Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശിന് പുറത്ത് ദളിതർക്കിടയിലുള്ള സ്വാധീനം ഉപയോഗിച്ച് കടുത്ത വിലപേശലിനായി മായാവതി രംഗത്ത്; എന്തെങ്കിലും കിട്ടിയാലാവട്ടെ എന്ന് കരുതി അഖിലേഷും; മോദി വിരുദ്ധ സഖ്യം പരാജയപ്പെട്ടെങ്കിലും യുപി വീണ്ടെടുക്കാം എന്ന പ്രതീക്ഷയിൽ പ്രകോപനം ഒഴിവാക്കി രാഹുൽ ഗാന്ധി: പ്രതിപക്ഷ ഐക്യം പരാജയപ്പെട്ടെങ്കിലും സെമി ഫൈനലിൽ ജീവന്മരണ പോരാട്ടത്തിനിറങ്ങാൻ ഒരുങ്ങി കോൺഗ്രസ്: അഞ്ച് നിയമ സഭകളിലെ തിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരു പോലെ നിർണ്ണായകം

ഉത്തർപ്രദേശിന് പുറത്ത് ദളിതർക്കിടയിലുള്ള സ്വാധീനം ഉപയോഗിച്ച് കടുത്ത വിലപേശലിനായി മായാവതി രംഗത്ത്; എന്തെങ്കിലും കിട്ടിയാലാവട്ടെ എന്ന് കരുതി അഖിലേഷും; മോദി വിരുദ്ധ സഖ്യം പരാജയപ്പെട്ടെങ്കിലും യുപി വീണ്ടെടുക്കാം എന്ന പ്രതീക്ഷയിൽ പ്രകോപനം ഒഴിവാക്കി രാഹുൽ ഗാന്ധി: പ്രതിപക്ഷ ഐക്യം പരാജയപ്പെട്ടെങ്കിലും സെമി ഫൈനലിൽ ജീവന്മരണ പോരാട്ടത്തിനിറങ്ങാൻ ഒരുങ്ങി കോൺഗ്രസ്: അഞ്ച് നിയമ സഭകളിലെ തിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരു പോലെ നിർണ്ണായകം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മഹാസഖ്യശ്രമങ്ങൾക്ക് അണിയറയിൽ കോപ്പു കൂട്ടിയത്. എന്നാൽ അതിന് തിരിച്ചടി നൽകിക്കൊണ്ട് മായാവതിയുടെ ബിഎസ്‌പി പിന്മാറിയത് കോൺഗ്രസിന് തലവേദനയായി മാറി. മായാവതിക്ക് പിന്നാലെ അഖിലേഷ് യാദവും മഹാസഖ്യം ഭേദിച്ച് പുറത്ത് വന്നു. എങ്ങിനെയും ബിജെപിയെ ഭരണത്തിൽ നിന്നും താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ മഹാസഖ്യത്തിന് രൂപം നൽകിയ കോൺഗ്രസിന് ഇത് കൂടുതൽ തലവേദനയായിരിക്കുകയാണ്. സഖ്യം നിലനിർത്തുന്നതിന് എന്തുവിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരുക്കമായിരുന്നു. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതി ചോദിക്കുന്നത്ര സീറ്റുകൾ വിട്ടുകൊടുത്ത് സഖ്യം നിലനിർത്താൻ ശ്രമിച്ചെങ്കിലും മായാവതിയുടെ പിടിവാശിയിൽ അതെല്ലാം തട്ടിത്തകരുകയായിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിലാണ് ബിജെപി.യും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്നത്. ഭരണവിരുദ്ധവികാരം ഇവിടെ തിരിച്ചടിയുണ്ടാക്കുമോയെന്ന ആശങ്കയുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരത്തിളക്കവും പ്രതിപക്ഷത്തെ അനൈക്യവും ഉപയോഗപ്പെടുത്തി ഇത് മറികടക്കാനാണ് ബിജെപി.യുടെ ശ്രമം. ഈ സംസ്ഥാനങ്ങൾ ബിജെപി.ക്ക് നഷ്ടപ്പെട്ടാൽ അത് കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചനയാകും. ലോക്സഭാതിരഞ്ഞെടുപ്പിൽ അത് പ്രതിപക്ഷത്തിന് നൽകുന്ന ഊർജം വലുതായിരിക്കും. പ്രതിപക്ഷമഹാസഖ്യം രൂപവത്കരിക്കുന്നതിനുള്ള തടസ്സങ്ങൾ മറികടക്കാൻ ഇത് പ്രതിപക്ഷത്തെ സഹായിക്കുകയുംചെയ്യും. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിൽ രണ്ടുപാർട്ടിയും ജീവന്മരണ പോരാട്ടത്തിലാണ്.

ബിജെപി മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്റെ തട്ടകമാണ് മധ്യപ്രദേശ്. ശിവരാജ് സിങിന്റെ നേതൃത്വത്തിൽ തുടർച്ചയായി നാലാംവട്ടവും അധികാരം നിലനിർത്താനാണ് ബിജെപി.യുടെ ശ്രമം. വ്യാപം അഴിമതി പിടിച്ചുലച്ചെങ്കിലും ചൗഹാന്റെ ജനകീയതയ്ക്ക് മങ്ങലേറ്റിട്ടില്ല. ഭരണവിരുദ്ധവികാരമുണ്ടെങ്കിലും രാജസ്ഥാനിലെപ്പോലെ ശക്തമല്ല. കോൺഗ്രസും ബിജെപി.യുമാണ് മുഖ്യപാർട്ടികളെങ്കിലും പ്രത്യേകിച്ച് യു.പി.യോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ബി.എസ്‌പി.ക്ക് സ്വാധീനമുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാസഖ്യമുണ്ടാക്കാനുള്ള ശ്രമം ഇവിടെയും വിജയിച്ചിട്ടില്ല. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നു. മഹാസഖ്യത്തിലേക്കില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും സമാജ്വാദിപാർട്ടി നേതാവ് അഖിലേഷ് യാദവും പ്രഖ്യാപിച്ചു.

കോൺഗ്രസിനെയും ബിജെപി.യെയും മാറിമാറി അധികാരത്തിലെത്തിക്കുന്നതാണ് സംസ്ഥാനചരിത്രം. ബിജെപി.ക്കെതിരേ ഭരണവിരുദ്ധവികാരം ശക്തം. മുഖ്യമന്ത്രി വസുന്ധരരാജെയുടെ പ്രവർത്തനശൈലിക്കെതിരേ പാർട്ടിക്കുള്ളിൽത്തന്നെ ഭിന്നതയുണ്ട്. വിമതർ പാർട്ടിക്ക് ഭീഷണിയാണ്. ഈ വർഷമാദ്യം രണ്ട് ലോക്സഭാസീറ്റിലേക്കും ഒരു നിയമസഭാസീറ്റിലേക്കുംനടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി. തോറ്റിരുന്നു. ബിജെപി.യെ പുറത്താക്കാൻ ബി.എസ്‌പി.യുമായി കോൺഗ്രസ് സഖ്യത്തിന് ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന മായാവതിയുടെ പ്രഖ്യാപനം തിരിച്ചടിയായി.

തുടർച്ചയായി നാലാംവട്ടം അധികാരത്തിലെത്തുകയാണ് ബിജെപി.യുടെ ലക്ഷ്യം. മുഖ്യമന്ത്രി രമൺസിങ്ങിനെതിരേ ഭരണവിരുദ്ധവികാരം ശക്തം. ഇത് മുതലെടുക്കാൻ ശക്തനായ നേതാവില്ലാത്തത് കോൺഗ്രസിനെ കുഴയ്ക്കുന്നു. അജിത് ജോഗി പാർട്ടിവിട്ടത് ക്ഷീണമായി. മായാവതി കോൺഗ്രസിനെ തഴഞ്ഞ് അജിത് ജോഗിക്കൊപ്പം ചേർന്നാണ് മത്സരിക്കുന്നത്. അജിത് ജോഗിയെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് മായാവതി ഇവിടെ പോരാട്ടം നയിക്കുന്നത്.

ബിജെപി.യുടെ കൈപ്പിടിയിലൊതുങ്ങാതെ നിൽക്കുന്ന ഏക വടക്കുകിഴക്കൻ സംസ്ഥാനമാണ് മിസോറം. പത്തുവർഷമായി കോൺഗ്രസാണ് അധികാരത്തിൽ. മിസോ നാഷണൽ ഫ്രണ്ടിന്റെ പത്തുവർഷത്തെ ഭരണം അവസാനിപ്പിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. വിമതശല്യമാണ് കോൺഗ്രസിന് ഇവിടെ തലവേദന. ആഭ്യന്തരമന്ത്രി വൻലാൽ സാവ്മ അടുത്തിടെയാണ് രാജിവച്ചത്. അഞ്ചുതവണ മുഖ്യമന്ത്രിയായ ലാൽ തൻവാലതന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ പോരാട്ടത്തിന് നേതൃത്വംനൽകുന്നത്.

വിരമിച്ച വൈദികരും സർക്കാർ ഉദ്യോഗസ്ഥരും മുതിർന്ന പത്രപ്രവർത്തകരും ചേർന്ന് രൂപവത്കരിച്ച സോറം എക്‌സോഡസ് മൂവ്മെന്റ് (ഇസഡ്.ഇ.എം.) സോറം നാഷണലിസ്റ്റ് പാർട്ടി, മിസോറം പീപ്പിൾസ് കോൺഫറൻസ്, സോറം പീപ്പിൾസ് മൂവ്മെന്റ് എന്നിവയുമായി ചേർന്ന് സഖ്യം രൂപവത്കരിച്ചാണ് മത്സരിക്കുന്നത്. വേറെയും പ്രാദേശികപാർട്ടികൾ മത്സരരംഗത്തുണ്ട്.

വീണ്ടും അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികളോടുള്ള ജനങ്ങളുടെ അനുകൂലവികാരം വോട്ടാക്കി മാറ്റുകയാണ് ടി.ആർ.എസ്. നേതാവിന്റെ ലക്ഷ്യം. ബിജെപി. ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എൻ.ഡി.എ. സഖ്യത്തിൽനിന്ന് പുറത്തുവന്ന ടി.ഡി.പി.യുമായി ചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. തെലങ്കാന ജനസമിതിയും സിപിഐ.യും കോൺഗ്രസിനൊപ്പം ചേർന്നാണ് മത്സരിക്കുന്നത്. 28 ചെറുപാർട്ടികൾ ചേർന്ന ബഹുജൻ ലെഫ്റ്റ് ഫ്രണ്ടിന്റെ ഭാഗമാണ് സിപിഎം.

മധ്യപ്രദേശിൽ 22 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചും ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് തിരിച്ചടിയായി അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയും മായാവതി വേറിട്ടൊരു നിലപാടെടുത്തത് സഖ്യചർച്ചകളെ വഴിമുട്ടിച്ചു. കോൺഗ്രസ്സിന് ഉറച്ച വിജയസാധ്യതയുള്ള സീറ്റുകൾപോലും ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ടാണ് മധ്യപ്രദേശിൽ മായാവതി സീറ്റുകൾ പ്രഖ്യാപിച്ചത്. ഇത് ചർച്ചകളുടെ സാധ്യതപോലും ഇല്ലാതാക്കി. തുടർന്ന് കോൺഗ്രസ്സുമായി മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യമില്ലെന്ന് മായാവതി പ്രഖ്യാപിക്കുകായിരുന്നു. രാജസ്ഥാനിൽ കോൺഗ്രസ് ബിഎസ്‌പിയുമായി സഖ്യമാഗ്രഹിച്ചിരുന്നില്ലെന്നതാണ് വാസ്തവം.

എന്നാൽ, ബിഎസ്‌പിയുമായി കൂട്ടുകൂടുന്നതിൽ മധ്യപ്രദേശ് കോൺഗ്രസ് നേതൃത്വവും ഹൈക്കമാൻഡും തമ്മിൽ വലിയ അന്തരം നിലനിന്നിരുന്നുവെന്നതാണ് യാഥാർഥ്യം. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ബിഎസ്‌പിയുമായി സഖ്യത്തിലേർപ്പെടുന്നത് അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നായിരുന്നു രാഹുലിന്റെ കണക്കുകൂട്ടൽ. എന്നാൽ, മായാവതിയുമായി കൂട്ടുചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് അപ്രായോഗികമാണെന്നായിരുന്നു മധ്യപ്രദേശ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

50 സീറ്റാണ് തുടക്കത്തിൽ ബിഎസ്‌പി ആവശ്യപ്പെട്ടത്. ഇതിൽ പലതും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ സിറ്റിങ് സീറ്റുകളായിരുന്നു. ചർച്ചകൾക്കുശേഷം 30 സീറ്റിലേക്കൊതുങ്ങാൻ തയ്യാറായെങ്കിലും ബിഎസ്‌പി ആവശ്യപ്പെട്ട സീറ്റുകളെച്ചൊല്ലി ഭിന്നത നിലനിന്നു. 2013-ൽ വളരെക്കുറവ് വോട്ടുകൾ മാത്രം ലഭിച്ച സീറ്റുകളാണ് ബിഎസ്‌പി ഇക്കുറിയും ആവശ്യപ്പെട്ടിരുന്നത്. ഈ സീറ്റുകളിൽ ബിഎസ്‌പി മത്സരിക്കുന്നത് ബിജെപിയുടെ വിജയസാധ്യത കൂട്ടുക മാത്രമേ ചെയ്യൂവെന്ന് കോൺഗ്രസ്സിന്റെ ഡേറ്റ അനാലിസിസ് വിഭാഗം വിലയിരുത്തി. എന്നാൽ, മായവതി ഇതിനുവഴങ്ങാൻ തയ്യാറാകാതെ വന്നതോടെ സഖ്യം പൊളിയുകയായിരുന്നു.

രാജസ്ഥാനിൽ സഖ്യ സാധ്യതകൾ ബിഎസ്‌പിയും എസ്‌പിയും ആരാഞ്ഞെങ്കിലും സഖ്യത്തിനില്ലെന്നു കോൺഗ്രസ് ഉറച്ച നിലപാടെടുത്തു. പട്ടികവിഭാഗ സാന്നിധ്യമുള്ള സംസ്ഥാനത്തെ കിഴക്കൻ ജില്ലകളിൽ ബിഎസ്‌പിക്കു സ്വാധീനമുണ്ട്. ഗംഗാനഗർ, ഹനുമാൻഗഡ് ജില്ലകളിലും പ്രതീക്ഷ വയ്ക്കുന്നു. 1990 മുതൽ രാജസ്ഥാനിൽ മൽസരിക്കുന്നബിഎസ്‌പി 2008ൽ ആറു സീറ്റുകൾ നേടി. കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികൾ രൂപീകരിച്ച മൂന്നാം മുന്നണിയിൽ (രാജസ്ഥാൻ ജനാധിപത്യ മുന്നണി) ചേരുന്നതും ബിഎസ്‌പി പരിഗണിക്കുന്നു.

തെലങ്കാനയിലും രാജസ്ഥാനിലും തിരഞ്ഞെടുപ്പിനു രണ്ടു മാസം നീണ്ടുനിവർന്നു കിടക്കുമ്പോൾ, പ്രാദേശികനേതാക്കൾക്കും വേണ്ടവിധം പ്രയോജനപ്പെടുത്താൻ ധാരാളം സമയം മുന്നിലുണ്ട്. രാജസ്ഥാനിൽ ഡിസംബർ ഏഴിനു തിരഞ്ഞെടുപ്പു വച്ചത് ബിജെപി നേതാക്കൾ മുഖ്യ സ്ഥാനാർത്ഥികളായുള്ള സംസ്ഥാനങ്ങളിലെല്ലാം മോദിയുടെ തീവ്രപ്രചാരണത്തിന് അവസരമൊരുക്കാനാണെന്നു പ്രതിപക്ഷം ആരോപിക്കുമ്പോൾ കമ്മിഷനു പറഞ്ഞുനിൽക്കാൻ മറ്റൊന്നുണ്ട് രാജസ്ഥാനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസിനും അത്രയും തന്നെ സമയം കിട്ടുന്നുണ്ട്. ഛത്തീസ്‌ഗഡിലാകട്ടെ ഇരുകൂട്ടർക്കും കിട്ടുന്നതു താരതമ്യേന ചെറിയ സമയമാണു താനും.

അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമി ഫൈനലെന്നു വിളിക്കാവുന്ന ഈ തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും അത്യന്തം നിർണായകം. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും രണ്ടു ദേശീയ പാർട്ടികൾ നേർക്കുനേർ ഏറ്റമുട്ടുന്ന 65 സീറ്റുകളിൽ 83 ലോക്‌സഭ മണ്ഡലങ്ങളും ഉൾപ്പെടുന്നു. ഇതിൽ 59 സീറ്റുകളും ബിജെപിയുടെ കയ്യിലാണ്.

രമൺ സിങ് (2003 മുതൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി), ശിവരാജ് ചൗഹാൻ (2005 മുതൽ മധ്യപ്രദേശ് മുഖ്യമന്ത്രി), വസുന്ധര രാജെ (അഞ്ചു വർഷം വീതമുള്ള രണ്ടു തവണ രാജസ്ഥാൻ മുഖ്യമന്ത്രി) തുടങ്ങിയവരെപ്പോലെ പയറ്റിത്തെളിഞ്ഞ നേതാക്കളാണ് ഇവിടങ്ങളിൽ ബിജെപിയുടെ കരുത്തെങ്കിൽ യുവനേതാക്കളെ രംഗത്തിറക്കിയാണു രാഹുൽ ഗാന്ധിയുടെ പോരാട്ടം.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ്; മധ്യപ്രദേശിൽ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ; ഛത്തീസ്‌ഗഡിൽ ടി.എസ്. സിങ്ദിയോ, ഭൂപേഷ് ബാഗേൽ. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്നനേതാവുമായ അശോക് ഗെലോട്ടിന് കോൺഗ്രസ് ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള ചുമതലകൾകൂടി നൽകിയപ്പോൾ, മധ്യപ്രദേശിലെ മുതിർന്ന നേതാവ് ദിഗ്‌വിജയ സിങ്ങിനു പ്രചാരണസമിതി അധ്യക്ഷന്റെ ചുമതലയാണ്.

ഇന്ധന വിലക്കയറ്റവും രൂപയുടെ വിലയിടിവും മൂലം സമ്പദ്വ്യവസ്ഥ ചാഞ്ചാടുന്ന പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പ്. നോട്ട് നിരോധനം അടക്കം സാമ്പത്തികരംഗത്തെ കെടുകാര്യസ്ഥതയും വിലക്കയറ്റവും മൂലം സാധാരണക്കാർ നേരിടുന്ന ദുരിതങ്ങളാണു കോൺഗ്രസ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. ബിജെപിയാകട്ടെ, അവർ ഭരിക്കുന്ന ഈ മൂന്നു സംസ്ഥാനങ്ങളിലുമുള്ള രാഷ്ട്രീയ സ്ഥിരതയും അവിടെ നടപ്പാക്കിയിട്ടുള്ള ക്ഷേമപദ്ധതികളും അടിവരയിട്ടു പറയുന്നു.

ഭരണവിരുദ്ധ വികാരം കോൺഗ്രസിന് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് യുപിഎ സഖ്യം. ഇതിന് പുറമേ നരേന്ദ്ര മോദിയോടുള്ള മതിപ്പ് ജനങ്ങൾക്കിടയിൽ ഇടിയുകയും രാഹുൽ ഗാന്ധിയുടെ സ്വീകാര്യത ജനങ്ങൾക്കിടയിൽ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടുനിരോധനത്തിലെ പാളിച്ചകൾ, തൊഴിലില്ലായ്മ, പെട്രോൾ, ഡീസൽ വിലവർധന, ജിഎസ്ടി പ്രതിസന്ധി, കർഷകസമരങ്ങൾ, ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ തുടങ്ങിയവ എല്ലാം കോൺഗ്രസിന് അനുകൂലമായിട്ടുണ്ട്. അതേസമയം മോദി പ്രഭാവം, ശക്തമായ പാർട്ടി സംവിധാനം, സാമ്പത്തിക പിൻബലം, ശക്തമായ പ്രദേശിക നേതൃത്വം, പ്രതിപക്ഷ അനൈക്യം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ബിജെപിയും അങ്കത്തിനിറങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP