Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ; ഭൂരിപക്ഷമുണ്ടെങ്കിൽ തിങ്കളാഴ്ച വൈകീട്ട് 7.30-ന് മുമ്പ് തെളിയിക്കാനും നിർദ്ദേശം; പിന്തുണക്കണമെങ്കിൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും സേന രാജിവെക്കണം എന്നും എൻഡിഎ വിടണമെന്നും ഉപാധി മുന്നിൽ വെച്ച് എൻസിപി; എന്തു വിലകൊടുത്തും മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി ഉണ്ടാകുമെന്ന് മുതിർന്ന സേനാ നേതാവ് സഞ്ജയ് റാവത്ത്; ശരത് പവാറിനെ ഉദ്ധവ് താക്കറെ ഫോണിൽ വിളിച്ചതോടെ ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യനീക്കം തകൃതി

മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ; ഭൂരിപക്ഷമുണ്ടെങ്കിൽ തിങ്കളാഴ്ച വൈകീട്ട് 7.30-ന് മുമ്പ് തെളിയിക്കാനും നിർദ്ദേശം; പിന്തുണക്കണമെങ്കിൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും സേന രാജിവെക്കണം എന്നും എൻഡിഎ വിടണമെന്നും ഉപാധി മുന്നിൽ വെച്ച് എൻസിപി; എന്തു വിലകൊടുത്തും മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി ഉണ്ടാകുമെന്ന് മുതിർന്ന സേനാ നേതാവ് സഞ്ജയ് റാവത്ത്; ശരത് പവാറിനെ ഉദ്ധവ് താക്കറെ ഫോണിൽ വിളിച്ചതോടെ ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യനീക്കം തകൃതി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണത്തിൽ നിന്നും ബിജെപി പിന്മാറിയതോടെ സഖ്യകക്ഷി സർക്കാർ ഉണ്ടാക്കാൻ ശിവസേന ശ്രമം തുടങ്ങി. രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ മഹാരാഷ്ട്രയിൽ ശിവസേനയെ ഗവർണർ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു. ബിജെപി പിന്മാറിയതിന് പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ ഭഗത് സിങ് കോഷിയാരി സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ചത്. സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷമുണ്ടെങ്കിൽ തിങ്കളാഴ്ച വൈകീട്ട് 7.30-ന് മുമ്പ് അത് തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

ശിവസേന തന്നെ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കുമെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ശിവസേനയിൽനിന്ന് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കിൽ എന്തുവില കൊടുത്തും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപവത്കരണത്തിൽനിന്ന് ബിജെപി. പിന്മാറിയതോടെ എൻ.സി.പി.യും കോൺഗ്രസും ചർച്ചകൾ വേഗത്തിലാക്കി. സംസ്ഥാനത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കോൺഗ്രസ് നേതാവ് അശോക് ചവാൻ പറഞ്ഞു.

ഭൂരിപക്ഷമില്ലാത്തതിനാൽ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കേണ്ടെന്ന് ഞായറാഴ്ച വൈകീട്ടാണ് ബിജെപി. തീരുമാനമെടുത്തത്. സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി. ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു. സഖ്യമായി മത്സരിച്ചെങ്കിലും മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന ആവശ്യത്തിൽ ശിവസേന ഉറച്ചുനിന്നതോടെയാണ് ബിജെപി. പ്രതിസന്ധിയിലായത്. അതിനിടെ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേനയെ ഗവർണർ ക്ഷണിച്ചതോടെ സർക്കാരുണ്ടാക്കാൻ സഹകരിക്കരിക്കുന്ന കാര്യത്തിൽ ശിവസേനയ്ക്ക് മുന്നിൽ എൻസിപി ഉപാധികൾവെച്ചു. എൻഡിഎ സഖ്യം പൂർണമായി ഉപേക്ഷിക്കണമെന്നും കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും എൻസിപി നേതാവ് നവാബ് മാലിക് പറഞ്ഞു. ഇതോടെ ശിവസേന കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ ഫോണിൽ വിളിച്ചു പിന്തുണ അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അതിനിടെ എൻസിപിയും കോൺഗ്രസും ചേർന്നായിരിക്കും വിഷയത്തിൽ അവസാന തീരുമാനമെടുക്കുന്നതെന്നും നവാബ് മാലിക് വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ എൻസിപി അധ്യക്ഷൻ ശരദ് പവാർ എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിവസത്തെ സമയമാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ശിവസേനയ്ക്ക് നൽകിയിരിക്കുന്നത്. ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കി ബിജെപി കത്ത് നൽകിയതിന് പിന്നാലെയാണ് ഗവർണർ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ സേനയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.

സർക്കാരുണ്ടാക്കുന്ന വിഷയത്തിൽ കോൺഗ്രസിനുള്ളിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പാർട്ടിക്കുള്ളിൽ ചർച്ച തുടരുകയാണെന്നും കോൺഗ്രസ് നേതാവ് അശോക് ചവാൻ പറഞ്ഞു. സ്ഥിതിഗതികൾ വിശകലനം ചെയ്യാനും ഉചിതമായ തീരുമാനമെടുക്കാനും രണ്ട് നിരീക്ഷകരെ എഐസിസി മഹാരാഷ്ട്രയിലേക്ക് അയക്കും. നേരത്തെ, ജയ്പൂരിൽ കോൺഗ്രസ് എംഎൽഎമാരുമായി ചർച്ച നടത്തിയ മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, തങ്ങൾ പ്രതിപക്ഷത്തിരിക്കുമെന്ന് പറഞ്ഞിരുന്നു. ശിവസേനയുമായി ചേർന്നാൽ കോൺഗ്രസിന്റെ നാശമായിരിക്കും ഫലമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. 'കോൺഗ്രസ്എൻസിപി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തും എന്നത് ഭാവന മാത്രമാണ്. ഭാവന യാഥാർത്ഥ്യമാക്കണമെങ്കിൽ ശിവസേനയെ കൂടെക്കൂട്ടാതെ സാധിക്കില്ല. പക്ഷേ ശിവസേനയുടെ പിന്തുണ സ്വീകരിക്കുകയാണെങ്കിൽ അത് കോൺഗ്രസിന്റെ നാശമായിരിക്കും' അദ്ദേഹം പറഞ്ഞു.

'ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന് ചില നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ അത് കോൺഗ്രസിന് പരിമിത കാലത്തേക്കുള്ള നേട്ടം മാത്രമേ തരുള്ളു. സേനയുമായി സഖ്യമുണ്ടാക്കിയാൽ മറ്റു സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളെ നഷ്ടമാകും. മഹാരാഷ്ട്രയിൽ ഗവർണർ ഭരണം വരുന്നതിനെ കുറിച്ച് കോൺഗ്രസ് ഭയപ്പെടേണ്ടതില്ല. അതിനെപ്പറ്റി ഭയക്കേണ്ടത് ബിജെപിയും ശിവസേനയുമാണ്. ചാക്കിട്ടു പിടുത്തത്തിൽ നിന്ന് നമ്മുടെ എംഎൽഎമാരെ സംരക്ഷിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത'്.അദ്ദേഹം പറഞ്ഞു.

സർക്കാർ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഭൂരിപക്ഷമില്ലാതെ മുന്നോട്ടുപോകേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചത്. പാർട്ടി നിലപാട് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ അറിയിച്ചു. ശിവസേനയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ചു. സഖ്യമായി മത്സരിച്ച ശേഷം ശിവസേന പിന്നിൽ നിന്ന് കുത്തിയെന്ന് ബിജെപി ആരോപിച്ചു. പ്രതിക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്ത സാചര്യത്തിലാണ് ബിജെപി സർക്കാർ രൂപീകരണ ശ്രമങ്ങളിൽ നിന്ന് പിന്മാറുന്നത്. തിങ്കളാഴ്ച രാത്രി എട്ടുമണിവരെയായിരുന്നു ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് ഗവർണർ സമയം അനുവദിച്ചിരുന്നത്.

അവകാശപ്പെടുന്ന അംഗബലമുണ്ടെങ്കിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ശിവസേനയെ വെല്ലുവിളിച്ചു. ജനഹിതം അവഗണിച്ച് കോൺഗ്രസിനും എൻസിപിക്കും ഒപ്പം സർക്കാർ രൂപീകരിക്കാനാണ് ശിവസേനയുടെ നീക്കമെങ്കിൽ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ബിജെപി നേതാ്വ് ചന്ദ്രകാന്ത് പാട്ടിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സഖ്യകക്ഷിയായ ശിവസേന രംഗത്ത് വന്നിരുന്നു. 5050ഫോർമുലയിൽ ഉറച്ചുനിന്ന ശിവസേനയെ നിലപാടിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ദേവേന്ദ്ര ഫഡ്നാവിസിനെ ഒഴിവാക്കി നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാൽ സഹകരിക്കാമെന്ന ശിവസേനയുടെ നിലപാട് ബിജെപി അംഗീകരിച്ചില്ല.

ബിജെപി തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ശ്രമം നടത്തുന്നു എന്ന് ആരോപിച്ച് ശിവസേന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. കോൺഗ്രസും തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഒക്ടോബർ 21ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105സീറ്റാണ് ലഭിച്ചത്. ശിവസേന 56സീറ്റിലും വിജയിച്ചു. എൻസിപി 54, കോൺഗ്രസ് 44 എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ അംഗബലം. 288സീറ്റുകളുള്ള സഭയിൽ 145സീറ്റുകളാണ് കേവലഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP