Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുത് അരുത്..കാറ്റും കോളുമുള്ളപ്പോൾ പാർട്ടിയെ കൈവിടരുത്; കപ്പിത്താനായി രാഹുൽ തന്നെ വേണം; അദ്ധ്യക്ഷന്റെ രാജി സന്നദ്ധത തള്ളി കോൺഗ്രസ് പ്രവർത്തക സമിതി; പാർട്ടിയിൽ സമൂലമായ അഴിച്ചുപണി; മാറ്റത്തിന്റെ കാഹളം മുഴക്കുക രാഹുൽ തന്നെ; തോൽവിയുടെ ഉത്തരവാദിത്വം അദ്ധ്യക്ഷന് മാത്രമല്ല എല്ലാവർക്കും; വൻതിരിച്ചടിയുടെ കാരണം വിശദമായി പരിശോധിക്കും; കോൺഗ്രസ് ഇനി ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും പ്രവർത്തക സമിതി യോഗം

അരുത് അരുത്..കാറ്റും കോളുമുള്ളപ്പോൾ പാർട്ടിയെ കൈവിടരുത്; കപ്പിത്താനായി രാഹുൽ തന്നെ വേണം; അദ്ധ്യക്ഷന്റെ രാജി സന്നദ്ധത തള്ളി കോൺഗ്രസ് പ്രവർത്തക സമിതി; പാർട്ടിയിൽ സമൂലമായ അഴിച്ചുപണി; മാറ്റത്തിന്റെ കാഹളം മുഴക്കുക രാഹുൽ തന്നെ; തോൽവിയുടെ ഉത്തരവാദിത്വം അദ്ധ്യക്ഷന് മാത്രമല്ല എല്ലാവർക്കും; വൻതിരിച്ചടിയുടെ കാരണം വിശദമായി പരിശോധിക്കും; കോൺഗ്രസ് ഇനി ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും പ്രവർത്തക സമിതി യോഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധത പാർട്ടി പ്രവർത്തക സമിതി തള്ളി. രാഹുലിന്റെ നേതൃത്വം പാർട്ടിക്ക് അനിവാര്യമെന്ന് യോഗം വിലയിരുത്തി. പ്രവർത്തക സമിതി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. സംഘടനയിൽ സമൂലമാററത്തിന് രാഹുലിനെ സമിതി ചുമതലപ്പെടുത്തി. പ്രതികൂല സാഹചര്യത്തിൽ രാഹുലിന്റെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണ്. കോൺഗ്രസ് ഇനി ക്രിയാത്മക പ്രതിപക്ഷമായി തുടരും. തോൽവിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന്‌ രാഹുൽ യോഗത്തിൽ വാദിച്ചെങ്കിലും, അക്കാര്യത്തിൽ എല്ലാവർക്കും പങ്കുണ്ടെന്ന് പ്രവർത്തക സമിതി വിലയിരുത്തി. പാർട്ടിയിൽ സമൂലമായ അഴിച്ചുപണിക്കാണ് പ്രവർത്തക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ചുമതല രാഹുലിന് നൽകിയതോടെ നേതൃനിരയിൽ മാറ്റങ്ങൾ വരാനുള്ള സാധ്യത ഏറി. തോൽവിയുടെ കാരണം വിശദമായി പരിശോധിക്കുമെന്ന് എ.കെ.ആന്റണി പറഞ്ഞു.

ആശയപരമായ യുദ്ധത്തിൽ പാർട്ടിയെ നയിക്കാനും, സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി പ്രവർത്തിക്കാനും രാഹുലിനെ പാർട്ടി ചുമതലപ്പെടുത്തി. കോൺഗ്രസ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ലെന്ന് മുതിർന്ന നേതാവ് വീരപ്പ മൊയ്‌ലി വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. എന്നാൽ, വമ്പൻ തിരിച്ചടിയാണ് പാർട്ടിക്കുണ്ടായത് എന്ന അദ്ദേഹം ശരിവച്ചതുമില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമോ എന്നതാണ് പാർട്ടി പ്രവർത്തക സമിതി യോഗം ചേർന്നപ്പോൾ എല്ലാവരും ഉറ്റുനോക്കിയത്. എന്നാൽ രാഹുലിന്റെ തീരുമാനത്തെ മുതിർന്ന നേതാക്കളെല്ലാം ഒന്നിച്ചെതിർത്തു. പ്രവർത്തക സമിതി യോഗത്തിൽ രാജിക്കാര്യത്തിൽ രാഹുൽ ഉറച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മറ്റുനേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. രാജിയെ കുറിച്ച് ഈ ഘട്ടത്തിൽ ആലോചിക്കരുതെന്നും രാഹുൽ തന്നെ അദ്ധ്യക്ഷനായി തുടരണമെന്നുമാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്. 52 അംഗങ്ങളാണു സമിതിയിലുള്ളത്.

രാഹുലിനെക്കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വധേര അടക്കമുള്ള ജനറൽ സെക്രട്ടറിമാർ, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ സമിതിയിലുണ്ട്. വയനാട് വൻ ഭൂരിപക്ഷത്തിൽ നേടിയ വിജയത്തിനിടയിലും അമേഠിയിലെ രാഹുലിന്റെ തോൽവി കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ 44 സീറ്റാണ് നേടിയതെങ്കിൽ ഇത്തവണ 52 സീറ്റ് മാത്രം. നിയമസഭ തിരഞ്ഞെടുപ്പുകൾ ജയിച്ച രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലടക്കം ഹിന്ദി മേഖലയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. പല സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും കോൺഗ്രസിന് കിട്ടിയില്ല. രാജസ്ഥാനിലും ഡൽഹിയിലും ഗുജറാത്തിലുമടക്കം കോൺഗ്രസ് പൂജ്യമായി.തനിക്കാണു തോൽവിയുടെ നൂറുശതമാനം ഉത്തരവാദിത്വമെന്നായിരുന്നു ഫലപ്രഖ്യാപനം വന്നതിനുശേഷം രാഹുൽ പറഞ്ഞത്.

രാഹുൽ ഗാന്ധിയല്ല തോൽവിയുടെ ഉത്തരവാദിയെന്ന് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിയുടെ നരേന്ദ്ര മോദിക്കെതിരായ ചൗക്കി ദാർ ചോർ ഹെ മുദ്രാവാക്യവും വയനാട് സ്ഥാനാർത്ഥിത്വവും ഉത്തരേന്ത്യയിൽ തിരിച്ചടിയായെന്ന വിമർശനമുണ്ട്. സംഘടനാതലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. ഉത്തർപ്രദേശ് പി.സി സി അധ്യക്ഷൻ രാജ് ബബാറും ഒഡീഷ പിസിസി പ്രസിഡന്റ് നിരഞ്ജൻ പട്‌നായികും രാജി സമർപ്പിച്ചു കഴിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും കർണാടകയിലും പാർട്ടിക്കുള്ളിലെ തമ്മിലടി തോൽവിയിലേക്ക് നയിച്ച കാരണങ്ങളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP