Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭയിലെ സമാപന ദിനത്തിൽ ശാരദാ ചിട്ടി തട്ടിപ്പ് വിഷയം എടുത്തിട്ട് മമതയുടെ തൃണമൂലിനെ കുടഞ്ഞ് ബംഗാളിലെ കോൺഗ്രസ് എംപി; ബംഗാളിൽ കോൺഗ്രസിന് കൈകൊടുക്കുന്ന സാഹചര്യം പരിഗണിച്ച് സഹായവുമായി സിപിഎം എംപിമാരും; പാർലമെന്റ് സെൻട്രൽ ഹാളിൽ ദിദിയെ തണുപ്പിക്കാൻ ശ്രമിച്ച് സോണിയ; സൗഹൃദത്തിൽ ആണെങ്കിലും ഇത് മറക്കില്ലെന്ന് തുറന്നുപറഞ്ഞ് നീരസം മറയ്ക്കാതെ മമത; വിശാല സഖ്യമോഹങ്ങൾ തണുക്കുമോ?

ലോക്‌സഭയിലെ സമാപന ദിനത്തിൽ ശാരദാ ചിട്ടി തട്ടിപ്പ് വിഷയം എടുത്തിട്ട് മമതയുടെ തൃണമൂലിനെ കുടഞ്ഞ് ബംഗാളിലെ കോൺഗ്രസ് എംപി; ബംഗാളിൽ കോൺഗ്രസിന് കൈകൊടുക്കുന്ന സാഹചര്യം പരിഗണിച്ച് സഹായവുമായി സിപിഎം എംപിമാരും; പാർലമെന്റ് സെൻട്രൽ ഹാളിൽ ദിദിയെ തണുപ്പിക്കാൻ ശ്രമിച്ച് സോണിയ; സൗഹൃദത്തിൽ ആണെങ്കിലും ഇത് മറക്കില്ലെന്ന് തുറന്നുപറഞ്ഞ് നീരസം മറയ്ക്കാതെ മമത; വിശാല സഖ്യമോഹങ്ങൾ തണുക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭയുടെ സമാപന സമ്മേളനത്തിൽ നടന്ന ചർച്ചയിൽ ശാരദാ ചിട്ടി തട്ടിപ്പു വിഷയം എടുത്തിട്ട് ബംഗാളിലെ കോൺഗ്രസ് അംഗം മമതയുടെ തൃണമൂലിന് എതിരെ ആഞ്ഞടിച്ചത് ചർച്ചയായി. ഇതിന് പിന്നാലെ കോൺഗ്രസ് എംപിക്ക് പിന്തുണയുമായി ബംഗാളിലെയും കേരളത്തിലേയും സിപിഎം അംഗങ്ങൾ കൂടി നിലകൊണ്ടതോടെ മമത കോൺഗ്രസുമായുള്ള സഹകരണ സാധ്യതയിൽ നിന്ന് പിന്മാറുമോ എന്ന ആശങ്കയും പരന്നിരിക്കുകയാണ് ദേശീയ രാഷ്ട്രീയത്തിൽ.

സിബിഐയെ ഉപയോഗിച്ച് പകരംവീട്ടുകയാണ് ബിജെപിയും മോദിയുമെന്നാണ് ശാരദാ ചിട്ടി തട്ടിപ്പ് വിഷയത്തിൽ മമത ആരോപിക്കുന്നത്. ഇതിന് പിന്തുണയുമായി കോൺഗ്രസും എത്തിയിരുന്നു. എന്നാൽ ഇന്നലെ സഭ ഇതിന് ഭിന്നമായ രംഗത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസിനോടു പിണങ്ങി. മമതയെ അനുനയിപ്പിക്കാൻ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ശ്രമം വിജയിച്ചില്ലെന്നാണ് സൂചനകൾ.

നിയമവിരുദ്ധ നിക്ഷേപ പദ്ധതികൾ തടയാനുള്ള ബിൽ ലോക്‌സഭ ചർച്ച ചെയ്തപ്പോഴാണ് കോൺഗ്രസ് എംപിയും സിപിഎം എംപിയും സഭയിൽ മമതയ്‌ക്കെതിരെ കൈകോർത്തത്. ഇത് ബിജെപി അംഗങ്ങൾക്കിടയിൽ ആഹ്‌ളാദം സൃഷ്ടിക്കുന്ന വേളയ്ക്കും സഭ ഇന്നലെ സാക്ഷ്യം വഹിച്ചു. ബംഗാളിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, ശാരദ ചിട്ടി തട്ടിപ്പു വിഷയത്തിൽ മമതയെ പേരെടുത്തു പരാമർശിച്ച് ശക്തമായി വിമർശിക്കുകയായിരുന്നു.

ലക്ഷക്കണക്കിന് ആളുകൾ കൊള്ളയടിക്കപ്പെട്ടെന്നും അവരുടെ പണം തിരികെ നൽകണമെന്നും അധീർ പറഞ്ഞു. ഇതോടെ ബിജെപി അംഗങ്ങൾ അധീറിന്റെ പ്രസംഗം കേട്ട് കയ്യടി തുടങ്ങി. വിഷയം അവതരിപ്പിക്കപ്പെട്ടപ്പോൾ വ്യാജ ചിട്ടി പദ്ധതികളുടെ പേരിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യാപക ക്രമക്കേട് നടത്തിയെന്ന ഭരണകക്ഷി എംപിമാരുടെ ആരോപണത്തിൽ ക്ഷുഭിതരായ തൃണമൂൽ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന തൃണമൂലിന്റെ മുദ്രാവാക്യത്തിനു മമത കള്ളിയാണെന്ന മറു ആരോപണവുമായി ബിജെപി അംഗങ്ങൾ രംഗത്തെത്തി. ഇതിനിടെയാണ് പ്രസംഗിക്കാനെഴുന്നേറ്റ അധീർ രഞ്ജൻ ചൗധരി, മമതയ്‌ക്കെതിരെ ആഞ്ഞടിക്കുന്നത്. ഇതോടെ പരസ്പരം പോർവിളി പ്രതിപക്ഷാംഗങ്ങൾ തമ്മിലായി.

ഇതിനിടെ, ചിട്ടി തട്ടിപ്പിലൂടെ സമ്പാദിച്ച കോടികൾ കൊണ്ടാണു മമത ബംഗാളിന്റെ മുഖ്യമന്ത്രിയായതെന്നും ലോക്‌സഭയിൽ പ്രതിഷേധിക്കുന്ന തൃണമൂൽ എംപിമാരിൽ പലരും ഇപ്പോൾ ജയിലിൽ കഴിയേണ്ടവരാണെന്നും പിന്നാലെ പ്രസംഗിച്ച സിപിഎം എംപി: മുഹമ്മദ് സലീമും ആരോപിച്ചു. അഴിമതിക്കാരുടെ പാർട്ടിയായി തൃണമൂൽ അധഃപതിച്ചുവെന്നും മമതയ്ക്കു കീഴിലുള്ള കള്ളന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട സലീമിനെതിരെ തൃണമൂൽ അംഗങ്ങൾ ആക്രോശവുമായി ഓടിയെത്തി. ഇതോടെ സിപിഎം എംപിമാരായ പി. കരുണാകരൻ, എം.ബി. രാജേഷ്, പി.കെ. ബിജു, പി.കെ. ശ്രീമതി, എ. സമ്പത്ത് എന്നിവർ സലീമിനു ചുറ്റുംനിന്ന് പ്രതിരോധമൊരുക്കി. അധീർരഞജനും സലീമും മാഫിയയുടെ ഭാഗമാണെന്നു തൃണമൂൽ അംഗം സൗഗത റോയ് ആരോപിച്ചതോടെ പോർവിളി രൂക്ഷമായി.

സലീം ബിജെപിയുടെ കൂട്ടാളിയാണെന്ന മുദ്രാവാക്യം വിളിയുമായി കല്യാൺ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ അംഗങ്ങൾ പ്രതിഷേധത്തിനു വീര്യം കൂട്ടി. ഒടുവിൽ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള ഇരു പാർട്ടികൾക്കുമിടയിൽ നിന്ന് രംഗം ശാന്തമാക്കി. ബില്ലിനെ അംഗീകരിക്കുമ്പോഴും പ്രായോഗികതലത്തിൽ അതിനുള്ളിലെ പിഴവുകൾ പരിഹരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേദഗതികൾ തള്ളിയ സഭ, ശബ്ദവോട്ടോടെ ബിൽ പാസാക്കി.

ഏതായാലും ഈയൊരു സാഹചര്യം സഭയിൽ ഉണ്ടായത് മമതയ്ക്ക് കടുത്ത നീരസമുണ്ടാക്കിയെന്നാണ് സൂചനകൾ. ഇതിന്റെ പേരിൽ കോൺഗ്രസുമായി വിശാലസഖ്യത്തിൽ കൈകോർക്കുന്ന കാര്യത്തിൽ മമത പിന്മാറുമോ എന്ന ആശങ്കയും ശക്തമായി. പാർലമെന്റിന്റെ െസൻട്രൽ ഹാളിൽ സോണിയയുമായി കൂടിക്കണ്ട മമത നീരസം മറച്ചുവയ്ക്കാതെ പ്രതികരിക്കുകയും ചെയ്തു. താൻ ഡൽഹിയിലുണ്ടായിരിക്കെ, ലോക്‌സഭാ സമ്മേളനത്തിന്റെ അവസാന ദിവസം കോൺഗ്രസ് ചെയ്തതു ശരിയായില്ലെന്നു മമത വ്യക്തമാക്കി. 'ഞങ്ങൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കും; എന്നാൽ സൗഹൃദത്തിലാണ്' എന്നു പറഞ്ഞു മമതയെ തണുപ്പിക്കാൻ സോണിയ ശ്രമിച്ചുവെങ്കിലും എന്നാൽ, ഇതു മറക്കില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.

ഇതോടെ കൂടുതൽ സംസാരിക്കാതെ സോണിയ നടന്നുനീങ്ങുകയായിരുന്നു. സോണിയ സഭയിലുള്ളപ്പോഴാണ് വിമർശനമുണ്ടായത് എന്നതാണു മമതയെ കൂടുതൽ ചൊടിപ്പിച്ചതെന്നും അതിനാലാണു നേരിട്ട് രോഷം പ്രകടിപ്പിച്ചതെന്നും തൃണമൂൽ അംഗങ്ങൾ പിന്നീടു പറഞ്ഞു. താൻ കൊൽക്കത്തയിൽ നടത്തിയ റാലിയിലേക്കുൾപ്പെടെ കോൺഗ്രസിനെ ക്ഷണിച്ചതും അവരുടെ നേതാക്കൾ പങ്കെടുത്തതുമാണെന്നും ലോക്‌സഭയിലെ വിമർശനം മറക്കുന്ന പ്രശ്‌നമില്ലെന്നും മമത പറഞ്ഞതോടെയാണ് ബന്ധം തുടരുമോ എന്ന കാര്യത്തിൽ ആശങ്ക ഉയർന്നത്. എന്നാൽ, ബംഗാളിലെ രാഷ്ട്രീയസ്ഥിതി മറന്നാണ് മമതയുടെ വിമർശനമെന്ന് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

അതേസമയം, ബംഗാളിൽ കോൺഗ്രസുമായി ധാരണയിൽ മത്സരത്തിന് ഇറങ്ങാനാണ് സിപിഎം തീരുമാനം. ഇതിന്റെ പ്രതിഫലനം കൂടിയായി ഇന്നലെ സഭയിലെ പ്രകടനം. ഇന്നലെ ഡൽഹിയിൽ പ്രതിപക്ഷ ഐക്യം ഉയർത്തി കെജ്രിവാളും ആംആദ്മിയും റാലിയും സംഘടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP