Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത സുരക്ഷയിൽ ഛത്തീസ്‌ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം; മുഖ്യമന്ത്രി രമൺസിങ്ങും മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും രാജ്‌നന്ദൻ ഗാവയിൽ നേർക്ക് നേർ: കോൺഗ്രസിനും ബിജെപിക്കും വെല്ലുവിളി ഉയർത്താൻ ഛത്തീസ്‌ഗഡിന്റെ കിങ് മേക്കർ അജിത് ജോഗിയും

കനത്ത സുരക്ഷയിൽ ഛത്തീസ്‌ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം; മുഖ്യമന്ത്രി രമൺസിങ്ങും മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും രാജ്‌നന്ദൻ ഗാവയിൽ നേർക്ക് നേർ: കോൺഗ്രസിനും ബിജെപിക്കും വെല്ലുവിളി ഉയർത്താൻ ഛത്തീസ്‌ഗഡിന്റെ കിങ് മേക്കർ അജിത് ജോഗിയും

റായ്പുർ: ഛത്തീസ്‌ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനാണ് ഛത്തിസ്ഗഡിൽ തുടക്കമായിരിക്കുന്നത്. ഛത്തീസ്‌ഗഢിലെ 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണു വോട്ടെടുപ്പ് നടക്കുന്നത്. ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി വോട്ടെടുപ്പ് സമയക്രമത്തിലും മാറ്റമുണ്ട്. രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുമണിവരെയായിരിക്കും വോട്ടെടുപ്പ്. ഡ്രോണുകളും ഹെലിക്കോപ്റ്ററുകളും വരെ നിയന്ത്രണത്തിനായി ഒരുക്കിയിട്ടുണ്ട്.

മാവോവാദി മേഖലകളായ ഇവിടങ്ങളിലെ പത്തു മണ്ഡലങ്ങൾ അതീവ പ്രശ്‌നബാധിത മേഖലകളാണ്. ദന്തേവാഡ, മൊഹ്ളാ മൻപുർ, അന്തഗഡ്, ഭാനുപ്രതാപ്പുർ, കാൻകർ, കേശ്കൽ, കൊണ്ടഗാവ്, നാരായൺപുർ, ബിജാപുർ, കോണ്ട എന്നിവയാണ് ഗുരുതര പ്രശ്‌നമണ്ഡലങ്ങളായി തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കാക്കുന്നത്. മുഖ്യമന്ത്രി രമൺസിങ്ങും മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സഹോദരപുത്രി കരുണ ശുക്ലയും ഏറ്റുമുട്ടുന്ന രാജ്‌നന്ദൻഗാവാണ് ശ്രദ്ധേയ മണ്ഡലം. ബിജെപിയിലായിരുന്ന കരുണ ശുക്ല പിന്നീടു കോൺഗ്രസിൽ ചേർന്നു. ഇരുവരും നേർക്കുനേർ എത്തുന്ന രാജ്‌നന്ദൻഗാവ ആർക്കൊപ്പമെന്നതാണ് ജനം ഉറ്റു നോക്കുന്നത്.

15 വർഷമായി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായ രമൺ സിങ് കഴിഞ്ഞ 2 തവണയും രാജ്‌നന്ദൻഗാവിൽനിന്നാണു ജയിച്ചത്. പേരിനു മാത്രമാണ് രമൺ സിങ് ഇവിടെ പ്രചാരണം നടത്തിയത്. മകൻ അഭിഷേക് സിങ് ആണ് പിതാവിനു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നത്. സിപിഐ സ്ഥാനാർത്ഥിക്കു ജയസാധ്യത കൽപിക്കുന്ന ദന്തേവാഡയിലും ഇന്നാണ് തിരഞ്ഞെടുപ്പ്. മന്ത്രിമാരായ മഹേഷ് ഗഗ്ഡ ബിജാപുരിലും കേദാർ കശ്യപ് നാരായൺപുരിലും മൽസരിക്കുന്നു.

4336 പോളിങ് ബൂത്തുകളിലായി 31.79 ലക്ഷം വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. തൊണ്ണൂറംഗ നിയമസഭയിൽ നവംബർ 20 നാണ് രണ്ടാംഘട്ട പോളിങ്. ഡിസംബർ 11 ന് വോട്ടെണ്ണും. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്‌ഗഢിൽ ബിജെപി.ക്കും കോൺഗ്രസിനും പുറമേ കോൺഗ്രസിൽനിന്നു വിട്ടുപോയ അജിത് ജോഗിയും ശക്തമായി രംഗത്തുണ്ട്. സർക്കാർവിരുദ്ധ തരംഗം ഉയരുന്ന ഈ സംസ്ഥാനങ്ങളെ അട്ടിമറിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം വിയർപ്പൊഴുക്കുന്നത്. എന്നാൽ കോൺഗ്രസിനെയും ബിജെപിയേയും വെട്ടി വീഴ്‌ത്തി ഭരണം പിടിക്കാനാണ് ഛത്തീസ്‌ഗഡിന്റെ കിങ് മേക്കറായ അജിത് ജോഗി കുടുംബത്തോടൊപ്പം ഗോദയിൽ ഇറങ്ങിയിരിക്കുന്നത്.

കോൺഗ്രസ് വിട്ട ജോഗി ' ജനത കോൺഗ്രസ് ഛത്തീസ്‌ഗഡ്' എന്ന സ്വന്തം പാർട്ടിയുമായാണ് അജിത്ത് ജോഗി തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയിരിക്കുന്നത്. കോൺഗ്രസ് വിട്ടെങ്കിലും ജോഗിക്ക് വൻ വരവേൽപ്പാണ് ഛത്തീസ്‌ഗഡിൽ എങ്ങും ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാൽ സിനിമാ സ്‌റ്റൈൽ വരവേൽപ്പ്. ജോഗിയുടെ ഓരോ വരവും സിനിമയിൽ നായകന്റെ ആദ്യവരവിനെ അനുസ്മരിപ്പിക്കും. ദക്ഷിണ ബസ്താറിലെ നാഷണൽ മിനറൽ ഡവലപ്മെന്റ് കോർപറേഷന്റെ വിശാലക്യാംപസിനു മുകളിൽ അജിത് ജോഗിയുടെ ഹെലികോപ്റ്റർ എത്തുന്നതിനു മണിക്കൂറുകൾ മുൻപുതന്നെ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു.

സംസ്ഥാനം രൂപീകരിച്ചപ്പോൾ മുഖ്യമന്ത്രിയായ അജിത് ജോഗി മായാവതിയുടെ ബിഎസ്‌പിയുമായും സിപിഐയുമായും സഖ്യമുണ്ടാക്കി ഇത്തവണ ആര് ഭരിക്കണമെന്നു തീരുമാനിക്കുകയെന്നു രാഷ്ട്രീയ നീരിക്ഷകർ പറയുന്നു. ബിജെപിക്കും കോൺഗ്രസിനും ഭൂരിപക്ഷമില്ലെങ്കിൽ അജിത് ജോഗിയും മായാവതിയും നേടുന്ന സീറ്റുകൾ നിർണായകമാകും. വിജയം തങ്ങൾക്ക് തന്നെ എന്ന് ജോഗിയും തറപ്പിച്ചു പറയുന്നു. 90 അംഗ നിയമസഭയിലെ 29 പട്ടികവർഗ സീറ്റുകൾ നിർണായകം. 2013ൽ കോൺഗ്രസ് അതിൽ 18 എണ്ണം സ്വന്തമാക്കിയതിൽ ജോഗിയുടെ പങ്ക് ചെറുതല്ലായിരുന്നു. അന്നു ബിഎസ്‌പി 4.27 % വോട്ടും ഒരു സീറ്റും നേടി. ഇത്തവണ ജോഗിമായാവതി കൂട്ടുകെട്ട് 6 സീറ്റെങ്കിലും നേടിയാൽ സമവാക്യങ്ങൾ മാറും. 12 % വരുന്ന ദലിത് വോട്ട് നാൽപതിലധികം സീറ്റുകളിൽ നിർണായകം. ദലിത് സമുദായത്തിലെ ഭൂരിപക്ഷമായ സത്നാമി വിഭാഗക്കാരിൽ ജോഗി മായാവതി സഖ്യത്തിനു സ്വാധീനമുണ്ട്. ബിജെപിക്ക് തങ്ങളുടെ വോട്ടില്ലെന്ന് സത്നാമി ഗുരുവും തുറന്നടിച്ചതോടെ അതും അജിത് ജോഗിക്ക് ഗുണകരുമാകുമെന്നാണ് കണക്കു കൂട്ടൽ.

അതേസമയം ഛത്തീസ്‌ഗഢ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മത്സരിക്കുന്ന 18 പേരിൽ ഏഴുപേരും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് റിപ്പോർട്ട്. ഈ ഘട്ടത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥികളാരും ക്രിമിനൽ കേസുകളിൽ പെട്ടവരല്ല. അസോസിയേഷൻ ഡെമോക്രാറ്റിക് റിഫോംസ് റിസർച്ച് വിവരങ്ങൾ ഉദ്ധരിച്ച് ചഉഠഢയാണ് ഇക്കാര്യം പുറത്തുവിട്ടത്. അഴിമതി, അശ്രദ്ധമൂലമുള്ള മരണം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ട സ്ഥാനാർത്ഥികളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്.

പത്ത് സീറ്റുകളിൽ മത്സരിക്കുന്ന അജിത്ജോഗിയുടെ ജൻത കോൺഗ്രസ് ഛത്തിസ്ഗഢിന് ക്രിമിനൽ കേസുകളിൽ പെട്ട മൂന്ന് സ്ഥാനാർത്ഥികളുണ്ട്. ഏഴ് സീറ്റുകളിൽ മത്സരിക്കുന്ന സി.ജി.പിക്ക് ഒന്നും, രണ്ടു സീറ്റുകളിൽ മത്സരിക്കുന്ന എസ്‌പിക്ക് ഒന്നും മറ്റുള്ളവരിൽ മൂന്നു പേരും അടക്കം 15 ക്രിമിനൽ സ്ഥാനാർത്ഥികളാണ് മത്സരത്തിനുള്ളത്. മൊത്തം സ്ഥാനാർത്ഥികളിൽ എട്ട് ശതമാനം വരുമിത്. ഛത്തീസ്‌ഗഢ് നിയമസഭയിൽ ആകെ 90 സീറ്റുകളാണ് ഉള്ളത്. തിങ്കളാഴ്ച നടക്കുന്ന ആദ്യഘട്ടത്തിൽ 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.

ബിജെപി. ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവയെ കൂടാതെ തെലങ്കാനയിലും മിസോറമിലുമാണ് തിരഞ്ഞെടുപ്പ്. മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുകയെന്നത് ബിജെപി.യുടെ അഭിമാനപ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പെന്ന ഫൈനലിനുമുമ്പുള്ള സെമിഫൈനലായാണ് ഈ തിരഞ്ഞെടുപ്പുകളെ ദേശീയരാഷ്ട്രീയം പരിഗണിക്കുന്നത്. മൂന്നിടത്തും രാഷ്ട്രീയച്ചൂടുയർത്തി കടുത്ത പ്രചാരണങ്ങളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലായി പ്രചാരണം മാറി.

അതേസമയം ആദ്യഘട്ട വോട്ടെടുപ്പിന്റെ തലേദിവസമായ ഞായറാഴ്ച മാവോവാദികൾ നടത്തിയ സ്‌ഫോടനത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. കാൻകർ ജില്ലയിലെ അന്തഗഡ് ഗ്രാമത്തിലുണ്ടായ സ്‌ഫോടനത്തിൽ ബി.എസ്.എഫ്. സബ് ഇൻസ്‌പെക്ടർ മഹേന്ദ്ര സിങ് ആണ് മരിച്ചത്. ബിജാപുർ മേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോവാദിയും കൊല്ലപ്പെട്ടു. സംസ്ഥാനത്ത് 15 ദിവസത്തിനിടെയുണ്ടായ മാവോവാദി ആക്രമണങ്ങളിൽ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 13 പേർ കൊല്ലപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP