Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

21 പ്രതിപക്ഷകക്ഷികൾ തങ്ങളുടെ കുടക്കീഴിൽ അണിനിരന്നതോടെ ഭാരത് ബന്ദ് വൻവിജയമെന്ന് അവകാശപ്പെട്ട് കോൺഗ്രസ്; ജനപിന്തുണ നഷ്ടപ്പെട്ടവരുടെ ബന്ദാഹ്വാനം ആരും ചെവിക്കൊണ്ടില്ലെന്ന് ബിജെപി; പെട്രോൾ-ഡീസൽ എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസസർക്കാർ; ഇന്ധനവില കുറച്ച് മാതൃക കാട്ടി ആന്ധ്രയും രാജസ്ഥാനും; മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊഴികെ ബന്ദ് സമാധാനപരം; കേരളത്തിൽ ഹർത്താൽ പൂർണം; ഇന്ധനവില ഇന്നും കൂടി

21 പ്രതിപക്ഷകക്ഷികൾ തങ്ങളുടെ കുടക്കീഴിൽ അണിനിരന്നതോടെ ഭാരത് ബന്ദ് വൻവിജയമെന്ന് അവകാശപ്പെട്ട് കോൺഗ്രസ്; ജനപിന്തുണ നഷ്ടപ്പെട്ടവരുടെ ബന്ദാഹ്വാനം ആരും ചെവിക്കൊണ്ടില്ലെന്ന് ബിജെപി; പെട്രോൾ-ഡീസൽ എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസസർക്കാർ;  ഇന്ധനവില കുറച്ച് മാതൃക കാട്ടി ആന്ധ്രയും രാജസ്ഥാനും; മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊഴികെ ബന്ദ് സമാധാനപരം; കേരളത്തിൽ ഹർത്താൽ പൂർണം; ഇന്ധനവില ഇന്നും കൂടി

മറുനാടൻ ബ്യൂറോ

ന്യൂഡൽഹി: ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ഒറ്റപ്പെട്ട അക്രമം. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ, അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മറ്റുസംസ്ഥാനങ്ങളിൽ പൊതുവെ സമാധാനപരമായിരുന്നു. ജനങ്ങൾക്ക് ആശ്വാസം പകരാൻ പെട്രോൾ-ഡീസൽ വില രണ്ടുരൂപ കുറച്ച് ആന്ധ്രപ്രദേശ് സർക്കാർ മാതൃക കാട്ടി. രാജസ്ഥാനാണ് ഇന്ധന വില കുറച്ച് മറ്റൊരു സംസ്ഥാനം. നികുതിയിൽ നാലുശതമാനം ഇളവ് നൽകിയാാണ ആശ്വാസം പകർന്നത്. വയറിളക്കത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന രണ്ടുവയസുകാരി പട്‌നയിൽ ട്രാഫിൽ ജാമിൽ പെട്ട് മരണമടഞ്ഞത് ബിജെപി രാഷ്ട്രീയ ആയുധമാക്കി. രാഹുൽ ഗാന്ധിയാണ് മരണത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. എന്നാൽ കുട്ടിക്ക് വൈദ്യസഹായം നൽകാൻ മാതാപിതാക്കൾ വൈകിയതാണ് മരണകാരണമെന്ന് ജെഹാനാബാദ് സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് വിശദീകരിച്ചു.

ഡൽഹിയിൽ 21 എൻഡിഎ ഇതര കക്ഷികൾ കോൺഗ്രസിന്റെ ധർണയിൽ അണിനിരന്നു. എന്നാൽ ഇടതു പാർട്ടികൾ സ്വന്തംനിലയിലാണു പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തെ കൊള്ളയടിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കു പുറമേ എൻസിപി അധ്യക്ഷൻ ശരത് പവാർ, ലോക്താന്ത്രിക് ജനാതാദൾ അധ്യക്ഷൻ ശരത് യാദവ് എന്നിവരടക്കം പ്രമുഖ പ്രതിപക്ഷകക്ഷികളുടെ നേതാക്കൾ സമരത്തിനെത്തി. പതിവിൽനിന്നു വിപരീതമായി ആം ആദ്മി പാർട്ടിയും കോൺഗ്രസിന്റെ സമരത്തിൽ അണിനിരന്നു. കേരളത്തിൽനിന്ന് ആർഎസ്‌പിയെ പ്രതിനിധികരിച്ച് എൻ.കെ. പ്രേമചന്ദ്രൻ എംപിയും സമരത്തിൽ പങ്കെടുത്തു. ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടെന്നും രാഹുൽ പറഞ്ഞു.

ഹർത്താലുകൾ ബാധിക്കാത്ത മുംബൈയിലും ചെന്നൈയിലും ഉൾപ്പെടെ രാജ്യത്തിന്റെ മറ്റുമേഖലകളിലും ഇന്ധനവിലക്കയറ്റത്തിനെതിരെ പ്രതിഷേധം അലയടിച്ചു. മുംബൈയിൽ പലയിടത്തും കടകളടപ്പിച്ചു. ലോക്കൽ ട്രെയിൻ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ട്രെയിൻ തടയൽ സമരവും നടന്നു. ഹർത്താലുകൾ ബാധിക്കാത്ത മുംബൈയിലും ചെന്നൈയിലും ഉൾപ്പെടെ രാജ്യത്തിന്റെ മറ്റുമേഖലകളിലും ഇന്ധനവിലക്കയറ്റത്തിനെതിരെ പ്രതിഷേധം അലയടിച്ചു. മുംബൈയിൽ പലയിടത്തും കടകളടപ്പിച്ചു. ലോക്കൽ ട്രെയിൻ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ട്രെയിൻ തടയൽ സമരവും നടന്നു.

ഇന്ധന വില വർദ്ധന തങ്ങളുടെ കൈയിൽ നിൽക്കുന്ന കാര്യമല്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. എണ്ണയുത്പാദക രാഷ്ട്രങ്ങൾ ഉൽപാദനം വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഒന്നും ചെയ്യാൻ കഴിയില്ലെന്നല്ല ഞങ്ങൾ പറയുന്നത്. ഇത് താൽക്കാലിക പ്രശ്‌നം മാത്രമാണെന്നാണും മന്ത്രി പറഞ്ഞു. ജനപിന്തുണ നഷ്ടപ്പെട്ടവർ അക്രമത്തിലേക്കു തിരിയുകയാണെന്നാണ് രവിശങ്കർ പ്രസാദ് ആരോപിച്ചത്.
ഇന്ധന വില വർധനവ് എന്നത് നൈമിഷിക പ്രതിസന്ധിയല്ല. കേന്ദ്ര സർക്കാർ നികുതി വെട്ടിക്കുറയ്ക്കും എന്നു കരുതാനും പാടില്ല. കേന്ദ്രം ഇതിനോടകം തന്നെ ഇന്ധനത്തിന്റെ രണ്ടു എക്‌സൈസ് ഡ്യൂട്ടി രണ്ടു രൂപ കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ഈ കുറവുണ്ടായത്. ഡീസലിന്റെയും പെട്രോളിന്റെയും നികുതികൾ കുറയ്ക്കാൻ സംസ്ഥാനങ്ങളാണ് മുൻകൈയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

എന്തു കൊണ്ടാണ് രാജ്യത്തെ ജനങ്ങൾ ഭാരത ബന്ദിനോട് വ്യത്സതമായി പ്രതികരിക്കുന്നത്. ഇന്ധന വില വർധന താത്കാലികമാണെന്ന് ജനങ്ങൾക്കറിയാം. ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് പൂർണ നിയന്ത്രണമുണ്ട്. എന്നാൽ, ഈ വിഷയത്തിന്റെ മറവിൽ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അക്രമം അഴിച്ചു വിടാനാണ് ശ്രമിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ, എന്താണ് സംഭവിച്ചത്. പെട്രോൾ പമ്പുകൾക്കും ബസുകൾക്കും തീവെച്ചു. ജനജീവിതം തന്നെ അപകടത്തിലാക്കിയെന്നും മന്ത്രി ആരോപിച്ചു.

അതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇത്തരമൊരുനീക്കം റവന്യൂനഷ്ടമുണ്ടാക്കുമെന്നും അത് താങ്ങാനാവില്ലെന്നുമാണ് കേന്ദ്ര നിലപാട്. ധനക്കമ്മിയെ ബാധിക്കുമെന്നതിലാണ് കേന്ദ്രം ഇക്കാര്യത്തിൽ ചെറുവിരലനക്കാത്തത്. അന്താരാഷ്ട്ര എണ്ണവില വരും ദിവസങ്ങളിൽ കുറയുമെന്ന പ്രതീക്ഷയാണ് കേന്ദ്രം പുലർത്തുന്നത്. അതിനിടെ ഡീസൽ വില വീണ്ടും ഉയർന്നു.

കേരളത്തിൽ ഹർത്താൽ പൂർണം

ഭാരത് ബന്ദിന്റെ ഭാഗമായുള്ള ഹർത്താൽ കേരളത്തിൽ പൂർണമായിരുന്നു. ചിലയിടങ്ങളിലുണ്ടായ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴികെ ഹർത്താൽ പൊതുവെ ശാന്തമായിരുന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. കൊല്ലത്ത് നിരത്തിൽ വാഹനമിറക്കിയ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനേയും കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തു. ഹർത്താലിനെ അനുകുലിച്ച് ജീവനക്കാർ ജോലിക്കെത്താതായതോടെ 18 ശതമാനം ഹാജർമാത്രമാണ് സെക്രട്ടേറിയറ്റിൽ രേഖപ്പെടുത്തിയത്. നേതാക്കളടക്കം കാൽനടയായാണ് സമരത്തിൽ പങ്കെടുക്കാനായി എത്തിയത്.

 തലസ്ഥാനത്ത്  ജനങ്ങൾ.ഹർത്താലിന് പൂർണ്ണ പിൻതുണ നൽകി . പെട്രോൾ വില വർദ്ധനവിനെതിരെ നടത്തുന്ന ഹർത്താലിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവയൊക്കെ ഞങ്ങൾ സഹിക്കും കാരണം ദൈന്യംദിന സാധനങ്ങളൊക്കെ വിലകൂടുകാണ് ഈ പെട്രോൾ വില വർദ്ധനവിൽ അതിനാൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടായി ഇതിന് പിൻതുണ നൽകുന്നു എന്നാണ് അവർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ആവശ്യമുള്ള ഹർത്താലാണിത് അതിനാൽ ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല.

അതേ സമയം പൊതു ഗതാഗത സർവ്വീസുകളൊന്നും നിരത്തിലിറങ്ങിയില്ല. ട്രെയിനിലെത്തിയ യാത്രക്കാരൊക്കെ ലക്ഷ്യ സ്ഥാനത്തെത്താൻ ഏറെ വലഞ്ഞു. ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും പതിവ് ഹർത്താൽ പോലെ വാഹന സൗകര്യം പൊലീസും സന്നദ്ധ പ്രവർത്തകരും ഒരുക്കിയിരുന്നു. വിവാഹത്തിനും മറ്റുമെത്തിയ ചുരുക്കം ചിലർ മാത്രമാണ് വലഞ്ഞത്. മിക്കവരും ആശുപത്രിയിലേക്കും മറ്റുമാണ് പോയത്.

കോൺഗ്രസ്സിന്റെ എജീസ് ഓഫീസ് മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തു. തികച്ചും ന്യായമായ ആവശ്യം പൂർണ്ണമായും തിരസ്‌ക്കരിച്ച നരേന്ദ്ര മോദിക്ക് ഇന്ത്യ നൽകുന്ന തിരിച്ചടിയാണ് ഈ ഭാരത് ബന്ദ് എന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം നടന്ന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പെട്രോൾ വിലവർദ്ധലവിനെതിരെ സമരം ചെയ്തവരാണ് ഇപ്പോൾ പെട്രോൾ വില ഉയർത്താൻ കൂട്ടു നിൽക്കുന്നത്. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് 135 ഡോളർ ക്രൂഡ് ഓയിൽ വിലയുള്ളപ്പോൾ മാത്രമാണ് വില കൂട്ടിയിരുന്നത്. എന്നാൽ അതേ സ്ഥാനത്ത് ഉന്ന് മോദി ക്രൂഡ് ഓയിലിന് 77-80 ഡോളർ വിലയുള്ളപ്പോഴാണ് ഈ വില അനിയന്ത്രിതമായി കൂട്ടിയത്. എണ്ണക്കമ്പനികൾക്ക് വില വർദ്ധിപ്പിക്കാനുള്ള അധികാരം യുപിഎ സർക്കാർ നൽകിയെങ്കിലും അത് ദുർവിനിയോഗം ചെയ്യാതിരിക്കാൻ മന്മോഹൻ സിങ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടുണ്ട്. എക്സൈസ് തീരുവ കുറച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ. എന്നാൽ അതിന് മോദി തയ്യാറാകുന്നില്ല. യുപിഎ സർക്കാരിന്റെ കാലത്തേക്കാളും അഞ്ചിരട്ടി എക്സൈസ് ഡ്യൂട്ടിയാണിപ്പോഴുള്ളത്. എണ്ണ ശുദ്ധീകരിക്കുന്ന കമ്പനികൾക്ക് യുപിഎ സർക്കാർ നൽകിയ തുക കൊടുക്കാൻ തയ്യാറായാൽ ഇപ്പോഴുള്ള എണ്ണ വില കുറയ്ക്കാനാകുമെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

അതേ സമയം മുൻ മന്ത്രി ഷിബു ബേബിജോൺ എൽഡിഎഫ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ ഹർത്താലാണിതെന്നാണ് പറഞ്ഞത്. ആൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റി ഹർത്താൽ ആഹ്വാനം ചെയ്തപ്പോൾ ഞങ്ങളൊന്നും ചെയ്തില്ലെങ്കിൽ അതൊരു ജാള്യതയാകുമെന്ന് കരുതി മാത്രം ചെയ്തതാണ് എന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുകളൊക്കെ തുറന്ന് പ്രവർത്തിച്ചെങ്കിലും ഹർത്താലനുകൂലികളെത്തി അടപ്പിച്ചു. കടകമ്പോളങ്ങളൊക്കെ അടഞ്ഞു തന്നെ കിടന്നു. തലസ്ഥാനത്തെ ആശുപത്രികളിലെയും റെയിൽവേ സ്റ്റേഷനുകളിലേയും ക്യാന്റീനുകളിൽ അനിയന്ത്രിതമായ തിരക്കായിരുന്നു. പുറത്തു നിന്നുമെത്തിയവരൊക്കെ ഇവിടെ നിന്നുമാണ് ഭക്ഷണം കഴിച്ചത്.

സംസ്ഥാനത്ത് എൽഡിഎഫിന്റേയും യുഡിഎഫിന്റേയും നോതൃത്വത്തിലായിരുന്നു ഹർത്താൽ. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് രാവിലെ 6 മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കെഎസ്ആർടിസി സർവീസ് നടത്തിയില്ല. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധത്തിലായിരുന്നു ഹർത്താൽ. ഇരുമുന്നണികളുടേയും നേതൃത്വത്തിൽ ജിപിഒ, ഏജീസ് ഓഫിസ് മാർച്ചും നടത്തി.

ഹർത്താൽ തുടങ്ങും മുൻപെ ഇന്നലെ രാത്രി പാറശ്ശാലയിൽ തമിഴ്‌നാട് കോർപ്പറേഷന്റെ ബസിന് നേരെ ആക്രമണം ഉണ്ടായി. ഒരു കൂട്ടം ആളുകൾ ബസ് അടിച്ചു തകർക്കുകയായിരുന്നു. കൊല്ലങ്കോട് നിന്നും മാർത്താണ്ഡത്തേക്ക് പോയ ബസിന് നേരെയായിരുന്നു ആക്രമണം. തലസ്ഥാനത്ത് ഹർത്താൽ പൂർണ്ണമായിരുന്നു.

ഹർത്താൽ ദിനത്തിൽ കൊച്ചി മെട്രോ സർവീസ് നടത്തിയത് യാത്രക്കാർക്ക് അൽപ്പം ആശ്വാസം പകർന്നു. കെ.എസ്.ആർ.ടി.സി അടക്കം ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് നിരത്തിലിറങ്ങാതായതോടെ റെയിൽവേ സ്റ്റേഷനിലും, എയർപോർട്ടിലുമെല്ലാമെത്തിയ ജനങ്ങൾ വലഞ്ഞു. പൊലീസ് സംരക്ഷണമുണ്ടെങ്കിൽ സർവീസ് നടത്താമെന്ന് അധികൃതർ പറഞ്ഞുവെങ്കിലും അതുണ്ടായില്ല. ഇതോടെ ഇതരസംസ്ഥാന ബസ്സുകളും സർവീസ് നടത്താൻ തയ്യാറായില്ല.

റെയിൽവേ സ്റ്റേഷനിലും എയർപോർട്ടിലും എത്തിയവർ വലഞ്ഞെങ്കിലും ചിലയിടങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ സമാന്തര സർവീസ് നടത്തിയത് മെഡിക്കൽ കോളേജിലേക്കും ആർ.സി.സി അടക്കമുള്ളയിടങ്ങളിലേക്കുമെത്തേണ്ടവർക്ക് ആശ്വാസമായി. വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞുവെങ്കിലും വിവാഹ പാർട്ടികളുടെ വാഹനങ്ങളും മറ്റും തടസ്സമില്ലാതെ സർവീസ് നടത്തി.

കോഴിക്കോട് ഹർത്താലിനോട് സമ്മിശ്ര പ്രതികരണമായിരുന്നു. കോഴിക്കോട് വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. രാവിലെ മുതൽ തന്നെ വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നില്ല. അവധി ദിനംപോലെ തന്നെയായിരുന്നു കോഴിക്കോട് ഹർത്താൽ. എന്നാൽ ഏതാനും ചില കെഎസ്ആർടിസി ബസുകൾ പൊലീസ് അകമ്പടിയോടെ സർവ്വീസ് നടത്തി. കാസർകോഡ്, കണ്ണൂർ, വയനാട് ഭാഗങ്ങളിലേക്കുള്ള ചില സർവ്വീസുകളാണ് ഇന്ന് നടന്നത്. വിവിധ ഡിപ്പോകളിൽ നിന്ന് ഇന്നലെ പുറപ്പെട്ട് കോഴിക്കോടെത്തിയ ബസുകളും തിരിച്ചുള്ള സർവ്വീസുകൾ നടത്തി. റെയിൽവെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള രോഗികളെയും യാത്രക്കാരെയും പൊലീസ് വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചു. ചില സന്നദ്ധ സംഘടനകളും സ്വകാര്യ വാഹനങ്ങളിൽ റയിൽവെ സ്റ്റേഷനിലെത്തിയ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സഹായിച്ചു.

ചില ഓട്ടോകളും സർവ്വീസ് നടത്തി. സ്വകാര്യ വാഹനങ്ങൾ കൈകാണിച്ച് നിർത്തി പൊലീസ് യാത്രക്കാരെ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സഹായിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് കോഴിക്കോട് നഗരത്തിൽ വാഹനം കിട്ടാതെ ബുദ്ധിമുട്ടിയവരിൽ ഏറെയും. ദൂര സ്ഥലങ്ങളിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് പുറപ്പെട്ടവരാണ് പലരും. എന്നിരുന്നാലും നേരത്തെ പ്രഖ്യാപിച്ച പണിമുടക്കായതിനാൽ തന്നെ പലരും തൊഴിലുടമകളെ വിളിച്ച് നേരത്തെ തങ്ങൾക്ക് പോകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. അത്തരം സൗകര്യങ്ങൾ ലഭിക്കാത്തവരെ പൊലീസ് ഇടപെട്ട് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു.

അതേ സമയം കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് യുഡിഎഫ് പ്രവർത്തകർ രാവിലെ സർവ്വീസ് നടത്തിയ വാഹനങ്ങൾ തടഞ്ഞു. പന്തീരങ്കാവിലും പണിമുടക്കിനെ അനുകൂലിക്കുന്നവർ സർവ്വീസ് നടത്തിയ വാഹനങ്ങൾ തടഞ്ഞു. എന്നാൽ രണ്ടിടങ്ങളിലും പൊലീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു. ഈ രണ്ട് സംഭവങ്ങളൊഴിച്ചാൽ കോഴിക്കോട് ജില്ലയിൽ ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നു. കോഴിക്കോട് നഗരത്തിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ വ്യത്യസ്ത പ്രകടനങ്ങൾ നടത്തി. വടകര, കുറ്റ്യാടി, നാദാപുരം, താമരശ്ശേരി, കുന്ദമംഗലം, മുക്കം തുടങ്ങി വിവിധയിടങ്ങളിലും ഹർത്താൽ അനുകൂലികൾ പ്രകടനങ്ങൾ നടത്തി.

ഹർത്താലിനെ പൂർണ്ണമായും പിന്തുണക്കുന്നതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. എംകെ മുനീർ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സമരത്തിന് കാരണമായി വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹർത്താലുമായി മുസ്ലിം ലീഗ് പാർട്ടി പൂർണമായും പിന്തുണക്കുന്നു. അത് നേരത്തെ തന്നെ മുന്നണി യോഗങ്ങളിൽ വ്യക്തമാക്കിയതാണ്. കെപിഎ മജീദ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP