Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോമനാഥ് പീഡകനെന്ന പരാതിയുമായി ഭാര്യ; പഠിച്ച കോളേജ് ഏതെന്ന് പോലും അറിയാതെ മന്ത്രി; എന്തുവാ ഇതൊക്കെ മിസ്റ്റർ കെജ്രിവാൾ

സോമനാഥ് പീഡകനെന്ന പരാതിയുമായി ഭാര്യ; പഠിച്ച കോളേജ് ഏതെന്ന് പോലും അറിയാതെ മന്ത്രി; എന്തുവാ ഇതൊക്കെ മിസ്റ്റർ കെജ്രിവാൾ

ന്യൂഡൽഹി: ഇന്ത്യുടെ ഏറ്റവും വലിയ പ്രതീക്ഷ ആയിരുന്നു മിസ്റ്റർ കെജ്രിവാൾ താങ്കൾ. അതുകൊണ്ട് തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ഒരുപാടു പേർ ഉണ്ടാവുമെന്നും അറിയാമായിരുന്നു. എന്നാലും വ്യാജ ബിരുദം നേടിയ ഒരാളെ മന്ത്രിയാക്കുക എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ അംഗീകരിക്കാൻ പറ്റും. ദേ ഇപ്പോൾ കേൾക്കുന്നു താങ്കളുടെ മുൻ മന്ത്രിയും വിശ്വസ്തനുമായ സ്വാമനാഥ് ഭാരതി പീഡിപ്പിക്കുന്നവനാണെന്ന ഭാര്യയുടെ പരാതി. അളെ തെരഞ്ഞെടുക്കുമ്പോൾ എങ്ങനെയാണ് കെജ്രിവാൾ താങ്കൾക്ക് തെറ്റുപറ്റിയത്. അധികാരമേറ്റതു മുതൽ വിവാദങ്ങൾ ഒന്നൊന്നായി പിന്തുടരുന്ന ഡൽഹിയിലെ കേജ്‌രിവാൾ സർക്കാരിന് പുതിയ തലവേദനയായി മാറിയിരിക്കുകയാണ് എംഎൽയ്‌ക്കെതിരായ ഗാർഹിക പീഡനാരോപണം.

ഈ രണ്ട് വിവാദവും ആംആദ്മി പാർട്ടിയുടെ പ്രതിച്ഛായയെ ആണ് തകർക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് കേസായതിനാൽ ഡൽഹി പൊലീസിന് തെളിയിക്കുക എളുപ്പമാണ്. ഒന്നുമില്ലാതെ അതുകൊണ്ട് തന്നെ മന്ത്രിയെ അറസ്റ്റ് ചെയ്യുകയുമില്ല. മന്ത്രി രാജിവച്ചു. എന്നിട്ടും താങ്കൾ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്. എന്താണ് സത്യം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് ജിതേന്ദർ സിങ് തോമർ പറയുന്നു. അതാണ് ആപ്പിന്റേയും പ്രശ്‌നം. എന്നാൽ ഇവയിലെ സത്യമാണ് രാജ്യം ചർച്ച ചെയ്യുന്നത്. ആഫ്രിക്കൻ പൗരന്മാർ താമസിക്കുന്ന വീടുകളിൽ അർധരാത്രി നിയമവിരുദ്ധമായി റെയ്ഡ് നടത്തിയതു സംബന്ധിച്ച് നേരത്തെ വിവാദം സൃഷ്ടിച്ചിട്ടുള്ളയാളാണ് സോമനാഥ് ഭാരതി. അതുകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ സോമനാഥിനെ മന്ത്രിയാക്കാതെ മാറ്റി നിർത്തിയതും.

വ്യാജ നിയമബിരുദം ചമച്ച കേസിൽ ഡൽഹി സർക്കാരിലെ നിയമ മന്ത്രിയായിരുന്ന ജിതേന്ദർ സിങ് തോമർ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് ആദ്യ എഎപി സർക്കാരിൽ നിയമമന്ത്രിയായിരുന്ന സോംനാഥ് ഭാരതിയും പുതിയ വിവാദക്കുരുക്കിൽപ്പെട്ടത്. നിലവിൽ എഎപി എംഎൽഎയായ സോംനാഥ് ഭാരതിക്കെതിരെ ഗാർഹികപീഡന കേസു ഫയൽ ചെയ്ത് ഭാര്യ ലിപിക ഭാരതിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സോംനാഥ് ഭാരതിക്കെതിരെ ഇവർ ഡൽഹി വനിതാ കമ്മിഷനിൽ പരാതി നൽകുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ലിപികയിൽ നിന്നും പരാതി ലഭിച്ച കാര്യം വനിതാ കമ്മിഷൻ അധ്യക്ഷ ബർക്ക സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി ഭർത്താവിൽ നിന്നും പിരിഞ്ഞു ജീവിക്കുകയാണ് ലിപികയെന്നും ബർക്ക സിങ് അറിയിച്ചു. ഇടയ്ക്ക് സോംനാഥ് ഭാരതി ഇവരെ കാണാനെത്താറുണ്ടെന്നും ബർക്ക സിങ് വ്യക്തമാക്കി. പരാതിയുമായി ബന്ധപ്പെട്ട് വിശദീകരണം തേടി ഡൽഹി വനിതാ കമ്മിഷൻ സോംനാഥ് ഭാരതിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ജൂൺ 26ന് മുൻപ് വിശദീകരണം നൽകാനാണ് നിർദ്ദേശം. തന്നെയും കുട്ടികളെയും മാനസികമായും ശാരീരികമായും വാചികമായും ഉപദ്രവിക്കുകയാണ് ഭർത്താവെന്ന് ലിപിക നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിൽ നിന്നും അദേഹത്തിന്റെ അനുയായികളിൽനിന്നും തനിക്കും മക്കൾക്കും നേരെ ഭീഷണിയുണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

2010 മുതൽ താനും മക്കളും ഭർത്താവിന്റെ ഉപദ്രവം സഹിച്ചുവരികയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഭർത്താവിൽ നിന്നും വിവാഹമോചനം നേടി ശാന്തമായി ജീവിക്കാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് ലിപിക വ്യക്തമാക്കി. തുടർച്ചയായുള്ള ഈ പീഡനത്തിന് അറുതി വരുത്താനാണ് പരാതി നൽകുന്നതെന്നും അവർ അറിയിച്ചു. എന്നാൽ, ഇത് അവരുടെ വ്യക്തിപരമായ പ്രശ്‌നം മാത്രമാണെന്നായിരുന്നു എഎപി വക്താവിന്റെ പ്രതികരണം.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്് ഉണ്ടാക്കിയതിനാണ് ഡൽഹി നിയമമന്ത്രിയായിരുന്ന ജിതേന്ദർ സിങ് തോമറിനെ ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തത്. തോമറിന്റെ പ്രൊവിഷണൽ നിയമബിരുദ സർട്ടിഫിക്കറ്റിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ രേഖകളിൽ ഇല്ലാത്തതാണെന്നും കഴിഞ്ഞദിവസം ബിഹാറിലെ സർവകലാശാല ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ കോടതിയാണ് ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നായിരുന്നു തോമറിന്റെ നിലപാട്. തോമറിന്റെ അറസ്റ്റ് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്ത ആം ആദ്മി പാർ്ടി നേതാവ് സഞ്്ജയ് സിങ്് മുൻകൂർ നോട്ടീസ് ഇല്ലാതെയാണ് അറസ്റ്റ് എന്ന് ആരോപിച്ചു. പിന്നീട് ഇദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.

എന്നാൽ പഠിച്ച കോളേജേതെന്നു പോലും വ്യക്തമാക്കാൻ തോമറിന് കഴിയുന്നില്ല. ഇതിനിടെ തെളിവെടുപ്പിനായി തോമറിനെ ഉത്തർപ്രദേശിലെ ഫൈസാബാദിലെ അവധ് സർവകലാശാലയിലെത്തിച്ചു. തോമറിന്റെ മാർക്ക് ഷീറ്റ്, രജിസ്റ്റർ നമ്പർ എന്നിവ വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്നു അവധ് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയാണ് ട്രെയ്ൻ മാർഗം ലക്‌നൗവിൽ എത്തിച്ച ശേഷം തോമറിനെ റോഡ് മാർഗമാണു ഫൈസാബാദിൽ എത്തിച്ചത്. മെയ്‌ 11ന് ബാർ കൗൺസിലിന്റെ ഡൽഹി സെക്രട്ടറി പുനീത് മിത്തൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തോമറിനെതിരെ ശക്തമായ തെളിവുകൾ കണ്ടെത്തിയ ശേഷം എഫ്‌ഐആർ രജിസ്റ്റർ രേഖപ്പെടുത്തിയതും അറസ്റ്റ് ചെയ്തതും. കോടതിയിൽ ഹാജരാക്കിയ തോമറിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തിലക് മാഞ്ജി ഭഗൽപ്പുർ സർവകലാശാലയിൽ നിന്നുള്ള തോമറിന്റെ എൽഎൽബി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സർട്ടിഫിക്കറ്റിൽ കാണുന്ന റോൾ നമ്പർ 1999ൽ പഠിച്ചിരുന്ന സഞ്ജയ് കുമാർ ചൗധരി എന്നൊരു വിദ്യാർത്ഥിയുടെതാണെന്നും കൺട്രോളർ ഒഫ് എക്‌സാമിനേഷന്റെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും കണ്ടെത്തി. അതേസമയം, ആർഎംഎൽ അവാധ് സർവകലാശാലയിൽ നിന്നുമെടുത്ത ബിഎസ്സി ബിരുദം യഥാർഥത്തിലുള്ളതാണെന്ന് തോമർ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണ്. ബിജെപിയും കേന്ദ്ര ഗവൺമെന്റും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അവർ എഎപി സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ലക്‌നൗ റെയ്ൽവേ സ്റ്റേഷനിലെത്തിയപ്പോൾ തോമർ പറഞ്ഞു.

ഇതിനൊപ്പം മറ്റൊരു ആപ്പ് എംഎൽഎയ്‌ക്കെതിരെയും വ്യാജ സർട്ടിഫിക്കറ്റ് വിവാദം തുടങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെയും ബിജെപി പരാതി നൽകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP