Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ഞങ്ങൾ ഒരേതൂവൽ പക്ഷികൾ! ഇടതുപക്ഷം തെളിച്ച വഴിയേ ബിജെപി; ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പാക്കി മാതൃക കാട്ടിയപ്പോൾ സർക്കാർ സർവീസിൽ ഇതുനടപ്പാക്കാൻ ഭരണഘടനാഭേദഗതിക്ക് തയ്യാറുണ്ടോയെന്ന് വെല്ലുവിളിച്ചത് സിപിഎം; അങ്ങനെ നടപ്പാക്കാൻ പറഞ്ഞാൽ തനിനിറം പുറത്തുവരുമെന്ന് പരിഹസിച്ച കോടിയേരിയും പിണറായിയും ഇപ്പോൾ തലകുലുക്കി സമ്മതിക്കുന്നു: ബിജെപി തീരുമാനത്തിന് സുസ്വാഗതം

ഇനി ഞങ്ങൾ ഒരേതൂവൽ പക്ഷികൾ! ഇടതുപക്ഷം തെളിച്ച വഴിയേ ബിജെപി; ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം നടപ്പാക്കി മാതൃക കാട്ടിയപ്പോൾ സർക്കാർ സർവീസിൽ ഇതുനടപ്പാക്കാൻ ഭരണഘടനാഭേദഗതിക്ക് തയ്യാറുണ്ടോയെന്ന് വെല്ലുവിളിച്ചത് സിപിഎം; അങ്ങനെ നടപ്പാക്കാൻ പറഞ്ഞാൽ തനിനിറം പുറത്തുവരുമെന്ന് പരിഹസിച്ച കോടിയേരിയും പിണറായിയും ഇപ്പോൾ തലകുലുക്കി സമ്മതിക്കുന്നു: ബിജെപി തീരുമാനത്തിന് സുസ്വാഗതം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കാനുള്ള നിർണായക തീരുമാനം ഇന്ന് കേന്ദ്രസർക്കാരെടുത്തപ്പോൾ ഒരർഥത്തിൽ അത് സിപിഎമ്മിനുള്ള മറുപടിയാണ്. മുന്നോക്കക്കാരിലും ദരിദ്രനാരായണന്മാരുണ്ട്. അവരെയും സംവരണത്തിന് കീഴിൽ കൊണ്ടുവന്ന് സാമൂഹ്യനീതി നടപ്പാക്കണം, ഇതാണ് സിപിഎമ്മിന്റെ ഉറച്ച നിലപാട്. മുന്നോക്കത്തിലെ ഏറ്റവും പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണമാണ് സിപിഎം നേരത്തെ സ്വീകരിച്ച സമീപനം.

സർക്കാർ സർവ്വീസിൽ ഇത് നടപ്പാക്കണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണം. അത് ചെയ്യാൻ ബിജെപി സർക്കാർ തയ്യാറുണ്ടോയെന്നായിരുന്നു സിപിഎമ്മിന്റെ ഇതുവരെയുള്ള ചോദ്യം. അങ്ങനെയൊരു ആവശ്യം മുന്നിൽ വരുമ്പോൾ, ബിജെപിയുടെ തനിനിറം അറിയാൻ കഴിയുമെന്നാണ് സിപിഎം വെല്ലുവിളിച്ചിരുന്നത്. ആ വെല്ലുവിളിക്ക് ഒരുമറുപടിയെന്ന് വേണമെങ്കിൽ പറയാം കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. അതല്ലെങ്കിൽ ഇടുപക്ഷം തെളിച്ച വഴിയേ പോയിരിക്കുകയാണ് ബിജെപി എന്നും പറയാം.

ഇഎംഎസിനെ പോലുള്ള സിപിഎമ്മിലെ അതികായന്മാരുടെ കാലത്ത് തന്നെ സിപിഎം സാമ്പത്തിക സംവരണമെന്ന ആശയത്തെ മുറുകെ പിടിച്ചിരുന്നു. മാർക്‌സിസത്തിന്റെ അടിസ്ഥാനപ്രമാണം ദരിദ്രനാരായണ സേവയാണെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്. 1992ലെ ഇന്ദിരസാഹ്‌നി കേസിൽ സുപ്രീം കോടതി ഒ.ബി.സി. വിഭാഗങ്ങളുടെ സംവരണം ശരിവയ്ക്കുകയും ക്രീമിലെയർ എന്ന സങ്കൽപ്പം കൊണ്ടുവരികയും ചെയ്തിരുന്നു. ക്രീമിലെയർ സംവിധാനത്തിലെ വലിയ പോരായ്മ ഇഎംഎസ് എടുത്തുകാട്ടിയിട്ടുണ്ട്. പിന്നാക്ക സമുദായങ്ങളിലെ നോൺ ക്രീമിലെയർ വിഭാഗങ്ങളിൽനിന്നു മതിയായ ആളുകളില്ലാതെ വന്നാൽ അതു പൊതുവിഭാഗത്തിന് പോകും. അത്തരം സാഹചര്യങ്ങളിൽ പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയർകാരെ സംവരണത്തിനു പരിഗണിക്കണം. ഒപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്ന നിർദ്ദേശമുണ്ട്. സംവരണത്തെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്ന മാർക്‌സിയൻ കാഴ്ചപ്പാടാണ് ഇഎംഎസ് ഉയർത്തിപ്പിടിച്ചത്.

ഇപ്പോഴത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പലവട്ടം ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ നവംബറിലെ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

'മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകി സാമൂഹ്യനീതി നടപ്പാക്കണമെന്നതാണ് ഇടതുപക്ഷ സമീപനം. ബിജെപി ഇതിന് തയ്യാറുണ്ടോ? മുന്നോക്ക സമുദായത്തിലും വളരെ പാവപ്പെട്ടവരുണ്ട്, ദരിദ്രനാരായണന്മാരുണ്ട്. അങ്ങനെയുള്ളവരെ, ഏറ്റവും പിന്നോക്കം നിൽക്കുന്ന ആളുകളെ സംവരണത്തിൽ പരിഗണിച്ചുകൊണ്ട് സാമൂഹ്യനീതി നടപ്പാക്കണം. അതിനാലാണ് നേരത്തെ തന്നെ മുന്നോക്ക സമുദായത്തിൽ ഏറ്റവും പാവപ്പെട്ടവർക്ക് പത്ത് ശതമാനം സംവരണം കൊടുക്കുക എന്ന സമീപനം ഇടതുപക്ഷം എടുത്തിട്ടുള്ളത്. സർക്കാർ സർവ്വീസിൽ ഇത് നടപ്പാക്കണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണം. അത് ചെയ്യാൻ ബിജെപി സർക്കാർ തയ്യാറുണ്ടോ? ബിജെപി സർക്കാരിനുമുന്നിൽ അക്കാര്യം അവതരിപ്പിക്കണമെന്നാണ് ഇടതുപക്ഷം തീരുമാനിച്ചിട്ടുള്ളത്. അപ്പോൾ അവരുടെ തനിനിറം തിരിച്ചറിയാനാവും.'


സംവരണം സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളെതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നുപറഞ്ഞു. മുന്നോക്ക വിഭാഗക്കാരിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരുണ്ട്. അവർക്ക് സംവരണം നൽകണമെന്ന് പാർട്ടി എന്ന നിലയിൽ സിപിഎം മുൻപുതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരള സർക്കാർ 10 % സംവരണം ദേവസ്വം ബോർഡിൽ കൊടുത്തത്. അത് കേന്ദ്രം കൊടുക്കാൻ തയാറായെങ്കിൽ സ്വാഗതാർഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മും ബിജെപിയും ഒരേതൂവൽപക്ഷികളാകുന്ന പൊതുക്കാര്യമായി സാമ്പത്തിക സംവരണം ഇപ്പോൾ മാറിയിരിക്കുന്നു. എന്നാൽ, ഇങ്ങനെ ചിറകടിച്ചുയരുമ്പോൾ അത് ഭരണഘടനാ നീതിക്ക് നിരക്കുന്നതല്ലെന്നാണ് എതിർവാദം. ഇന്ത്യൻ ഭരണഘടനയിൽ സംവരണം നിലനിൽക്കുന്നതു സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങളുടെ നിർവചനങ്ങൾക്കൊപ്പമാണു സംവരണത്തിന്റെ നിയമസാധ്യതകൾ വ്യക്തമാകുന്നത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്ഠിതമായ ചൂഷണങ്ങൾക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14,15,16 വകുപ്പുകൾ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്.

നിർദ്ദേശക തത്വങ്ങളുടെ ഭാഗമായ ആർട്ടിക്കിൾ നാൽപ്പത്താറും ഇതോടു ചേർത്തു വായിക്കാം. പ്രാതിനിധ്യമാണു സംവരണ തത്വത്തിന്റെ അടിസ്ഥാനം. ചരിത്രപരമായ കാരണങ്ങളാൽ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണ് ഇതിന്റെ അടിസ്ഥാനതത്വം. 15,16 വകുപ്പുകൾ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. 50 ശതമാനത്തിലധികം സംവരണം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞു. ഏതായാലും ബിജെപി സർക്കാരിന്റെ തീരുമാനം രാഷ്ട്രീയ ധ്രുവങ്ങളിൽ നിൽക്കുന്ന സിപിഎം ശരിവച്ചിരിക്കുന്നുവെന്നതാണ് വിചിത്രമായ കാര്യം. മുഖ്യഎതിരാളികളുടെ നയത്തെ സിപിഎം ശരിവയ്ക്കുന്ന അപൂർവസന്ദർഭങ്ങളിൽ ഒന്നുകൂടിയാണ് ഇത്. ബിജെപിക്കാവട്ടെ സവർണസമുദായങ്ങളെ തൃപ്തിപ്പെടുത്താനുള്ള ധൃതിക്കിടെ, വോട്ടുബാങ്കിൽ കണ്ണും നട്ടുള്ള രാഷ്ട്രീയത്തിൽ സിപിഎം ലൈൻ സ്വീകരിച്ചാലും തെറ്റില്ലെന്ന നിലപാടുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP