Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡരികിൽ തകരഷീറ്റിനടിയിൽ കഴിഞ്ഞ നേതാവ്; ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയും ബസ് യാത്രക്കാരനായ മന്ത്രിയും; നെയ്ത്തുജോലിചെയ്ത് കളക്ടറായശേഷം രാഷ്ട്രീയത്തിലേക്ക്; ഐസക്കും മാണിക് സർക്കാരും പരീക്കറും നല്ല രാഷ്ട്രീയക്കാരുടെ പട്ടികയിലെത്തുന്നത് ഇങ്ങനെ

റോഡരികിൽ തകരഷീറ്റിനടിയിൽ കഴിഞ്ഞ നേതാവ്; ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയും ബസ് യാത്രക്കാരനായ മന്ത്രിയും; നെയ്ത്തുജോലിചെയ്ത് കളക്ടറായശേഷം രാഷ്ട്രീയത്തിലേക്ക്; ഐസക്കും മാണിക് സർക്കാരും പരീക്കറും നല്ല രാഷ്ട്രീയക്കാരുടെ പട്ടികയിലെത്തുന്നത് ഇങ്ങനെ

രാഷ്ട്രീയരംഗം അഴിമതി നിറഞ്ഞുതാണെന്നും മിക്ക രാഷ്ട്രീയക്കാരും അധികാരമോഹികളും അഴിമതിക്കാരുമാണെന്നുമുള്ള പൊതുവികാരം ശക്തമാകുകയാണ് ഇന്ത്യയിൽ. അങ്ങനെയല്ലാത്തവരെ തിരയുമ്പോൾ എന്തെങ്കിലും ന്യൂനതകളില്ലാത്ത, ആരോപണം നേരിടാത്ത ഒരാളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകും. ജീവിതത്തിലും രാഷ്ട്രീയരംഗത്തും സത്യസന്ധത പുലർത്തുന്ന, പറയുന്നത് പ്രവർത്തിക്കുന്ന, ജനക്ഷേമ തൽപരനായ എത്രപേരുണ്ടാകും ഇന്ത്യൻ രാഷ്ട്രീയ രംഗത്ത എന്ന അന്വേഷണത്തിൽ ആദ്യ അഞ്ചുപേരിൽ രണ്ട് സിപിഐ(എം) നേതാക്കളുണ്ട്. കേരള ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കും സിപിഐ(എം) പിബി അംഗവും മുൻ ത്രിപുര മുഖ്യമന്ത്രിയുമായ മാണിക് സർക്കാരും. കേന്ദ്ര പ്രതിരോധ മന്ത്രിയും ബിജെപി നേതാവുമായ മനോഹർ പരീക്കറും പഞ്ചാബിലെ ബിഎസ്‌പി എംഎൽഎ ഷിൻഗര റാമും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന അർജുൻ റാം മെഗ്വാളുമാണ് മറ്റ് മാതൃകാ നേതാക്കൾ.

നല്ല രാഷ്ട്രീയക്കാർ രാജ്യത്ത് നാമാവശേഷമായോ എന്ന അന്വേഷണത്തിനൊടുവിലാണ്, അങ്ങനെയല്ല കാര്യങ്ങളെന്നും നല്ല രാഷ്ട്രീയക്കാരുണ്ടെന്നും വ്യക്തമാക്കി ഇന്ത്യാലൈവ് ടുഡെ അഞ്ചു മുൻനിര നേതാക്കളെ കണ്ടെത്തുന്നത്. ജനിച്ചുവളർന്ന സാഹചര്യം മുതൽ ഇതുവരെ രാഷ്ട്രീയ രംഗത്തും സേവനരംഗത്തും പുലർത്തിയ നന്മയാണ് അഞ്ചുപേരുടെയും മുഖമുദ്രമായി ലൈവ് ടുഡെ ഉയർത്തിക്കാട്ടുന്നത്.

വാഗ്ദാനങ്ങൾ മറക്കാത്ത തോമസ് ഐസക്

കാർഷിക, പരിസ്ഥിതി രംഗത്തെ സംഭാവനകൾ മുൻനിർത്തിയും രാഷ്ട്രീയ സത്യസന്ധത പരിഗണിച്ചുമാണ് തോമസ് ഐസക് പട്ടികയിൽ ഇടംപിടിച്ചത്. രാഷ്ട്രീയക്കാർ തെരെഞ്ഞെടുപ്പിന് മുൻപ് ധാരാളം വാഗ്ദാനങ്ങൾ നൽകുന്നതും തെരെഞ്ഞെടുപ്പിന് ശേഷം അതെല്ലാം മറക്കുന്നതും പതിവാണെങ്കിൽ അതല്ല സിപിഐ(എം) നേതാവും കേരള ധനമന്ത്രിയുമായ തോമസ് ഐസക്കിന്റെ ശൈലി. ഫലമറിയുന്നതിന് ഒരു ദിവസം ബാക്കി നിൽക്കെത്തന്നെ തന്റെ ആദ്യ തെരെഞ്ഞെടുപ്പ് വാഗ്ദാനമായ, തനിക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തിന് തുല്യഎണ്ണം തൈകൾ നടുമെന്ന വാഗ്ദാം പാലിച്ചാണ് ഐസക്കിന്റെ തുടക്കം. പക്ഷേ ഫലം വന്നപ്പോൾ 15,000 തൈകളേ വേണ്ടി വരൂ എന്ന പ്രതീക്ഷ തെറ്റിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുത്തനെ മേൽപോട്ട്. 2006ലെ അച്യുതാനന്ദൻ സർക്കാരിലെയും ധനകാര്യമന്ത്രിയായ അദ്ദേഹം ഓർഗാനിക് കൃഷിയുടെ വക്താവ് കൂടിയാണ്. 2002 മുതൽ കേരളത്തിലെ കർഷകരെ ഓർഗാനിക് കൃഷിയുടെ വഴിയിൽ കൊണ്ടുവരാനും അതുവഴി വിഷരഹിത പച്ചക്കറികൾ മാർക്കറ്റിലെത്തിക്കാനും അദ്ദേഹത്തിനായി. ഇതിനുപുറമെ, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലും തോമസ് ഐസക് മികച്ച സംഭാവനകൾ നൽകി.


എറ്റവും ദരിദ്രനായ മുഖ്യമന്ത്രി- മാണിക് സർക്കാർ

ഒരു സിപിഐ.എം നേതാവ് എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് മാണിക് സർക്കാരിന്റെ വ്യക്തി ജീവിതം. 1998ൽ ആദ്യമായി ത്രിപുരയുടെ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ അദ്ദേഹം രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്നായിരുന്നു അറിയപ്പെട്ടത്. 1980ലാണ് ഈ 66കാരൻ ആദ്യമായി നിയമസഭയിലെത്തുന്നത്. കുട്ടികളില്ലാത്ത മാണിക് സർക്കാരും ഭാര്യയും തീർത്തും ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിനു ലഭിക്കുന്ന വരുമാനം മുഴുവൻ അദ്ദേഹം നൽകിയിരുന്നത് പാർട്ടിക്കായിരുന്നു. പകരം സിപിഐ.എം എല്ലാ മാസവും 5000 രൂപ അലവൻസ് ഇനത്തിൽ അദ്ദേഹത്തിന് നൽകും. ഒരു വാഹനം പോലും അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായ അദ്ദേഹം ഔദ്യോഗികവാഹനം ഉപയോഗിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ഓഫീസിലേക്ക് റിക്ഷയിലെത്തുന്നത് അഗർത്തലയിലെ തെരുവുകളിലെ സ്ഥിരം കാഴ്ച. സെൽഫോണില്ലാത്ത അദ്ദേഹത്തിന് ഇമെയിൽ അഡ്രസും ഇല്ല. മുഖ്യമന്ത്രി പദത്തിൽ മുന്നാം തവണകൂടി കഴിഞ്ഞാൽ അദ്ദേഹം കൂടുതൽ ദരിദ്രനായി മാറുമെന്നായിരുന്നു 2013ൽ ടൈംസ് ഓഫ് ഇന്ത്യ കണ്ടെത്തിയത്.
ദക്ഷിണ ത്രിപുരയിലെ രാധാകിഷോർപൂരിലെ ഒരു ഇടത്തരം കുടുംബത്തിൽ തയ്യൽക്കാരന്റെ മകനായി ജനിച്ച മാണിക്‌സർക്കാർ വിദ്യാഭ്യാസകാലത്ത് തന്നെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു.

 

ബസ്സിൽ യാത്രചെയ്തിരുന്ന മനോഹർ പരീക്കർ

മുഖ്യമന്ത്രിയായിരുന്നപ്പോഴും തന്റെ സ്വന്തം വീട്ടിലായിരുന്നു മനോഹർ പരീക്കറുടെ താമസം. പുതിയൊരു വാഹനം ആവശ്യപ്പെടാതെ താൻ പ്രതിപക്ഷത്തിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ തന്നെമുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം ഉപയോഗിച്ചു. ചെലവുചുരുക്കിയാണ് അദ്ദേഹത്തിന്റെ യാത്രയും മറ്റും കൂടാതെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള ഫോൺ ബില്ലുകൾ അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്നായിരുന്നു അടച്ചിരുന്നത്. വി.വി.ഐ.പി ഉപചാരങ്ങളൊന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല.

പൊതുഗതാഗത സംവിധനങ്ങൾ ഉപയോഗിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ആളാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായ ബിജെപി നേതാവ് പരീക്കർ. 58ാം വയസ്സിലും 16 മുതൽ 18 മണിക്കൂർ വരെ ജോലിയിൽ മുഴുകുന്ന അദ്ദേഹം. ആദ്യമായി ഗോവയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിന് കേവലം ഒരുമാസം മുൻപാണ് മനോഹർ പരീക്കറുടെ ഭാര്യ മേധ അർബുദത്തിന് കീഴടങ്ങുന്നത്. ഇക്കാരണത്താൽ അദ്ദേഹത്തിന് രക്ഷിതാവെന്ന നിലയിൽ തന്റെ രണ്ട് ആൺമക്കളുടെ കാര്യങ്ങൾ ഒറ്റയ്ക്ക് ശ്രദ്ധിക്കേണ്ടതിനൊപ്പം സംസ്ഥാനത്തിന്റെ ചുമതലകൂടി ഏറ്റെടുക്കേണ്ടതായി വന്നു. എന്നാൽ ഏവരേയും ഞെട്ടിച്ച് കൊണ്ട് മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന തീരുമാനമെടുത്തു പരീക്കർ

 

തകരഷീറ്റിനടിയിൽ താമസിച്ച ഷംഹുംഗ്രാ

ഷിൻഗര റാം ഷഹുംഗ്രാ പഞ്ചാബിലെ ഹോഷിറാപൂർ ജില്ലയിലെ ഗർഹ്ഷാങ്കർ ടൗണിൽ മൺസൂണിന് മുൻപ് കനത്ത മഴപെയ്തപ്പോൾ റോഡരികിൽ വച്ചിരുന്ന തന്റെ ആകെയുള്ള സമ്പാദ്യങ്ങൾ നനയാതിരിക്കാൻ ടാർപോളിൻ തിരയുകയായിരുന്നു ഷിൻഗര റാം ഷഹുംഗ്രാ. ഇദ്ദേഹം പഞ്ചാബിൽ നിന്നുള്ള ബി.എസ്‌പി എംഎ‍ൽഎയാണെന്ന് പറഞ്ഞാൽ ആരും ഞെട്ടിപ്പോകും. രണ്ടുവട്ടം എംഎൽഎയായിരുന്ന ഷഹുംഗ്രാ ഇരുമ്പ് ഷീറ്റ് വച്ച് മറച്ച ഒരു ഷെഡിലായിരുന്നു താമസിച്ചിരുന്നത്. പണച്ചാക്കുകളുടെ സംസ്ഥാനമായ പഞ്ചാബിൽ സ്വന്തമായി നല്ലൊരു വീടുപോലും പണിയാതിരുന്ന ഏക എംഎ‍ൽഎയാകും ഒരുപക്ഷേ ഷഹുംഗ്രാ.

മെസ്വാൾ - മന്ത്രിയായ നെയ്ത്തുകാരൻ

അർജുൻ റാം മെഗ്വാൾ ചെറുപ്പത്തിൽ തന്നെ നെയ്ത്ത് ജോലി ചെയ്യാനാരംഭിച്ച ഇദ്ദേഹം ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹിതനായി. പിന്നീട് ടെലിഫോൺ ഓപ്പറേറ്ററായും ജോലി ചെയ്തു. സ്‌കൂൾവിദ്യാഭ്യാസം അന്യമായ ഗ്രാമത്തിൽ ഒരു ബിരുദാന്തര ബിരുദം നേടിയെടുക്കാൻ അദ്ദേഹത്തിനായി. ഇന്ത്യൻ തപാൽ/ടെലഗ്രാഫ് വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹം എൽ.എൽ.ബി കരസ്ഥമാക്കി. ഇതേ കാലത്തു തന്നെ ടെലിഫോൺ ട്രാഫിക് ജനറൽ സെക്രട്ടറി പദത്തിലേക്കു നടന്ന തെരെഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. പിന്നീട് രാജസ്ഥാൻ അഡ്‌മിനിസ്‌ട്രേറ്റീവ് സർവ്വീസിൽ കയറുകയും തുടർന്ന് പ്രത്യേക ഓഫീസർ ഡ്യൂട്ടിയിലൂടെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു. പിന്നീട് ഐ.എ.എസ് കരസ്ഥമാക്കി ചുരു ജില്ലയുടെ കലക്ടറായി . തുടർന്നാണ് രാഷ്ട്രീയത്തിേക്കുള്ള മെഗ്വാളിന്റെ ചുവടുവെയ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP