Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴകത്ത് എൻഡിഎ മഹാസഖ്യം; ലോക്‌സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുമായി ധാരണയിലെത്തി ബിജെപി; സഖ്യപ്രഖ്യാപനത്തിന് അമിത് ഷായ്ക്ക് പകരമെത്തി പീയൂഷ് ഗോയൽ; തമിഴ്‌നാട്ടിൽ എൻഡിഎ തൂത്തുവാരുമെന്ന് കേന്ദ്ര മന്ത്രി; പിഎംകെയും മഹാസഖ്യത്തിന്റെ ഭാഗം; ബിജെപിക്ക് അഞ്ച് സീറ്റ് നൽകിയപ്പോൾ പിഎംകെയ്ക്ക് ഏഴെണ്ണം; നിയമസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപി പിന്തുണ എഐഡിഎംകെയ്ക്ക് തന്നെ

തമിഴകത്ത് എൻഡിഎ മഹാസഖ്യം; ലോക്‌സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയുമായി ധാരണയിലെത്തി ബിജെപി; സഖ്യപ്രഖ്യാപനത്തിന് അമിത് ഷായ്ക്ക് പകരമെത്തി പീയൂഷ് ഗോയൽ; തമിഴ്‌നാട്ടിൽ എൻഡിഎ തൂത്തുവാരുമെന്ന് കേന്ദ്ര മന്ത്രി; പിഎംകെയും മഹാസഖ്യത്തിന്റെ ഭാഗം; ബിജെപിക്ക് അഞ്ച് സീറ്റ് നൽകിയപ്പോൾ പിഎംകെയ്ക്ക് ഏഴെണ്ണം; നിയമസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപി പിന്തുണ എഐഡിഎംകെയ്ക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സഖ്യരൂപീകരണം വേഗത്തിലാക്കി ബിജെപി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ യുപിഎ സഖ്യകക്ഷികളെ രൂപീകരിച്ച് ബഹുദൂരം മുന്നിലേക്ക് കുതിക്കുന്നതിനിടയിലാണ് ബിജെപിയും ഇപ്പോൾ സജീവമാകുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിലെത്തിയ ബിജെപി ഇപ്പോൾ തമിഴ്‌നാടിൽ എഐഡിഎംകെയുമായി സഖ്യത്തിലെത്തിയിരിക്കുകയാണ്. പിഎംകെയും ബിജെപി സഖ്യത്തിന്റെ ഭാഗമാകും പുതിയ തമിഴകം, ജനനായക കക്ഷി എന്നിവരും സഖ്യത്തിലുണ്ട്. ബിജെപി അഞ്ച് സീറ്റിലും പിഎംകെ 7 സീറ്റിലും മത്സരിക്കും. മൊത്തം 42 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ചെന്നൈയിലെത്തി എ.ഐ.എ.ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഇരുവിഭാഗവും സംയുക്തമായി സഖ്യപ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എ.ഐ.എ.ഡി.എം.കെ.യും ബിജെപിയും സഖ്യമായി മത്സരിക്കുമെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ ബിജെപി. സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തമിഴകത്ത് ഇത്തവണ മഹാസഖ്യം തൂത്തുവാരുമെന്നും ഡിഎംകെ സഖ്യം നിലപരിശ്ശാകുമെന്നും പീയൂഷ് ഗോയൽ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന് പുറമേ 21 നിയമസഭാ മണ്ഡലങ്ങളിലേക്കും തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലും ബിജെപി പിന്തുണ അണ്ണാഡിഎംകെയ്ക്ക് ആയിരിക്കുമെന്ന് പീയൂഷ് ഗോയൽ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി. എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്തുണ നൽകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കി. സംസ്ഥാനത്ത് ഒ.പനീർശെൽവത്തിന്റെയും എടപ്പാടി പളനിസ്വാമിയുടെയും നേതൃത്വത്തിൽ പുതിയ സംഖ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കേന്ദ്രത്തിൽ നരേന്ദ്ര മോദിയാകും നേതൃത്വം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച ചെന്നൈയിലെത്തി എ.ഐ.എ.ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ അവസാനനിമിഷം അമിത് ഷാ യാത്ര റദ്ദാക്കുകയും പകരം കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ കൂടിക്കാഴ്ചയ്ക്ക് അയക്കുകയുമായിരുന്നു. കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ ശിവസേനയുമായും ബിജെപി. സഖ്യം പ്രഖ്യാപിക്കുകയും സീറ്റുധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദക്ഷിണേന്ത്യയിലും ബിജെപി. പുതിയ സഖ്യം രൂപവത്കരിച്ചിരിക്കുന്നത്.

ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താൻ കഴിയില്ലെന്ന മനസ്സിലാക്കിയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ വിശാലമായ സഖ്യം രൂപീകരിക്കുന്നത്. പ്രാദേശിക പാർട്ടകളുടെ സഹകരണത്തോടെ രൂപീകരിക്കുന്ന സഖ്യം തങ്ങൾക്ക് തിരിച്ചടിയാണെന്ന് മനസ്സിലാക്കിയാണ് ബിജെപിയും മഹാസഖ്യത്തിന് സാധ്യതകൾ തേടിയത്. 80 മണ്ഡലങ്ങളിൽ 73 സീറ്റ് നേടിയ യുപിയിൽ ഇത്തവണ എസ്‌പി ബിഎസ്‌പി സഖ്യം നിലവിൽ വന്നതോടെ 2014 ആവർത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പായി കഴിഞ്ഞു. യുപി കഴിഞ്ഞാൽ ഏറ്റവും അധികം സീറ്റുകളുള്ള മഹാരാഷ്ട്രയിലും ഇടഞ്ഞ് നിന്ന ശിവസേനയെ ഉൾപ്പെടുത്തി സഖ്യം രൂപീകരിക്കാൻ ബിജെപിക്ക് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP