Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ ജയിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്ത പ്രശാന്ത് കിഷോർ ഇനി തന്ത്രം മെനയുന്നത് മുലായത്തിനു വേണ്ടിയോ? കോൺഗ്രസ് നന്നാകില്ലെന്നുറപ്പിച്ച് തിരഞ്ഞെടുപ്പ് സൂത്രധാരൻ മറുകണ്ടം ചാടുന്നതായി റിപ്പോർട്ട്; പുതിയ നീക്കം യുപി തിരഞ്ഞെടുപ്പിലൂടെ വീണ്ടും ഹിറ്റ് മേക്കർ ആകാൻ

മോദിയെ ജയിപ്പിക്കുകയും തോൽപ്പിക്കുകയും ചെയ്ത പ്രശാന്ത് കിഷോർ ഇനി തന്ത്രം മെനയുന്നത് മുലായത്തിനു വേണ്ടിയോ? കോൺഗ്രസ് നന്നാകില്ലെന്നുറപ്പിച്ച് തിരഞ്ഞെടുപ്പ് സൂത്രധാരൻ മറുകണ്ടം ചാടുന്നതായി റിപ്പോർട്ട്; പുതിയ നീക്കം യുപി തിരഞ്ഞെടുപ്പിലൂടെ വീണ്ടും ഹിറ്റ് മേക്കർ ആകാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ വിജയതന്ത്രങ്ങൾ മെനയുന്നതിൽ വിദഗ്ധനായ പ്രശാന്ത് കിഷോറുമായുള്ള ബന്ധം കോൺഗ്രസ് അവസാനിപ്പിക്കുന്നു. അതേസമയം, താൻ നിർദ്ദേശിക്കുന്ന തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പുകളെ നേരിടാൻ തയ്യാറാവാതിരുന്ന കോൺഗ്രസ് നിരന്തരം തോൽക്കുന്നത് തന്റെ വിലയിടിക്കുന്നതായി വിലയിരുത്തി പ്രശാന്ത് കിഷോറാണ് കോൺഗ്രസിനെ വിട്ടുപോകാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുണ്ട്.

യുപി തിരഞ്ഞെടുപ്പിന്റെ പ്രചരണങ്ങൾ ചൂടുപിടിച്ചു തുടങ്ങിയിരിക്കെ പ്രശാന്ത് കിഷോർ കഴിഞ്ഞ ദിവസങ്ങളിൽ സമാജ് വാദി പാർട്ടിയുമായി അടുക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. അഖിലേഖ് യാദവും മുലായവുമായി ഉണ്ടായ അകൽച്ച മുതലെടുത്ത് കോൺഗ്രസ് - സമാജ് വാദി കൂട്ടുകെട്ട് യുപിയിൽ രൂപീകരിക്കാനാണ് പ്രശാന്തും മുലായവുമായി കൂടിക്കാഴ്ചയെന്നായിരുന്നു ആദ്യ പ്രചാരണം.

രണ്ടു ഘട്ടമായി ഇരുവരും തമ്മിൽ ആറു മണിക്കൂറിലേറെ ചർച്ച നടത്തിയിരുന്നു. അതേസമയം യുപിയിൽ മറ്റു പാർട്ടികളുമായി സഖ്യ ചർച്ചയ്ക്ക് പ്രശാന്ത് കിഷോറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു യുപിസിസി അധ്യക്ഷൻ രാജ് ബബ്ബർ പ്രതികരിച്ചത്.

ഇതു ശരിവയ്ക്കുന്ന രീതിയിൽ കോൺഗ്രസും -പ്രശാന്ത് കിഷോറും വേർപിരിയുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും വേണ്ടി രാജ്യവ്യാപകമായി തന്ത്രങ്ങൾ മെനയുകയും പ്രചരണങ്ങൾ ഓരോഘട്ടത്തിലും എങ്ങനെയെല്ലാം വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തത് പ്രശാന്ത് കിഷോറും ടീമും ആയിരുന്നു. ദേശീയ തലത്തിൽ ബിജെപി മുന്നണി ജയിച്ചുവരികയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ പ്രശാന്ത് തിരക്കുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മാറുകയായിരുന്നു.

പിന്നീട് ബിജെപിയുമായി അകന്ന പ്രശാന്ത് നിർണയകമായ ബീഹാർ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന് വേണ്ടിയാണ് രംഗത്തെത്തിയത്. പ്രശാന്തിന്റെ കരുനീക്കങ്ങളിൽ എതിർഭാഗത്ത് വൻ പ്രചരണത്തിനിറങ്ങിയ മോദിക്കും കൂട്ടർക്കും അടിതെറ്റിയതോടെ പ്രശാന്ത് ഉള്ളിടത്ത് വിജയം ഉറപ്പെന്ന നിലയിലേക്ക് രാഷ്ട്രീയരംഗത്തെ ചിന്താഗതികൾ മാറി.

ആദ്യം മോദിക്കുവേണ്ടിയും പിന്നീട് മോദിക്കും കൂട്ടർക്കുമെതിരായും കരുനീക്കങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തതോടെയായിരുന്നു ഇത്. ഇതോടെ കോൺഗ്രസ് ഉപാധ്യക്ഷന്റെ ഗുഡ്ബുക്കിൽ പ്രശാന്ത് കിഷോർ ഇടംപിടിക്കുകയായിരുന്നു.

അങ്ങനെ കോൺഗ്രസ് പാളയത്തിലെത്തിയ പ്രശാന്ത് കിഷോർ യുപിയിലെ തിരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസ്സിന്റെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന പ്രചരണം ഈവർഷം ആദ്യം മുതലേ ചർച്ചകളിൽ നിറയുകയും ചെയ്തു. നരേന്ദ്ര മോദി, മായാവതി, മുലായം എന്നിവരുടെ നേതൃത്വത്തിൽ മൂന്നുചേരികൾ എതിർഭാഗത്ത് നിൽക്കുമ്പോൾ കോൺഗ്രസിന് അവർക്കെതിരെ പടപൊരുതി ജയിക്കാൻ പ്രശാന്ത് തന്ത്രങ്ങൾ മെനയുകയും ചെയ്തു.

മാത്രമല്ല ഇതോടൊപ്പം പഞ്ചാബിലും ഗുജറാത്തിലും ഗോവയിലും വരുന്ന തിരഞ്ഞെടുപ്പുകൾക്കായുള്ള ക്രമീകരണങ്ങളെപ്പറ്റിയും ആലോചനകൾ തുടങ്ങിയിരുന്നു. പക്ഷേ, ഇതിലെല്ലാം പ്രശാന്ത് പറഞ്ഞ കാര്യങ്ങൾ രാഹുൽ കേട്ടെങ്കിലും പ്രാദേശിക നേതൃത്വങ്ങൾ അത് പൂർണമായും ഉൾക്കൊള്ളാത്ത സ്ഥിതി വരികയായിരുന്നു. ഇതോടെയാണ് ഇനി കോൺഗ്രസ്സിനെ നന്നാക്കാനാവില്ലെന്ന് ഉറപ്പിച്ച് പ്രശാന്ത് കിഷോർ യുപിയിൽ മുലായത്തിന്റെ പ്രചാരണചുമതല ഏറ്റെടുക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചനകൾ.

അതേസമയം, കോൺഗ്രസ് പുറത്തുപറയുന്ന കാര്യങ്ങൾ വേറെയാണ്. പ്രശാന്തിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ കോൺഗ്രസിന് ചേർന്നതല്ലെന്നതിനാൽ അദ്ദേഹത്തെ ഒഴിവാക്കുകയാണെന്നാണ് അനൗദ്യോഗികമായി നേതാക്കൾ നിലപാട് വ്യക്തമാക്കുന്നത്. സമാജ് വാദി നേതാവ് മുലായത്തിനെയും അമർസിംഗിനെയും കണ്ട് ചർച്ചകൾ നടത്തിയതോടെയാണ് ഇരുകൂട്ടരും തമ്മിൽ അകലുന്ന സ്ഥിതി വന്നത്. ഇനി പ്രശാന്തിനെ വിശ്വസിക്കേണ്ടെന്ന നിലപാടിലേക്ക് അതോടെ കോൺഗ്രസ് എത്തുകയായിരുന്നു. രാഹുലിന്റെയും പ്രിയങ്കയുടേയും അടുത്തയാളായിരുന്നുവെങ്കിലും പ്രശാന്ത് കിഷോർ കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾക്ക് അനഭിമതനായിരുന്നു.

യുപിയിലെ തിരഞ്ഞെടുപ്പിൽ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്നും പാർട്ടിയിലെ അതികായന്മാരായ കമൽനാഥ്, ഗുലാംനബി ആസാദ്, ഷീലാ ദീക്ഷിത് എന്നിവരുൾപ്പെട്ട ടീം തിരഞ്ഞെടുപ്പ് നയിക്കണമെന്നുമായിരുന്നു പ്രശാന്തിന്റെ ആദ്യ നിർദ്ദേശം. ഇതുതന്നെ തള്ളപ്പെട്ടതോടെയാണ് പ്രശാന്ത് കോൺഗ്രസ് ക്യാമ്പ് വിടാൻ തീരുമാനിച്ചത്. പഞ്ചാബിൽ താൻ തന്നെ പാർട്ടിയെ നയിക്കുമെന്നും പ്രശാന്ത് കിഷോർ പറയുന്നത് കേൾക്കാൻ തയ്യാറല്ലെന്നും സംസ്ഥാനത്തെ മുതിർന്ന നേതാവ് അമരീന്ദർ സിങ് വ്യക്തമാക്കുകയും ചെയ്തു. എല്ലാംകൊണ്ടും കോൺഗ്രസ് തന്റെ തന്ത്രങ്ങളനുസരിച്ച് പ്രവർത്തിക്കില്ലെന്ന് ഉറപ്പായതോടെ പ്രശാന്ത് പുതുവഴികൾ തേടുകയായിരുന്നുവെന്നാണ് അറിയുന്നത്.

ബിജെപിയുമായി ഇടപെട്ടപ്പോൾ മോദി പറയുന്നതു പോലെയും ബീഹാറിൽ നിതീഷ്‌കുമാർ നിശ്ചയിക്കുന്നിടത്തും കാര്യങ്ങൾ നിൽക്കുമായിരുന്നു. എന്നാൽ കോൺഗ്രസിൽ നൂറുനൂറ് അഭിപ്രായങ്ങളും വ്യക്തിതാൽപര്യങ്ങളുമാണ് പാർട്ടിയെ നയിക്കുന്നതെന്ന് വ്യക്തമായ പ്രശാന്ത് തന്റെ തന്ത്രങ്ങൾ പൂർണമായും നടപ്പാക്കിയാലെ വിജയം ഉറപ്പാക്കാനാകൂ എന്ന് തുറന്നു പറയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകളിലെ സൂചന. മാത്രമല്ല യുപിയിലെ മുതിർന്ന നേതാക്കൾ പ്രശാന്ത് പറയുന്നതുപോലെ കാര്യങ്ങൾ ചെയ്യാനും ഒരുക്കമായിരുന്നില്ല.

യുപിയിലും പഞ്ചാബിലും ഇത്തരത്തിൽ എതിർപ്പ് നേരിട്ട സാഹചര്യത്തിൽ പ്രശാന്ത് കോൺഗ്രസിനെ ഉപേക്ഷിച്ച് സ്വതന്ത്രനാകാൻ തീരുമാനിക്കുകയായിരുന്നു. മുലായവുമായി പ്രശാന്തിനെ അടുപ്പിക്കുന്നതിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും പങ്കുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഈ മാസം ആദ്യം നിതീഷ്‌കുമാറുമായി മുലായംസിങ് ചർച്ച നടത്തിയെന്ന അഭ്യൂഹം പരന്നതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറും മുലായവുമായി ചർച്ചകൾ നടന്നത്. നിതീഷിന്റെ അടുപ്പക്കാരനായ പ്രശാന്തിന്റെ തന്ത്രങ്ങൾ പയറ്റാൻ അദ്ദേഹം മുലായത്തെ ഉപദേശിച്ചുവെന്ന പ്രചാരണവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP