Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം ജനറൽ സെക്രട്ടറിയാകുന്നതിനെ എതിർത്തു; പിന്നീട് രാജ്യസഭാ അംഗത്വത്തിന് പാര വച്ചു; ഒടുവിൽ പാർട്ടിയുടെ നിലനിൽപ്പിനായി കൊണ്ടു വന്ന നിലപാടും തള്ളി; കാരാട്ടിനെ മുമ്പിൽ നിർത്തി പിണറായി വിജയൻ നടത്തിയ നീക്കത്തിൽ തോറ്റ യെച്ചൂരി ഇനി സെക്രട്ടറി സ്ഥാനത്ത് തുടരില്ല; അടുത്ത പാർട്ടി കോൺഗ്രസിൽ എസ് ആർ പി പാർട്ടി സെക്രട്ടറിയാകും

ആദ്യം ജനറൽ സെക്രട്ടറിയാകുന്നതിനെ എതിർത്തു; പിന്നീട് രാജ്യസഭാ അംഗത്വത്തിന് പാര വച്ചു; ഒടുവിൽ പാർട്ടിയുടെ നിലനിൽപ്പിനായി കൊണ്ടു വന്ന നിലപാടും തള്ളി; കാരാട്ടിനെ മുമ്പിൽ നിർത്തി പിണറായി വിജയൻ നടത്തിയ നീക്കത്തിൽ തോറ്റ യെച്ചൂരി ഇനി സെക്രട്ടറി സ്ഥാനത്ത് തുടരില്ല; അടുത്ത പാർട്ടി കോൺഗ്രസിൽ എസ് ആർ പി പാർട്ടി സെക്രട്ടറിയാകും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതിനെ പ്രകാശ് കാരാട്ട് ഒരിക്കലും അനുകൂലിച്ചിരുന്നില്ല. കാരാട്ട് മൂന്ന് ടേം പൂർത്തിയാകുമ്പോൾ യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കിയത് കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ ഇടപെടൽ മൂലമായിരുന്നു. എന്നാൽ വി എസ് അച്യുതാനന്ദൻ വിഷയത്തിൽ അടക്കം യെച്ചൂരി എടുത്ത നിലപാടുകൾ കാരണം വലിയൊരു വിഭാഗത്തിന്റെ എതിർപ്പ് യെച്ചൂരിക്കുണ്ടായിരുന്നു. എസ് രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാൻ കേരള ഘടകം ചരടുവലികൾ നടത്തി. എന്നാൽ കരാട്ട് പക്ഷവുമായി ചേർന്ന് നടത്തിയ ഈ നീക്കം ഫലച്ചില്ല. യെച്ചൂരി ജനറൽ സെക്രട്ടറിയുമായി. ഈ ചേരിതിരിവ് ഇപ്പോഴും പാർട്ടിക്കുള്ളിൽ സജീവമാണ്.

ഏപ്രിലിൽ ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ യച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കാൻ കാരാട്ട് പക്ഷം ശ്രമിക്കും. ഇതിന് പിണറായിയുടെ പിന്തുണയും ഉണ്ട്. കാരാട്ടിനെ മാറ്റ് എസ് രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാനാണ് നീക്കങ്ങൾ. അല്ലെങ്കിൽ കാരാട്ട് തന്നെ വീണ്ടും സെക്രട്ടറിയാകാനുള്ള സാധ്യതയും പിരശോധിക്കും. ഒരാൾക്ക് മൂന്ന് ടേം ജനറൽ സെക്രട്ടറിയാകാൻ കഴിയില്ല. എന്നാൽ കാരാട്ട് ഒരു ടേം മാറി നിന്നു. അതുകൊണ്ട് തന്നെ ഇനി കഴിയുമെന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാൽ ഇത് വിവാദമാക്കാൻ കേരള ഘടകവും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ എസ് രാമചന്ദ്രൻ പിള്ളയ്‌ക്കൊപ്പമാണ് പിണറായിയുടെ മനസ്സ്.

ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ പിന്തുണ അനിവാര്യതയാണ്. ഇത് മനസ്സിലാക്കിയായിരുന്നു യെച്ചൂരിയുടെ നീക്കം. എന്നാൽ യെച്ചൂരിയെ തളർത്താൻ വേണ്ടി മാത്രം കാരാട്ട് ബദൽ അവതരിപ്പിച്ചു. ഇതിൽ യെച്ചൂരി വീഴുകയും ചെയ്തു. പിണറായി വിജയന്റെ താൽപ്പര്യം തന്നെയാണ് ഇവിടെ നിഴലിച്ചത്. കേരളത്തിലെ സിപിഎമ്മിന് കോൺഗ്രസ് പിന്തുണ ആവശ്യമില്ല. എന്നാൽ ബംഗാളിലും ത്രിപുരയിലും ഇതല്ലെ സ്ഥിതി. ഈ സാഹചര്യമാണ് യെച്ചൂരിയുടെ കോൺഗ്രസ് അനുകൂല പ്രമേയത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇത് തള്ളിയതോടെ യെച്ചൂരിയുടെ ജനറൽ സെക്രട്ടറി സ്ഥാനവും പ്രശ്‌നത്തിലാവുകയാണ്. അടുത്ത പാർട്ടി കോൺഗ്രസിൽ യെച്ചൂരിക്ക് സ്ഥാനം പോകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അച്യുതാനന്ദനെ പിന്തുണയ്ക്കുന്ന യെച്ചൂരിയോട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് തീരെ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ യെച്ചൂരിയെ എന്ത് വിലകൊടുത്തും മാറ്റാനാണ് പിണറായിയുടെ ശ്രമം. കാരാട്ടിനെ മുന്നിൽ കരുക്കൾ നീക്കി യെച്ചൂരിയെ താഴെ ഇറക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ഇത് ഏതാണ്ട് വിജയിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തിൽ മൂന്നാം രണ്ടാം തവണ യച്ചൂരിയെ സിപിഎം നേതൃത്വത്തിലെ ഭൂരിപക്ഷം പേർ തള്ളിപ്പറഞ്ഞു. ഇതിനെല്ലാം പിന്നിൽ പിണറായി വിജയനായിരുന്നു. എസ്. രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാമെന്നു കാരാട്ട്-പിണറായി പക്ഷം തീരുമാനിച്ചു. അപ്പോൾ അതാണു കളിയെങ്കിൽ, തുടരണമോയെന്നു തനിക്ക് ആലോചിക്കേണ്ടിവരുമെന്നു യച്ചൂരി പറഞ്ഞു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

പാർട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ തലേന്നു കൂടിയ പൊളിറ്റ് ബ്യൂറോയിൽ അങ്ങനെ പൊട്ടിത്തെറിയുടെ വക്കിലേക്ക് കര്യങ്ങൾ എത്തി. ബംഗാളിന്റെ പിന്തുണയോടെ പിബിയിൽ ഭൂരിപക്ഷ പിന്തുണയില്ലാതെ യച്ചൂരി ജനറൽ സെക്രട്ടറിയായി. ഇത് യെച്ചൂരിക്ക് വിനയായി. നിർണ്ണായക കാര്യങ്ങളിൽ എല്ലാം കാരാട്ട് പക്ഷമാണ് വിജയിച്ചത്. പിന്നീട് തിരിച്ചടി കൊടുത്തത് യച്ചൂരി രാജ്യസഭാംഗമാകണമെന്നു ബംഗാൾ ഘടകവും പ്രതിപക്ഷത്തെ മറ്റു പാർട്ടികളും താൽപര്യപ്പെട്ടപ്പോഴാണ്. മറ്റുള്ളവരുടെ ആ താൽപര്യത്തോട് യച്ചൂരിയും വിയോജിച്ചില്ല. അത്രയ്ക്കായിരുന്നു രാജ്യസഭയിലെ മികവിന് അദ്ദേഹത്തിനു ലഭിച്ച പ്രശംസ.

എന്നാൽ, കോൺഗ്രസിന്റെ സഹായത്തോടെ യച്ചൂരി രാജ്യസഭാംഗമാകേണ്ടെന്നും ഒരാൾക്കു പരമാവധി രണ്ടു തവണ രാജ്യസഭാംഗത്വം എന്ന കീഴ്‌വഴക്കം യച്ചൂരിക്കു വേണ്ടി മാറ്റാനാവില്ലെന്നും ഭൂരിപക്ഷം വിധിച്ചു. ഇതിലും പ്രധാന തള്ളിപ്പറച്ചിലാണു കഴിഞ്ഞ ദിവസങ്ങളിൽ കൊൽക്കത്തയിൽ നടന്നത്. അപ്പോഴും രാജിക്കാർഡ് യച്ചൂരി പുറത്തെടുത്തെങ്കിലും കാരാട്ട് പക്ഷം അതിൽ കൊത്തിയില്ല. അതിനിടെ
ആർക്കു വിജയം, ആർക്കു പരാജയം എന്നു തീരുമാനിക്കാനല്ല കേന്ദ്ര കമ്മിറ്റിയിൽ കരടു രാഷ്ട്രീയ പ്രമേയം വോട്ടിനിട്ടതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. താൻ രാജി താൽപര്യം വ്യക്തമാക്കിയെങ്കിലും പൊളിറ്റ് ബ്യൂറോയും (പിബി) കേന്ദ്ര കമ്മിറ്റിയും (സിസി) അതു തള്ളിക്കളഞ്ഞെന്നും യച്ചൂരി സൂചിപ്പിച്ചു. ജനറൽ സെക്രട്ടറിയായി താൻ തുടരണമെന്നു പാർട്ടിയാണു പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയില്ലെന്നു കരടു പ്രമേയത്തിൽ വ്യക്തമായി പറയണമെന്നതായിരുന്നു കാരാട്ട്പക്ഷത്തിന്റെ നിലപാട്. ഈ നിലപാടുൾപ്പെടുന്ന കരട് പ്രമേയം വോട്ടെടുപ്പിൽ 55-31 എന്ന നിലയിൽ വിജയിച്ചെന്നു യച്ചൂരിതന്നെ വെളിപ്പെടുത്തി. പിബിയിലും സിസിയിലും വോട്ടെടുപ്പു നടക്കുന്നതും അതിന്റെ ഫലവും വെളിപ്പെടുത്തുന്നതു സിപിഎമ്മിൽ പുതുമയുള്ള കാര്യമാണ്. നിലപാടു തള്ളപ്പെട്ടെങ്കിലും തർക്കം പാർട്ടി കോൺഗ്രസിലേക്കു നീളുമെന്ന് യച്ചൂരി സൂചിപ്പിച്ചു. 'ഇപ്പോൾ അംഗീകരിച്ചിട്ടുള്ളതു കരട് രാഷ്ട്രീയ പ്രമേയമാണ്. അതുകൊണ്ടത് കരട് എന്നു വിളിക്കപ്പെടുന്നു. അതു പാർട്ടിക്കാർ ചർച്ച ചെയ്യും. അന്തിമ തീരുമാനമെടുക്കുന്നതു പാർട്ടിയുടെ പരമോന്നത സമിതിയായ പാർട്ടി കോൺഗ്രസാണ്. അവിടെയാണു പാർട്ടിയുടെ നയം തീരുമാനിക്കുക' യച്ചൂരി പറഞ്ഞു.

'ബിജെപിയെ അധികാരത്തിൽനിന്നു താഴെയിറക്കുകയെന്നതാണു മുഖ്യലക്ഷ്യം. അതിന് എല്ലാ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളെയും ഒരുമിച്ച് അണിനിരത്തേണ്ടതുണ്ട്. അതെങ്ങനെ വേണമെന്ന ഉചിതമായ തിരഞ്ഞെടുപ്പ് അടവുനയം, അതതു സമയത്തു തീരുമാനിക്കും. ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഒരുമിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസുമായി സഖ്യമോ മുന്നണിയോ ഇല്ലെന്നതു പുതിയ നിലപാടല്ല, 17ാം പാർട്ടി കോൺഗ്രസ് മുതലുള്ളതാണ്' യച്ചൂരി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP