മീ ടു വെളിപ്പെടുത്തലിൽ എം.ജെ അക്ബറിന് കുരുക്ക് മുറുകുന്നു ; 18ാം വയസിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന സമയത്ത് തന്നെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി വിദേശ മാധ്യമ പ്രവർത്തക; 'തന്റെ തോളിൽ പിടിച്ചു വലിച്ച് ബലമായി ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തെന്ന്' യുവതി; മീ ടു വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം; നിയമവശം പരിശോധിക്കുമെന്നും പൊതുജനാഭിപ്രായം തേടുമെന്നും അധികൃതർ
October 12, 2018 | 04:22 PM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: മീടു വെളിപ്പെടുത്തലിൽ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന് കുരുക്ക് മുറുകുന്നു. നേരത്തെ വനിതാ മാധ്യമപ്രവർത്തകർ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് വിദേശ വനിതാ മാധ്യമ പ്രവർത്തക ആരോപണവുമായി രംഗത്തെത്തിയത്. താൻ ഇന്റേൺഷിപ്പ് ചെയ്തിരുന്ന കാലത്ത് എം.ജെ അക്ബർ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നാണ് മാധ്യമ പ്രവർത്തക മജ്ലി ഡി പൈ വെളിപ്പെടുത്തിയത്. 18ാം വയസിലാണ് ഇവർ ഇന്റേൺഷിപ്പിനായി അക്ബറിന്റെ ഏഷ്യൻ ഏജ് ഓഫീസിൽ എത്തിയത്.
2007ൽ ഏഷ്യൻ ഏജിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന വേളയിൽ എം.ജെ അക്ബർ തന്നോട് മോശമായി പെരുമാറിയെന്നാണ് ഇവരുടെ ആരോപണം.എം.ജെ അക്ബർ തന്നെ ബലം പ്രയോഗിച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തെന്ന് യുവതി പറയുന്നു.'ഫോട്ടോകൾ നൽകാനായി അദ്ദേഹത്തിന്റെ അടുത്തു പോയ നിമിഷം ഏറെ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്തതാണ്. ഞാനദ്ദേഹത്തിന് ഫോട്ടോകൾ നൽകി. അദ്ദേഹം അതിലൊന്ന് നോക്കി, പക്ഷേ ഒന്നും പറഞ്ഞില്ല. അദ്ദേഹം അലക്ഷ്യമായി അതിലൂടൊന്നു നോക്കി.'അവർ വിവരിക്കുന്നു.
'ഞാനിരുന്നിരുന്ന ഡെക്സിനടുത്തേക്ക് അദ്ദേഹം നടന്നു. ഞാനും എഴുന്നേറ്റു. അദ്ദേഹത്തിന് ഹസ്തദാനം നൽകി. അദ്ദേഹം എന്റെ ഷോൾട്ടറിന് താഴെയായി കയ്യിൽ പെട്ടെന്ന് കയറിപിടിച്ചു. അദ്ദേഹത്തിനു നേരേയ്ക്ക് വലിച്ച് എന്റെ വായിൽ ചുംബിച്ചു. നാവ് എന്റെ വായിലേക്കിട്ടു. ഞാനവിടെ നിന്നേയുള്ളൂ.' അവർ പറയുന്നു.'അറപ്പുളവാക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം എല്ലാ അതിരുകളും ലംഘിച്ചു. ഞാനും എന്റെ രക്ഷിതാക്കളും അദ്ദേഹത്തിനുമേൽ സൂക്ഷിച്ച വിശ്വാസം തന്നെ നശിപ്പിച്ചു.' എന്നും അവർ വിശദീകരിക്കുന്നു.
1990കളിൽ ഡൽഹിയിൽ വിദേശ കറസ്പോണ്ടന്റുകളായി ജോലി ചെയ്തിരുന്ന തന്റെ മാതാപിതാക്കൾ വഴിയാണ് അക്ബറിനെ പരിചയപ്പെട്ടതെന്നും അവർ പറയുന്നു. 'അദ്ദേഹം എന്റെ മാതാപിതാക്കളുടെ സുഹൃത്തായിരുന്നു.' അവർ പറയുന്നു.എം.ജെ അക്ബറിന്റെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞ് നിരവധി വനിതാ മാധ്യമപ്രവർത്തകർ കഴിഞ്ഞദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.
കുരുക്കിൽ മുറുകി അക്ബർ
പ്രമുഖ മാധ്യമ പ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ.അക്ബറിനെതിരെ മീ ടൂ ക്യാംപെയിനിലൂടെ ഏഴു വനിതാ മാധ്യമ പ്രവർത്തകർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അക്ബർ രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപിയിലെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
അക്ബറിനെ സംരക്ഷിക്കരുതെന്നും ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നും ബിജെപി നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദേശത്തുള്ള മന്ത്രിയോട് അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.രാജിക്കാര്യം അക്ബർ തന്നെ സ്വയം തീരുമാനിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
ഓൺലൈൻ മാധ്യമമായ ദി വയറിൽ എഴുതിയ ലേഖനത്തിൽ മാധ്യമപ്രവർത്തക ഗസല വബാബാണ് കേന്ദ്രമന്ത്രിക്കെതിരെ ഏറ്റവും ഒടുവിൽ രംഗത്ത് വന്നത്. തന്റെ അനുവാദം കൂടാതെ ശരീരത്തിൽ ബലമായി കയറിപ്പിടിച്ചുവെന്നും, ഉമ്മ വയ്ക്കാൻ ശ്രമിച്ചുവെന്നും ഇവർ ഈ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
അന്വേഷണം പ്രഖ്യാപിച്ച് വനിതാ ശിശുക്ഷേമ മന്ത്രാലയം
മീ ടു വെളിപ്പെടുത്തലുകളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇതിനായി വിരമിച്ച നാലു ജഡ്ജിമാരെ നിയോഗിക്കും. വിഷയവുമായി ബന്ധപ്പെട്ട് സമിതി നിയമ വശം പരിശോധിക്കും. തുടർന്ന് പൊതു ജനാഭിപ്രായവും തേടും.
