Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോൺഗ്രസിനൊപ്പം നിൽക്കാതെ കച്ചിതൊടാനാവില്ലെന്ന് തിരിച്ചറിഞ്ഞ ബംഗാളിലെ സിപിഎം ഘടകം കേന്ദ്രകമ്മിറ്റി തീരുമാനത്തിൽ കടുത്ത നിരാശയിൽ; നിലവിലുള്ള സീറ്റുകൾ പോലും നഷ്ടമാകുമെന്നിരിക്കേ കേരള ലോബിയുടെ കടുംപിടുത്തത്തിന് വഴങ്ങേണ്ടി വന്നതിൽ എങ്ങും നിരാശ; ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവർത്തകർ പാർട്ടി വിടുമോ എന്ന ആശങ്ക ശക്തം

കോൺഗ്രസിനൊപ്പം നിൽക്കാതെ കച്ചിതൊടാനാവില്ലെന്ന് തിരിച്ചറിഞ്ഞ ബംഗാളിലെ സിപിഎം ഘടകം കേന്ദ്രകമ്മിറ്റി തീരുമാനത്തിൽ കടുത്ത നിരാശയിൽ; നിലവിലുള്ള സീറ്റുകൾ പോലും നഷ്ടമാകുമെന്നിരിക്കേ കേരള ലോബിയുടെ കടുംപിടുത്തത്തിന് വഴങ്ങേണ്ടി വന്നതിൽ എങ്ങും നിരാശ; ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവർത്തകർ പാർട്ടി വിടുമോ എന്ന ആശങ്ക ശക്തം

മറുനാടൻ ഡെസ്‌ക്ക്

കൊൽക്കത്ത: ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന് അഡ്രസ് ഉണ്ടാക്കിക്കൊടുത്ത ഘടകമായിരുന്നു ബംഗാൾ. കേരളത്തിലും ബംഗാളിലും ത്രിപുരയിലുമായി മുന്നിടങ്ങൾ ശക്തമായ സാന്നിധ്യം തന്നെയായിരുന്നു സിപിഎം. എന്നാൽ, പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറി ആയതോടെയും ബുദ്ധദേവിന്റെ നയങ്ങളും കൂടി ആയതോടെ ബംഗാൾ ജനത ചുവപ്പുകൊടിയെ കൈവിട്ടു. എന്തൊക്കെ ഘടകങ്ങളാണോ സിപിഎമ്മിന് അനുകൂലമായി നിന്നത് അതേ ഘടങ്ങൾ തന്നെ മമതാ ബാനർജിക്ക് ഇന്ന് അനുകൂലമായി നിൽക്കുന്നു. സിപിഎം അണികൾ കൂട്ടത്തോടെ തൃണമൂലിലേക്ക് ചേക്കേറി. ബിജെപി കൊടിപിടിക്കാനും ആളുകളുണ്ടായി. ഇനി തിരിച്ചു വരണമെങ്കിൽ കോൺഗ്രസിനെ ഒപ്പം കൂട്ടിയേ മതിയൂകൂ എന്ന തിരിച്ചറിവ് സിപിഎം ബംഗാൾ ഘടകത്തിനുണ്ട്. എന്നാൽ, അത് വേണ്ടെന്ന് പറഞ്ഞ് സിപിഎം കേരളാ ലോബി ശക്തമായി നിലകൊണ്ടപ്പോൾ ആ തീരുമാനത്തിന് ഒപ്പം നിന്ന കേന്ദ്ര കമ്മിറ്റി തീരുമാനത്തിൽ ബംഗാൾ ഘടകം കടുത്ത അതൃപ്തിയിലാണ്. കടുത്ത നിരാശയാണ് ബംഗാൾ ഘടകത്തിന്.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വ്യക്തിപരമായ ക്ഷീണമായെന്നതിനൊപ്പം ബംഗാളിൽ പാർട്ടിയുടെ ഭാവിയെ സംബന്ധിച്ച് സംസ്ഥാനനേതാക്കൾക്കിടയിൽ ആശങ്കയും ഉയർന്നിട്ടുണ്ട്. വരുന്ന ഏപ്രിലിൽ തപൻസെന്നിന്റെ കാലാവധി കഴിയുന്നതോടെ ബംഗാൾ ഘടകത്തിന് രാജ്യസഭയിൽ പ്രാതിനിധ്യം ഇല്ലാതാകും. 2019-ലെ ലോക്ൾസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്, ഇടതുമുന്നണി, കോൺഗ്രസ്, ബിജെപി. എന്നിങ്ങനെ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നതെങ്കിൽ പാർട്ടി പച്ച തൊടില്ലെന്ന സാധ്യത തുറിച്ചു നോക്കുന്നുമുണ്ട്. കഴിഞ്ഞ ലോക്ൾസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ രണ്ടു സീറ്റുകളിലും ഭൂരിപക്ഷം രണ്ടായിരത്തിൽ താഴെ മാത്രമായിരുന്നു. അടുത്ത തവണ അങ്ങനെ കടന്നു കൂടുന്ന കാര്യം പോലും സംശയത്തിലാണെന്നാണ് പല നേതാക്കളുടേയും പക്ഷം.

ജനവരി 29-ന് നടക്കാനിരിക്കുന്ന ഉലു ബെരിയ, നൊവാപാഡ ഉപതിരഞ്ഞെടുപ്പുകൾ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകും. ഉലുബെരിയയിൽ ലോക് സഭയിലേക്കും നൊവാപാഡയിൽ നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ്. രണ്ടിടത്തും വിജയപ്രതീക്ഷയില്ല. രണ്ടാംസ്ഥാനത്തിനു വേണ്ടി ബിജെപി.യോടാണ് മത്സരം എന്നതാണ് സ്ഥിതി. ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന സബംഗ് ഉപതിരഞ്ഞെടുപ്പിൽ അര ലക്ഷത്തിലേറെ വോട്ടിന് തോറ്റപ്പോഴും സിപിഎം. ആശ്വസിച്ചത് ബിജെപിയെ പിന്തള്ളി രണ്ടാമതെത്തി എന്നതിലാണ്.

സിപിഎമ്മിൽ നിന്നും വ്യാപകമായി ബിജെപിയിലേക്ക് കൊഴിഞ്ഞു പോക്കുണ്ട്. ഇത് വ്യക്താക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലവും. കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കിയ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാക്കാനായിരുന്നില്ല. എന്നാൽ സഖ്യമുണ്ടായിരുന്നില്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമായേനേ എന്നാണ് ബംഗാൾ നേതാക്കളുടെ വിലയിരുത്തൽ.

കോൺഗ്രസ് ബന്ധം പാടില്ലെന്ന വ്യവസ്ഥയ്ക്കെതിരെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ ഭേദഗതി അവതരിപ്പിക്കുമെന്നുറപ്പാണ്. എന്നാൽ അത് അംഗീകരിക്കപ്പെടുമോ എന്ന് അവർക്ക് തന്നെ സംശയമാണ്. തങ്ങളുടെ രക്ഷകനായ യെച്ചൂരിക്ക് പാർട്ടി കോൺഗ്രസ്സോടെ സ്ഥാനമൊഴിയേണ്ടി വരുമെന്നും വൃന്ദ കാരാട്ടോ ബി.വി.രാഘവുലുവോ സെക്രട്ടറിയാകുമെന്നും അവർ ആശങ്കപ്പെടുന്നു. അതോടെ കോൺഗ്രസ് ബന്ധത്തിന്റെ സാധ്യതകൾ എന്നേക്കുമായി അടയുമെന്നും.

സിപിഎം മുൻകൈയെടുത്ത് പ്രതിപക്ഷ ബദൽ സ്വപ്‌നം കണ്ടവർക്കേറ്റ തിരിച്ചടിയാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനത്തോടെ സിപിഎം ദേശീയ തലത്തിൽ പ്രാധാന്യമില്ലാത്ത പാർട്ടിയായി മാറുമെന്നതാണ് മറ്റൊരു കാര്യം. കോൺഗ്രസും ഇടതു പക്ഷവും സോഷ്യലിസറ്റും മറ്റ് ചെറു പാർട്ടികളും ഉൾപ്പെടുന്ന കൂട്ടുമുന്നണി. ഇതിലൂടെ മാത്രമേ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയൂവെന്ന് ചിന്ത സജീവമായിരുന്നു. കാരാട്ട് പാര വച്ചത് ഈ നീക്കത്തിനാണ്. അതുകൊണ്ട് തന്നെ ഇടത് മതേതര വാദികൾ ആകെ വേദനയിലും. ലാവ്‌ലിൻ, ടിപി കേസുകളുടെയും കാരാട്ട് ദമ്പതികളുടെ ബന്ധുവിന്റെ ടിവി ചാനൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തിക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണു ബിജെപിയെ പ്രീണിപ്പിക്കുന്ന, കോൺഗ്രസ് വിരുദ്ധ നിലപാടിനു കാരാട്ടുപക്ഷം വാശിപിടിച്ചതെന്നാണ് യച്ചൂരിയെ അനുകൂലിക്കുന്നവരുടെ ആരോപണം.

ഇരുപക്ഷത്തിന്റെയും ബലപരീക്ഷണംതീർന്നില്ലെന്നും ഹൈദരാബാദിലെ പാർട്ടി കോൺഗ്രസാണ് അടുത്ത വേദിയെന്നുമുള്ള സൂചനയാണു ലഭിക്കുന്നത്. യച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച പിബി - സിസി അംഗങ്ങൾക്കെല്ലാം പാർട്ടി കോൺഗ്രസിൽ സംസാരിക്കാൻ അവസരം ലഭിക്കുമെന്നു കൊൽക്കത്ത സിസിയിൽ അധ്യക്ഷനായ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞതും തർക്കം ഉടനെ തീരില്ലെന്നു വ്യക്തമാക്കുന്നു. ഇന്നലെ അംഗീകരിച്ച കരടു പ്രമേയം അടുത്ത മാസം പകുതിയോടെ പരസ്യപ്പെടുത്തും. വിഷയത്തിൽ ത്രിപുരയുടെ മനസ്സും യെച്ചൂരിക്ക് അനുകൂലമാണ്. കാരണം അവിടേയും ബിജെപിയാണ് സിപിഎമ്മിന്റെ പ്രധാന വെല്ലുവിളി. എന്നാൽ കേരളത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇവിടെ ബിജെപിക്ക് ശക്തി കുറവാണ്. അതുകൊണ്ട് തന്നെ കേരളത്തിന് വേണ്ടി ഇന്ത്യയെ മറക്കുന്ന തീരുമാനം കാരാട്ട് എടുപ്പിച്ചുവെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പിലെ അടവുനയം അതതു സമയത്തു തീരുമാനിക്കാമെന്നുകൂടി കരടു പ്രമേയത്തിൽ വ്യക്തമാക്കിയത്. അതിനുശേഷമാണ്, കോൺഗ്രസുമായി ധാരണയില്ലെന്ന പരാമർശം. ഇത് എങ്ങനെ ശരിയാകുമെന്ന ചോദ്യത്തിനും ഉത്തരമില്ല. താൻ മുന്നോട്ടുവച്ച രാഷ്ട്രീയ ലൈൻ തള്ളപ്പെട്ടതിനാൽ ജനറൽ സെക്രട്ടറിസ്ഥാനം ഒഴിയാൻ തയാറാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയിലും (സിസി) സീതാറാം യച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അതു സിസി തള്ളിക്കളഞ്ഞു.

കഴിഞ്ഞ ദിവസം പൊളിറ്റ് ബ്യൂറോയിലും (പിബി) താൻ രാജിതാൽപര്യം വ്യക്തമാക്കിയതാണെന്നും പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാകുമെന്ന കാരണം പറഞ്ഞു പിബി തന്നെ വിലക്കിയെന്നും യച്ചൂരി സിസിയിൽ പറഞ്ഞു. ആവശ്യം സിസി നിരസിച്ചപ്പോൾ, പാർട്ടിയുടെ ഐക്യം മാത്രം കണക്കിലെടുത്താണു തുടരുന്നതെന്ന് യച്ചൂരി പറഞ്ഞു. വോട്ടെടുപ്പിനു മുൻപാണ് യച്ചൂരി രാജിസന്നദ്ധത അറിയിച്ചത്.

കോൺഗ്രസുമായി യാതൊരു തിരഞ്ഞെടുപ്പുധാരണകളും വേണ്ടെന്ന് പ്രഖ്യാപിക്കുന്ന കരട് രാഷ്ട്രീയപ്രമേയം സിപിഎമ്മിലെ കേരളാ ഘടകത്തിന്റെ കരുത്തിന് തെളിവാണ്. രാഷ്ട്രീയ അടവുനയം സംബന്ധിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലാണ് ബലപരീക്ഷണമെങ്കിലും കേരളഘടകത്തിന്റെ നിലപാടാണ് പൊളിറ്റ് ബ്യൂറോയിലെയും കേന്ദ്രകമ്മിറ്റിയിലെയും ചർച്ചകളിലും വോട്ടെടുപ്പിലും നിർണായകമായത്.

വി എസ് അച്യൂതാന്ദൻ യെച്ചുരിക്കൊപ്പമായിരുന്നു. തോമസ് ഐസകും കോൺഗ്രസിന് അനുകൂലമായി. പക്ഷേ ബാക്കിയെല്ലാവരും ഒരുമിച്ചു. രാഷ്ട്രീയപ്രമേയത്തിന്റെ കരടാണ് കേന്ദ്രകമ്മിറ്റി തയ്യാറാക്കുകയെന്നും അന്തിമതീരുമാനം പാർട്ടികോൺഗ്രസിലായിരിക്കുമെന്നുമുള്ള യെച്ചൂരിയുടെ പ്രഖ്യാപനം വീണ്ടുമൊരു ബലപരീക്ഷണം പാർട്ടികോൺഗ്രസിലുമുണ്ടാകുമെന്നതിന്റെ സൂചനയാണ്. എന്നാൽ, ഇവിടേയും കാരട്ട് തന്നെ ജയിക്കും.

രാഷ്ട്രീയ അടവുനയം സംബന്ധിച്ച് കാരാട്ടും എസ്. രാമചന്ദ്രൻപിള്ളയും ചേർന്നുതയ്യാറാക്കിയ രേഖയാണ് അടുത്ത പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ, തുടക്കംമുതൽക്കെ ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നിലപാട് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു. എല്ലാ ജില്ലാസമ്മേളനങ്ങളിലും ഇരുവരും ഈ രാഷ്ട്രീയനിലപാട് വിശദീകരിക്കുകയുംചെയ്തു. മുമ്പ് സിപിഎമ്മിൽ ബംഗാൾ ഘടകത്തിനായിരുന്നു നിർണായകസ്വാധീനം. നിയമസഭാതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ അതു ക്ഷയിച്ചു. ബംഗാളിൽ ഒരു തിരിച്ചുവരവ് സ്വപ്നംകണ്ടാണ് ബംഗാൾ ഘടകം കോൺഗ്രസ് സഹകരണത്തിനായി വാദിച്ചത്. എന്നാൽ, അത് കേരളത്തിലെ പാർട്ടിക്ക് ആത്മഹത്യാപരമാകുമെന്നാണ് കേരളഘടകത്തിന്റെ വാദം. ഇത് അംഗീകരിക്കപ്പെട്ടു. ബംഗാളിൽ സിപിഎമ്മിന് തിരിച്ചുവരവില്ലെന്ന് നേതാക്കൾ തിരിച്ചറിയുന്ന സാഹചര്യവും കേരളാ ഘടകത്തിന് തുണയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP