Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

65 വയസ്സ് കഴിഞ്ഞവർ പ്രധാന തസ്തികകളിൽ നിന്നും മാറി നിൽക്കട്ടെ; കോൺഗ്രസിനെ രക്ഷിക്കാൻ ദ്വിവേദിയുടെ ഫോർമുല അംഗീകരിച്ചാൽ ഭൂരിപക്ഷം നേതാക്കളും പുലിവാല് പിടിക്കും

65 വയസ്സ് കഴിഞ്ഞവർ പ്രധാന തസ്തികകളിൽ നിന്നും മാറി നിൽക്കട്ടെ; കോൺഗ്രസിനെ രക്ഷിക്കാൻ ദ്വിവേദിയുടെ ഫോർമുല അംഗീകരിച്ചാൽ ഭൂരിപക്ഷം നേതാക്കളും പുലിവാല് പിടിക്കും

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ദേശീയപാർട്ടിയെന്ന സ്ഥാനം കൂടി നഷ്ടപ്പെടുന്ന പരിതാപകരമായ അവസ്ഥയിലായിരിക്കുകയാണ് കോൺഗ്രസ്. ലോക്‌സഭയിലെ പ്രതിപക്ഷത്തിരിക്കാനുള്ള അർഹതപോലും പാർട്ടിക്കില്ലാതായി. കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് പാർട്ടിപ്രസിഡന്റ് സോണിയാഗാന്ധിയടക്കമുള്ള നേതാക്കൾ തലപുകയ്ക്കുകയാണ്. അതിനിടെ പാർട്ടിയെ രക്ഷിക്കാൻ പുതിയ നിർദേശവുമായെത്തിയിരിക്കുകയാണ് കോൺഗ്രസിന്റെ സീനിയർ ജനറൽ സെക്രട്ടറിയായ ജനാർദൻ ദ്വിവേദി.

65 വയസ്സു കഴിഞ്ഞവർ പാർട്ടിയിലെ സുപ്രധാന തസ്തികകളിൽ നിന്ന് മാറിനിൽക്കുന്നതാണ് പാർട്ടിക്ക് ഗുണം ചെയ്യുകയെന്നാണ് ദ്വിവേദി ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരിക്കുന്നത്. ഈ നിർദേശമെങ്ങാൻ അംഗീകരിക്കപ്പെട്ടാൽ പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും മറ്റുപണികൾക്ക് പോകേണ്ടിവരുമെന്നുറപ്പാണ്.

65 വയസ്സുകഴിഞ്ഞവർ പാർട്ടിയിൽ നിന്ന് റിട്ടയർ ചെയ്യണമെന്ന് താൻ പറയില്ലെന്നും പ്രധാന തസ്തികകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് ഗുണകരമെന്നുമാണ് ദ്വിവേദി പറഞ്ഞത്.പ്രധാന തസ്തികകൾ കൊണ്ടുനടക്കാൻ ഓടിനടക്കേണ്ടിവരുമെന്നും അതിന് ശാരീരികമായ കഴിവ് അത്യാവശ്യമാണെന്നും ദിവേദി പറഞ്ഞു. അതിനാൽ യുവാക്കളെ ഇത്തരം സ്ഥാനങ്ങൾ ഏല്പിച്ച് മുതിർന്നവർ പാർട്ടിയിലെ മറ്റ് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. 67വയസ്സുള്ള സോണിയാഗാന്ധിക്കും ഇത് ബാധകമല്ലേയെന്ന ചോദ്യത്തിന് ദ്വിവേദി തന്ത്രപരമായാണ് പ്രതികരിച്ചത്. കോൺഗ്രസ് പ്രസിഡന്റിന്റെ സ്ഥാനം ഈ നിബന്ധനകൾക്ക് പുറത്താണെന്നും പ്രായപരിധി ഇതിന് ബാധകമല്ലെന്നുമാണ് ദ്വിവേദി പറഞ്ഞത്.

ദ്വിവേദിയുടെ നിർദേശങ്ങൾ പാർട്ടി അംഗീകരിക്കുകയാണെങ്കിൽ പാർട്ടിയിലെ ജനറൽ സെക്രട്ടറിമാരായ അംബികാസോണി(71), ദ്വിവേദി(69), മധുസൂദന്മിസ്ട്രി(69), ദിഗ്വിജയ്‌സിങ്(67), ട്രഷറർ മോട്ടലാൽ വോറ( 85), സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ(65) തുടങ്ങിയവർ പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കേണ്ടി വരും. ബിജെപി സമീപകാലത്ത് സ്വീകരിച്ച പരിഷ്‌ക്കാരം കോൺഗ്രസിലും നടപ്പിലാക്കണമെന്നാണ് ദ്വിവേദി പറയുന്നത്. മുതിർന്ന നേതാക്കളായ വാജ്‌പേയ്, അദ്വാനി, ജോഷി എന്നിവരെ പാർട്ടി പാർലമെന്ററി ബോർഡിൽ നിന്നും പിൻവലിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി പാർട്ടികളുടെ തലപ്പത്തിരിക്കുന്ന പ്രസിഡന്റുമാർ തുടങ്ങിവർക്ക് ഈ പ്രായപരിധി ബാധകമാക്കാതിരിക്കുന്നതാണ് നല്ലതെന്നും ദ്വിവേദി അഭിപ്രായപ്പെടുന്നു.

സാമ്പത്തികാടിസ്ഥാനത്തിൽ സംവരണമേർപ്പെടുത്തണമെന്ന പ്രസ്താവന നടത്തിയതിന്റെ പേരിലും പ്രിയങ്കാഗാന്ധിക്ക് രാഷ്ട്രീയത്തിലുള്ള താൽപര്യത്തെ സംബന്ധിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിലും ഇതിന് മുമ്പ് ദ്വിവേദി വിവാദമുയർത്തിയിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്ത്വം യുവജനങ്ങൾക്ക് വഴിമാറിക്കൊടുക്കണമെന്ന് നിർദ്ദേശം മുന്നോട്ട് വയ്ക്കുന്ന ആദ്യനേതാവല്ല ദ്വിവേദി. ഇതിന് മുമ്പ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയുമായ ജയ്‌റാം രമേശും ഈ വിഷയം മുന്നോട്ട് വച്ചിരുന്നു. 70 വയസ്സിന് മുകളിലുള്ളവർ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. ലോക്‌സഭയിലെക്ക് മത്സരിക്കുന്ന 543സീറ്റുകളിൽ 272 എണ്ണം 35 വയസ്സിൽ താഴെയുള്ളവർക്ക് നൽകണമെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP