Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദി ഹൃദയഭൂമി കൈവിട്ടാലും ബംഗാൾ പിടിക്കാനുറച്ച് ബിജെപി; കോൺഗ്രസ്-ഇടത് സീറ്റുധാരണ പൊളിഞ്ഞതോടെ വലിയ പ്രതീക്ഷയിൽ അമിത്ഷായും പാർട്ടിയും; 42 സീറ്റിൽ പകുതിയിലേറെ പിടിക്കുമെന്ന് ഉറപ്പിച്ച് പ്രവർത്തനം ശക്തമാക്കി; വോട്ടുവിഹിതം കൂടിയാൽ രണ്ടുവർഷം കഴിഞ്ഞുള്ള അസംബ്‌ളി ഇലക്ഷനോടെ മമതയുടെ തട്ടകവും പിടിക്കാമെന്ന സ്വപ്‌നവുമായി പാർട്ടി നേതൃത്വം

ഹിന്ദി ഹൃദയഭൂമി കൈവിട്ടാലും ബംഗാൾ പിടിക്കാനുറച്ച് ബിജെപി; കോൺഗ്രസ്-ഇടത് സീറ്റുധാരണ പൊളിഞ്ഞതോടെ വലിയ പ്രതീക്ഷയിൽ അമിത്ഷായും പാർട്ടിയും; 42 സീറ്റിൽ പകുതിയിലേറെ പിടിക്കുമെന്ന് ഉറപ്പിച്ച് പ്രവർത്തനം ശക്തമാക്കി; വോട്ടുവിഹിതം കൂടിയാൽ രണ്ടുവർഷം കഴിഞ്ഞുള്ള അസംബ്‌ളി ഇലക്ഷനോടെ മമതയുടെ തട്ടകവും പിടിക്കാമെന്ന സ്വപ്‌നവുമായി പാർട്ടി നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: യുപിയിലും മറ്റ് ഹിന്ദി സംസ്ഥാനങ്ങളിലും നഷ്ടമാകുന്ന സീറ്റുകൾ മറ്റ് എവിടെനിന്നാണ് ബിജെപി പിടിക്കുക. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ വലിയ ചർച്ചയാകുകയാണ് ഈ വിഷയം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി സഖ്യകക്ഷികളെ കൂട്ടുകയും ഭരണം പിടിക്കുകയും ചെയ്‌തെങ്കിലും അവിടെ ഇപ്പോൾ സ്ഥാനാർത്ഥി നിർണയം ആയതോടെ തിരിച്ചടിയുണ്ട്് ബിജെപിക്ക്. പ്രാദേശിക പാർട്ടികളിലേക്ക് ബിജെപിയിൽ നിന്നും നേതാക്കൾ മാറുന്നു. എന്നാൽ തൊട്ടടുത്തുള്ള ബംഗാളിൽ ബിജെപിക്ക് ഗുണകരമാണ് കാര്യങ്ങളെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ത്രിപുരയിൽ സിപിഎമ്മിനെ നിഷ്പ്രഭമാക്കി ബിജെപി അധികാരം പിടിച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ ബംഗാളിലും എന്നാണ് പാർട്ടി വിലയിരുത്തൽ. ശക്തമായ ത്രികോണ മത്സരം പല മണ്ഡലങ്ങളിലും ഉണ്ടാകുമെന്നാണ് ബംഗാളിലെ സാഹചര്യത്തിൽ നേരത്തെ വിലയിരുത്തൽ ഉണ്ടായതെങ്കിലും കോൺഗ്രസും-സിപിഎമ്മും തമ്മിലുള്ള ധാരണ പൊളിഞ്ഞതോടെ ഇത് വലിയ പ്രതീക്ഷയാണ് ബിജെപിക്ക് നൽകുന്നത്.

പല മണ്ഡലങ്ങളിലും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും വോട്ടുകൾ ഭിന്നിച്ചുപോകുന്നതോടെ ഇതിന്റെ നേട്ടം പാർട്ടിക്ക് ഉണ്ടാകുമെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. മമതയെ പ്രധാന ശത്രുവായി കണ്ടാണ് ബംഗാളിൽ ബിജെപിയുടെ നീക്കങ്ങൾ. കോൺഗ്രസും സിപിഎമ്മും ഇവിടെ ശക്തരായ എതിരാളികൾ അല്ലെന്നാണ് അവർ കണക്കുകൂട്ടുന്നത്. എന്നാൽ ഇരുവരും ഒരുമിച്ച് മത്സരത്തിന് ഇറങ്ങുമെന്ന നിലയും സീറ്റുധാരണ ഉണ്ടാകുമെന്ന സാധ്യതയും ബിജെപിക്ക് ഭീഷണി സൃഷ്ട്ച്ചിരുന്നു. എന്നാൽ ഈ ധാരണ പൊളിഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇപ്പോൾ ബിജെപി കണക്കുകൂട്ടുന്നത്.

ഇതോടെ ബംഗാളിൽ ആകെയുള്ള 42 സീറ്റിൽ 22 സീറ്റെങ്കിലും പിടിക്കാമെന്നാണ് ഇപ്പോൽ അമിത്ഷായുടെയും നേതൃത്വത്തിന്റേയും പ്രതീക്ഷ. മാത്രമല്ല, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടു വർഷം കഴിഞ്ഞ് സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സൽ എന്ന നിലയിലും ബിജെപി വിലയിരുത്തുന്നുണ്ട്. ഇതിൽ നേട്ടം കൊയ്താൽ സംസ്ഥാനം തന്നെ പിടിക്കാമെന്നാണ് പ്രതീക്ഷ.

ത്രിപുരയിലേതു പോലെ തന്നെ ബിജെപിക്കും ബംഗാളിൽ വേരോട്ടം കിട്ടുന്നത് സിപിഎമ്മിന്റെയും ഇടതുപാർട്ടികളുടെയും പതനത്തോടെയാണ്. ഇടതിനു നഷ്ടപ്പെട്ട വോട്ടുകൾ ബിജെപിയുടെ അക്കൗണ്ടിലെത്തുകയും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു. സംസ്ഥാനത്തിന്റെ ഹിന്ദി ബെൽറ്റിലും ആദിവാസി മേഖലകളിലും പാർട്ടിക്ക് ശക്തമായ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ബംഗാളിൽനിന്നുള്ള കുടിയേറ്റക്കാർ കൂടുതലുള്ള അതിർത്തി ജില്ലകളിലും സ്വാധീനം വർധിക്കുകയും അംഗത്വം 43 ലക്ഷത്തിലെത്തുകയും ചെയ്തതോടെ വലിയ ആത്മവിശ്വാസത്തോടെയാണ് ബിജെപി ഇക്കുറി ബംഗാളിൽ ജനവിധി തേടുന്നത്.

2014ലെ തിരഞ്ഞെടുപ്പിൽ 2 ലോക്‌സഭാ സീറ്റിൽ മാത്രമാണ് ബിജെപി ജയിച്ചത്. അക്കുറി നേടിയത് 18% വോട്ടാണ്. ഇതിനും മുൻപത്തെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 11.86 ശതമാനമായിരുന്നു വർധന. ഇതേസമയം, സിപിഎമ്മിനു 10.1% വോട്ടു കുറഞ്ഞു. ഈ വോട്ടാണ് ബിജെപി പാളയത്തിലേക്ക് പോയതിലേറെയുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പോടെ ബിജെപി, സിപിഎമ്മിനും കോൺഗ്രസിനും മേൽ വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്. ഇതുതന്നെയാണ് ഇക്കുറി സിപിഎമ്മും കോൺഗ്രസും കൈകോർക്കാൻ തീരുമാനിച്ചതിന്റെ മുഖ്യ കാരണവും. പക്ഷേ, അത് നടന്നില്ല. അതിനാൽ ഇക്കുറി ആകെയുള്ള 42 സീറ്റിന്റെ പകുതിയിലേറെ നേടുമെന്ന ഉറച്ച ആത്മവിശ്വാസമാണ് ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വോട്ടു വിഹിതം 35 ശതമാനത്തിൽ എത്തിക്കണമെന്ന് ഇപ്പോൾ വെറും മൂ്ന്ന് അംഗങ്ങൾ മാത്രം നിയമസഭയിലുള്ള ബിജെപി സ്വപ്‌നം കാണുന്നു.

സീറ്റുധാരണ പൊളിഞ്ഞ് കോൺഗ്രസും സിപിഎമ്മും

മമത വൻ വിജയപ്രതീക്ഷ പുലർത്തുകയും കരുത്തോടെ ബിജെപി രംഗത്തിറങ്ങുകയും ചെയ്യുന്ന സംസ്ഥാനത്തിൽ സീറ്റുധാരണയായിരുന്നു കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രതീക്ഷ. പക്ഷേ, അതില്ലാതായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ജയിച്ച റായ്ഗഞ്ച്, മൂർഷിദാബാദ് മണ്ഡലങ്ങളിലുൾപ്പെടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കോൺഗ്രസ്, ഇടതുമായി സീറ്റ് ധാരണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

കോൺഗ്രസ് 11 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടതിനു പിന്നാലെ ഇടതു മുന്നണി 13 സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിൽ 38 ലും സ്ഥാനാർത്ഥികളായി. കോൺഗ്രസിന്റെ 4 സിറ്റിങ് സീറ്റുകൾ ഒഴിവാക്കിയാണു പക്ഷേ, ഇടതുമുന്നണി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഈ നടപടി.

റായ്ഗഞ്ചിൽ മുൻ കേന്ദ്രമന്ത്രി ദീപാ ദാസ്മുൻഷിയും മൂർഷിദബാദിൽ മുൻ സംസ്ഥാന മന്ത്രി അബു ഹേനയുമാണു കോൺഗ്രസ് സ്ഥാനാർത്ഥികൾ. മാൽഡ ഉത്തർ, മാൽഡ ദക്ഷിൺ, ജംഗിപൂർ, ബെഹറാംപൂർ എന്നിവയാണ് ഇടതുപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത 'കോൺഗ്രസ് മണ്ഡലങ്ങൾ'. നാലിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ജംഗിപൂരിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകനും സിറ്റിങ് എംപിയുമായ അഭിജിത് മുഖർജിയാണ് സ്ഥാനാർത്ഥി.

സംസ്ഥാനത്തെ കഴിഞ്ഞ തവണത്തെ കക്ഷി നില ഇപ്രകാരമാണ്: തൃണമൂൽ കോൺഗ്രസ് (ടിഎംസി) 34. കോൺഗ്രസ് 4, സിപിഎം, ബിജെപി രണ്ടു വീതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP