Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർദാർ പട്ടേൽ സോമനാഥ ക്ഷേത്രം പുനർനിർമ്മിച്ചതുപോലെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ നിയമം പാസാക്കണമെന്ന് ആർഎസ്എസ്; പട്ടേൽ രാജ്യത്തിന്റെ ഐക്യത്തിനായി പോരാടിയില്ലായിരുന്നെങ്കിൽ ശിവഭക്തർക്ക് സോമനാഥ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ വിസ വേണ്ടി വരുമായിരുന്നെന്ന് നരേന്ദ്ര മോദി; പട്ടേലിനെ ഉയർത്തിക്കാട്ടിയും നെഹ്‌റുവിനെ ഇകഴ്‌ത്തിക്കാട്ടിയും കോൺഗ്രസുമായി രാഷ്ട്രീയപ്പോരിന് മൂർച്ച കൂട്ടാൻ സോമനാഥ ക്ഷേത്രത്തെ പ്രതീകമാക്കി ബിജെപിയും ആർഎസ്എസും

സർദാർ പട്ടേൽ സോമനാഥ ക്ഷേത്രം പുനർനിർമ്മിച്ചതുപോലെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രസർക്കാർ നിയമം പാസാക്കണമെന്ന് ആർഎസ്എസ്; പട്ടേൽ രാജ്യത്തിന്റെ ഐക്യത്തിനായി പോരാടിയില്ലായിരുന്നെങ്കിൽ ശിവഭക്തർക്ക് സോമനാഥ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ വിസ വേണ്ടി വരുമായിരുന്നെന്ന് നരേന്ദ്ര മോദി; പട്ടേലിനെ ഉയർത്തിക്കാട്ടിയും നെഹ്‌റുവിനെ ഇകഴ്‌ത്തിക്കാട്ടിയും കോൺഗ്രസുമായി രാഷ്ട്രീയപ്പോരിന് മൂർച്ച കൂട്ടാൻ സോമനാഥ ക്ഷേത്രത്തെ പ്രതീകമാക്കി ബിജെപിയും ആർഎസ്എസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സർദാർ വല്ലഭായി പട്ടേൽ സോമനാഥ ക്ഷേത്രം പുനർനിർമ്മിച്ചതുപോലെ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നിയമം പാസാക്കണമെന്ന് രാഷ്ട്രീയ സ്വയം സേവകസംഘം.' രാമക്ഷേത്രം ദേശീയ അഭിമാനത്തിന്റെയും അന്തസിന്റെയും വിഷയമാണ്. സർദാർ പട്ടേൽ സോമനാഥ ക്ഷേത്രം പുനർനിർമ്മിച്ചതിന് സമാനമായി, കേന്ദ്രസർക്കാർ ഭൂമി ഏറ്റെടുത്ത് രാമക്ഷേത്ര നിർമ്മാണത്തിനായി കൈമാറണം. ഇതിനായി സർക്കാർ നിയമനിർമ്മാണം നടത്തണം', ആർഎസ്എസ് സർകാര്യവാഹ് മന്മോഹൻ വൈദ്യ പറഞ്ഞു.

സർദാർ വല്ലഭായി പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള പ്രതിമ ഗുജറാത്തിൽ ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോമനാഥ് ക്ഷേത്ര വിഷയം എടുത്തിട്ടു. 'സർദാർ പട്ടേൽ രാജ്യത്തിന്റെ ഐക്യത്തിനായി പോരാടിയില്ലായിരുന്നെങ്കിൽ ശിവഭക്തർക്ക് സോമനാഥ ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ വിസ വേണ്ടി വരുമായിരുന്നു', മോദി പറഞ്ഞു. ശിവഭക്തനായ രാഹുൽ ഗാന്ധിക്കെതിരെയുള്ള പരോക്ഷ വിമർശനം കൂടിയായി മോദിയുടെ പരാമർശം. കഴിഞ്ഞ വർഷം നവംബറിൽ രാഹുൽ ഗാന്ധി സോമനാഥ ക്ഷേത്രം സന്ദർശിച്ചപ്പോഴും മോദി നെഹ്‌റുവിനെ ലാക്കാക്കി അമ്പുകൾ എയ്തിരുന്നു.പട്ടേൽ സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണദൗത്യം ഏറ്റെടുത്തപ്പോൾ നെഹ്‌റു അസന്തുഷ്ടനായിരുന്നു, മോദി രാഹുലിനെ ഓർമിപ്പിച്ചു.

ആധുനിക മതേതര രാഷ്ട്രത്തിൽ സർക്കാർ ക്ഷേത്രനിർമ്മാണത്തിൽ ഇടപെടുന്നതിനെ ചൊല്ലി നെഹ്‌റു പട്ടേലിനെ എതിർപ്പ് അറിയിച്ചിരുന്നുവെന്നുള്ള വാദത്തിൽ കഴമ്പുണ്ട്. അതേസമയം, സോമനാഥ ക്ഷേത്രത്തെയും, അയോധ്യയെയും 1990 ലെ രഥയാത്ര മുതൽ പരസ്പരം ബന്ധിപ്പിക്കുന്നതിൽ ബിജെപിയും വിഎച്ച്പിയും ശ്രദ്ധ പുലർത്തിയിരുന്നു. രഥയാത്ര ആരംഭിച്ചപ്പോൾ, സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തെയും രാമജന്മഭൂമിയുടെ വീണ്ടെടുക്കലിനെയും ബന്ധപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടന്നിരുന്നു. ഏതായാലും കോൺഗ്രസിനെയും നെഹ്‌റുവിന്റെ നിലപാടുകളെയും തള്ളിപ്പറയാനുള്ള ഒരവസരവും കളയാൻ ബിജെപിയും ആർഎസ്എസും ഒരുക്കമല്ല എന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെയും, മന്മോഹൻ വൈദ്യയുടെയും സോമനാഥ ക്ഷേത്ര പരാമർശങ്ങൾ. പട്ടേലിനെ ഉയർത്തിക്കാട്ടുന്നതിനൊപ്പം നെഹ്‌റുവിനെ പരോക്ഷമായി ഇകഴ്‌ത്തി കാട്ടാനും ശമങ്ങൾ തുടരുകയാണ്.

അതേസമയം, അയോധ്യയിൽ രാമക്ഷേത്രം എന്ന ആവശ്യത്തിൽ ഇനി കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് സംഘപരിവാർ നൽകുന്നത്. രാമജന്മഭൂമി -ബാബറി മസ്ജിദ് തർക്കക്കേസ് ചൊവ്വാഴ്ച സുപ്രീംകോടതി മാറ്റി വച്ചപ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപായപപെട്ടത് നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമെന്നാണ്. ഏറ്റവും വേഗം ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് ആദിത്യനാഥ് ആവശ്യപ്പെടുന്നത്. കേന്ദ്രം നിയമം കൊണ്ടുവരണമെന്ന ആവശ്യം നിറവേറ്റാൻ മറ്റുപല മാർഗ്ഗങ്ങളുമുണ്ടെന്നും, അതിൽ ഏറ്റവും മികച്ച നടപടി എടുക്കണമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞിരുന്നു. അഭിപ്രായ സമന്വയം ഉണ്ടാവുകയാണ് ഏറ്റവും നല്ലത്. ഭൂരിപക്ഷ സമുദായവും, സമാധാനവും, ഐക്യവും പുലരണമെന്ന് ആഗ്രഹിക്കുന്നവരും പ്രശ്‌നത്തിന് അടിയന്തര പരിഹാരമാണ് തേടുന്നത്, ആദിത്യനാഥ് പറഞ്ഞു.

അയോധ്യയിലെ ക്ഷേത്ര നിർമ്മാണം അത്യാവശ്യമാണെന്നും ഇത് സാധ്യമാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നേരത്തെ വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് നാഗ്പൂരിൽ ആവശ്യപ്പെട്ടിരുന്നു.
രാമക്ഷേത്രം വേണമെന്നാണ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരം. ഇത് സംഘടന മനസ്സിലാക്കുന്നു. ഒരുമയുടെയും നന്മയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ ക്ഷേത്രനിർമ്മാണം കൊണ്ട് സാധിക്കുമെന്നും ഭാഗവത് അഭിപ്രായപ്പെട്ടിരുന്നു. രാമക്ഷേത്ര വിഷയത്തിൽ സ്വാർഥതാല്പര്യങ്ങൾക്ക് വേണ്ടി ചില മൗലികവാദികൾ സാമുദായിക രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്രസർക്കാർ ആവശ്യമായ നിയമങ്ങളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ മറികടക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു.

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം എത്രവേഗം സാധിക്കുമോ അത്രയും വേഗം വേണമെന്ന് ഡോ. മോഹൻ ഭാഗവത് പറഞ്ഞ ഭാവി ഭാരതം എന്ന വിഷയത്തിൽ, സെപ്റ്റംബറിൽ നടത്തിയ പ്രഭാഷണ പരമ്പരയ്ക്കിടെ വ്യക്തമാക്കിയിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം രാജ്യത്തെ ഹിന്ദു-മുസ്ലിം തർക്കം എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ഉതകുമെങ്കിൽ അത് എത്രയും വേഗം നടത്തുകയല്ലേ നല്ലത്. രാമക്ഷേത്ര നിർമ്മാണത്തിന്റെ മുന്നോട്ടുള്ള ഗതി എങ്ങനെയാവണമെന്ന് അതിന് നിയുക്തമായ ഉന്നതധികാര സമിതിയാണ് നിശ്ചയിക്കുന്നത്. അതിൽ അഭിപ്രായം ചോദിച്ചാൽ പറയാം. ക്ഷേത്ര നിർമ്മാണത്തിന് നിയമം നിർമ്മിക്കണമോ ധാരണയുണ്ടാക്കണമോ തുടങ്ങിയ കാര്യങ്ങൾ നിൽക്കട്ടെ. ശ്രീരാമൻ രാജ്യത്തെ വലിയ ജനാവലിക്ക് ദൈവമാണ്. അതിനേക്കാൾ ഏറെ ആളുകൾക്ക് മര്യാദാ പുരുഷനാണ്. അങ്ങനെ രാജ്യത്തെ വലിയ ഒരു വിഭാഗം ശ്രീരാമനെ മാനിക്കുന്നു. രാമൻ ജനിച്ചത് അയോധ്യയിലാണ്. അവിടെ മുമ്പ് രാമക്ഷേത്രം ഉണ്ടായിരുന്നു. അവിടെ ക്ഷേത്രം ആവശ്യമാണ്. ദേശത്തിന്റെ ഐക്യത്തിനും ക്ഷേമത്തിനും നല്ലതാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം വന്നില്ലായിരുന്നെങ്കിൽ ഇതിനു മുമ്പേ ക്ഷേത്രം നിർമ്മിക്കപ്പെട്ടുകഴിഞ്ഞേനെ, ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP