Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി വിരുദ്ധ സഖ്യത്തിന്റെ സ്പിരിറ്റ് മനസ്സിലാക്കാതെ പിന്നോട്ടു വലിഞ്ഞ് കോൺഗ്രസ്; അവസരം മുതലെടുത്ത് കളത്തിലിറങ്ങി കളിച്ച് സിപിഎം; ദേശീയ തലത്തിൽ ഉയർത്തെഴുനേൽക്കുന്നത് കോൺഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം; ഫലം രാഷ്ട്രീയ അനിശ്ചിതത്വമെന്ന മുന്നറിയിപ്പു നൽകി അവസരം മുതലെടുക്കാൻ ബിജെപിയും; കെജ്രിവാളിന്റെ സമരം മുതലെടുക്കാനാകാതെ രാഹുൽ ഗാന്ധി

മോദി വിരുദ്ധ സഖ്യത്തിന്റെ സ്പിരിറ്റ് മനസ്സിലാക്കാതെ പിന്നോട്ടു വലിഞ്ഞ് കോൺഗ്രസ്; അവസരം മുതലെടുത്ത് കളത്തിലിറങ്ങി കളിച്ച് സിപിഎം; ദേശീയ തലത്തിൽ ഉയർത്തെഴുനേൽക്കുന്നത് കോൺഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യം; ഫലം രാഷ്ട്രീയ അനിശ്ചിതത്വമെന്ന മുന്നറിയിപ്പു നൽകി അവസരം മുതലെടുക്കാൻ ബിജെപിയും; കെജ്രിവാളിന്റെ സമരം മുതലെടുക്കാനാകാതെ രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ തലത്തിൽ കരുത്തനായി മോദി - അമിത് ഷാ കൂട്ടുകെട്ടിനെ ആരു നേരിടും? രാഹുൽ ഗാന്ധിക്ക് ആ നിലയിലേക്ക് കടന്നു വരണമെങ്കിൽ അടുത്തതായി നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ കോൺഗ്രസിനെ വിജയത്തിലെത്തിക്കണം. എന്നാൽ, അതിന് മുന്നോടിയായി കോൺഗ്രസ് ചെറുതായി പിന്നോട്ടു പോകുന്ന സ്ഥലങ്ങളിൽ പോലും മുതലെടുക്കാൻ തയ്യാറെടുത്തിരിക്കയാണ് മമത ബാനർജിയും മറ്റു കക്ഷികളും. അരവിന്ദ് കെജ്രിവാളിന്റെ വിഷയത്തിൽ അടക്കം ദേശീയ തലത്തിൽ ബിജെപി വിരുദ്ധതയിൽ പുതിയ സഖ്യത്തിന് സാധ്യത തേടുകയാണ് മമതയും സിപിഎമ്മും അടക്കമുള്ളവർ.

ലഫ്റ്റനന്റ് ഗവർണറുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും നിസ്സഹകരണത്തിനെതിരേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരംഭിച്ച സമരത്തിൽ ഇടപെടാതെ കോൺഗ്രസ് മാറി നില്ക്കുന്ന വേളയിലാണ് മുതലെടുപ്പ് ശ്രമവുമായി സിപിഎം രംഗത്തെത്തിയത്. സമരം ശക്തമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് ബിജെപിക്കെതിരേ കോൺഗ്രസ്സിതര പ്രതിപക്ഷ കക്ഷികൾ ആം ആദ്മി സർക്കാരിനു വേണ്ടി രംഗത്തുവന്നത്. പിണറായി വിജയൻ അടക്കമുള്ള മുഖ്യമന്ത്രിമാർ സമരത്തിനും ഡൽഹി സർക്കാരിനും പിന്തുണ അറിയിത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട നീക്കമായി.

പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി (ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രിയും ജനതാദൾ സെക്യുലർ (ജെഡിഎസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞദിവസം പിന്തുണയുമായി രംഗത്തെത്തിയത്. ഇതിന്റെ തുടർച്ചയായി ഇന്നലെ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല, രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) നേതാവ് ജയന്ത് ചൗധരി, ആർജെഡി നേതാവ് തേജസ്വി യാദവ്, എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരും കെജ്രിവാളിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഇത് ബിജെപിക്കെതിരായ പുതിയ പ്രതിപക്ഷസഖ്യത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. സമരത്തിന്റെ ഭാഗമായി എഎപി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കുള്ള മാർച്ചിൽ സിപിഎം പ്രവർത്തകരും പങ്കാളികളായി. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലാണ് എഎപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം നേതാക്കളും പ്രവർത്തകരും റാലിക്കെത്തിയത്. ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ ഔദ്യോഗികവസതിയും ഓഫിസുമായ രാജ് നിവാസിൽ കെജ്രിവാൾ അടക്കമുള്ള മന്ത്രിമാർ തുടരുന്ന ഉപരോധസമരം ഏഴാംദിവസം കടക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. അതിനിടെ, പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി പിണറായി വിജയൻ അടക്കമുള്ള മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു.

നീതി ആയോഗ് ഭരണസമിതി യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടത്. രാജ് നിവാസിലെത്തി കെജ്രിവാളിനെ സന്ദർശിക്കാൻ മുഖ്യമന്ത്രിമാർ കഴിഞ്ഞദിവസം ശ്രമിച്ചിരുന്നെങ്കിലും ലഫ്റ്റനന്റ് ഗവർണർ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. തുടർന്ന് കെജ്രിവാളിന്റെ വീട്ടിലെത്തി പിണറായി വിജയൻ, മമതാ ബാനർജി, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നിവർ പിന്തുണ അറിയിക്കുകയായിരുന്നു. പ്രതിപക്ഷ കക്ഷികൾക്കു പുറമെ ബിജെപിയിലെ വിമത നേതാവ് ശത്രുഘ്നൻ സിൻഹയും കെജ്രിവാളിന് അനുകൂലമായി പ്രതികരിച്ചിരുന്നു.

കെജ്രിവാൾ മാന്യനായ രാഷ്ട്രീയക്കാരനാണെന്നും ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള അവരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടേണ്ടതാണെന്നും സിൻഹ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു സിൻഹയുടെ പ്രതികരണം. സിപിഎമ്മും തൃണമൂൽ കോൺഗ്രസും എൻഡിഎ മുൻ ഘടകകക്ഷിയായ ടിഡിപിയും അടക്കമുള്ളവ കെജ്രിവാളിന്റെ സമരത്തോട് ഐക്യപ്പെടുമ്പോൾ ഡൽഹി സർക്കാരിനെയും എഎപിയെയും പിന്തുണയ്ക്കാത്ത നിലപാടാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് സ്വീകരിക്കുന്നത്. ബിജെപിക്കെതിരേ എഎപി അടക്കമുള്ള കക്ഷികൾ ഉൾപ്പെടുന്ന കോൺഗ്രസ്സിതര പ്രതിപക്ഷ സഖ്യത്തിനുള്ള സൂചനയാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്നത്.

കർണാടകയിൽ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ച ജെഡിഎസിനെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് എഎപി മന്ത്രിമാരുടെ സമരവുമായി കുമാരസ്വാമി ഐക്യപ്പെടുന്നത്. തൃണമൂൽ-സിപിഎം ശത്രുത തുടരുന്നതിനിടെ പിണറായി വിജയനെയും മമതാ ബാനർജിയെയും ഒരുമിച്ച് ഒരു വേദിയിലെത്തിക്കാനും കെജ്രിവാളിന്റെ സമരത്തിന് സാധിച്ചു. എന്നാൽ, ഈ അവസരം മുതലെടുക്കാൻ സാധിക്കാതെ പോയത് രാഹുൽ ഗാന്ധിക്ക് ക്ഷീണമായി മാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP