Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന നിമിഷവും മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാനാകാതെ ഡൽഹി കോൺഗ്രസ്; എഎപി-കോൺഗ്രസ് സഖ്യനീക്കം പാളിയ ഡൽഹിയിൽ ജനവിധി തേടി ഷീലാ ദീക്ഷിതും; കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിന് ജീവൻ നിലനിർത്താനുള്ള ശ്രമത്തിൽ കരുതലോടെ ചുവടു വെച്ച് നേതൃത്വം

അവസാന നിമിഷവും മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാനാകാതെ ഡൽഹി കോൺഗ്രസ്; എഎപി-കോൺഗ്രസ് സഖ്യനീക്കം പാളിയ ഡൽഹിയിൽ ജനവിധി തേടി ഷീലാ ദീക്ഷിതും; കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിന് ജീവൻ നിലനിർത്താനുള്ള ശ്രമത്തിൽ കരുതലോടെ ചുവടു വെച്ച് നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും സീറ്റു നൽകി കോൺഗ്രസ് ഡൽഹിയിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യസാധ്യത ഇല്ലാതയോടെയാണ് ആകെയുള്ള ഏഴു സീറ്റുകളിൽ ആറിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നുമാണ് ഷീലാ ദീക്ഷിത് ജനവിധി തേടുന്നത്. ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ഷീല ദീക്ഷിത് നിലവിൽ ഡൽഹി പിസിസി അധ്യക്ഷയാണ്. ഷീലാ ദീക്ഷിതിനോട് ഇഷ്ടമുള്ള സീറ്റിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. അവർ ഈസ്റ്റ് ഡൽഹിയിൽ മത്സരിക്കും എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നോർത്ത് ഈസ്റ്റ് ഡൽഹിയിലാണ് അവർ മത്സരിക്കാൻ തെരഞ്ഞെടുത്തത്.

മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ- ചാന്ദ്‌നി ചൗക്ക് - ജെപി അഗർവാൾ, ഈസ്റ്റ് ഡൽഹി- അരവിന്ദർ സിങ് ലൗലി, ന്യൂഡൽഹി-അജയ് മാക്കൻ, നോർത്ത് വെസ്റ്റ് ഡൽഹി- രാജേഷ് ലിലോത്തിയ, വെസ്റ്റ് ഡൽഹി-മഹാബൽ മിശ്ര. മുൻകേന്ദ്രമന്ത്രി കൂടിയായ കപിൽ സിബൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയരുന്നുവെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിൽ അദ്ദേഹം മത്സരത്തിൽ നിന്നും മാറി നിന്നുവെന്നാണ് വിവരം.

സൗത്ത് ഡൽഹി സീറ്റിൽ മാത്രമാണ് ഇനി കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. ഇവിടെ രമേശ് കുമാറിനെ പാർട്ടി സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല് 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ ആരോപണവിധേയനായ സജ്ജൻ കുമാറിന്റെ സഹോദരനായ രമേശ് കുമാറിനെ സ്ഥാനാർത്ഥിയാക്കുന്നത് സിഖ് വിഭാഗത്തിൽ അതൃപ്തി ഉണ്ടാക്കിയതിനെ തുടർന്ന് തീരുമാനം നീട്ടിവച്ചതായി റിപ്പോർട്ടുകളുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് രണ്ട് ദിവസം കൂടി ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ നാളെ തന്നെ സൗത്ത് ഡൽഹിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിന് കോൺഗ്രസ്-എഎപി പാർട്ടികൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ഡൽഹിക്ക് പുറമേ ഹരിയാനയിലും പഞ്ചാബിലും കൂടി സഖ്യം വേണമെന്നതായിരുന്നു ആം ആദ്മി പാർട്ടിയുടെ നിലപാട്. മൂന്നിടങ്ങളിലും സഖ്യം രൂപീകരിക്കാൻ സാധിച്ചാൽ ഇരു പാർട്ടികൾക്കും വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നായിരുന്നു എഎപി നിലപാട്. എന്നാൽ ഈ ഫോർമുലയോട് കോൺഗ്രസ് നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കാഞ്ഞതിനാൽ സഖ്യ സാധ്യതകൾ അടയുകയായിരുന്നു.

കോൺഗ്രസും ബിജെപിയും മാറിമാറി വിജയക്കൊടി പാറിച്ചിരുന്ന ഡൽഹിയിൽ എ.എ.പിയുടെ സാന്നിധ്യം കാര്യങ്ങൾ തകിടം മറിച്ചു. 2014 ൽ ഏഴിൽ ഏഴും നേടി ബിജെപി അശ്വമേധം. തീപ്പൊരി നേതാക്കളായ മീനാക്ഷി ലേഖി, ഡോ. ഹർഷ് വർധൻ, മനോജ് തിവാരി, മഹീഷ് ഗിരി, ഉദിത് രാജ്, പർവേഷ് സാഹിബ് സിങ് വർമ, രമേഷ് ബിന്ദൂരി എന്നിവർ വിജയം നേടി.എല്ലായിടത്തും രണ്ടാമതെത്തിയത് എ.എ.പി. കോൺഗ്രസിന്റേത് ചരിത്രത്തിലെ ദയനീയ പ്രകടനമായിരുന്നു. കപിൽ സിബൽ, അജയ് മാക്കൻ ഉൾപ്പെടെയുള്ള പല വമ്പന്മാരും കടപുഴകി. 46.40 ശതമാനം വോട്ടുകളും ബിജെപി നേടി. എ.എ.പി32.90%, കോൺഗ്രസ്-15.10% എന്നിങ്ങനെയായിരുന്നു വോട്ട് നില. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റുകളിൽ 67 സീറ്റുകളിലും എഎപി വിജയക്കൊടി പാറിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP