Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനന്തമൂർത്തി മരിച്ചെന്നറിഞ്ഞപ്പോൾ പടക്കം പൊട്ടിച്ച് ലഡ്ഡു വിതരണം ചെയ്തു; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

അനന്തമൂർത്തി മരിച്ചെന്നറിഞ്ഞപ്പോൾ പടക്കം പൊട്ടിച്ച് ലഡ്ഡു വിതരണം ചെയ്തു; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

മംഗലാപുരം: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ യു ആർ അനന്തമൂർത്തിയുടെ മരണം പടക്കം പൊട്ടിച്ച് ആഘോഷിച്ച ബിജെപി - ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. ചിക്കമംഗ്ലൂരിലെ മുഡിഗരെ പൊലീസ് സ്റ്റേഷനിലാണ്, പേരറിയാത്ത ബിജെപി, ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ, ലഹള കൂട്ടൽ എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തത്. ഇവരുടെ ആഹ്ളാദ പ്രകടനത്തിന്റെ വീഡിയോ റെക്കോർഡിങ്ങും ഫോട്ടോഗ്രാഫുകളും പരിശോധിച്ചാണ് കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അനന്തമൂർത്തിയുടെ മരണവാർത്ത അറിഞ്ഞതിനു തൊട്ടുപിന്നാലെ മംഗലാപുരത്തും ചിക്കമംഗ്ലൂരിലുമായി നാലിടങ്ങളിൽ ജനക്കൂട്ടം പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് അനന്തമൂർത്തി ബാംഗ്ളൂരിലെ മണിപ്പാൽ ആശുപത്രിയിൽ വച്ച് അന്തരിച്ചത്. ബിജെപി പ്രവർത്തകരുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസും ഇടതു സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

മോദി പ്രധാനമന്ത്രിയായാൽ ഇന്ത്യ വിട്ടുപോകുമെന്ന് അനന്തമൂർത്തി ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത് അഭിപ്രായപ്പെട്ടിരുന്നു. പിന്നീട്,​ വൈകാരികമായാണ് അത്തരമൊരു പ്രതികരണം നടത്തിയതെന്ന് പറഞ്ഞ് അനന്തമൂർത്തി തന്നെ പരാമർശം പിൻവലിക്കുകയും ചെയ്തു. എന്നാൽ അന്നുമുതൽ തന്നെ അനന്തമൂർത്തിക്കെതിരെ സംഘപരിവാർ അനുഭാവികൾ സോഷ്യൽ മീഡിയയിലും മറ്റും അസഹിഷ്ണുതാപരമായി പെരുമാറി വരികയായിരുന്നു.

അനന്തമൂർത്തി അന്തരിച്ച് മിനിറ്റുകൾക്കകം ജ്ഞാനപീഠ ജേതാവിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചെങ്കിലും പരിവാർ അനുകൂലികളുടെ അനന്തമൂർത്തി വിരുദ്ധതയ്ക്ക് ഒരു കുറവുമില്ലായിരുന്നു.

നിലവിൽ ഒരു സംഭവത്തോട് അനുബന്ധിച്ചു മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ മറ്റു മൂന്ന് സംഭവങ്ങളിൽ കൂടി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘർഷ സമിതിയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിൽ പൊലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസ് പിക്കറ്റ് ചെയ്യാൻ ഒരുങ്ങുകയാണ്.

ഒരു ദേശീയബിംബത്തിനെതിരെ വർഗ്ഗീയ വിരോധവും വെറുപ്പും പടർത്താനുള്ള ശ്രമമായിരുന്നു, ഹിന്ദുത്വ പ്രവർത്തകരുടേതെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് മുനീർ കാട്ടിപ്പല്ല പറഞ്ഞു. അതേ സമയം തങ്ങളല്ല, ആഘോഷം സംഘടിപ്പിച്ചതെന്നും ഒരു പക്ഷെ തങ്ങളുടെ അനുഭാവികൾ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാവാമെന്നും ബജ്റങ്ദൾ സംസ്ഥാന പ്രസിഡന്റ് ശരൺ പമ്പ്‌വെൽ അറിയിച്ചു. അനന്തമൂർത്തിയുമായുള്ള തങ്ങളുടെ അഭിപ്രായവ്യത്യാസം വ്യക്തിപരമായിരുന്നില്ലെന്നും അവ ബൗദ്ധികമായിരുന്നുവെന്നും ശരൺ കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി പ്രതികരിക്കാൻ വിസമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP