Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരുഷായ്‌ക്കോ സുൽത്താനോ സമ്രാട്ടിനോ ആ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല; നാനാത്വത്തിൽ ഏകത്വം എന്ന വാഗ്ദാനം; എല്ലാ ഭാഷകളെയും ഞങ്ങൾ ആദരിക്കുന്നുവെങ്കിലും മാതൃഭാഷ എല്ലായ്‌പോഴും തമിഴായിരിക്കും; ഹിന്ദി അടിച്ചേൽപ്പിച്ചാൽ ജല്ലിക്കെട്ടിനേക്കാൾ വലിയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും കമൽഹാസൻ

ഒരുഷായ്‌ക്കോ സുൽത്താനോ സമ്രാട്ടിനോ ആ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല; നാനാത്വത്തിൽ ഏകത്വം എന്ന വാഗ്ദാനം; എല്ലാ ഭാഷകളെയും ഞങ്ങൾ ആദരിക്കുന്നുവെങ്കിലും മാതൃഭാഷ എല്ലായ്‌പോഴും തമിഴായിരിക്കും; ഹിന്ദി അടിച്ചേൽപ്പിച്ചാൽ ജല്ലിക്കെട്ടിനേക്കാൾ വലിയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും കമൽഹാസൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിപ്രായത്തോട് ശക്തമായ എതിർപ്പുമായി മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. തീരുമാനം അടിച്ചേൽപ്പിച്ചാൽ, ജെല്ലിക്കെട്ടിനേക്കാൾ വലിയ പ്രക്ഷോഭം തമിഴ്‌നാട്ടിൽ നേരിടേണ്ടി വരും. തമിഴും ഇംഗ്ലീഷുമെന്ന തമിഴ്‌നാടിന്റെ ദ്വിഭാഷാ നയത്തിന് വിരുദ്ധമായി ഹിന്ദി അടിച്ചേൽപ്പിച്ചാൽ അത് വമ്പിച്ച പ്രക്ഷോഭത്തിന് വഴിവയ്ക്കും. തമിഴ്‌നാടോ, രാജ്യമോ അത്തരമൊരു പോരാട്ടം ഇപ്പോൾ ആഗ്രഹിക്കുന്നില്ല, കമൽഹാസൻ പ്രസ്താവനയിൽ പറഞ്ഞു.

ഹ്രസ്വദൃഷ്ടിയുള്ള തീരുമാനം വഴി എല്ലാവർക്കും ദുരിതം മാത്രമേ ഉണ്ടാവുകയുള്ളു. ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് നാനാത്വത്തിലെ ഏകത്വം. ഒരുഷായ്‌ക്കോ, സുൽത്താനോ സമ്രാട്ടിനോ ആ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല. എല്ലാ ഭാഷകളെയും ഞങ്ങൾ ആദരിക്കുന്നു. എന്നാൽ, ഞങ്ങളുടെ മാതൃഭാഷ എല്ലായ്‌പ്പോഴും തമിഴായിരിക്കും.

അതേസമയം, ഷായുടെ നിരീക്ഷണങ്ങൾ ഞെട്ടിക്കുന്നതാണെന്ന് ഡിഎംകെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ പ്രതികരിച്ചു. ദേശീയ അഖണ്ഡതയ്ക്ക് ഇത് ഭീഷണിയാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പിൻവലിക്കണം, സ്റ്റാലിൻ ആവശ്യപ്പെട്ടു. വീണ്ടും ഭാഷാസമരം ആരംഭിക്കുമെന്നും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

'ഒരു രാജ്യം, ഒരു ഭാഷ' എന്ന മുദ്രാവാക്യമുയർത്തി ഹിന്ദിക്കായി അമിത് ഷാ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷ ഉണ്ടാകണം. വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കും. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണം. നിരവധി ഭാഷകൾ സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷകൾക്കും അതിന്റേതായ പ്രധാന്യമുണ്ടെന്നും 'ഹിന്ദി ദിവസിൽ' അമിത് ഷാ ട്വീറ്റ് ചെയ്തു.

അമിത് ഷായുടെ ഈ മുദ്രാവാക്യത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തെത്തി. വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും രാജ്യത്തെ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്നെന്നും യച്ചൂരി കുറ്റപ്പെടുത്തി. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും 'ഹിന്ദി അജണ്ട' യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണത്.

ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താൻ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നന്നെന്നും പിണറായി പരഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP