കാലം തെറ്റി പെയ്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസം എത്തിക്കാൻ വായ്പ എഴുതി തള്ളും; വിള ഇൻഷുറൻസും താങ്ങുവില ഉയർത്തലുമടക്കം പൊതുമിനിമം പരിപാടിയുമായി സർക്കാരുണ്ടാക്കാൻ എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യം; സംയുക്ത യോഗത്തിൽ തയ്യാറാക്കിയ സിഎംപിയുടെ കരട് പരിശോധിക്കുക മൂന്നുപാർട്ടികളുടെയും ഹൈക്കമാൻഡ്: അംഗീകാരം കിട്ടിയാൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന് വഴി തുറക്കും; ശിവസേനയെ ഇനി എൻഡിഎയിൽ കൂട്ടില്ലെന്ന് ബിജെപി
November 14, 2019 | 10:47 PM IST | Permalink

മറുനാടൻ ഡെസ്ക്
മുംബൈ: ഗവർണർ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും, മഹാരാഷ്ട്രയിൽ, പുതിയ ജനകീയ സർക്കാരിനുള്ള വഴി തെളിയുകയാണ്. കോൺഗ്രസും, ശിവസേനയും ഒന്നിച്ചിരുന്ന് പൊതുമിനിമം പരിപാടിയുടെ കരടിന് രൂപം കൊടുത്തു. വ്യത്യസ്ത ആശയങ്ങളിൽ വിശ്വസിക്കുന്ന പാർട്ടികൾ ഒരുമിച്ച് സഖ്യസർക്കാരുണ്ടാക്കാൻ പൊതുമിനിമം പരിപാടി ആവശ്യമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പാർട്ടികൾ കരട് തയ്യാറാക്കിയത്. സംയുക്ത യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരെ കണ്ട ശിവസേന നേതാവ് എക്നാഥ് ഷിൻഡെ ഇക്കാര്യം സ്ഥിരീകരിച്ചു. പൊതുമിനിമെ പരിപാടിയുടെ കരട് മൂന്നുപാർട്ടികളുടെയും ഹൈക്കമാൻഡിന് അയച്ചുകൊടുക്കും. ഹൈക്കമാൻഡായിരിക്കും അന്തിമ തീരുമാനം എടുക്കുക, ഷിൻഡെ പറഞ്ഞു.
രാഷ്ട്രപതിഭരണത്തിലായ മഹാരാഷ്ട്രയിൽ എൻസിപി-ശിവസേന-കോൺഗ്രസ് സർക്കാർ രൂപവത്കരിക്കാൻ പൊതുമിനിമം പരിപാടി തയ്യാറായി. 48 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നൽകിയത്. മൂന്ന് പാർട്ടികളിലേയും മുതിർന്ന നേതാക്കൾ ചേർന്നാണ് പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയത്. കാർഷിക വായ്പഎഴുതിത്ത്ത്ത്ത്ത്തള്ളൽ, വിള ഇൻഷൂറൻസ് പദ്ധതി, താങ്ങുവില ഉയർത്തൽ, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് പൊതുമിനിമം പാരിപാടിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
മഹാരാഷ്ട്ര എൻസിപി അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ, എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ, പാർട്ടി നുഖ്യ വക്താവ് നവാബ് മാലിക്, കോൺഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചൗഹാൻ, മാണിക് റാവു താക്കറെ, വിജയ് വഡേട്ടിവാർ, ശിവസേന നേതാക്കളായ ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവർ യോഗത്തിൽ പങ്കെടുത്തു. മാധ്യമങ്ങളിൽ നിന്ന് അകന്ന വളരെ രഹസ്യമായാണ് ഇന്നത്തെ യോഗം നടന്നത്. പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിനോടൊപ്പം മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച നടത്തിവരികയാണ്. മുഖ്യമന്ത്രിസ്ഥാനം എൻ.സി.പി.യും ശിവസേനയും രണ്ടരവർഷംവീതം പങ്കിടുന്ന കാര്യത്തിലും സ്പീക്കർസ്ഥാനം കോൺഗ്രസിന് നൽകുന്ന കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, നിലവിലെ ഭരണ പ്രതിസന്ധിക്ക് കാരണം ശിവസേനയാണെന്ന് ബിജെപി നേതാവ് രാം മാധവ് ആരോപിച്ചു. എൻഡിഎയുടെ ഭാഗമാകാൻ സേനയ്ക്ക് ഇനി ക്ഷണമുണ്ടാകില്ല. ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെയും രാം മാധവ് വിമർശിച്ചു. സേന തലവൻ ഉദ്ധവ് താക്കറെയുടെ ജോസഫ് ഗീബൽസിനെ പോലെയാണ് റാവുത്ത് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ബിജെപി-ശിവസേന സഖ്യം തകർന്നെങ്കിൽ ബിജെപിയാണ് അത് തകർത്തതെന്നും താനല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അവർ കള്ളംപറയുകയാണ്. തന്നെ ഒരു നുണയനാക്കാണ് അവർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പദം പങ്കിടാമെന്നത് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തീരുമാനിച്ചതാണ്. പക്ഷേ, ബിജെപി വാക്ക് പാലിച്ചില്ല, ഉദ്ധവ് താക്കറെ പറഞ്ഞു.
ഉദ്ധവ് താക്കറെയും സോണിയാ ഗാന്ധിയും തമ്മിലുള്ള ചർച്ചയ്ക്കു ശേഷമാണ് രാഷ്ട്രീയമായി എതിർചേരികളിലുള്ള ശിവസേനയും കോൺഗ്രസ്സും തമ്മിലുള്ള സഖ്യത്തിന് സാധ്യത തെളിഞ്ഞത്. ശിവസേനയുമായി സഖ്യം വേണ്ടെന്നാണ് കഴിഞ്ഞ ആഴ്ച വരെ സോണിയാ ഗാന്ധി പറഞ്ഞിരുന്നതെങ്കിലും മഹാരാഷ്ട്രയിലെ കോൺഗ്രസ്സിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമായിരുന്നു. ഉദ്ധവ്, ശരത് പവാറുമായും മുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. എൻഡിഎയുമായി സഖ്യം ഒഴിഞ്ഞാൽ മാത്രമേ മഹാരാഷ്ട്രയിൽ പിന്തുണ നൽകു എന്നായിരുന്നു ശരത്പവാറിന്റെ നിലപാട്. ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായ അരവിന്ദ് സാവത്ത് ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു.
മഹാരാഷ്ട്ര നിയമസഭയിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേന, ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അധികാരം പങ്കുവയ്ക്കുന്നതിലുണ്ടായ തർക്കമാണ് സർക്കാർ രൂപീകരണം ഇത്ര വൈകിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് എത്തിയ ധാരണയനുസരിച്ച് അധികാരം തുല്യമായി പങ്കിടണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാൽ ഇത്തരമൊരു ധാരണയില്ലായെന്ന് ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് വാദിച്ചു. മാത്രമല്ല, ഉദ്ധവ് കള്ളം പറയുകയാണെന്നും ആരോപിച്ചിരുന്നു. ഇത് ശിവസേന-ബിജെപി ബന്ധത്തിൽ വിള്ളൽ വീഴ്ത്തി.
സഭയിലെ ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചെങ്കിലും ഭൂരിപക്ഷം ലഭിക്കില്ലെന്ന കാരണത്താൽ അവർ പിന്മാറുകയായിരുന്നു. തുടർന്നാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ക്ഷണിച്ചത്. പിന്നീട് എൻസിപിയെയും ക്ഷണിച്ചെങ്കിലും, സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് വന്നതോടെ, ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.
Mumbai: Congress, Shiv Sena and NCP held a joint meeting to discuss issues between them for Common Minimum Programme, today. #Maharashtra pic.twitter.com/Fd6QYu6x8i
— ANI (@ANI) November 14, 2019
Shiv Sena leader Eknath Shinde after Congress,Shiv Sena&NCP joint meeting today: Common Minimum Programme was discussed in the meeting,a draft has been prepared. The draft will be sent to high command of three parties for discussion, final decision will be taken by high commands. https://t.co/6eeotDpAwb pic.twitter.com/NXbU0Fpxp1
— ANI (@ANI) November 14, 2019
