Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി പി സിങ് തുടക്കമിട്ട പ്രാദേശിക വാദത്തിന് അന്ത്യമാകുന്നു; കാൽനൂറ്റാണ്ടിനുശേഷം ഇന്ത്യക്കാർ ദേശീയ പാർട്ടികളിലേക്ക് മടങ്ങുന്നു; ബിജെപി തട്ടിയുണർത്തിയത് ഇന്ത്യയുടെ ആത്മാവ്

വി പി സിങ് തുടക്കമിട്ട പ്രാദേശിക വാദത്തിന് അന്ത്യമാകുന്നു; കാൽനൂറ്റാണ്ടിനുശേഷം ഇന്ത്യക്കാർ ദേശീയ പാർട്ടികളിലേക്ക് മടങ്ങുന്നു; ബിജെപി തട്ടിയുണർത്തിയത് ഇന്ത്യയുടെ ആത്മാവ്

ന്യൂഡൽഹി: പ്രാദേശിക വാദമെന്ന മുദ്രാവാക്യത്തിന് കനത്ത തിരിച്ചടിയുണർത്തുകയാണ് രാജ്യത്ത് ബിജെപിയുടെ അഭൂതപൂർവമായ മുന്നേറ്റം. ഏറെക്കാലം രാജ്യഭരണം കുത്തകയാക്കി വച്ചിരുന്ന കോൺഗ്രസിനോടുള്ള മടുപ്പിനാൽ ശക്തിപ്രാപിച്ച പ്രാദേശിക പാർട്ടികളുടെ നയങ്ങൾക്ക് മങ്ങലേൽക്കാനും ബിജെപിയുടെ വളർച്ച കാരണമായെന്നു വേണം കരുതാൻ. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ബിജെപിയുടെ വിജയം സൂചിപ്പിക്കുന്നത് ഇതാണ്. കാൽനൂറ്റാണ്ടിനുശേഷം ഇന്ത്യൻ ജനത വീണ്ടും ദേശീയ പാർട്ടികളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് സമീപകാല തെരഞ്ഞെടുപ്പുകൾ കാട്ടിത്തരുന്നത്.

എൺപതുകളുടെ അവസാനം ബിജെപിയും ഇടതുപാർട്ടികളും വി പി സിങ് മന്ത്രിസഭയ്ക്ക് പിന്തുണ നൽകിയതുമുതൽക്കാണ് പ്രാദേശിക കക്ഷികൾ കേന്ദ്രത്തിൽ നിർണായകമാകാൻ തുടങ്ങിയത്. ഈ പരീക്ഷണം പിന്നീട് കേന്ദ്രത്തിൽ സഖ്യകക്ഷി ഭരണത്തിന് വിത്തുപാകി. കോൺഗ്രസിനു വോട്ടുചെയ്യാൻ മടിച്ച ജനങ്ങൾക്ക് മറ്റൊരു വഴിയുമില്ലാതിരുന്നപ്പോഴാണ് പ്രാദേശിക പാർട്ടികളിലേക്ക് തിരിയേണ്ടി വന്നത്.

എന്നാൽ, പ്രാദേശിക കക്ഷികളുടെ അഴിമതിയും സ്വജനപക്ഷപാതവും മനംമടുപ്പിച്ചപ്പോൾ ജനങ്ങൾ ഇവരിൽ നിന്നും അകലാൻ തുടങ്ങി. കോൺഗ്രസിന് വോട്ടുചെയ്യാനും ജനങ്ങൾ മടിച്ചപ്പോഴാണ് ഏക പോംവഴി എന്ന നിലയിൽ ബിജെപിക്ക് നറുക്കുവീണത്. ഇതിന്റെ ഫലമായാണ് കാൽനൂറ്റാണ്ട് കാലത്തിനുശേഷം പ്രാദേശിക പാർട്ടികളിൽ നിന്ന് മാറിച്ചിന്തിക്കാൻ ജനങ്ങൾ തീരുമാനിച്ചത്. പ്രാദേശിക വാദത്തിന്റെ അന്ത്യം ഒരുതരത്തിൽ തുണയാകുന്നത് കോൺഗ്രസിനും കൂടിയാണ്. പ്രാദേശിക കക്ഷികൾ സംസ്ഥാനങ്ങളിൽ നിന്നുതന്നെ തൂത്തെറിയപ്പെടുന്ന അവസ്ഥയുണ്ടായാൽ പ്രധാന പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസിന് നിലയുറപ്പിക്കാം. മികച്ച പ്രതിപക്ഷം എന്ന അംഗീകാരം നേടാനായാൽ തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ അവർക്ക് അധികാരത്തിലേറാനുള്ള അവസരവും ഉണ്ടായേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് ഭൂരിപക്ഷം കരസ്ഥമാക്കിയപ്പോൾമുതലാണ് പ്രാദേശികൾ കക്ഷികളുടെ മേൽ നിഴൽ വീണുതുടങ്ങിയത്. ലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി, രാജ്യഭരണത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന പ്രാദേശിക കക്ഷികളുടെ നല്ലകാലം കഴിഞ്ഞുവെന്ന സൂചനയാണ് ബിജെപിയുടെ കുതിച്ചുകയറ്റം നൽകുന്നത്. സംസ്ഥാന രാഷ്ട്രീയത്തിന്റെ പിടിയിൽനിന്നും രാജ്യം വീണ്ടും ദേശീയ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിലേക്ക് മാറുകയാണെന്ന് ബിജെപി മഹാരാഷ്ട്രയിലും ഹരിയാനയിലും നേടിയ വിജയങ്ങൾ സൂചിപ്പിക്കുന്നു.

വി പി സിങ് മന്ത്രിസഭയ്ക്കുശേഷം ബിജെപിയും കോൺഗ്രസും പ്രാദേശിക പാർട്ടികളുടെ സഹകരണത്തോടെയാണ് സർക്കാരുകൾ രൂപീകരിച്ചത്. എൻഡിഎ, യുപിഎ സർക്കാരുകളെല്ലാം പ്രാദേശിക പാർട്ടികൾക്ക് വളംവച്ചുകൊടുക്കുകയും ചെയ്തു. ഇക്കാലയളവുകൊണ്ട് രാജ്യത്തെ നിയന്ത്രിക്കാൻ പോന്ന കരുത്തിലേക്ക് വളർന്ന പ്രാദേശിക പാർട്ടികൾ ഏറെയാണ്. തമിഴ്‌നാട്ടിലെ ഡിഎംകെയും എഐഎഡിഎംകെയും യു.പിയിൽ സമാജ്‌വാദിയും ബിഎസ്‌പിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സും ബിഹാറിൽ ആർജെഡിയും ഐക്യ ജനതാദളുമൊക്കെ ദേശീയ താത്പര്യങ്ങൾക്കുമേൽ പ്രാദേശിക താത്പര്യങ്ങൾ ചേർത്ത് വിലപേശുന്ന സ്ഥിതിയുണ്ടായി. മുന്നണിഭരണത്തിന്റെ പോരായ്മകൾ ഈ സർക്കാരുകളെല്ലാം പ്രതിഫലിപ്പിക്കുകയും ചെയ്തു.

ഇതിനൊരു വിരാമമിട്ടുകൊണ്ടാണ് ഇക്കൊല്ലം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയത്. ഇപ്പോഴും ഭരിക്കുന്നത് എൻ.ഡി.എ സർക്കാരാണെങ്കിലും, ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുണ്ട്. അത് ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയ മാറ്റം ചെറുതല്ല. ഈ നേട്ടത്തിലൂടെ, ബിജെപി സംസ്ഥാനങ്ങളിലേക്കുകൂടി തേരോട്ടം നടത്തുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയും സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയും ഹരിയാണയും കീഴടക്കിയ ബിജെപി, പ്രാദേശിക പാർട്ടികളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് വ്യാപിക്കുന്നത്.

ഹിന്ദി ഹൃദയഭൂമി എന്നറിയപ്പെടുന്ന മധ്യ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുകയെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. മഹാരാഷ്ട്രയും ഹരിയാണയും കൈവന്നതോടെ, മധ്യഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും പാർട്ടിയുടെ നിയന്ത്രണത്തിലാണ്. ബിഹാറിൽ അടുത്തവർഷവും യു.പി.യിൽ 2017-ലും നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ അധികാരം പിടിക്കാനായാൽ, കോൺഗ്രസ്സിനെപ്പോലും അപ്രസക്തമാക്കുന്ന തരത്തിലേക്ക് ദേശീയ പ്രാധാന്യം നേടാനാവുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. അങ്ങനെവന്നാൽ, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, തെക്കേയിന്ത്യയിൽ സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിൽക്കൂടി ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തിൽ വരാനാകുമെന്നും അവർ ലക്ഷ്യമിടുന്നു.
മഹാരാഷ്ട്രയിൽ ശിവസേനയും ഹരിയാണയിൽ ഐ.എൻ.എൽ.ഡിയുമാണ് ഇപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അപ്രസക്തമായത്. ആർ.ജെ.ഡി, ഐക്യജനതാദൾ, എസ്‌പി, ബി.എസ്‌പി തുടങ്ങിയ പ്രാദേശിക കക്ഷികളാകും ബിജെപിയുടെ വരവിൽ അടുത്തതായി അമരാൻ പോകുന്നത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രാദേശിക കക്ഷികൾ മാത്രമാകും ബിജെപിയുടെ അധിനിവേശത്തിൽനിന്ന് തൽക്കാലം പിടിച്ചുനിൽക്കാൻ പോവുകയെന്നും കണക്കുകൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP