Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യാടുഡേ സർവേയിൽ സുഷമ സ്വരാജിനെക്കാൾ മുമ്പിൽ ഇ.ശ്രീധരൻ; അദ്വാനിയും നാരായണമൂർത്തിയും പിന്നാലെ; രാഷ്ട്രപതിയാകാൻ ജനങ്ങൾക്കേറ്റവും ഇഷ്ടം മെട്രോ മാനെത്തന്നെ; കൊച്ചിയിൽ മോദിയെക്കാൾ കൈയടി നേടിയത് പാരയായേക്കുമെന്ന് സൂചന

ഇന്ത്യാടുഡേ സർവേയിൽ സുഷമ സ്വരാജിനെക്കാൾ മുമ്പിൽ ഇ.ശ്രീധരൻ; അദ്വാനിയും നാരായണമൂർത്തിയും പിന്നാലെ; രാഷ്ട്രപതിയാകാൻ ജനങ്ങൾക്കേറ്റവും ഇഷ്ടം മെട്രോ മാനെത്തന്നെ; കൊച്ചിയിൽ മോദിയെക്കാൾ കൈയടി നേടിയത് പാരയായേക്കുമെന്ന് സൂചന

മുംബൈ: കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിൽ ജനങ്ങളത്രയും തിങ്ങിക്കൂടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മുഖ്യമന്ത്രി പിണറായി വിജയനെയോ അഭിനന്ദിക്കാനായിരുന്നില്ല.

അവർക്കൊക്കെ കാണേണ്ടിയിരുന്നത് ഒരാളെ മാത്രമായിരുന്നു. തുനിഞ്ഞിറങ്ങിയാൽ അസാധ്യമായതൊന്നുമില്ലെന്ന് പലവട്ടം തെളിയിച്ച ഡോ. ഇ.ശ്രീധരൻ എന്ന വയോധികനെ ആദരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കെ.എം.ആർ.എൽ ചെയർമാൻ ഏലിയാസ് ജോർജ് സ്വാഗത പ്രസംഗത്തിനിടെ ആ പേര് ഉച്ചരിച്ചപ്പോൾത്തന്നെ മിനിറ്റുകളോളം നീണ്ട കരഘോഷമുയർന്നു. സ്വാഗതപ്രസംഗകന് അൽപനേരം പ്രസംഗം പോലും നിർത്തിവെക്കേണ്ടിവന്ന ജനപ്രീതിയാണ് ശ്രീധരൻ അവിടെ നേടിയെടുത്തത്.

ഈ ജനപ്രീതി ശ്രീധരന് പാരയാകുമോ എന്നാണ് ഇനിയറിയേണ്ടത്. രാജ്യം രാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ, ജനപ്രീതിയിൽ മറ്റാരെയും പിന്നിലാക്കുന്ന ഈ എൻജിനിയറെ അംഗീകരിക്കാൻ രാഷ്ട്രീയക്കാർ തയ്യാറാകുമോ എന്നാണറിയേണ്ടത്.. ഇന്ത്യാടുഡേ നടത്തിയ സർവേയിൽ, വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും പിന്തള്ളി ശ്രീധരൻ മുന്നിലെത്തിയിരുന്നു. നിലവിൽ രാഷ്ട്രപതിയാകാൻ ഇന്ത്യയിലേറ്റവും യോഗ്യൻ ഈ പൊന്നാനിക്കാരനാണെന്ന് ഇന്ത്യയൊട്ടാകെ വിശ്വസിക്കുന്നു.

എൽ.കെ.അദ്വാനിയെയും ഇൻഫോസിസ് നാരായണമൂർത്തിയെയും ബോളിവുഡ് മെഗാ സ്റ്റാർ അമിതാബ് ബച്ചനെയും സർവേയിൽ ശ്രീധരൻ ബഹുദൂരം പിന്നിലാക്കുന്നുണ്ട്. ആകെ പോൾ ചെയ്ത 11,802 വോട്ടുകളിൽ 4659 പേരും മെട്രോമാനാകണം അടുത്ത പ്രസിഡന്റെന്ന് ആഗ്രഹിക്കുന്നു. സർവേയിൽ പങ്കെടുത്ത 39 ശതമാനം പേരും മെട്രോ മാൻ ഇന്ത്യയുടെ പ്രഥമ പൗരനായി വരണമെന്ന് ആഗ്രഹിക്കുന്നു. കൊച്ചി മെട്രോ പൂർത്തിയായതോടെ, ഇനി വിശ്രമ ജീവിതത്തിലേക്ക് തിരിയണമെന്നാഗ്രഹിക്കുന്ന ശ്രീധരൻ, രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനമുണ്ടായാലും അത് സ്വീകരിക്കുന്ന കാര്യം സംശയമാണ്.

രാജ്യാതിർത്തികൾ വകവെക്കാതെ, ലോകത്തെവിടെയും കഷ്ടപ്പാടനുഭവിക്കുന്ന ഇന്ത്യക്കാരുടെ കണ്ണീരൊപ്പുന്നതിന് മുൻകൈയെടുക്കുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് 15 ശതമാനത്തോളം വോട്ട് നേടാനായി. മുതിർന്ന ബിജെപി. നേതാവ് എൽ.കെ.അദ്വാനിക്ക് 13 ശതമാനം വോട്ടും ലഭിച്ചു. ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തിക്ക് 11 ശതമാനവും ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന് അഞ്ച് ശതമാനം വോട്ടും ലഭിച്ചു.

ഇന്ത്യ മുഴുവൻ ആരരാധകരുണ്ടെങ്കിലും അമിതാബ് ബച്ചന് അഞ്ചുശതമാനത്തിൽത്താഴെ വോട്ടുകളേ നേടാനായുള്ളൂ. മുരളി മനോഹർ ജോഷിയും നിലവിലെ പ്രസിഡന്റ് പ്രണബ് മുഖർജിയുമായിരുന്നു സർവേയിൽ ഉൾപ്പെടുത്തിയിരുന്ന മറ്റു പേരുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP