Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അദാനിക്കും അംബാനിക്കും വാരിക്കോരി നൽകാൻ മോദിക്ക് എന്തൊരു ഉത്സാഹം? മുഖ്യമന്ത്രിയായിരിക്കെ കോർപറേറ്റുകൾക്ക് നൽകിയത് 25,000 കോടി രൂപയുടെ അനധികൃത ആനുകൂല്യം

അദാനിക്കും അംബാനിക്കും വാരിക്കോരി നൽകാൻ മോദിക്ക് എന്തൊരു ഉത്സാഹം? മുഖ്യമന്ത്രിയായിരിക്കെ കോർപറേറ്റുകൾക്ക് നൽകിയത് 25,000 കോടി രൂപയുടെ അനധികൃത ആനുകൂല്യം

ന്യൂഡൽഹി: കേന്ദ്രത്തിലായാലും ഗുജറാത്തിലായാലും കോർപ്പറേറ്റുകളുമായി കൂട്ടുകൂടുക എന്ന പോളിസിയുടെ ആളാണ് നരേന്ദ്ര മോദി. കോർപ്പറേറ്റുകളോടുള്ള ഇഷ്ടക്കാരനായതു കൊണ്ടാണ് പ്രധാനമന്ത്രി കസേരയിലേക്ക് മോദി കാലുവച്ച് കയറിയതും. സാധാരണക്കാരന്റെ പല ആവശ്യങ്ങളോടും മുഖം തിരിക്കമ്പോഴും കോർപ്പറേറ്റുകൾക്ക് വഴിവിട്ട സഹായം ചെയ്തു കൊടുക്കുന്നതിൽ മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ അതീവ തൽപ്പരരായിരുന്നുവെന്നാണ് പലവട്ടം തെളിയിച്ചതാണ്. സംസ്ഥാനത്തിന്റെ പൊതുകടം പെരുകുമ്പോഴും ഗുജറാത്ത് സർക്കാർ അംബാനിയും അദാനിയും അടക്കമുള്ള കോർപ്പറേറ്റുകളോട് കൂറു തെളിയിച്ചത് 25,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകിയാണ്.

റിലയൻസ്, അദാനി, എസ്സാർ ഗ്രൂപ്പുകൾക്കാണ് മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗുജറാത്ത് സർക്കാർ ഏറ്റവുമധികം സൗജന്യം നൽകിയിരിക്കുന്നത്. കോർപറേറ്റുകളെ സഹായിക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ കോർപറേറ്റുകൾക്കായി വഴിവിട്ട സഹായങ്ങൾ ചെയ്‌തെന്ന് ചൂണ്ടിക്കാണിക്കുന്ന സിഎജി റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

അഞ്ച് വ്യത്യസ്ത റിപ്പോർട്ടുകളിലാണ് ക്രമക്കേടുകൾ സിഎജി ചൂണ്ടിക്കാട്ടുന്നത്. അദാനി, എസ്സാർ പവർ, റിലയൻസ് പെട്രോളിയം എന്നിവർക്ക് 1500 കോടി രൂപയുടെ ആനുകൂല്യങ്ങളെങ്കിലും ചുരുങ്ങിയത് നൽകിയിട്ടുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തൽ. റിലയൻസ് പെട്രോളിയം ലിമിറ്റഡുമായി ഗുജറാത്ത് മാരിടൈം ബോർഡ് ഉണ്ടാക്കിയ ഉടമ്പടിയിലെ ക്രമക്കേടിനെത്തുടർന്ന് കടത്തുചുങ്കം ഇനത്തിൽ സംസ്ഥാന സർക്കാരിന് 649.29 കോടി രൂപയാണ് നഷ്ടം വന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുണ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് 118.12 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്നയാളാണ് അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി. അദ്ദേഹം നൽകിയ പ്രത്യേക വിമാനമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു മോദി ലോക്‌സഭ പ്രചാരണത്തിന് രാജ്യമെമ്പാടും സഞ്ചരിച്ചത്. ഇതിന് പ്രത്യുപകാരമെന്നോണം കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ പാരിസ്ഥിതികാനുമതി നൽകി. ഇതിനു പിന്നാലെയാണ് കോടിക്കണക്കിന് രൂപയുടെ ഇളവ് കമ്പനിക്ക് നൽകിയ സിഎജി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കോർപറേറ്റുകളും മറ്റും നടത്തുന്ന അഴിമതിക്കേസുകൾ കൈകാര്യംചെയ്യുന്നതിൽ ഗുജറാത്ത് സർക്കാർ വലിയ വീഴ്ച വരുത്തിയിട്ടുണ്ട്.

സർക്കാർ വകുപ്പുകൾക്ക് തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് 9121.46 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ ഇതുവരെയും സർക്കാരിന് സാധിച്ചിട്ടില്ലെന്ന് സിഎജി വിമർശിച്ചു. ബജറ്റ്തുക വിനിയോഗത്തിലും വൻക്രമക്കേട് നടന്നു. രണ്ടു തവണയായി അനുവദിച്ച 13,049.67 കോടി രൂപ കാര്യക്ഷമമായി ചെലവഴിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് റിപ്പോർട്ടിലുണ്ട്.

വൈദ്യുതി വാങ്ങൽ കരാറിലും ഗുരുതരക്രമക്കേട് നടന്നു. രാജ്യത്തെ പ്രമുഖ കോർപറേറ്റായ എസ്സാർ ഗ്രൂപ്പിൽനിന്നാണ് വൈദ്യുതി വാങ്ങിയത്. ഈ ഇടപാടിൽ 587.5 കോടി രൂപയുടെ നഷ്ടമുണ്ട്. സൗരോർജ കമ്പനികൾക്ക് ആവശ്യത്തിലധികം പണം കോർപറേറ്റുകൾക്ക് നൽകുന്നതിൽ സർക്കാർ വഴിവിട്ട് ഏറെ കാര്യങ്ങൾ ചെയ്‌തെന്ന വിമർശവും സിഎജി ഉന്നയിക്കുന്നുണ്ട്. 473.2 കോടി രൂപയാണ് സൗരോർജ കമ്പനികൾക്ക് സർക്കാർ അനുവദിച്ചത്.

മുൻ യുപിഎ സർക്കാറിന് ഏറ്റവും അധികം തലവേദനയുണ്ടാക്കിയതും അമിതമായ കോർപ്പറേറ്റ് ഭക്തിയായിരുന്നു. കൽക്കരിപ്പാടം അഴിമതി വിഷയത്തിലും ടുജി വിഷയത്തിലും ബിജെപി പല തവണ മന്മോഹൻ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. അന്നൊക്കെ ആയുധമായിരുന്നത് സിഎജി റിപ്പോർട്ടായിരുന്നു. ഇതിനിടെയാണ് മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ കോർപ്പറേറ്റുകൾക്ക് വഴിവിട്ട് സഹായം നൽകിയെന്ന സിഎജി റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. ഈ വിഷയം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP