.

രണ്ടാമനായിരിക്കുക മാത്രമല്ല, രണ്ടാമൂഴത്തിൽ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത കണിശക്കാരൻ എന്ന ഇമേജ് കാത്തുസൂക്ഷിക്കാൻ വിശ്വസ്തനായ അമിത്ഷാ തന്നെ അരികത്തുണ്ടാവുന്നതാണ് മോദിക്ക് പ്രിയങ്കരം. ആഭ്യന്തര മന്ത്രി പദം കുട്ടിക്കളിയല്ല. അതുകൊണ്ട് തന്നെ വലിയൊരു സന്ദേശം കൂടിയാണ് മന്ത്രിസഭയിലെ തന്റെ സഹപ്രവർത്തകർക്കും, മറ്റുസംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്കും മോദി നൽകുന്നത്. പാർട്ടി കേഡറുകളുടെ പിന്തുണ ഷായ്ക്ക ആവോളമുണ്ട്. എന്നാൽ, മന്ത്രിസഭയിലെ സഹപ്രവർത്തകരും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഷായെ എങ്ങനെ കാണുന്നുവെന്നതും പ്രധാനമാണ്. അതിനുള്ള വ്യക്തമായ സന്ദേശമാണ് മോദി നൽകിയിരിക്കുന്നത്. ആരായിക്കും മോദിയുടെ പിൻഗാമി എന്ന സന്ദേശം.

അനധികൃത കുടിയേറ്റക്കാരെ വച്ചുപൊറുപ്പിക്കില്ല

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം അമിത് ഷാ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരെ ആഞ്ഞടിച്ചിരുന്നു. ചിതലുകളെ പോലെയാണ് അനധികൃത കുടിയേറ്റക്കാർ. പശ്ചിമബംഗാളിലെ റായ്ഗഞ്ചിൽ ഏപ്രിൽ 12 ന് ഷാ പ്രസംഗിച്ചു: 'ദരിദ്രർക്ക് പോകേണ്ട ധാന്യങ്ങളും തൊഴിലും അവർ തട്ടിയെടുക്കുകയാണ്. പുതിയ നിയമനത്തോടെ മറ്റുദേശീയ പ്രശ്നങ്ങൾക്കൊപ്പം അദ്ദേഹം ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന വിഷയം അനധികൃത കുടിയേറ്റം തന്നെയായിരിക്കും. ബംഗ്ലാദേശിൽ നിന്നുമാത്രമല്ല, മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തെയും ഷാ നിശിതമായി വിമർശിക്കാറുണ്ട്. അനധികൃത കുടിയേറ്റം മാത്രമല്ല. ജമ്മു-കശ്മീർ പ്രശ്നം, മാവോയിസ്റ്റ് പ്രശ്നം എന്നിവയിലെല്ലാം കടുത്ത നിലപാടാണ് ഷായ്ക്കുള്ളത്. കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഭരണഘടനയുടെ 370-ാം വകുപ്പ് ഒഴിവാക്കുമെന്നും ഷാ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP