Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത്ഷാ ദേശീയ രാഷ്ട്രീയത്തിൽ പിടി മുറുക്കിയതോടെ പ്രതിപക്ഷ എംഎൽഎമാരെ പിടിക്കുന്നത് കൂടടച്ച്; ഉപതെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇടയുള്ളിടങ്ങളിൽ രാജി വെപ്പിച്ചു അട്ടിമറി; മൂന്നിൽ രണ്ടുപേർ കൂറുമാറിയാൽ നിയമം ബാധകമല്ല എന്ന ഭേദഗതിയോടെ കൂറുമാറ്റ നിരോധന നിയമം കൊണ്ടു വന്നപ്പോൾ അവസാനിച്ചെന്ന് കരുതിയ കുതിരക്കച്ചവടം ഇപ്പോൾ തഴയ്ക്കുന്നത് കൂട്ട കൂറുമാറ്റത്തോടെ: കോൺഗ്രസിന് പുറമേ കൂറൂമാറ്റത്തിൽ തകരാൻ ഒരുങ്ങി തെലുങ്കുദേശവും തൃണമൂൽ കോൺഗ്രസും

അമിത്ഷാ ദേശീയ രാഷ്ട്രീയത്തിൽ പിടി മുറുക്കിയതോടെ പ്രതിപക്ഷ എംഎൽഎമാരെ പിടിക്കുന്നത് കൂടടച്ച്; ഉപതെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇടയുള്ളിടങ്ങളിൽ രാജി വെപ്പിച്ചു അട്ടിമറി; മൂന്നിൽ രണ്ടുപേർ കൂറുമാറിയാൽ നിയമം ബാധകമല്ല എന്ന ഭേദഗതിയോടെ കൂറുമാറ്റ നിരോധന നിയമം കൊണ്ടു വന്നപ്പോൾ അവസാനിച്ചെന്ന് കരുതിയ കുതിരക്കച്ചവടം ഇപ്പോൾ തഴയ്ക്കുന്നത് കൂട്ട കൂറുമാറ്റത്തോടെ: കോൺഗ്രസിന് പുറമേ കൂറൂമാറ്റത്തിൽ തകരാൻ ഒരുങ്ങി തെലുങ്കുദേശവും തൃണമൂൽ കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് എംപിമാരും എംഎൽഎമാരും ബിജെപിയിലേക്ക് ഒഴുകിയത് കൂട്ടത്തോടെയാണ്. അമിത്ഷാ ബിജെപിയുടെ ദേശീയ രാഷ്ട്രീയത്തിൽ പിടിമുറുക്കിയ ശേഷമുള്ള പതിവു കാഴ്‌ച്ചയായി മാറിയിരുന്നു ഇത്. പണവും സ്ഥാനമാനങ്ങളും നൽകി കൊണ്ടുള്ള പവർപൊളിട്ടിക്‌സാണ് ബിജെപി പയറ്റിയത്. ഏറ്റവും ഒടുവിൽ ഈ കുതിരക്കച്ചവടത്തിന്റെ ഏറ്റവും വലിയ തെളിവായി മാറുന്നത് കർണാടകയും ഗോവയുമാണ്. ഗോവയിൽ കൂട്ടത്തോടെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നെങ്കിൽ കർണാടകത്തിൽ കോൺഗ്രസ് എംഎൽഎമാരെ രാജിവെപ്പിച്ച് മറുകണ്ടം ചാടിക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. പണവും പ്രതാപവും നഷ്ടമായ കോൺഗ്രസ് ആകട്ടെ ഇനി ഒരു തിരിച്ചുവരവിന് ശേഷിയില്ലാത്ത വിധത്തിൽ തകർന്നടിഞ്ഞു കഴിഞ്ഞു.

രാഷ്ട്രീയ ധാർമ്മികത പുലർത്താൻ വേണ്ടി കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമത്തെ നോക്കുകുത്തി ആക്കിയാണ് ഇപ്പോൾ കാലമാറ്റങ്ങൾ നടക്കുന്നത് എന്നതാണ് പ്രത്യേകത. കോൺഗ്രസ് മാത്രമല്ല, ആന്ധ്രാപ്രദേശിൽ തെലുഗുദേശവും ബംഗാളിൽ തൃണമൂൽ കോൺഗ്രസും കൂറുമാറ്റ ഭീഷണിയെ നേരിടുകയാണ്. തെലുങ്കാനയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ടിആർഎസിൽ ചേർന്നത് അടുത്തിടെയാണ്. മാത്രമല്ല, ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയിൽ ഉള്ളവർ കൂട്ടത്തോടെയാണ് ബിജെപിയിലേക്ക് ചേരുന്നത്. ഇവിടെയെല്ലാം നിയമം നോക്കുകുത്തിയായി തുടരുന്ന അവസ്ഥയാണുള്ളത്.

1985ൽ രാജീവ് ഗാന്ധി സർക്കാർ കൊണ്ടു വന്ന കൂറുമാറ്റ നിരോധന നിയമം 2003ൽ ഭേദഗതി ചെയ്തു ശക്തിപ്പെടുത്തിയെങ്കിലും അതൊന്നും ജനപ്രതിനിധികൾ കൂറുമാറുന്നതിനു തടസ്സമാകുന്നില്ല. ഒരു കക്ഷിയിലെ മൂന്നിൽ രണ്ടു പേർ കാലു മാറിയാൽ അതു കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത കൽപിക്കാൻ കാരണമാകുന്നില്ല എന്നു ഭേദഗതി കൊണ്ടു വന്നപ്പോൾ ഇത്രയും പേർ ഒരുമിച്ചു കാലുമാറില്ല എന്നാവാം നിയമം പാസാക്കിയവർ കരുതിയത്. എന്നാൽ, ഇപ്പോൾ കൂട്ടത്തോടെ തന്നെയാണ് നേതാക്കളെ കാലുമാറ്റുന്നത്.

എന്നാൽ കൂട്ടത്തോടെയുള്ള കൂറുമാറ്റം അരുണാചൽ, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ, നാഗാലാൻഡ് എന്നിവിടങ്ങളിലുണ്ടായി. കോൺഗ്രസിനെ ക്ഷീണിപ്പിക്കാനുള്ള ശ്രമം ബിജെപി മാത്രമല്ല നടത്തുന്നത്. തെലങ്കാനയിൽ 12 കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയത് തെലങ്കാന രാഷ്ട്രസമിതിയിലേക്കാണ്. തെലുഗുദേശം, തൃണമൂൽ കോൺഗ്രസ് എന്നിവയിൽനിന്നും ബിജെപിയിലേക്ക് കാലുമാറ്റം നടക്കുന്നുണ്ട്. കോൺഗ്രസിനുള്ള ഭരണമുള്ള 5 സംസ്ഥാനങ്ങളിൽ കർണാടക ഏതു നിമിഷവും നഷ്ടപ്പെടാം. മധ്യപ്രദേശിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. രാജസ്ഥാനിൽ പാർട്ടി ഗുരുതരമായ ആഭ്യന്തര കലഹങ്ങളിലാണ്. പഞ്ചാബ് മാത്രമാണു കോൺഗ്രസ് കാര്യമായ ഭീഷണിയെന്നും നേരിടാത്ത സംസ്ഥാനം.

നയിക്കാൻ ഒരു പ്രസിഡന്റ് ഇല്ലാത്ത നിലയിൽ പെട്ടെന്ന് ഒരു തീരുമാനവും കൈക്കൊള്ളാൻ പാർട്ടിക്കു കഴിയുന്നില്ല. ഈ പശ്ചാത്തലത്തിൽ കോൺഗ്രസിന് അവരുടെ ജനപ്രതിനിധികളെ തടഞ്ഞു നിർത്താനുള്ള ആത്മവീര്യമോ സംഘടനാ സംവിധാനമോ ഇല്ല. കൂറുമാറ്റവും കാലുമാറ്റവും പ്രോത്സാഹിപ്പിക്കുക വഴി രാഷ്ട്രീയത്തിലെ ധാർമികതയെ ബിജെപി ബലികഴിക്കുകയാണ് എന്നു കോൺഗ്രസ് കുറ്റപ്പെടുത്തുമ്പോൾ സ്വന്തം നേതാക്കൾ കൊഴിഞ്ഞു പോകുന്നതു തടയാൻ അവർക്കു കഴിയുന്നില്ല.

പണവും പദവിയുമൊക്കെ തന്നെയാണ് കൂറുമാറ്റത്തിന് പ്രധാന കാര്യമായി മാറുന്നത്. കോൺഗ്രസിൽ നിന്ന് രാജി വച്ച് ഒരു ദിവസത്തിനകം, ബിജെപി പ്രവർത്തനാധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിക്കുകയാണ് ഗോവയിലെ എംഎൽഎമാർ ചെയ്തത്. ഇവരെ ഉൾപ്പെടുത്തി ദിവസങ്ങൾക്കകം ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കർണാടകത്തിൽ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായി തുടരവെയാണ്, നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കോൺഗ്രസിലെ മൂന്നിൽ രണ്ട് എംഎൽഎമാരും (15ൽ പത്ത് പേരും) പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയിൽ ചേരുകയാണെന്ന് സ്പീക്കർക്ക് കത്ത് നൽകിയത്.

ഒരു പാർട്ടിയെ മൂന്നിൽ രണ്ട് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജി വച്ചാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. അതല്ലെങ്കിൽ രാജി നിർബന്ധപൂർവമാണെന്ന് സ്പീക്കർക്ക് ബോധ്യപ്പെടണം. ഇതോടെ, രാജിക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോൺഗ്രസിന് മുന്നിൽ വാതിലുകളടഞ്ഞു. എംഎൽഎമാരുടെ കൂട്ടക്കൂറുമാറ്റത്തോടെ, 40 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 27 ആയി. 17 അംഗങ്ങളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. 2017-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ കിട്ടിയ കോൺഗ്രസിനാകട്ടെ, ഇപ്പോൾ അംഗബലം വെറും 5 പേർ മാത്രമാണ്. ഇവരാണ് ഇന് ഗോവയിലെ കോൺഗ്രസിനെ നയിക്കേണ്ടവർ.

എങ്കിലും, എംഎൽഎമാരുടെ കൂറുമാറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഗോവ മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫ്രാൻസിസ്‌കോ സർഡിഞ്ഞ പറഞ്ഞത്. ''ബിജെപി നടത്തുന്നത് കുതിരക്കച്ചവടമല്ല, ആനക്കച്ചവടമാണ്'', സർഡിഞ്ഞ പറഞ്ഞു. എംഎൽഎമാരുടെ രാജിക്കെതിരെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ആനന്ദ് ശർമയുമടക്കമുള്ള നേതാക്കൾ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ''ജനാധിപത്യം സംരക്ഷിക്കുക'' എന്ന ബോർഡും പിടിച്ച് പ്രതിഷേധിച്ചു. ആനന്ദ് ശർമ രാജ്യസഭയിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി എ ചെല്ലകുമാർ ഈ നാടകീയ സംഭവങ്ങൾക്കെല്ലാം ശേഷം, പ്രശ്‌നങ്ങളെന്താണെന്ന് പഠിക്കാൻ പനാജിയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ള അഞ്ചംഗങ്ങളുമായി ചർച്ച ചെയ്ത് തുടർ നീക്കങ്ങളെങ്ങനെയാകണമെന്ന കാര്യങ്ങൾ ചെല്ലകുമാർ തീരുമാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP