സൂപ്പർ സ്റ്റാർ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിട; 'ബിജെപി ആപൽക്കരമെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നുണ്ടെങ്കിൽ അതാകാം ശരിയെന്ന്' രജനികാന്ത്; നോട്ട് നിരോധനത്തിലെ മുൻ നിലപാട് തിരുത്തിയും തലൈവർ; നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിൽ; വിശദമായ പഠനത്തിന് ശേഷം വേണ്ടിയിരുന്ന കാര്യമെന്നും പുത്തൻ അഭിപ്രായം
November 12, 2018 | 09:36 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ചെന്നൈ: രാഷ്ട്രീയ പ്രവേശനം നടത്തിയ രജനീകാന്ത് ബിജെപിയിൽ ചേരുമെന്നായിരുന്ന അഭ്യൂഹങ്ങൾക്ക് വിട. രജനീകാന്ത് ബിജെപിയിലേക്കില്ലെന്ന് ഉറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന നൽകുന്ന സൂചന. ബിജെപി അപകടകരമെന്ന് മറ്റു പാർട്ടികൾ വിശ്വസിക്കുന്നുവെങ്കിൽ അത് ശരിയായിരിക്കുമെന്നാണ് രജനി പറഞ്ഞിരിക്കുന്നത്.
ബിജെപിക്കെതിരെ സാധാരണഗതിയിൽ വിമർശനമുന്നയിക്കാത്ത തമിഴ് താരങ്ങളിൽ പ്രമുഖനാണ് രജനികാന്ത്. പലപ്പോഴും ബിജെപിക്കൊപ്പമാണ് തോന്നലുണ്ടാക്കിയിട്ടുമുണ്ട് തമിഴകത്തിന്റ തലൈവർ. ഇപ്പോഴത്തെ പരോക്ഷ വിമർശം സ്‌റ്റൈൽ മന്നന്റെ ബിജെപിയോടുള്ള നിലപാട് വ്യക്തമാക്കുന്നതാണ്.
ബിജെപി ആപൽക്കരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ പറയുന്നുണ്ടെങ്കിൽ അതാകാം ശരിയെന്ന് രജനി അഭിപ്രായപ്പെട്ടു. ചെന്നൈയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. ബിജെപിക്കെതിരെ പാർട്ടികൾ ഒരുമിച്ചു നിൽക്കുന്നു, അത്തരത്തിൽ ആപൽക്കരമാണോ ബിജെപി എന്ന ചോദ്യത്തിനായിരുന്നു രജനിയുടെ മറുപടി. 'അവർ എല്ലാവരും അങ്ങനെ കരുതുന്നെങ്കിൽ അത് ശരിയായിരിക്കാം' ഇങ്ങനെയാണ് താരം പ്രതികരിച്ചത്.
നോട്ടുനിരോധനത്തെ സ്വാഗതം ചെയ്ത രജനി ഇപ്പോൾ നിലപാട് മാറ്റുകയും ചെയ്തു. ''നോട്ടുനിരോധനം നടപ്പിലാക്കിയ രീതി തെറ്റായിപ്പോയി. ആഴത്തിൽ കാര്യങ്ങൾ പഠിച്ചതിനുശേഷം മാത്രമായിരുന്നു അത് നടപ്പിലാക്കേണ്ടത്,'' ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് രജനി പറഞ്ഞു. നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികം പിന്നിടുമ്പോഴാണ് രജനിയുടെ പ്രതികരണം. 2016 നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് ഏതാനും മിനിറ്റുകൾ കഴിയുമ്പോഴാണ് പുതിയ ഇന്ത്യ ജനിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് രജനി ട്വീറ്റ് ചെയ്തത്.
നോട്ട് നിരോധനത്തിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. നേരത്തെ നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നു രജനി. നോട്ട് നിരോധനം നടപ്പാക്കിയത് തെറ്റായ രീതിയിലാണെന്നാണ് താരത്തിന്റെ പുതിയ അഭിപ്രായം. വിശദമായ പഠനത്തിന് ശേഷം വേണമായിരുന്നു ഇത് നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജീവ് വധക്കേസ് പ്രതികളെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തിന് കത്തയയ്ക്കുകയും കേന്ദ്രസർക്കാർ ഇത് നിരസിക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു രജനിയുടെ മറുപടി. രാജീവ് വധക്കേസിലെ 7 പ്രതികളും 27 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞവരാണ്.
ധർമ്മപുരിയിൽ 16 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെക്കുറിച്ചും മാധ്യമപ്രവർത്തകർ രജനിയോട് ചോദിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗിക അതിക്രമം കാണിക്കുന്നവർക്ക് തക്ക ശിക്ഷ ഉറപ്പുവരുന്ന നിയമം സർക്കാർ കൊണ്ടുവരണമെന്നായിരുന്നു രജനിയുടെ പ്രതികരണം.
