Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോബർട്ട് വാദ്രയും ഷീലാ ദീക്ഷിത്തും വഴങ്ങിയിട്ടും അനിശ്ചിതത്വം; കൂട്ടൂകൂടാൻ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന വാശിയിൽ ആംആദ്മി; ഡൽഹിയിലെ ഏഴ് സീറ്റും ബിജെപിയുടെ കാൽചുവട്ടിൽ ആകാതിരിക്കാൻ കെജ്രിവാളിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പിസി ചാക്കോ; കോൺഗ്രസും ആപ്പും ഇനിയും ധാരണയിലെത്തിയില്ല; തീരുമാനത്തിന് 24മണിക്കൂർ സമയം നൽകി കോൺഗ്രസ്; ഡൽഹിയിൽ ചിരിക്കുന്നത് ബിജെപി തന്നെ

റോബർട്ട് വാദ്രയും ഷീലാ ദീക്ഷിത്തും വഴങ്ങിയിട്ടും അനിശ്ചിതത്വം; കൂട്ടൂകൂടാൻ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന വാശിയിൽ ആംആദ്മി; ഡൽഹിയിലെ ഏഴ് സീറ്റും ബിജെപിയുടെ കാൽചുവട്ടിൽ ആകാതിരിക്കാൻ കെജ്രിവാളിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പിസി ചാക്കോ; കോൺഗ്രസും ആപ്പും ഇനിയും ധാരണയിലെത്തിയില്ല; തീരുമാനത്തിന് 24മണിക്കൂർ സമയം നൽകി കോൺഗ്രസ്; ഡൽഹിയിൽ ചിരിക്കുന്നത് ബിജെപി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ വിട്ടുവീഴ്ചയ്ക്ക് രാഹുൽ ഗാന്ധി തയ്യാറായപ്പോൾ കടുംപിടിത്തവുമായി ആംആദ്മി. ഇതോടെ ഡൽഹിയിൽ സഖ്യസാധ്യത വീണ്ടും പ്രതിസന്ധിയിലാവുകയാണ്. സഖ്യത്തിനു തയാറാണോയെന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നും ഇല്ലെങ്കിൽ സ്വന്തം നിലയ്ക്കു തീരുമാനമെടുക്കുമെന്നും എഎപിയോടു കോൺഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. സഖ്യമുണ്ടായേക്കില്ലെന്ന് എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങിന്റെ പ്രസ്താവനയും ചർച്ചയാണ്. സഖ്യത്തിന് ഏകദേശധാരണയായതിനു ശേഷം ഇരുകൂട്ടരും അകന്നതോടെ വീണ്ടും അനിശ്ചിതത്വം.

ഇന്നുവൈകിട്ടും എഎപി തീരുമാനം അറിയിച്ചില്ലെങ്കിൽ 7 സീറ്റിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്താനാണു കോൺഗ്രസ് നീക്കം. 4 സീറ്റ് എഎപിക്കും 3 എണ്ണം കോൺഗ്രസിനും എന്ന് ഏകദേശ ധാരണയായ ഘട്ടത്തിലാണു ഹരിയാനയിലും ചണ്ഡിഗഡിലും കൂടി സഖ്യം വേണമെന്ന ആവശ്യവുമായി എഎപി രംഗത്തെത്തിയതെന്നു ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോ പറഞ്ഞു. എന്നാൽ പഞ്ചാബിലും ഹരിയാനയിലും സഖ്യമില്ലെങ്കിൽ ഡൽഹിയിലെ കാര്യം നടക്കില്ലെന്നാണു സഞ്ജയ് സിങ് പറയുന്നത്. സർവ്വത്ര അനിശ്ചിതത്വമാണ് സഖ്യകാര്യത്തിൽ നിലനിൽക്കുന്നത്. പഞ്ചാബിൽ കോൺഗ്രസ് അതിശക്തരാണ്. അതുകൊണ്ട് തന്നെ അവിടെ തൂത്തുവാരാൻ കഴിയും. ഈ സാഹചര്യത്തിലാണ് ആംആദ്മിയെ പഞ്ചാബിൽ ഒഴിവാക്കുന്നത്.

ഹരിയാനയിൽ ബിജെപിക്ക് മുൻതൂക്കമുണ്ട്. കോൺഗ്രസും ആം ആദ്മിയും ഒരുമിച്ചാൽ ഇത് തകരും. എന്നാൽ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ ഇതിന് തയ്യാറല്ല. ഡൽഹിയിൽ ഷീലാ ദീക്ഷിത്തിനെ അനുനയിപ്പിച്ചാണ് സഖ്യത്തിന് രാഹുൽ പച്ചക്കൊടി കാട്ടിയത്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയും സഖ്യത്തിന് എതിരായിരുന്നു. എന്നാൽ ഏഴ് സീറ്റിലും ബിജെപി ജയിക്കുന്ന സാഹ്യചര്യം ഒഴിവാക്കാൻ ആംആദ്മിയെ കൂടെ കൂട്ടണമെന്ന് പിസി ചാക്കോ നിലപാട് എടുത്തു. എകെ ആന്റണിയും ഇതിനെ പിന്തുണച്ചു. ഇതോടെയാണ് രാഹുൽ സഖ്യത്തിന് അനുമതി നൽകിയത്. ഇതിനിടെയാണ് പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണമെന്ന് ആംആദ്മി പറയുന്നത്.

ഡൽഹിയിലെ ആംആദ്മിയുടെ ശക്തിയിൽ കോൺഗ്രസ് ജയിക്കുമ്പോൾ പഞ്ചാബിൽ എന്തുകൊണ്ട് തിരിച്ചു സഹായിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സഖ്യത്തിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ അവസാന നിമിഷം ഡൽഹിയൽ സഖ്യം നിലവിൽ വരുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഡൽഹിയിലെ ആകെയുള്ള 7 സീറ്റിൽ 3 കോൺഗ്രസിന് എന്നാണു ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കുമെ്‌നും സൂചനയെത്തി. ഇതിനിടെയാണ് ഹരിയാനയും ഡൽഹിയും ഉയർത്തി അട്ടിമറി ശ്രമം ആംആദ്മി സജീവമാക്കിയത്. ബിജെപിയിലെ ചില നേതാക്കളുടെ ഇടപെടലാണ് ഇതിന് കാരണമെന്നും വിലയിരുത്തലുണ്ട്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമം.

ഡൽഹിയിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് മോദിക്ക് അനുകൂലമായ വിധിയെഴുത്തിന് കാരണമാകുമെന്ന് പിസി ചാക്കോ വിലയിരുത്തിയിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തും റോബർട്ട് വാദ്രയും ഇതിനെ എതിർത്തു. ഇതോടെ സഖ്യത്തിന് ആംആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തയ്യാറായിട്ടും ചർച്ചകൾ മുന്നോട്ട് പോയില്ല. എന്നാൽ ഡൽഹിയിൽ പരമാവധി സീറ്റ് നേടുകയെന്ന തന്ത്രം സ്വീകരിക്കാൻ ചാക്കോയുടെ സമ്മർദ്ദ ഫലമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിക്കുകയായിരുന്നു. ഇതോടെ വാദ്രയുടേയും ഷീലയുടേയും തന്ത്രങ്ങൾ പൊളിഞ്ഞു. ന്യൂഡൽഹി, ചാന്ദ്നി ചൗക്ക്, വടക്കു കിഴക്കൻ ഡൽഹി മണ്ഡലങ്ങൾ കോൺഗ്രസിനു ലഭിക്കുമെന്നാണു സൂചനയെത്തി. ബാക്കിയുള്ള 4 സീറ്റുകളിലും എഎപി മൽസരിക്കുമോ ഒരു സീറ്റിൽ പൊതു സ്വതന്ത്രനെ നിർത്തുമോ തുടങ്ങിയ കാര്യങ്ങളും തീരുമാനിക്കേണ്ടതുണ്ടായിരുന്നു.

ഡൽഹിയുടെ ചുമതലയുള്ള മുതിർന്ന നേതാവ് പി.സി. ചാക്കോയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണു പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് ഉൾപ്പെടെയുള്ളവർ അനുകൂല നിലപാടു സ്വീകരിച്ചത്. ഒരു ഘട്ടത്തിൽ ശഖ്യ ചർച്ചകളിൽ കോൺഗ്രസ് പിന്നോട്ടെന്ന് പ്രവർത്തകസമിതിയംഗം കൂടിയായ പി.സി ചാക്കോ വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ നയമില്ല. മോദി സർക്കാരിന്റെ രണ്ടാം വരവൊഴിവാക്കുന്നതിന് രാഹുൽ ഗാന്ധിക്ക് വേണ്ട പിന്തുണ നൽകാൻ സഖ്യചർച്ചകളുടെ ചുമതലയുള്ളവർ തയാറാവുന്നില്ലെന്ന് ചാക്കോ ആരോപിച്ചിരുന്നു. ഇതിന് പിന്നിലെ വ്യക്തി താൽപ്പര്യങ്ങൾ പൊളിച്ച് കാട്ടിയാണ് ചാക്കോ ഡൽഹിയിൽ സഖ്യം ഉറപ്പിച്ചത്.

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ പരമാവധി കക്ഷികളെ കൂടെനിർത്താൻ കോൺഗ്രസ് ശ്രമിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പാർട്ടി പിന്നോട്ടാണെന്ന് പിസി.ചാക്കോ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തെ സഹായിക്കേണ്ട നേതാക്കൾ നിസംഗത പാലിക്കുകയാണെന്ന് ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP