Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമൽനാഥ് സർക്കാറിനെ അട്ടിമറിക്കാൻ കൂട്ടു നിന്നാൽ എംഎൽഎമാർക്ക് 100 കോടിയും മന്ത്രിസ്ഥാനവും; എൻഫോഴ്‌സ്‌മെന്റിനെയും പേടിക്കേണ്ട..! ഇങ്ങനെയൊക്കെ ഓഫർ നൽകിയാൽ എങ്ങനെ കോൺഗ്രസുകാർ മറുകണ്ടം ചാടാതിരിക്കും? ബിജെപി നേതാവിന്റെ മോഹന വാഗ്ദാനങ്ങൾ സഹിതം ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിട്ടു കോൺഗ്രസ്; എംഎൽഎമാരെ സംരക്ഷിച്ച് മധ്യപ്രദേശ് സർക്കാറിനെ സംരക്ഷിക്കാനുള്ള തന്ത്രങ്ങൾ ഒരുക്കി കോൺഗ്രസും; സംശയ നിഴലിൽ സിന്ധ്യയും വന്നതോടെ എംഎൽഎമാർക്ക് വിപ്പു നൽകി പാർട്ടി

കമൽനാഥ് സർക്കാറിനെ അട്ടിമറിക്കാൻ കൂട്ടു നിന്നാൽ എംഎൽഎമാർക്ക് 100 കോടിയും മന്ത്രിസ്ഥാനവും; എൻഫോഴ്‌സ്‌മെന്റിനെയും പേടിക്കേണ്ട..! ഇങ്ങനെയൊക്കെ ഓഫർ നൽകിയാൽ എങ്ങനെ കോൺഗ്രസുകാർ മറുകണ്ടം ചാടാതിരിക്കും? ബിജെപി നേതാവിന്റെ മോഹന വാഗ്ദാനങ്ങൾ സഹിതം ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്തുവിട്ടു കോൺഗ്രസ്; എംഎൽഎമാരെ സംരക്ഷിച്ച് മധ്യപ്രദേശ് സർക്കാറിനെ സംരക്ഷിക്കാനുള്ള തന്ത്രങ്ങൾ ഒരുക്കി കോൺഗ്രസും; സംശയ നിഴലിൽ സിന്ധ്യയും വന്നതോടെ എംഎൽഎമാർക്ക് വിപ്പു നൽകി പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: ഇങ്ങനെയൊക്കെ ഓഫർ കൊടുത്താൽ ആരായാലും മറുകണ്ടം ചാടില്ലേ? മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി എംഎൽഎമാർക്കിട്ട വിലകേട്ട് ഞെട്ടിയിരിക്കയാണ് രാഷ്ട്രീയ ലോകം. കർണാടകത്തിൽ നടന്ന കുതിരക്കച്ചവടത്തേക്കാൾ വലിയ വാഗ്ദാനമാണ് കമൽനാഥ് സർക്കാറിനെ അട്ടിമറിക്കാൻ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി നൽകുന്നത്. 100 കോടി രൂപയാണ് വാഗ്ദാനം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അട്ടിമറിക്കാനായി എംഎ‍ൽഎ.മാർക്ക് 100 കോടി രൂപയും മന്ത്രിസ്ഥാനവും ബിജെപി. നേതാവ് വാഗ്ദാനംചെയ്‌തെന്ന ആരോപണവുമായി ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തു വന്നു. ബിജെപി. മുന്മന്ത്രി നരോത്തം മിശ്രയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ പുറത്തുവിട്ടത് വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന ഡോ. ആനന്ദ് റായിയാണ്. പേരുവെളിപ്പെടുത്താതെ, നാല് കോൺഗ്രസ് എംഎ‍ൽഎ.മാർ താനുമായി ബന്ധപ്പെട്ടുവരുന്നെന്നും മിശ്ര വീഡിയോയിൽ പറയുന്നു.

ചാണക്യപുരിയിലെ മധ്യപ്രദേശ് ഭവനിൽവെച്ച് ഒരുവർഷംമുൻപ് താൻ മിശ്രയുമായി നടത്തിയ സംഭാഷണങ്ങളാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടതെന്നും റായി അവകാശപ്പെട്ടു. എന്നാൽ, വീഡിയോ വ്യാജമാണെന്നും മിശ്രയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും ബിജെപി. പ്രതികരിച്ചു. അതേസമയം അട്ടിമറി നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുമായി കോൺഗ്രസും രംഗത്തുണ്ട്. മധ്യപ്രദേശിലെ തങ്ങളുടെ 114 എംഎ‍ൽഎ.മാർക്കും കോൺഗ്രസ് വിപ്പുനൽകും. ചില എംഎ‍ൽഎ.മാരെ ബിജെപി. ചാക്കിട്ടുപിടിക്കുന്നെന്ന ആരോപണത്തിനു പിന്നാലെയാണ് നടപടി. രാജ്യസഭാ തിരഞ്ഞെടുപ്പിനു പൊതുവേ വിപ്പ് നൽകാറില്ല. വിപ്പു ലംഘിക്കുന്നവരെ മണിക്കൂറുകൾക്കകം അയോഗ്യരാക്കുമെന്നും നിയമസഭാകാര്യ മന്ത്രി ഗോവിന്ദ് സിങ് മുന്നറിയിപ്പുനൽകി.

എംഎൽഎമാരെ തട്ടിയെടുത്ത ബിജെപി, ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ആഡംബര ഹോട്ടലിൽ അവരെ ഒളിപ്പിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നെങ്കിലും ബിജെപി നിഷേധിച്ചിരുന്നു. ആറ് സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തുടരുന്ന കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷൻ താമര'യ്ക്കു ബിജെപി തുടക്കമിട്ടെന്ന അഭ്യൂഹങ്ങൾ പരന്നതിനു പിന്നാലെ എംഎൽഎമാരെ സംരക്ഷിക്കാനുള്ള അണിയറ നീക്കങ്ങൾ കോൺഗ്രസിൽ സജീവമായി. മുഖ്യമന്ത്രി കമൽനാഥുമായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഫോണിൽ ചർച്ച നടത്തി.

എട്ട് എംഎൽഎമാരിൽ ഒരു കോൺഗ്രസ് അംഗവും സ്വതന്ത്രനുമൊഴികെ 6 പേർ വൈകിട്ടു ഭോപാലിൽ തിരിച്ചെത്തിയെന്നും സർക്കാരിനു ഭീഷണിയില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ബിജെപിയിലെ ഏതാനും എംഎൽഎമാർ കോൺഗ്രസുമായി സമ്പർക്കത്തിലാണെന്നു കമൽനാഥും വെളിപ്പെടുത്തി. അതേസമയം കോൺഗ്രസിന് ഉള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന സൂചനയുമുണ്ട്. അട്ടിമറിക്കു പിന്നിൽ ബിജെപിയാണെന്നു പരസ്യമായി ആരോപിക്കുമ്പോഴും കമൽനാഥിന്റെ എതിർചേരിയിലുള്ള ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അതിൽ പങ്കുണ്ടെന്ന സൂചനകൾ കോൺഗ്രസ് നേതാക്കൾ രഹസ്യമായി പങ്കുവയ്ക്കുന്നു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ടു രംഗത്തുള്ള സിന്ധ്യയുടെ സമ്മർദ തന്ത്രമാണിതെന്നാണു അവർ കരുതുന്നത്. എന്നാൽ അട്ടിമറി നീക്കം മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ ആസൂത്രണമാണെന്നാണു സിന്ധ്യ പക്ഷത്തിന്റെ പ്രത്യാരോപണം.

ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബിജെപിക്കാർ 'തടങ്കലിൽ വച്ച' എട്ടിൽ നാല് എംഎൽഎമാരും തിരികെയെത്തിയതായി കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. രാത്രി നടന്ന 'രക്ഷപ്പെടുത്തൽ നാടക'ത്തിന് നേതൃത്വം നൽകിയത് മുൻ മുഖ്യമന്ത്രിയായിരുന്ന ദിഗ്‌വിജയ് സിംഗും മകനും മന്ത്രിയുമായ ജയ്‌വർദ്ധൻ സിംഗുമാണ്. തിരികെയെത്തിച്ച നാല് എംഎൽഎമാരെ പേര് വെളിപ്പെടുത്താത്ത ഇടത്തേക്ക് രഹസ്യമായി മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. എപ്പോൾ വേണമെങ്കിലും ഇനിയും എംഎൽഎമാർ കളം മാറിച്ചവിട്ടാം എന്നതിനാൽ കടുത്ത ആശങ്കയിൽ ആടിയുലഞ്ഞ് നിൽക്കുകയാണ് മധ്യപ്രദേശ് സർക്കാർ.

ദിഗ്‌വിജയ് സിംഗും മകൻ ജയ്‌വർദ്ധൻ സിംഗും മറ്റൊരു മന്ത്രിയായ ജിതു പട്‌വാരിയും ഗുഡ്ഗാവിലെ മനേസറിലുള്ള ഐടിസി ഗ്രാൻഡ് ഭാരത് ഹോട്ടലിലെത്തുന്നത് പുലർച്ചെ ഒരു മണിക്കാണ്. തടഞ്ഞു വച്ചിരിക്കുകയാണ് എന്ന സന്ദേശം കിട്ടിയിട്ടാണ് പോയതെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞെങ്കിലും സ്വന്തം പാളയത്തിലെ എംഎൽഎമാർ മറുകണ്ടം ചാടിയെന്ന് മനസ്സിലായപ്പോഴാണ് ഇവർ തിരക്കിട്ട് ഹോട്ടലിലേക്ക് പാഞ്ഞെത്തിയത്. രണ്ട് മണിയോടെ ജയ്‌വർദ്ധനും ജിതു പട്‌വാരിയും ഹോട്ടൽ ലോബിയിലൂടെ തിരക്കിട്ട് നടന്ന് വരുന്നത് കാണാമായിരുന്നു. ഒപ്പമുണ്ടായിരുന്നത് ബിഎസ്‌പി എംഎൽഎ രമാബായി. പച്ച കുർത്തയും മഞ്ഞ ജാക്കറ്റുമിട്ട് കൂടെ തിരക്കിട്ട് നടന്നുവന്ന അവരുടെ പെട്ടി, ജയ്‌വർദ്ധനാണ് പിടിച്ചിരുന്നത്.

അതേസമയം സർക്കാരിന് ഒരു ഭീഷണിയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. പ്രതിസന്ധി ഉടൻ പരിഹരിക്കും. എംഎൽഎമാരെ ബന്ധപ്പെടാൻ സാധിച്ചു. പ്രതിസന്ധിക്ക് പിന്നിൽ കോൺഗ്രസിലെ പ്രശ്‌നങ്ങളല്ല. രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി നടത്തുന്ന വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങളാണ് മധ്യപ്രദേശിലെ പ്രശ്‌നങ്ങൾക്ക് പിന്നിലെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ മധ്യപ്രദേശിലെ പ്രതിപക്ഷനേതാവും ബിജെപി എംഎൽഎയുമായ ഗോപാൽ ഭാർഗവ കമൽനാഥ് സർക്കാരിനെ താഴെ വീഴ്‌ത്തുമെന്ന് തുറന്ന ഭീഷണി മുഴക്കിയിരുന്നതാണ്. മധ്യപ്രദേശ് നിയമസഭയിൽ ക്രിമിനൽ നിയമഭേദഗതി വോട്ടിനിട്ട് പാസ്സാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഭീഷണി. ''ഞങ്ങളുടെ മുകളിലുള്ള നമ്പർ 1-ഓ നമ്പർ 2-വോ ഒന്ന് ഉത്തരവിട്ടാൽ മതി, നിങ്ങളുടെ സർക്കാർ 24 മണിക്കൂർ പോലും തികയ്ക്കില്ല'', എന്നായിരുന്നു ഗോപാൽ ഭാർഗവ വെല്ലുവിളിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP