Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരത്‌ന കമ്പനിയായ ബിപിസിഎല്ലിനെ കൈയൊഴിയാൻ ഒടുവിൽ പച്ചക്കൊടി; നവരത്‌ന കമ്പനികളായ ഷിപ്പിങ് കോർപ്പറേഷനും കണ്ടെയ്‌നർ കോർപ്പറേഷനും അടക്കം നാല് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കും; മിനി നവരത്‌നയായ കൊച്ചി റിഫൈനറിയും സ്വകാര്യവത്കരിക്കും; അസമിലെ നുമാലിഗഡ് റിഫൈനറി സർക്കാരിന്റെ കീഴിൽ തുടരും; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത് 1.05 ലക്ഷം കോടി; ടെലികോം കമ്പനികൾക്ക് ആശ്വാസം നൽകാനും കേന്ദ്രമന്ത്രിസഭായോഗ തീരുമാനം

മഹാരത്‌ന കമ്പനിയായ ബിപിസിഎല്ലിനെ കൈയൊഴിയാൻ ഒടുവിൽ പച്ചക്കൊടി; നവരത്‌ന കമ്പനികളായ ഷിപ്പിങ് കോർപ്പറേഷനും കണ്ടെയ്‌നർ കോർപ്പറേഷനും അടക്കം നാല് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കും; മിനി നവരത്‌നയായ കൊച്ചി റിഫൈനറിയും സ്വകാര്യവത്കരിക്കും;  അസമിലെ നുമാലിഗഡ് റിഫൈനറി സർക്കാരിന്റെ കീഴിൽ തുടരും; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത് 1.05 ലക്ഷം കോടി; ടെലികോം കമ്പനികൾക്ക് ആശ്വാസം നൽകാനും കേന്ദ്രമന്ത്രിസഭായോഗ തീരുമാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് അടക്കം തന്ത്രപ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ബിപിസിഎല്ലിലെ 53.29 ശതമാനം സർക്കാർ ഓഹരിയാണ് വിറ്റഴിക്കുക. ഇതിനൊപ്പം മാനേജ്‌മെന്റ് നിയന്ത്രണത്തിലെ ഒരുഭാഗവും കൈമാറും. കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങൾ ധനമന്ത്രി നിർമല സീതാരാമനാണ് അറിയിച്ചത്.

കണ്ടെയ്‌നർ കോർപറേഷൻ ഓഹരിയും വിൽക്കാൻ തീരുമാനിച്ചു. അസമിലെ നുമാലിഗഡ് റിഫൈനറിയിൽ ബിപിസിഎല്ലിനുള്ള 61 ശതമാനം ഓഹരി ഒഴിച്ചായിരിക്കും വിൽപന. നുമാലിഗഡ് റിഫൈനറി പൊതുമേഖലാ സ്ഥാപനമായി തുടരും. സ്വകാര്യവത്കരണത്തിന് മുമ്പ് നുമാലിഗഡിനെ ബിപിസിഎല്ലിൽ നിന്ന് മാറ്റി മറ്റൊരു പൊതുമേഖലാ കമ്പനിയുടെ കീഴിലാക്കും. കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, തെഹ് രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷൻ എന്നിവയുടെ ഓഹരി വിറ്റഴിക്കാനും, മാനേജ്‌മെന്റ് നിയന്ത്രണം കൈവിടാനും തീരുമാനമായി. മുബൈ ആസ്ഥാനമായ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയും വിറ്റഴിക്കും. കൊച്ചിയിലെ റിഫൈനറിയും വിറ്റഴിക്കും. ഈ സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിലൂടെ 1.05 ലക്ഷം കോടി റവന്യു വരുമാനമുണ്ടാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപ്പറേഷനും അടുത്ത വർഷം മാർച്ച് മാസത്തോടെ വിൽക്കുമെന്ന് നിർമലാ സീതാരാമൻ നേരത്തെ അറിയിച്ചിരുന്നു

വിറ്റഴിക്കുന്നത് മഹാരത്‌ന കമ്പനിയെ

മഹാരത്‌ന' പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് ബിപിസിഎൽ. 1976 ലാണ് 'ബർമാഷെൽ' എന്ന സ്വകാര്യകമ്പനി ഏറ്റെടുത്ത്, 'ഭാരത് റിഫൈനറീസ്' എന്ന പൊതുമേഖലാ സ്ഥാപനമായി മാറ്റിയത്. പിന്നീട് 1977 ആഗസ്തിൽ പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെ, ഇതിനെ ഭാരത് പെട്രോളിയം കോർപറേഷനാക്കി. 1903 ൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച ബർമാ ഓയിൽ കമ്പനി എന്ന ബ്രിട്ടീഷ് കമ്പനി പിന്നീട് വിപുലീകരിക്കപ്പെട്ട് 1952 ൽ 'ബർമാഷെൽ റിഫൈനറീസ്' ആയി മാറുകയായിരുന്നു. ഒരു നൂറ്റാണ്ടുമുമ്പ് സ്ഥാപിക്കപ്പെട്ട ഈ കമ്പനിക്ക്, ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിൽ ധാരാളം ഭൂമിയും കെട്ടിടങ്ങളും ഗ്യാസ് പ്ലാന്റുകൾ, എണ്ണശുദ്ധീകരണ ശാലകൾ തുടങ്ങിയവയും ഉണ്ട്. ന്യൂ മാലിഗർ റിഫൈനറി, ബീനാ റിഫൈനറി, മുംബൈ റിഫൈനറി, കൊച്ചിൻ റിഫൈനറി എന്നിവ ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലാണ്. ഈ എണ്ണശുദ്ധീകരണ ശാലകൾക്ക് സമീപം വൻ സ്റ്റോറേജ് സംവിധാനങ്ങളും വിതരണ ശൃംഖലകളും സ്ഥിതിചെയ്യുന്നു. ഈ നാല് കമ്പനികളുടെ എണ്ണ ശുദ്ധീകരണശേഷി ഒരു വർഷം 38.3 മില്യൺ മെട്രിക്ക് ടൺ (എംഎംടി) ആണ്. 201819 ലെ മൊത്തം വിറ്റുവരവ് 3,37,622.53 കോടിരൂപയാണ്. 1991 മുതൽ നാളിതുവരെ കേന്ദ്ര സർക്കാർ 'എക്‌സലന്റ്' റേറ്റിങ് കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ബിപിസിഎൽ. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ വ്യവസായ സ്ഥാപനം.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ബിപിസിഎൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചുവരികയാണ്. പ്രത്യക്ഷപരോക്ഷ നികുതികൾ, വിൽപ്പന നികുതി തുടങ്ങിയ ഇനങ്ങളിൽ ഓരോ വർഷവും ഭീമമായ തുകയാണ് കമ്പനി സർക്കാർ ഖജനാവിലേക്ക് നൽകുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ 24 ശതമാനം ബിപിസിഎല്ലിന്റേതാണ്. 5000 കോടി രൂപയിലധികം വാർഷികലാഭം നേടുന്ന കമ്പനികളെയാണ് 'മഹാരത്‌ന' ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. 2015 മുതൽ ബിപിസിഎൽ തുടർച്ചയായി മഹാരത്‌ന പദവിയിലാണ്. 13,000 സ്ഥിരം തൊഴിലാളികളും ഇരുപതിനായിരത്തിൽപ്പരം കരാർ തൊഴിലാളികളും കമ്പനിയിൽ ജോലി ചെയ്യുന്നു.

2003ൽ വാജ്‌പേയി സർക്കാർ ബിപിസിഎൽ ഓഹരികൾ വിൽക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ വിവാദങ്ങൾ രാജ്യത്ത് കത്തിപ്പടർന്നിരുന്നു. അന്ന് വിഷയത്തിൽ ഇടപെട്ട സുപ്രിംകോടതി 1974ലെ എസോ ആക്ട്, 1976ലെ ബർമ്മ ഷെൽ ആക്ട് എന്നീ നിയമങ്ങൾ ചൂണ്ടിക്കാട്ടി ഓഹരി വിൽപ്പന തടഞ്ഞു. രണ്ട് നിയമങ്ങളിലും പറയും പോലെ പാർലമെന്റിന്റെ അനുമതി തേടാനായിരുന്നു നിർദ്ദേശം. അതോടെ അന്ന് ബിപിസിഎൽ വിൽക്കാനുള്ള നീക്കം നടന്നില്ല.

എന്നാൽ ഇപ്പോൾ ഈ നിയമങ്ങൾ കാലഹരണപ്പെട്ടതായാണ് കേന്ദ്രസർക്കാർ നിലപാട്. 2016ൽ കേന്ദ്രസർക്കാർ 'അനാവശ്യവുംകാലഹരണപ്പെട്ടതുമായ' 187 നിയമങ്ങൾ റദ്ദാക്കിയ കൂട്ടത്തിൽ ഈ ചട്ടവും ഇല്ലാതായി എന്ന് ക്യാബിനെറ്റ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി. ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎല്ലിനെ വിറ്റഴിക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

മറ്റുതീരുമാനങ്ങൾ

ടെലികോം കമ്പനികൾക്ക് ആശ്വാസം നൽകാനും കേന്ദ്രമന്ത്രിസഭായോഗത്തിൽ തീരുമാനമായി. സ്പകെട്രം ലേലത്തിലെ തുക അടയ്ക്കാനാണ് സാവകാശം. രണ്ടുതവണകളായി അടയ്ക്കാനാണ് സാവകാശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP