Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാജയത്തിന്റെ പഴി മാത്രം തനിക്ക്; തീരുമാനങ്ങൾ എല്ലാം അമ്മയുടേത്; രാഹുൽ അവധിയെടുത്തത് കുടുംബവഴക്കിനെ തുടർന്ന്; സമാധാനം തേടി രാജ്യം വിട്ടതായും റിപ്പോർട്ട്; ഉത്തരാഖണ്ഡിലെന്ന് കോൺഗ്രസ് നേതാവ്‌

ന്യൂഡൽഹി: പാർലമെന്റ് കൂടുമ്പോൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി പാർട്ടിയിൽനിന്ന് അവധിയെടുത്ത് രാജ്യം വിട്ടത് ലോക്‌സഭയിലെ ചർച്ചകൾ ഒഴിവാക്കാനെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയിൽ ഉണ്ടാകുമെന്നും പറഞ്ഞു. പക്ഷേ അമ്മയും പാർട്ടി അധ്യക്ഷയുമായ സോണിയാ ഗാന്ധിയുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് രാഹുലിന്റെ വിട്ടു നിൽക്കലെന്നാണ് പുതിയ റിപ്പോർട്ട്. രാഹുൽഗാന്ധി രണ്ടാഴ്ചത്തേക്കാണ് പാർട്ടിയിൽനിന്ന് അവധി യെടുത്തതെന്ന് കോൺഗ്രസ് സ്ഥിരീകരിച്ചു. എന്നാൽ രാഹുൽഗാന്ധി ഏത് രാജ്യത്തേക്കാണ് പോയതെന്ന കാര്യം ഉന്നത കോൺഗ്രസ് നേതാക്കൾക്കുപോലും അറിയില്ല.

പാർട്ടി കാര്യങ്ങളിൽ തന്റെ തീരുമാനങ്ങളല്ല നടപ്പാകുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് തോൽവികളുടെ ഉത്തരവാദിത്വം മുഴുവൻ തന്റെ മേൽ ചാർത്തപ്പെടുന്നു എന്ന പരിഭവമാണ് രാഹുലിനുള്ളതെന്നാണ് സൂചന. കോൺഗ്രസ്സിൽ ഏതാണ്ട് ഒരു പതിറ്റാണ്ടിലേറെയായി കാര്യങ്ങൾ നിയന്ത്രിക്കുന്ന മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേലിനേയും ജനാർദൻ ദ്വിവേദിയേയും പ്രമുഖസ്ഥാനങ്ങളിൽനിന്ന് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തത് സോണിയയോടുള്ള നീരസത്തിനുള്ള പ്രധാന കാരണമാണ്. തോൽവികളുടെ പശ്ചാത്തലത്തിൽ സംഘടനയിൽ രാഹുൽ വരുത്താൻ ഉദ്ദേശിച്ചിരുന്ന പരിഷ്‌കാരങ്ങൾക്കും മത്സരാധിഷ്ഠിത സംഘടനാതിരഞ്ഞെടുപ്പിനും അനുമതി നൽകാത്തതും രാഹുലിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചു.

കോൺഗ്രസ്സിന്റെ സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയിലെ മുതിർന്ന നേതാക്കളും രാഹുലും കുറച്ചുകാലമായി രണ്ടുതട്ടിലാണ്. അഹമ്മദ് പട്ടേൽ, ജനാർദൻ ദ്വിവേദി എന്നിവരുമായി കാര്യമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അടുത്തിടെ നരേന്ദ്ര മോദിയെ പുകഴ്‌ത്തുന്ന തരത്തിൽ ദ്വിവേദി ചില അഭിപ്രായങ്ങൾ പ്രകടിപ്പിച്ചപ്പോൾ അച്ചടക്കനടപടി സ്വീകരിക്കുമെന്നു പറഞ്ഞ് രാഹുലിന്റെ വിശ്വസ്തനും പാർട്ടി ജനറൽസെക്രട്ടറിയുമായ അജയ് മാക്കൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. അന്ന് തുടങ്ങിയതാണ് സോണിയയുമായുള്ള അകൽച്ചയെന്നാണ് സൂചന.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കെയുള്ള രാഹുലിന്റെ നാടുവിടൽ മറ്റുപാർട്ടികളുടെ വിമർശനത്തിനിടയാക്കി. രാഹുലിനെ തിരിച്ചുകൊണ്ടുവരാൻ തീവ്രശ്രമം നടക്കുന്നുണ്ടെന്ന് ഉന്നത കോൺഗ്രസ് കേന്ദ്രങ്ങൾ അറിയിച്ചു. ഒരാഴ്ചയ്ക്കകം രാഹുൽ തിരിച്ചെത്തുമെന്ന് അവർ പറഞ്ഞു. സോണിയ രാഹുലുമായി സംസാരിക്കുന്നതോടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

രാഹുൽ ഗാന്ധിയുടെ 'അജ്ഞാത വാസം' സംബന്ധിച്ച് കഥകൾ പ്രചരിക്കുന്നതിനിടെ അദ്ദേഹം ഉത്തരാഖണ്ഡിലുണ്ടെന്ന് കോൺഗ്രസ് നേതാവ് ജഗദീഷ് ശർമ ട്വിറ്ററിലൂടെ ചിത്രം സഹിതം വെളിപ്പെടുത്തി. തെളിവായി ശർമ ചില ചിത്രങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

എന്നാൽ ഇത് മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ ശർമയുടെ വാദം തള്ളി രാഹുലിന്റെ ഓഫീസ് വിശദീകരണക്കുറിപ്പ് ഇറക്കി. ജഗദീഷ് ശർമ പുറത്തുവിട്ട ചിത്രങ്ങൾ 2008ൽ രാഹുൽ ഉത്തരാഖണ്ഡ് സന്ദർശിച്ചപ്പോൾ എടുത്തതാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. തൊപ്പിയും തണുപ്പകറ്റുന്ന തരത്തിലുള്ള വസ്ത്രങ്ങളും ധരിച്ച് ഫോണിൽ സംസാരിക്കുന്നതടക്കുമുള്ള ചിത്രങ്ങളാണ് ശർമ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP