Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ വികസന മോഡൽ രാജ്യത്തെ തകർക്കുന്നു; മെയ്‌ക്ക് ഇൻ ഇന്ത്യ കർഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള ഗുജറാത്ത് മോഡൽ തന്ത്രം; ലക്ഷങ്ങൾ അണിനിരന്ന കർഷക റാലിയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മോദിയുടെ വികസന മോഡൽ രാജ്യത്തെ തകർക്കുന്നു; മെയ്‌ക്ക് ഇൻ ഇന്ത്യ കർഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള ഗുജറാത്ത് മോഡൽ തന്ത്രം; ലക്ഷങ്ങൾ അണിനിരന്ന കർഷക റാലിയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രണ്ട് മാസത്തിനടുത്തുള്ള അജ്ഞാതവാസത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ പൊതുറാലിയിൽ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് രംഗത്തെത്തി. മോദിയുടെ ഭരണം കുത്തകകൾക്ക് വേണ്ടിയാണെന്നും കർഷക വിരുദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് രാംലീലയിൽ ലക്ഷങ്ങൾ അണിനിരന്ന കർഷകറാലിയെ രാഹുൽ അഭിസംബോധന ചെയ്തത്. ഗുജറാത്ത് മോഡൽ നടപ്പിലാക്കാമെന്ന് കുത്തകകൾക്ക് വാക്കു നൽകിയാണ് മോദി പ്രധാനമന്ത്രിയായതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കർഷകരുടെ ഭൂമി കുത്തകൾക്ക് നൽകുന്നത് വഴി രാജ്യത്തിന്റെ അടിത്തറ തകർക്കുന്ന പ്രവൃത്തിയിലാണ് മോദി ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ഭൂമിയേറ്റെടുക്കൽ നിയമഭേഗദതി പാസ്സാക്കാൻ അനുവദിക്കില്ലെന്നും ഡൽഹിയിലെ കർഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

ലോകം മുഴുവൻ ചുറ്റി പ്രധാനമന്ത്രി ആഘോഷിക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതിയെയും രാഹുൽ വിമർശിച്ചു. കർഷകരുടെ ഭൂമി തട്ടിയെടുക്കാനുള്ള ഗുജറാത്ത് മോഡൽ തന്ത്രമാണ് മേക്ക് ഇൻ ഇന്ത്യയിലൂടെ നടക്കുന്നത്. കർഷകരെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്ക് താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കർഷകരെയും തൊഴിലാളികളെയും മറന്നു. രാജ്യത്ത് കർഷകർ ഏറെ ആശങ്കയിലാണ്. കർഷകരെ തഴഞ്ഞ് കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാറാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന തോന്നലാണ് ഇപ്പോൾ ഇന്ത്യയിലെ കർഷകർക്കുള്ളത്. യുപിഎ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ കർഷകർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തിരുന്നുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ അവകാശപ്പെട്ടു.

മോദിയുടെ ഭരണത്തിന് കീഴിൽ കർഷകർ ഭയന്നുകൊണ്ടാണ് ജീവിക്കുന്നത്. സ്വന്തം മണ്ണിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. നാളെ എന്താകുമെന്ന് അറിയില്ല. കർഷകരുടെ അവകാശത്തിനായി ഞാൻ പോരാടും. 2013ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ഭൂമിഏറ്റെടുക്കൽ ബില്ലിൽ മോദി സർക്കാർ കൊണ്ടുവന്ന മാറ്റം കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കർഷകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവെന്നും രാഹുൽ ആരോപിച്ചു.

ഇന്ത്യയിലെ ജനങ്ങളുടെ കണ്ണുനീർ ഒപ്പാൻ തനിക്ക് സാധിച്ചുവെന്ന് വിദേശ രാജ്യങ്ങളിൽ പോയി മോദി പറയുന്നുണ്ട്. എന്നാൽ ഇതു കാണുമ്പോൾ സത്യത്തിൽ സങ്കടമാണ് വരുന്നത്. അദ്ദേഹം പ്രധാനമന്ത്രി പദത്തിനും സ്വന്തംനിലയിലും നീതിനൽകുന്നില്ല. കർഷകരെ അവരുടെ ഭൂമിവിൽക്കേണ്ട അവസ്ഥയിൽ എത്തിച്ചു. നമ്മൾക്ക് വികസനവും വലിയ നിർമ്മാണ മേഖലയും വേണം എന്നാൽ അവർക്കൊപ്പം കർഷകരെയും അവരുടെ കുട്ടികളെയും വേണം - രാഹുൽ പറഞ്ഞു.

ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന റാലിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പങ്കെടുത്തു. 57 ദിവസത്തെ അവധിക്ക് ശേഷം രാഹുൽ ഗാന്ധി ആദ്യമായി പങ്കെടുത്ത പൊതുപരിപാടി കൂടിയാണിത്. കോൺഗ്രസിനെ സംബന്ധിച്ച് മോദി സർക്കാരിനെതിരായി കരുത്തുതെളിയിക്കേണ്ട റാലിയായിരുന്നു കിസാൻ ഖേത് മസ്ദൂർ റാലി. പ്രതിഷേധ റാലിയിൽ ഒരുലക്ഷത്തോളം പേർ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള കർഷകരെ പങ്കെടുപ്പിക്കുന്നതിന് കോൺഗ്രസ് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

അതേസമയം നരേന്ദ്ര മോദിയെ കടന്നാക്രമിച്ച കോൺഗ്രസ് ഉപാധ്യക്ഷനെ വിമർശിച്ച് കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. മോദിക്കെതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപത്തിന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. വഡോദര ഉൾപ്പെട്ട സ്ഥല ഇടപാടുകളെക്കുറിച്ച് രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP