Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിറ്റിങ് എംഎൽഎമാർ മാറി നിൽക്കട്ടെ; മത്സരിക്കാൻ താൽപര്യമുള്ള സിറ്റിങ് എംപിംമാർക്ക് സീറ്റ് നൽകും; ഈ മാസം 25 ന് മുമ്പ് സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് കൈമാറണം; പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും മതിയായ പ്രാതിനിധ്യം വേണം; പിസിസികൾക്ക് നിർദ്ദേശം നൽകി കോൺഗ്രസ് ഹൈക്കാൻഡ്; റഫാൽ മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കാനും തീരുമാനം; കേരളത്തിൽ 18 ന് സ്ഥാനാർത്ഥി ചർച്ച തുടങ്ങുമെന്ന് ചെന്നിത്തല

സിറ്റിങ് എംഎൽഎമാർ മാറി നിൽക്കട്ടെ; മത്സരിക്കാൻ താൽപര്യമുള്ള സിറ്റിങ് എംപിംമാർക്ക് സീറ്റ് നൽകും; ഈ മാസം 25 ന് മുമ്പ് സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് കൈമാറണം; പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും മതിയായ പ്രാതിനിധ്യം വേണം; പിസിസികൾക്ക് നിർദ്ദേശം നൽകി കോൺഗ്രസ് ഹൈക്കാൻഡ്;  റഫാൽ മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കാനും തീരുമാനം; കേരളത്തിൽ 18 ന് സ്ഥാനാർത്ഥി ചർച്ച തുടങ്ങുമെന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാർ സ്ഥാനാർത്ഥികളാകേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. എന്നാൽ സിറ്റിങ് എംപിമാരിൽ മത്സരിക്കാൻ താത്പര്യമുള്ളവർക്ക് സീറ്റ് നൽകാനാണ് പാർട്ടി തീരുമാനം. മറ്റുമണ്ഡലങ്ങളിൽ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാൻഡിന് സംസ്ഥാന കോൺഗ്രസ് നേതൃത്വങ്ങൾ നൽകണം. നേതൃത്വം ഇവരിൽ നിന്നും സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാനും ധാരണയായി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷന്മാരുടെയും പാർട്ടി ജനപ്രതിനിധികളുടെയും യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

തിരഞ്ഞെടുപ്പിൽ കേരളത്തിലെ സിറ്റിങ് എംഎ‍ൽഎമാർ മൽസരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തലയും ഡൽഹിയിൽ പറഞ്ഞു. 18ന് തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് കേരളത്തിൽ തുടക്കമാകും. സിറ്റിങ് എംപിമാർക്ക് സീറ്റുണ്ടാകുമെന്നും ഒരേ കുടുംബത്തിൽനിന്ന് സ്ഥാനാർത്ഥികളുണ്ടാവില്ലെന്നും രാഹുൽ അധ്യക്ഷനായ യോഗശേഷം ചെന്നിത്തല പറഞ്ഞു.

ഈ മാസം 25ന് മുൻപ് സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് സംസ്ഥാന നേതൃത്വങ്ങൾക്ക് രാഹുൽ നൽകിയിരിക്കുന്ന നിർദ്ദേശം. പിസിസി അധ്യക്ഷന്മാർ മത്സര രംഗത്തിറങ്ങേണ്ട എന്നാണ് തീരുമാനമെങ്കിലും പാർട്ടി അധ്യക്ഷന് ഇക്കാര്യത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താം. സംഘടനാ ചുമതലകൾ വഹിക്കുന്നവരുടെ കാര്യത്തിലും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതാവും.

സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും കൃത്യമായ പ്രാതിനിധ്യം നൽകണമെന്ന് പിസിസികൾക്ക് രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സിറ്റിങ് എംപിമാർ മത്സരിക്കാൻ ഇല്ലാത്ത മണ്ഡലങ്ങളിൽ ഇതോടെ പുതുമുഖങ്ങളെ അവതരിപ്പിക്കാമെന്ന കണക്കുകൂട്ടലാണ് ഹൈക്കമാൻഡിനുള്ളത്. ഒരു കുടുംബത്തിൽ നിന്നും ഒന്നിലധികം സ്ഥാനാർത്ഥികൾ വേണ്ടെന്നും തീരുമാനമുണ്ട്. 25ന് ലഭിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ നിന്നും അന്തിമ പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ തയാറാക്കി മാർച്ച് ആദ്യ വാരത്തോടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

റഫാൽ മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കാനും രാഹുലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണ വിഷയത്തിൽ ശക്തമായി ഉന്നയിക്കാനും നേതാക്കൾക്ക് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസിയെ പ്രതിനിധീകരിച്ച് കൊടിക്കുന്നിൽ സുരേഷും യോഗത്തിൽ പങ്കെടുത്തു. ജനമഹായാത്രയുടെ നായകനായ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിനെത്തിയില്ല. അതേസമയം ബംഗാളിൽ സിപിഎമ്മുമായി ധാരണയ്ക്ക് കോൺഗ്രസ് തീരുമാനമെടുത്തു. പാർട്ടിയുടെ അന്തസ് കളയാതെയുള്ള ധാരണയാകാമെന്ന് പിസിസി അധ്യക്ഷൻ സോമേൻ മിത്ര പറഞ്ഞു. തൃണമൂലുമായി സഖ്യം വേണ്ടെന്ന് എഐസിസി നേതൃയോഗത്തിൽ ധാരണയായി. സഖ്യസാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് ബംഗാൾ പിസിസി അധ്യക്ഷൻ സോമേൻ മിത്ര പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP