Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാർട്ടിയെ വളർത്താൻ ചെറുവിരൽ അനക്കില്ലെങ്കിലും സ്ഥാനമോഹികൾക്ക് കോൺഗ്രസിൽ യാതൊരു കുറവുമില്ല; ഈ വർഷം ഒഴിവു വരുന്ന രാജ്യസഭാ സീറ്റു പിടിക്കാൻ കോൺഗ്രസിൽ ചരടുവലി തുടങ്ങി; സീറ്റുകളിൽ കണ്ണുവെച്ച് ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവർ; മുതിർന്നവർ മാറി നിൽക്കണമെന്ന ആവശ്യവും ശക്തം; സർപ്രൈസായി പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിൽ എത്തിക്കാനും കരുനീക്കങ്ങൾ

പാർട്ടിയെ വളർത്താൻ ചെറുവിരൽ അനക്കില്ലെങ്കിലും സ്ഥാനമോഹികൾക്ക് കോൺഗ്രസിൽ യാതൊരു കുറവുമില്ല; ഈ വർഷം ഒഴിവു വരുന്ന രാജ്യസഭാ സീറ്റു പിടിക്കാൻ കോൺഗ്രസിൽ ചരടുവലി തുടങ്ങി; സീറ്റുകളിൽ കണ്ണുവെച്ച് ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവർ; മുതിർന്നവർ മാറി നിൽക്കണമെന്ന ആവശ്യവും ശക്തം; സർപ്രൈസായി പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിൽ എത്തിക്കാനും കരുനീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നതോടെ കോൺഗ്രസിന്റെ ഭാവിയെന്ത് എന്ന ചർച്ചകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവ ചോദ്യമായി ഉയർന്നിട്ടുണ്ട്. കോൺഗ്രസിനെ വളർത്തിയെടുക്കാൻ വേണ്ട പരിശ്രമങ്ങൾ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും അതിനൊന്നും പലരും ഒരുക്കമല്ല. അതേസമയം സ്ഥാനങ്ങൾ എങ്ങനെ ലഭിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഈവർഷം ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകൾ സ്വന്തമാക്കാൻ വേണ്ടിയുള്ള ചരടുവലികൾ കോൺഗ്രസിനുള്ളിൽ ശക്തമായിട്ടുണ്ട്.

ഈ വർഷം ഒഴിയുന്ന 68 സീറ്റുകളിൽ 19 എണ്ണം നിലവിൽ കോൺഗ്രസിന്റേതാണ്. എല്ലാവരെയും വീണ്ടും വിജയിപ്പിക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാൽ, ആരെയൊക്കെ അയയ്ക്കണമെന്ന കാര്യത്തിൽ ചർച്ച സജീവമായി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നായി 8 സീറ്റുകൾ വിജയിക്കാമെന്നാണു കണക്കുകൂട്ടൽ. ഒഴിവുവരുന്ന ആന്ധ്ര, തെലങ്കാന, മേഘാലയ, അസം, യുപി എന്നിവിടങ്ങളിൽ കാര്യമായ പ്രതീക്ഷയില്ല.

മുതിർന്ന നേതാക്കളായ മോത്തിലാൽ വോറ, മധുസൂദൻ മിസ്ത്രി, കുമാരി ഷെൽജ, ദിഗ്‌വിജയ് സിങ്, ബി.കെ. ഹരിപ്രസാദ്, എം വി രാജീവ് ഗൗഡ, രാജ് ബബ്ബർ, പി.എൽ. പുനിയ എന്നിവരുടെ കാലാവധി വരും മാസങ്ങളിൽ അവസാനിക്കും. സീറ്റുകൾ മുഴുവൻ മുതിർന്നവർക്കു നൽകുന്നതിനെ ഒരു വിഭാഗം എതിർക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിങ് സുർജേവാല, ആർ.പി.എൻ. സിങ് എന്നിവർ സീറ്റിനു രംഗത്തുണ്ട്.

പാർട്ടി അധികാരത്തിലുള്ള മധ്യപ്രദേശിൽ നിന്നു ദിഗ്‌വിജയ് സിങ്ങിനെയും സിന്ധ്യയെയും ജയിപ്പിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. അതിനിടെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മധ്യപ്രദേശിൽ നിന്നു രാജ്യസഭയിലേക്ക് അയയ്ക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. മുൻ പിസിസി പ്രസിഡന്റ് അരുൺ യാദവ് അടക്കമുള്ള സംസ്ഥാന നേതാക്കളാണ് ഈ ആവശ്യം ഉയർത്തിയത്.

പ്രിയങ്ക പാർലമെന്ററി രംഗത്തേക്ക് കടന്നു വരണമെന്ന് കോൺഗ്രസ് പ്രവർത്തകരുടെ ഏറെ നാളായുള്ള ആവശ്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കത്ത് വരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം വരെയുണ്ടായി. അജയ് റായൽ സ്ഥാനാർത്ഥി ആയതോടെയാണ് ആഭ്യൂഹത്തിനു വിരാമമായത്. അപ്പോഴും പ്രിയങ്ക പാർലമെന്ററി രംഗത്തേക്ക് കടന്നു വരണമെന്ന ആവശ്യം ശക്തമായിതുടർന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കാനുള്ള ചർച്ചകൾ സജീവമായെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

ഛത്തിസ്ഗഡിൽ നിന്നോ മധ്യപ്രദേശിൽ നിന്നോ രാജ്യസഭയിലേക്ക് അയക്കാനാണ് നീക്കം. കോൺഗ്രസിന് മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ള ഛത്തിസ്ഗഡിൽ ഏപ്രിലിൽ രണ്ടു സീറ്റുകൾ ഒഴിയും. മധ്യപ്രദേശിൽ മൂന്നും. ഇരു സംസ്ഥാനങ്ങളിൽ നിന്നും രണ്ടുവീതം പേരെ ഉപരിസഭയിൽ എത്തിക്കാൻ കോൺഗ്രസിന് സാധിക്കും. പ്രിയങ്കയുടെ സാന്നിധ്യം എൻഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പാർട്ടിക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് കണക്കുകൂട്ടൽ. രാജ്യസഭാ പ്രവേശനം തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും നേതൃത്വം വിലയിരുത്തുന്നു.

നിലവിൽ കിഴക്കൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ പ്രിയങ്ക സംസ്ഥാനത്തെ വിവിധ വിഷയങ്ങളിൽ ഇടപെട്ട് സജീവമായി രംഗത്തുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവരുടെ വീടുകൾ സന്ദർശിച്ചും പാർട്ടിയെ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് അവർ. അതേസമയം രാജ്യസഭയിൽ പ്രിയങ്ക എത്തുന്നത് ആത്മഹത്യാപരമാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP