Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറുപത് മണ്ഡലങ്ങളിലായി അയ്യായിരത്തോളം റാലികൾ; പ്രചാരണത്തിന് ചുക്കാൻ പിടിച്ച് സാക്ഷാൽ നരേന്ദ്ര മോദിയും അമിത് ഷായും; നാണം കെട്ട തോൽവി സമ്മാനിച്ച ഡൽഹി പിടിച്ചെടുക്കാൻ ചിട്ടയായ പ്രവർത്തനവുമായി ബിജെപി; മൂന്നിൽ നിന്നും 35 സീറ്റുകൾ വരെ നേടുമെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേ; ഊർജ്ജമാകുക ഷെഹീൻബാഗിലെ പ്രതിഷേധങ്ങളെന്നും റിപ്പോർട്ട്; വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ആഗ്രഹിക്കുന്നില്ലെന്ന് രാജ്‌നാഥ് സിംങ്

അറുപത് മണ്ഡലങ്ങളിലായി അയ്യായിരത്തോളം റാലികൾ; പ്രചാരണത്തിന് ചുക്കാൻ പിടിച്ച് സാക്ഷാൽ നരേന്ദ്ര മോദിയും അമിത് ഷായും; നാണം കെട്ട തോൽവി സമ്മാനിച്ച ഡൽഹി പിടിച്ചെടുക്കാൻ ചിട്ടയായ പ്രവർത്തനവുമായി ബിജെപി; മൂന്നിൽ നിന്നും 35 സീറ്റുകൾ വരെ നേടുമെന്ന് പാർട്ടിയുടെ ആഭ്യന്തര സർവേ; ഊർജ്ജമാകുക ഷെഹീൻബാഗിലെ പ്രതിഷേധങ്ങളെന്നും റിപ്പോർട്ട്; വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ആഗ്രഹിക്കുന്നില്ലെന്ന് രാജ്‌നാഥ് സിംങ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അഞ്ചു വർഷം മുമ്പ് നാണം കെട്ട തോൽവി സമ്മാനിച്ച ഡൽഹി ഇക്കുറി പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി. പുറത്തു വന്ന എല്ലാ അഭിപ്രായ സർവേകളിലും ആം ആദ്മി പാർട്ടി മികച്ച വിജയം നേടി ഭരണം നിലനിർത്തും എന്ന് പറയുമ്പോഴും അതൊന്നും കാര്യമാക്കാതെയാണ് ബിജെപി വിജയമന്ത്രം മുഴക്കി പ്രവർത്തനം തുടരുന്നത്. ആകെയുള്ള 60 നിയമസഭാ സീറ്റുകളിൽ പരമാവധി 35 സീറ്റുകൾ വരെ പാർട്ടി ഇക്കുറി നേടുമെന്നാണ് ബിജെപി നടത്തിയ സർവെ പ്രവചിക്കുന്നത്. കോൺഗ്രസ് പോലും ആം ആദ്മിയുടെ വിജയം അംഗീകരിച്ച് പ്രവർത്തിക്കുമ്പോഴും അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് ബിജെപി പ്രവർത്തിക്കുന്നത്. അതിന് ഊർജ്ജം നൽകുന്നതാണ് ബിജെപി നടത്തിയ ആഭ്യന്തര സർവേ ഫലം.

ഇത്തവണ മൂന്നിൽ നിന്നും ബിജെപിയുടെ സീറ്റ് 30 മുതൽ 35 വരെ ഉയരുമെന്നാണ് സർവ്വേ ഫലം. 'ഷെഹീൻബാഗിലെ' പ്രതിഷേധങ്ങൾ ബിജെപിയുടെ സീറ്റ് ഉയർത്തുമെന്നാണ് സർവ്വേയിലെ പ്രവചനം. കോൺഗ്രസിനോ ആംആദ്മിക്കോ വോട്ട് ചെയ്യണമെന്ന് തിരുമാനിക്കാത്ത ഒരു വിഭാഗം ഇപ്പോഴും ഡൽഹിയിൽ ഉണ്ടെന്നാണ് ബിജെപിയുടെ ആഭ്യന്തര സർവ്വേ ഫലം. അതുകൊണ്ട് തന്നെ ഇവരെ ലക്ഷ്യം വെച്ച് വലിയ രീതിയിലുള്ള റാലികളും ഗൃഹസന്ദർശന പരിപാടികളുമാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 5000 ത്തോളം റാലികളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തികാണിക്കാതെയാണ് ബിജെപിയുടെ പ്രചരണം. നരേന്ദ്ര മോദി ഉൾപ്പെടെ വൻ പട തന്നെയാണ് ബിജെപിയുടെ താരപ്രചാരായി ഡൽഹിയിൽ എത്തുന്നതും.

ഇവപൗരത്വ നിയമത്തിനെതിരെ വനിതകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്ന ഷെഹീൻബാഗ് രാഷ്ട്രീയ ആയുധമാക്കുന്നത് ബിജെപിയുടെ സീറ്റുകൾ ഉയർത്തുമെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവ്വേയിലെ കണ്ടെത്തൽ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയ ഇടത്ത് 'ഷെഹീൻബാഗിലൂടെ' 35 സീറ്റുകൾ വരെ നേടാൻ ആകുമെന്നാണ് ബിജെപയുടെ സർവ്വേ പ്രവചനം. രണ്ട് മാസത്തോളമായി 500 ഓളം പേരാണ് ഷെഹീൻബാഗിൽ രാപ്പകൽ പ്രതിഷേധമിരിക്കുന്നത്. പ്രധാന റോഡിൽ ഇരിക്കുന്ന ഈ പ്രതിഷേധ സമരം ഡൽഹിയിൽ വലിയ ട്രാഫിക് പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ട്, ബിജെപി നേതാക്കൾ പറയുന്നു.

മനീഷ് സിസോദിയ ഉൾപ്പെടെയുള്ള ആംആദ്മി നേതാക്കൾ ഷെഹീൻബാഗിനൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത് തങ്ങൾക്ക് ഗുണകരമാകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഷെഹീൻബാഗിലെ പ്രതിഷേധവും ആംആദ്മിയുടെ ഭരണപരാജയവുമാണ് തങ്ങൾ തിരഞ്ഞെടുപ്പിൽ ഉയർത്തികാണിക്കുന്നത്, ബിജെപി നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മികച്ച പ്രതികരണങ്ങളാണ് ബിജെപിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. അമിത് ഷായും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കൾ പറയുന്നു. എംപിമാരുടെ നേതൃത്വത്തിലുള്ള പ്രചരണമാണ് ബിജെപിയുടെ മറ്റൊരു തുറുപ്പ്.

ബിജെപി എംപിമാരോട് അവരുടെ സമുദായാംഗങ്ങൾക്കിടയിൽ പ്രചരണം നടത്തണമെന്ന കർശന നിർദ്ദേശം പാർട്ടി നൽകിയിട്ടുണ്ട്. ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, എന്നിവടങ്ങളിൽ നിന്നുള്ള എംപിമാർക്ക് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡൽഹിയിൽ ബംഗാളികൾ കൂടുതലായുള്ള ഭാഗങ്ങളിൽ പ്രചരണം നടത്താനാണ് തങ്ങളോട് ആവശ്യപ്പെട്ടതെന്ന് ബംഗാളിൽ നിന്നുള്ള ലോക് ചാറ്റർജി പറഞ്ഞു. അതേസമയം പാർട്ടി തന്ത്രങ്ങൾ പൂർണമായി വിജയിക്കണമെന്നില്ലെന്ന് ചില നേതാക്കൾ സമ്മതിക്കുന്നു.

മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബിജെപി നേതാക്കൾ സമ്മതിക്കുന്നു. അതേസമയം 20-25 ശതമാനത്തിനുള്ളിലുള്ള വോട്ടർമാർ ഇപ്പോഴും ആർക്ക് വോട്ട് ചെയ്യണമെന്ന ആലോചനയിൽ ഉള്ളവരാണ്. ഇവരാണ് ബിജെപിയുടെ ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു. 2014 ൽ മോദി തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോൾ ഡൽഹിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. എന്നാൽ തൊട്ട് പിന്നാലെ വന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നിലംതൊടാൻ പോലും ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി ഡൽഹിയിൽ വിജയം ആവർത്തിച്ചു.അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പ് ഇക്കുറി ബിജെപിക്ക് അഭിമാന പോരട്ടമാണ്.

അതേസമയം, വിദ്വേഷം മൂലം ഉണ്ടാകുന്ന ഒരു വിജയം ബിജെപി ഡൽഹിയിൽ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. അത്തരം വിജയം തങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ആദർശ് നഗറിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനകൾ നടത്തിയതിന് കേന്ദ്ര മന്ത്രിയുൾപ്പടെ മൂന്ന് ബിജെപി നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചതിനിടെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.

വിദ്വേഷം മൂലം ഒരു വിജയം നേടാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ജയിച്ചാലും അത് അംഗീകരിക്കില്ലെന്ന് രാജ്നാഥ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് മുസ്ലീങ്ങൾക്കിടയിൽ പ്രതിപക്ഷം അനാവശ്യ ഭീതി സൃഷ്ടിക്കുകയാണ്. അത്തരത്തിലുള്ള അനാവശ്യ സമരമാണ് ഷഹീൻബാഗിലുള്ളതെന്നും രാജ്നാഥ് പറഞ്ഞു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം ഉണ്ടായിരുന്നെങ്കിൽ എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്ന മുദ്രാവാക്യം കൊണ്ടുവരില്ലായിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

'സർക്കാരിന്റെ ആത്മാർത്ഥതയെ മുസ്ലിങ്ങൾ സംശയിക്കേണ്ടതില്ല. നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങളുടെ ആത്മാർത്ഥതയെ സംശയിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെന്ന നിലയിൽ, ഓരോ മുസ്ലീമും ഈ രാജ്യത്തെ പൗരന്മാരാണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഈ രാജ്യത്തെ ഒരു മുസ്ലിം പൗരനെയും തൊടാൻ പോലും ആർക്കും കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു' രാജ്നാഥ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP