Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമർനാഥ് യാത്രയുടെ സുരക്ഷാക്രമീകരണങ്ങൾ എങ്ങനെ?' എല്ലാം ഓകെയാണ് സർ..ഇനി താങ്കളുടെ അനുഗ്രഹങ്ങൾ മാത്രം മതി; ഞാനെന്താ ഏതെങ്കിലും ബാബയോ..താങ്കൾക്ക് അനുഗ്രഹം ചൊരിയാൻ? മറുപടി കേട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചമ്മി; മൂന്നുമണിക്കൂറിൽ തീരേണ്ട യോഗങ്ങൾ ഒരുമണിക്കൂറിൽ തീരും; വിഷയത്തിൽ നല്ല ഹോംവർക്ക്; കശ്മീർ പ്രശ്‌നത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും ക്ലിയർ വിഷൻ; അമിത്ഷായുടെ 50 നാളത്തെ ഭരണം കിടിലമെന്ന് ഇന്ദ്രപ്രസ്ഥം

അമർനാഥ് യാത്രയുടെ സുരക്ഷാക്രമീകരണങ്ങൾ എങ്ങനെ?' എല്ലാം ഓകെയാണ് സർ..ഇനി താങ്കളുടെ അനുഗ്രഹങ്ങൾ മാത്രം മതി; ഞാനെന്താ ഏതെങ്കിലും ബാബയോ..താങ്കൾക്ക് അനുഗ്രഹം ചൊരിയാൻ? മറുപടി കേട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചമ്മി; മൂന്നുമണിക്കൂറിൽ തീരേണ്ട യോഗങ്ങൾ ഒരുമണിക്കൂറിൽ തീരും; വിഷയത്തിൽ നല്ല ഹോംവർക്ക്; കശ്മീർ പ്രശ്‌നത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും ക്ലിയർ വിഷൻ; അമിത്ഷായുടെ 50 നാളത്തെ ഭരണം കിടിലമെന്ന് ഇന്ദ്രപ്രസ്ഥം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരുയോഗത്തിന് പോയാൽ വെറുതെ അങ്ങുപോകുകയല്ല. നന്നായി ഹോംവർക്ക് ചെയ്യും. കാര്യം വിശദീകരിക്കാൻ മൂന്നുമണിക്കൂറെടുക്കേണ്ട യോഗം ഒരുമണിക്കൂറിൽ തീരും. ഇതെന്തൊരുമനുഷ്യൻ. നേരത്തെ വർക്കഹോളിക്കായിരുന്ന മോദിയെ കണ്ട് അത്ഭുതപ്പെട്ടിരുന്നവർ ഇപ്പോൾ രണ്ടാമന്റെ കാര്യശേഷിയെയാണ് സലാം വച്ചുപോകുന്നത്. അമിത് ഷായുടെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്. ദേശീയ മാധ്യമങ്ങളിലൊക്കെ ഇപ്പോൾ ഷായുടെ കഥകൾ, അല്ല, യഥാർഥ സംഭവങ്ങളുടെ വിവരണങ്ങൾ എത്രയെന്നോ!

കഴിഞ്ഞ മോദി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗാണ് ഇപ്പോൾ പ്രതിരോധ മന്ത്രി. ഷാ വന്നതോടെ രണ്ടാം സ്ഥാനം സിങ്ങിന് നഷ്ടമായി കഴിഞ്ഞു. ബിജെപിയിലെ മുടിചൂടാമന്നനായ ഷാ വരുന്നതോടെ ആഭ്യന്ത്ര മന്ത്രാലയത്തിൽ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നായിരുന്നു പല ഉദ്യോഗസ്ഥ പ്രമുഖരുടെയും ആശങ്ക. എന്നാൽ, അതെല്ലാം അസ്ഥാനത്തായി. 'എല്ലാ ഉദ്യോഗസ്ഥരും സർക്കാരിന് വേണ്ടിയാണ് പണിയെടുക്കുന്നത്. ആരുടെയെങ്കിലും പ്രകടനം മോശമായാൽ മാത്രമേ അവരെ മാറ്റേണ്ടതുള്ളു'- ഇതാണ് അമിത്ഷായുടെ മനസ്സിലിരുപ്പ്. ഏതായാലും ഉദ്യോഗസ്ഥരുടെ ഈ തുടർച്ച സർക്കാരിന്റെ പ്രകടനത്തിനും തുടർച്ചയുണ്ടാക്കിയെന്നാണ് സംസാരം. സർക്കാരിന് എന്താണ് വേണ്ടതെന്ന സംഗതി എല്ലാവർക്കും പിടികിട്ടി. ഷായുടെ 50 നാളത്തെ ഭരണത്തിൽ ഉദ്യോഗസ്ഥർക്ക് തികഞ്ഞ സംതൃപ്തി.

ഷാർപ് ഷാ

അമിത്ഷാ ചുമതലയേറ്റ ആദ്യനാളുകളിൽ കാര്യങ്ങൾ പരിചയപ്പെടുത്തുകയായിരുന്നു ഉദ്യോഗസ്ഥരുടെ ജോലി. പലപ്പോഴും ഇത്തരം ബ്രീഫിങ്ങുകൾ അദ്ദേഹത്തിന് വേണ്ടി വന്നില്ല. എന്താണ് വിഷയമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഷാർപ്പാണ് ഷാ. ഒപ്പം വിഷയത്തിൽ നല്ല വിവരവും. മൂന്നുമണിക്കൂർ കൊണ്ട് തീരേണ്ട അവതരണം ഒരുമണിക്കൂറിൽ തീർന്നു, ഒരു ഉദ്യോസ്ഥൻ അനുഭവം പങ്കുവച്ചു. മറ്റൊരു സംഭവം ഇങ്ങനെ: ജൂൺ 26. സ്ഥലം കശ്മീർ. ഷായുടെ ആദ്യ സന്ദർശനം. ഷേർ ഇ കശ്മീർ അന്താരാഷ്ട്ര സമ്മേളന വേദി. അമർനാഥ് യാത്രയുടെ സുരക്ഷാക്രമീകരണങ്ങൾ എങ്ങനെ, ഒരുമുതിർന്ന പൊലീസ് ഉദ്യോഗസ്ഥനോട് ചോദ്യം. ' എല്ലാം ഓകെയാണ് സർ. ഇനി താങ്കളുടെ അനുഗ്രഹങ്ങൾ മാത്രം മതിയാവും. മറുപടി കേട്ട് ഉദ്യോഗസ്ഥൻ നടുങ്ങി. എന്നെ കണ്ടാൽ എന്താ പുണ്യപുരുഷനെ പോലെ തോന്നുമോ, താങ്കളെ അനുഗ്രഹിക്കാൻ? മറ്റൊരു യോഗത്തിൽ ഒരുഉദ്യോഗസ്ഥൻ തീവ്രവാദികളെ വകവരുത്തിയതിന്റെ കണക്കുകൾ നിരത്തി. എനിക്ക് കണക്ക് കൾക്കേണ്ട, സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങൾ പറയൂ. ഇതോടെ, ഉദ്യോഗസ്ഥന് കാര്യം പിടികിട്ടി.

കശ്മീർ സമീപനത്തിലെ പുതുമ

രണ്ടുദിവസമാണ് അമിത്ഷാ കശ്മീരിൽ ഉണ്ടായിരുന്നത്. സുരക്ഷാ സേന, സംസ്ഥാന ഭരണകൂടം, പുതിയ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെയൊക്കെ വിളിച്ചപ്പോൾ മെഹ്ബൂബ മുഫ്തിയുടെ പിഡിപിയെയോ, ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിനെയോ വിളിച്ചില്ല. രാജ്‌നാഥ് സിങ്ങിന്റെ കാലത്ത് ഇങ്ങനെയായിരുന്നില്ല. ഹുറിയത്ത് നേതാവ് മിർവായിസ് ഒമർ ഫാറൂഖ് ചർച്ചാവാഗ്ദാനം മുന്നോട്ട് വച്ചെങ്കിലും. വിഘടനവാദികളുമായി ഒരുതരത്തിലുള്ള കൂടിക്കാഴ്ചയ്ക്കും തയ്യാറായില്ല. പൗരസമൂഹ പ്രതിനിധികളെയും മാറ്റിനിർത്തി. കശ്മീർ മധ്യസ്ഥൻ ദിനേശ്വർ ശർമയെയും ഒപ്പം കൂട്ടിയില്ല.ഷായുടെ സന്ദേശം കൃത്യമായിരുന്നു-

ഭീകരരെ ഒരുദാക്ഷിണ്യവും കൂടാതെ സുരക്ഷാ സേന അമർച്ച ചെയ്യുക. ഒപ്പം പ്രാദേശിക യുവാക്കൾ തീവ്രവാദത്തിലേക്ക് വഴുതി വീഴുന്നത് തടയുക. കേന്ദ്രസർക്കാർ പദ്ധതികൾ താഴെത്തട്ടിലെത്തിക്കാൻ ജില്ലാഭരണകൂടവും പഞ്ചായത്തുകളും പണിയെടുക്കുക. കശ്മീരിൽ ഹൂറിയത്തുമായി ചർച്ചകൾക്കും ഷാ സന്നദ്ധമല്ല. തീവ്രവാദത്തോട് ഒരുവിട്ടുവീഴ്ചയുമില്ല. ഇന്ത്യാവിരുദ്ധ ചിന്തകളുമായി കശ്മീരിൽ കഴിയുന്നവർ ഞങ്ങളെ ഭയക്കണം. തുക്കടെ-തുക്കടെ സംഘത്തിലെ അംഗങ്ങളല്ല ഞങ്ങൾ, ലോക്‌സഭയിൽ ഷാ അർഥശങ്കയില്ലാതെ വ്യക്തമാക്കി. അതേസമയം, രാജ്യസഭയിൽ താൻ കശ്മീരി ജനതയുടെ ഹൃദയം കീഴടക്കുമെന്നാണ് ഷാ പറഞ്ഞത്. ഷായെ കുറിച്ച് ഉദ്യോഗസ്ഥർ പറയുന്നതും ഇതുതന്നെ. അദ്ദേഹത്തോട് നിങ്ങൾക്ക് വിയോജിക്കാം. എന്നാൽ, ചിന്തയുടെ തെളിച്ചം, അക്കാര്യം സമ്മതിക്കാതെ വയ്യ.

ആർട്ടിക്കിൾ 370

ജമ്മുകശ്മീരിന് പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 370-ാം അനുഛേദം പൂർണമായും എടുത്തുകളയുമെന്നാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാട്. 370-ാം അനുഛേദം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കൊണ്ടുവന്നത് താത്കാലിക സംവിധാനം എന്നനിലയ്ക്കായിരുന്നു. അദ്ദേഹത്തിന് പോലും അത് എടുത്തുമാറ്റണമെന്നുണ്ടായിരുന്നു, ഇതാണ് അമിത്ഷായും ബിജെപിയും പറഞ്ഞുവയ്ക്കുന്നത്.

ദേശീയ പൗരത്വ രജിസ്റ്റർ

കശ്മീരിനൊപ്പം, ഷായുടെ പ്രഥമപരിഗണന പട്ടികയിൽ ഉള്ള കാര്യമാണ് ദേശീയ പൗരത്വ രജിസ്റ്റർ പ്രശ്‌നം. അനധികൃത കുടിയേറ്റക്കാരെ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് പുറത്താക്കുമെന്നാണ്് അമിത് ഷായുടെ നിലപാട്. രാജ്യത്തിന്റെ ഏതു കൊണിലും ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരായ ആളുകളെ സർക്കാർ കണ്ടെത്തും. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് അത്തരക്കാരെ നാടുകടത്തും. അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാണെന്നും അമിത് ഷാ പറയുന്നു. സുപ്രീം കോടതിയുടെ കർശന മേൽനോട്ടത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നത്. രജിസ്റ്ററിൽ ഉൾപ്പെടുന്നവരുടെ അന്തിമ പട്ടിക ജൂലായ് 31ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, പട്ടികയിൽ പേര് ചേർക്കാനുള്ള തീയതി നീട്ടണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയരുന്നിട്ടുണ്ട്.

പട്ടികയിൽനിന്ന് അർഹതപ്പെട്ട നിരവധി പേരുകൾ ഒഴിവാക്കപ്പെട്ടതായും അനർഹരായ നിരവധി പേരുടെ പേരുകൾ ചേർത്തതായും ആരോപണം ഉയർന്നിരുന്നു. അന്തിമ പട്ടിക പുറത്തുവരുന്നതിന് കൂടുതൽ സമയമെടുത്താലും അർഹരായ ആരെയും പട്ടികയിൽനിന്ന് ഒഴിവാക്കില്ലെന്നാണ് സർക്കാർ നിലപാട്. സർക്കാരി്‌ന് പാർലമെന്റിലുള്ള കനത്ത ഭൂരിപക്ഷം ഉയർത്തിക്കാട്ടാനോ, പാർട്ടി പ്രഥമപരിഗണന നൽകുന്ന വിഷയങ്ങൾ തുറന്ന് അവതരിപ്പിക്കാനോ ഷാ മടിക്കാറില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന് ഒരുഇഞ്ച് പോലും വിട്ടുനൽകാനും തയ്യാറല്ല താനും. എൻഐഎ ബില്ലിന്മേലുള്ള ഭേദഗതികൾ അവതരിപ്പിച്ചപ്പോൾ എഐഎംഐഎമ്മിന്റെ അസദുദീൻ ഒവൈസി ശബ്ദ വോട്ടിന് ആവശ്യം ഉന്നയിച്ചു. ആഭ്യന്തര സുരക്ഷാ പ്രശ്‌നത്തിൽ എതിർ നിലപാട് സ്വീകരിച്ചാൽ പൊള്ളുമെന്ന മനസ്സിലായ പ്രതിപക്ഷത്തിന് സർക്കാരിനൊപ്പം വോട്ട് ചെയ്യേണ്ടി വന്നു.

ഇനി ബ്രാൻഡ് അമിത് ഷാ

മോദി സർക്കാരിൽ സുപ്രധാന അധികാര കേന്ദ്രമായി മാറിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ്. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആയിരുന്നു കേന്ദ്രത്തിൽ പ്രധാന അധികാരം കയ്യാളിയിരുന്നത്. അധികാരത്തിലേറിയതിനു പിന്നാലെ ഒരു കൂട്ടം നിർണായക യോഗങ്ങൾ അമിത് ഷായുടെ നേതൃത്വത്തിൽ നടന്നിരുന്നു. ആദ്യയോഗങ്ങളിൽ വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ, ധനകാര്യമന്ത്രി നിർമല സീതാരാമൻ, വാണിജ്യകാര്യറെയിൽവേ മന്ത്രി പീയുഷ് ഗോയൽ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്തു. കശ്മീരിലെ ഭീകരരുമായി സർക്കാർ ഒരു ചർച്ചയ്ക്കും തയാറല്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും മുതിർന്ന മന്ത്രിമാരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞു. ഇറാൻ എണ്ണ ഇറക്കുമതി വിഷയം ചർച്ച ചെയ്യാനും അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ആഫ്രിക്കയിലെ മൊസാംബിക്കിൽ നിന്ന് ഇന്ധനവും പാചകവാതകവും ലഭിക്കുന്നതിനു നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിനായിരുന്നു അമിത് ഷാ അധ്യക്ഷത വഹിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലായിരുന്നു യോഗം.

യുഎസും ഇറാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ ശക്തമായതോടെ ഇറാൻ ഇന്ധനവില കുത്തനെ ഉയർത്താനുള്ള സാഹചര്യം നിലവിലുണ്ട്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ 10% ഇറാനിൽ നിന്നാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം മറ്റു വഴികൾ തേടുന്നത്. കേന്ദ്രത്തിന്റെ കീഴിലുള്ള ഒഎൻജിസി, ബിപിസിഎൽ, ഓയിൽ ഇന്ത്യ തുടങ്ങിയ പൊതുമേഖല കമ്പനികൾ മൊസാംബിക്കിനു സമീപം തീരത്തോടു ചേർന്നുള്ള റൊവുമ ഏരിയ1ൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വാണിജ്യപരവും നയതന്ത്രപരവുമായ ഈ യോഗത്തിലാണ് അമിത് ഷാ അധ്യക്ഷത വഹിച്ചത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു യോഗം. തിരഞ്ഞെടുപ്പിൽ വിജയിച്ച മോദിയെ മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ് ജാസിന്റോ ന്യൂസി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗം ചേർന്നത്. ഇങ്ങനെ ഭരണം അമിത് ഷായിലേക്ക് എത്തുകയാണ്.

ബിജെപി സഖ്യകക്ഷി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതിഷ് കുമാർ, കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി എന്നിവർ പങ്കെടുത്ത ഇഫ്താർ വിരുന്നിനെ ആക്ഷേപിക്കുന്ന തരത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രസ്താവന നടത്തിയിരുന്നു. ഇഫ്താർ സംഘടിപ്പിച്ച ഉത്സാഹത്തോടെ നവരാത്രി സദ്യയും ഒരുക്കിയിരുന്നെങ്കിൽ എത്ര മനോഹരമായേനെയെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. നമ്മുടെ തനതു വിശ്വാസം മുറുകെ പിടിക്കുന്നതിൽ എന്തുകൊണ്ടാണു പിന്നാക്കം പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രസ്താവന വിമർശനങ്ങൾക്കു വഴിതുറന്നതോടെ അമിത് ഷാ ശക്തമായ താക്കീതുമായി രംഗത്തെത്തി. ഗിരിരാജിനെ ഫോണിൽ വിളിച്ച് ഇത്തരം അനാവശ്യ പ്രസ്താവനകളിൽ നിന്നു വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ പാർട്ടികാര്യങ്ങളിലും അമിത് ഷാ കർശന നിലപാടുകാരനാകുന്നു. ഗുജറാത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മോദി അമിത് ഷാ കൂട്ടുകെട്ട് കേന്ദ്രത്തിലെത്തുമ്പോൾ സുപ്രധാനതീരുമാനങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകുമെന്നതും ഉറപ്പ്.

പുതുതായി അഞ്ച് സമിതികൾ കൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ രണ്ടു സമിതികളുടെയും അദ്ധ്യക്ഷൻ അമിത് ഷാ ആണ്. പാർലമെന്ററി കാര്യത്തിനും സർക്കാർ വീടുകൾ അനുവദിക്കുന്നതിനുമുള്ള സമിതികളിലാണ് അമിത് ഷായെ അദ്ധ്യക്ഷനാക്കിയത്. നിയമനങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിൽ പ്രധാനമന്ത്രിയും അമിത് ഷായും മാത്രമാണ് ഉള്ളത്. സഖ്യകക്ഷി മന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതിയുടെ രൂപീകരണം . ഇതുവരെ പ്രഖ്യാപിച്ച എട്ടു സമിതികളിലും അമിത് ഷാ അംഗമാണ്. അതേസമയം ആറ് സമിതികളിലാണ് മോദി അംഗമായുള്ളത്. മന്ത്രിസഭയിലെ രണ്ടാമൻ അമിത്ഷാ തന്നെ എന്ന വ്യക്തമായ സന്ദേശം നൽകിയാണ് മന്ത്രിസഭാ സമിതികളുടെ രൂപീകരണം എന്നതും ശ്രദ്ധേയമാണ്. നിക്ഷേപം തൊഴിൽ സുരക്ഷാ കാര്യങ്ങൾ എന്നിവയ്ക്ക് ഉള്ള മന്ത്രിസഭാ സമിതികൾ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു. സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളികളായി നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും പ്രധാനമന്ത്രി ചെയർമാനായി സമിതി രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപവും വളർച്ചയും ലക്ഷ്യമിട്ട് അഞ്ചംഗ സമിതിയേയും തൊഴിലവസരവും നൈപുണ്യ വികസത്തിനുമായി പത്തംഗ സമിതിയേയുമാണ് നിയോഗിച്ചിട്ടുള്ളത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ ഷാ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. അയൽപക്കത്തുള്ള ശാഖകളിൽ ഷാ, സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അഹമ്മദാബാദിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഒരു സന്നദ്ധപ്രവർത്തകനായി സംഘത്തിൽ ചേരുന്നത്. ആർ.എസ്സ്.എസ്സ് പ്രവർത്തനകാലഘട്ടത്തിലാണ് 1982 ൽ അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കാണുന്നത്. അഹമ്മദാബാദിലെ യുവതലമുറയെ സംഘടിപ്പിക്കാനുള്ള ചുമതലയുള്ള ആർ.എസ്സ്.എസ്സ് പ്രചാരക് ആയിരുന്നു അക്കാലത്ത് നരേന്ദ്ര മോദി. അന്ന് തുടങ്ങിയ അടുപ്പം ഇപ്പോഴും തുടരുന്നു. 1990 കളിൽ നരേന്ദ്ര മോദി ബിജെപിയുടെ ജനറൽ സെക്രട്ടറിയായതോടെ, ഷായുടെ ഉയർച്ചകൾ തുടങ്ങി.

നരേന്ദ്ര മോദിയുടെ അനുഗ്രാഹിശ്ശിസുകളോടെ, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. ശങ്കർസിങ് വഗേല മുതലായ വിമതർ പാർട്ടിയിൽ മോദിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ, ഭാരതീയ ജനതാ പാർട്ടി, മോദിയെ ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്കു മാറ്റി. മോദി മുഖ്യമന്ത്രിയായപ്പോൾ അമിത് ഷാ ഗുജറാത്തിലെ അധികാര കേന്ദ്രമായി. ഇത് തന്നെയാണ് മോദി ഡൽഹിയിൽ കാലുറപ്പിച്ചപ്പോഴും സംഭവിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP