Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാന ശ്വാസംവരെ ഇനി ജനങ്ങൾക്കൊപ്പം; നല്ല വിദ്യാഭ്യാസവും ജീവിതവും എല്ലാവർക്കും; അഴിമതി പാടേ ഇല്ലാതാക്കി സേവനങ്ങൾ ജനങ്ങളിലെത്തിക്കും; വർഗീയതാൽപര്യങ്ങൾ മുളയിലേ ഇല്ലാതാക്കും: നന്മനിറഞ്ഞ ആശയങ്ങളുമായി തമിഴകം പിടിക്കാൻ ഉലക നായകന്റെ 'മക്കൾ നീതി മയ്യം'; വിറളി പൂണ്ട് അന്തക വിത്തെന്നും കടലാസു പൂവെന്നും ആക്ഷേപിച്ച് എതിരാളികൾ; ആശംസകളുമായി ഉദ്ഘാടന വേദിയിൽ നിറഞ്ഞ് കെജ്രിവാളും പിണറായിയും

അവസാന ശ്വാസംവരെ ഇനി ജനങ്ങൾക്കൊപ്പം; നല്ല വിദ്യാഭ്യാസവും ജീവിതവും എല്ലാവർക്കും; അഴിമതി പാടേ ഇല്ലാതാക്കി സേവനങ്ങൾ ജനങ്ങളിലെത്തിക്കും; വർഗീയതാൽപര്യങ്ങൾ മുളയിലേ ഇല്ലാതാക്കും: നന്മനിറഞ്ഞ ആശയങ്ങളുമായി തമിഴകം പിടിക്കാൻ ഉലക നായകന്റെ 'മക്കൾ നീതി മയ്യം'; വിറളി പൂണ്ട് അന്തക വിത്തെന്നും കടലാസു പൂവെന്നും ആക്ഷേപിച്ച് എതിരാളികൾ; ആശംസകളുമായി ഉദ്ഘാടന വേദിയിൽ നിറഞ്ഞ് കെജ്രിവാളും പിണറായിയും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴക രാഷ്ട്രീയത്തിൽ പുതിയ അധ്യായമെഴുതി നടൻ കമൽഹാസൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ വിറളിപിടിച്ച് എതിരാളിൾ. തമിഴ്‌നാട് രാഷ്ട്രീയത്തിൽ കമലിന് ഒന്നും ചെയ്യാനാവില്ലെന്ന് വിലയിരുത്തിയും മക്കൾ നീതി മയ്യം എന്ന പാർട്ടിയെ കടലാസുപൂവെന്നും അന്തകവിത്തെന്നുമെല്ലാം വിശേഷിപ്പിച്ചുമാണ് എതിരാളികളുടെ പ്രതികരണങ്ങൾ. അതേസമയം, ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളും കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനും ആശംസകളറിയിച്ച് എത്തിയതോടെ ഇടതുപക്ഷ-ജനകീയ ലൈനിലാണ് കമലിന്റെ പാർട്ടിയുടെ പ്രവർത്തനമുഖം രൂപപ്പെടുകയെന്നും വ്യക്തമാകുന്നു.

ബിജെപി-സംഘപരിവാർ കാഴ്ചപ്പാടിന് എതിരായിരിക്കും കമലിന്റെ നിലപാടുകൾ എന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. പിണറായിയേയും കെജ്രിവാളിനേയും സമാന കാഴ്ചപ്പാടുള്ള മറ്റ് ദേശീയ നേതാക്കളേയുമെല്ലാം കാണുകളും അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്ത ശേഷമാണ് കമൽ പുതിയ പാർട്ടി രൂപീകരണത്തിലേക്ക് നീങ്ങിയത്. എല്ലാ ഒരുക്കങ്ങളും നടത്തിയ ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഇന്നലെ 'മക്കൾ നീതി മയ്യം' എന്ന ജനങ്ങളുടെ നീതി കേന്ദ്രം എന്ന അർത്ഥം വരുന്ന പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടായത്. വെള്ളക്കൊടിയിൽ കറുപ്പു പശ്ചാത്തലത്തിൽ നക്ഷത്രവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ സൂചിപ്പിച്ച് ആറു കൈകളുമുള്ള പതാകയും ആണ് പാർട്ടി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്നുതന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഐക്യമെന്ന നിലയിൽ കാര്യങ്ങൾ കൊണ്ടുപോകാനാണ് കമൽ ലക്ഷ്യമിടുന്നതെന്നും വ്യക്തം.

അവസാന ശ്വാസം വരെ ഇനി ജനങ്ങൾക്കൊപ്പമെന്ന് വ്യക്തമാക്കിയായിരുന്നു ഇന്നലെ മധുരയിൽ നടൻ കമൽഹാസൻ. 'മക്കൾ നീതി മയ്യം' എന്ന തന്റെ പാർട്ടി പ്രഖ്യാപിച്ചത്. മധുര ഒത്തക്കട മൈതാനത്ത് ആരാധകരെയും അനുയായികളെയും അഭിസംബോധന ചെയ്തു സംസാരിക്കവെ പാർട്ടി രൂപീകരണം എന്തിനെന്നും വ്യക്തമാക്കി കമൽ. നല്ല വിദ്യാഭ്യാസം എല്ലാവരിലും എത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് പാർട്ടി പ്രഖ്യാപന വേളയിൽ കമൽ പറഞ്ഞു. വർഗീയവും മതപരവുമായ താൽപര്യങ്ങൾക്ക് അന്ത്യമുണ്ടാകണം. നമുക്കതിന് കഴിയും. അതിന്റെ മാതൃക കാട്ടാനും നമുക്കു സാധിക്കും. അഴിമതി അവസാനിപ്പിക്കാനായാൽ സേവനങ്ങൾ എല്ലാവരിലും യഥാസമയം എത്തിക്കാനാകുമെന്നും കമൽ പറഞ്ഞു. ഇടതു സോഷ്യലിസ്റ്റ് രീതിയും ആം ആദ്മിയുടെ ജനകീയ മുഖവും ചേർന്ന രീതിയിലാവും കമലിന്റെ പ്രവർത്തനമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

വോട്ടിനായി നോട്ടില്ല; അവസാന ശ്വാസംവരെ ജനങ്ങൾക്കൊപ്പം

വോട്ടിനായി നോട്ട് നൽകാൻ താനില്ലെന്നും അവസാന ശ്വാസംവരെ ഇനിയുള്ള പോരാട്ടങ്ങൾ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്നും പറഞ്ഞായിരുന്നു കമലിന്റെ പാർട്ടി പ്രഖ്യാപനം. യുവജനങ്ങൾ സ്വന്തം കഴിവുകൾ വർധിപ്പിക്കാൻ ശ്രമിക്കണം. പണ്ടത്തെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയല്ല വേണ്ടത്. ഇത് പുതിയ യുഗമാണ്. പരസ്പര സംഭാഷണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാനാകും - കാവേരി നദീജല വിഷയമുൾപ്പെടെ സൂചിപ്പിച്ച് കമൽ പറഞ്ഞു. നമ്മൾ ഇടതാണോ, വലതാണോ എന്ന് പലരും ചോദിക്കുന്നു. അതിനാലാണ് പാർട്ടി പതാകയിൽ 'മയ്യം' (കേന്ദ്രം എന്നർഥം) എന്ന വാക്ക് വച്ചത്. എന്റെ ശിഷ്ട ജീവിതം നിങ്ങൾക്കായുള്ളതാണ്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്ത ഈ പാർട്ടി എന്നോടൊപ്പം അവസാനിക്കില്ല. മൂന്നോ നാലോ തലമുറ ഇത് നിലനിൽക്കും - ആരാധകരുടെ കരഘോഷങ്ങൾക്കിടെ കമൽ പറഞ്ഞു. നിങ്ങൾ ഇതുവരെ എവിടെയായിരുന്നു എന്നാണു ചിലർ ചോദിക്കുന്നത്. നിങ്ങളുടെ ഉള്ളത്തിൽ ഉണ്ടായിരുന്ന ഞാൻ ഇനിമുതൽ നിങ്ങളുടെ ഇല്ലത്തിലുണ്ടാകും. ഞാനൊരു താരമല്ല, എന്നാൽ നിങ്ങളുടെ വീട്ടിലെ വിളക്കാവാനാണ് എനിക്കിഷ്ടം. നിങ്ങൾ എത്ര നാൾ ഇവിടെയുണ്ടാകുമെന്നാണ് ഒരു ചോദ്യം. അവസാന ശ്വാസം വരെ ഞാനുണ്ടാകും. - കമൽ നയം വ്യക്തമാക്കി.

ആരാണ് നിങ്ങളുടെ നേതാവ് എന്നാണ് വേറെ ചിലർ ചോദിക്കുന്നത്. ഗാന്ധി, പെരിയോർ, കാമരാജ്. ഇവരെയെല്ലാം എനിക്കിഷ്ടമാണ്. വേദിയിൽ കേജ്രിവാളിനെ ചൂണ്ടി ഇദ്ദേഹത്തേയും എന്ന് പറഞ്ഞ കമൽ പിണറായി വിജയനെയും എനിക്ക് ഇഷ്ടമാണെന്നും കൂട്ടിച്ചേർത്തതോടെ സദസ്സിൽ നിലയ്ക്കാത്ത കരഘോഷം. നിങ്ങളുടെ കുട്ടികൾ രാഷ്ട്രീയത്തിലേക്കു വരുമോ, വരും, അവർ വരും എന്ന് പറഞ്ഞതും വലിയ ആവേശമുയർത്തി.

താരമായി കെജ്രിവാളും ആശംസയുമായി പിണറായിയും

അഴിമതി ഒഴിവാക്കാൻ കമലിന്റെ പാർട്ടിക്കൊപ്പം നിലകൊള്ളാൻ ആഹ്വാനം ചെയ്ത് ആം ആദ്മി നേതാവ് കെജ്രിവാൾ നടത്തിയ പ്രസംഗം ഉദ്ഘാടന സമ്മേളനത്തിൽ ഹരമായി. സമ്മേളനത്തിന് എത്തിയില്ലെങ്കിലും ആശംസാ വീഡിയോ അയച്ചാണ് തമിഴിൽ അഭിസംബോധന ചെയ്ത് പിണറായി വിജയനും സാന്നിധ്യമറിയിച്ചത്.

തമിഴ്‌നാട്ടുകാർക്ക് നന്മ നിറഞ്ഞ ഒരു രാഷ്ട്രീയ ബദലാണ് കമൽ ഹാസന്റെ പാർട്ടിയെന്ന് കെജ്രിവാൾ അഭിപ്രായപ്പെട്ടു. അഴിമതി കക്ഷികൾക്കിടയിൽപ്പെട്ട സംസ്ഥാനത്തിന് അഴിമതിയിൽനിന്ന് രക്ഷ നേടാനുള്ള അവസരമാണിത്. ആറുമാസംകൊണ്ട് ആംആദ്മി പാർട്ടിക്ക് ഡൽഹിയിൽ വിജയം കൈവരിക്കാനായെന്ന് ഓർമിപ്പിച്ചാണ് കെജ്രിവാൾ ആശംസ അറിയിച്ചത്. സിനിമയുടെ സമസ്ത മേഖലകളിലും കഴിവുതെളിയിച്ച ആളെന്ന നിലയിലല്ല ജീവിതത്തിലെ ഒരു ഹീറോ എന്ന നിലിയലാണ് കമലിനെ ഞാൻ കാണുന്നത്. നല്ലൊരു രാഷ്ട്രീയ വീക്ഷണമുള്ളയാളാണ് കമൽ. ധൈര്യവാനാണ്. അനീതിക്കെതിരെയും ജാതിവർഗീയ ശക്തികൾക്കെതിരെയും ധീരമായി പോരാടാനുള്ള മനസ്സുണ്ട് കമലിന്. മുമ്പ് കമലിന്റെ അഭിനയംകണ്ട് അദ്ദേഹത്തിന്റെ ഫാൻ ആയിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ അദ്ദേഹം ലൈഫ് ഹീറോ ആയതിന് അദ്ദേഹത്തെ ഞാൻ ആരാധിക്കുന്നു.

ഇത്രയും കാലം രണ്ട് രാഷ്ട്രീയ കക്ഷികൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു തമിഴ്‌നാട്ടിലെ ജനങ്ങൾ. രണ്ട് അഴിമതി പാർട്ടികളാണ് ഇവിടെയുള്ളത്. ഡിഎംകെയും എഐഎഡിഎംകെയും. ഇപ്പോൾ ഒരു സത്യസന്ധമായ രാഷ്്ട്രീയ കക്ഷി സ്വന്തമായതിന് ഞാൻ തമിഴ്‌നാട്ടിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. അടുത്ത തവണ വോട്ടുചെയ്യാൻ പോകുമ്പോൾ ഇനി നിങ്ങൾക്ക് അഴിമതി പാർട്ടികൾക്ക് വോട്ടുചെയ്യേണ്ടിവരില്ല. കമലിന് വേണ്ടി നിങ്ങൾക്ക് വോട്ടുചെയ്യാം. ഞങ്ങൾ ഒരു ചെറിയ പാർട്ടിയായാണ് നാലുവർഷം മുമ്പ് ഡൽഹിയിൽ തുടങ്ങിയത്. ഒരു വർഷംകൊണ്ട് തിരഞ്ഞെടുപ്പിൽ ബിജെപിയെയും കോൺഗ്രസിനേയും തള്ളിക്കളഞ്ഞ് ഡൽഹിയിലെ ജനങ്ങൾ ഞങ്ങളെ സ്വീകരിച്ചു. 70ൽ 67 സീറ്റും നൽകിയാണ് ജനം ഞങ്ങളെ വിജയിപ്പിച്ചത്.

തമിഴ്‌നാട്ടിലും നിങ്ങളുടെ ഉത്സാഹവും ആവേശവും ഊർജവുമെല്ലാം കാണുമ്പോൾ എനിക്കുറപ്പുണ്ട്. നിങ്ങളും ഇത്തരത്തിൽ ഒരു വലിയ പ്രതീക്ഷയിലാണെന്ന്. പ്രിയപ്പെട്ട കമൽഹാസൻ.. എനിക്ക് ഉറപ്പുണ്ട് തമിഴ്‌നാട്ടിലെ ജനങ്ങൾ ഡൽഹിയിലെ ജനങ്ങൾ സൃഷ്ടിച്ച റെക്കോഡ് തകർക്കുമെന്ന്. - ജനാവലിയുടെ വൻ കരോഘോഷത്തിനിടെ കെജ്രിവാൾ പറഞ്ഞു. സത്യസന്ധമായ ഒരു സർക്കാർ ഉണ്ടെങ്കിൽ ജനങ്ങൾക്ക് വേണ്ടി ഏതു നല്ല കാര്യവും ചെയ്യാനാകും. പണത്തിനല്ല പ്രഥമ പരിഗണന, മറിച്ച് ജനങ്ങൾക്ക് വേണ്ടി നല്ലകാര്യങ്ങൾ ചെയ്യുന്നതിൽ മാത്രമാണ്. സ്‌കൂളുകളും ആശുപത്രികളും വൈദ്യുതിയും വേണമെങ്കിൽ തമിഴ് ജനത കമലിനു വോട്ടു ചെയ്യണം - ആശംസകൾ നേർന്നുകൊണ്ട് കേജ്രിവാൾ പറഞ്ഞു.

കമൽ തനിക്കും കേരളത്തിനും പ്രിയങ്കരനെന്ന് വ്യക്തമാക്കിയാണ് പിണറായിയുടെ ആശംസാ വീഡിയോ എത്തിയത്. പാർട്ടി പ്രഖ്യാപന വേദിയിൽ വീഡിയോ പ്രദർശിപ്പിച്ചു. എൻ അൻപാർന്ന വണക്കം എന്ന് തമിഴിൽ പറഞ്ഞുകൊണ്ടായിരുന്നു പിണറായിയുടെ സന്ദേശം. കമൽഹാസൻ തനിക്കും കേരള ജനതയ്ക്കും പ്രിയങ്കരനാണെന്ന് സന്ദേശത്തിൽ പിണറായി പറഞ്ഞു. മലയാളത്തിലാണ് കമൽ സിനിമാഭിനയം തുടങ്ങിയത്. രാഷ്ട്രീയത്തിലേക്കുള്ള കമലിന്റെ രംഗപ്രവേശം തമിഴ്‌നാട്ടിനു ഗുണകരമാകും. വിവിധ ജനവിഭാഗങ്ങളുടെ ശബ്ദങ്ങൾക്ക് ചെവികൊടുക്കുന്ന മതേതര ജനാധിപത്യ നിലപാടാകും കമലിന്റെ പുതിയ പാർട്ടിയുടേത്. - പിണറായി സന്ദേശത്തിൽ പറഞ്ഞു.

അന്തക വിത്തിനോടും കടലാസുപൂവിനോടും ഉപമിച്ച് എതിരാളികൾ

അതേസമയം, കമലിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെ വിറളിപൂണ്ടാണ് എതിരാളികൾ നോക്കിക്കാണുന്നത്. ഇതിലൊന്നും കാര്യമില്ലെന്ന മട്ടിലാണ് പ്രതികരണങ്ങൾ ഉണ്ടായതെങ്കിലും ഡിഎംകെയും എഐഡിഎംകെയും വലിയ ഭയപ്പാടോടെ തന്നെയാണ് കമലിന്റെ പാർ്ട്ടിയെ കാണുന്നതെന്നാണ് സൂചനകൾ. ഇന്നലെ മധുരയിലും രാമേശ്വരത്തും കമലിനെ പിന്തുണച്ച് വലിയ ജനാവലി എത്തിയതോടെ താരലോകത്തിന്റെ പിന്തുണയിൽ കൂടുതൽ പേർ കമലിന്റെ കൂടെ അണിനിരക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കമൽ മണമില്ലാത്ത കടലാസു പൂവാണെന്ന വിമർശനവുമായി ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും പ്രതിപക്ഷമായ ഡിഎംകെയും രംഗത്തുവന്നപ്പോൾ പിന്നീട് വിലയിരുത്താമെന്ന മട്ടിലാണ് ബിജെപി.

നേതാവായി കമൽ ജനമനസ്സിൽ ഇടം തേടുന്നതു തടയുകയെന്ന ഉദ്ദേശ്യത്തിൽ കരുതലോടെയാണ് എതിരാളികളുടെ നീക്കം. കമലിന്റെ രാഷ്ട്രീയ പ്രവേശനം ചിരവൈരികളായ അണ്ണാ ഡിഎംകെയും ഡിഎംകെയും കൈകോർക്കുന്ന നിലയിലേക്ക് ഒറ്റദിവസം കൊണ്ടുതന്നെ കാര്യങ്ങളെത്തിച്ചു. കമൽ, രജനികാന്ത് തുടങ്ങിയ സൂപ്പർതാരങ്ങൾ സ്വന്തം പാർട്ടികളുമായി വരുന്നതോടെ അത് വലിയ പ്രശ്‌നം തന്നെയാണെന്ന് അവർ തിരിച്ചറിയുന്നു. രജനി ബിജെപി പക്ഷത്ത് അണിചേർന്നേക്കുമെന്ന സൂചനകളും അവരെ ഭയപ്പെടുത്തുന്നു.

'പുഷ്പിക്കുകയോ സുഗന്ധം പരത്തുകയോ ചെയ്യാത്ത കടലാസ് പൂവായി അത് മാറും' മക്കൾ നീതി മയ്യത്തെപ്പറ്റി അണ്ണാ ഡിഎംകെ നേതാവും മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു. ആ പാർട്ടിയുടെ വിത്ത് (കമൽ) ജനിതകമാറ്റം വരുത്തിയതാണ്. ആ അന്തകവിത്ത് ആർക്കും ഗുണപ്പെടില്ല, ഇന്ത്യയിൽ ഉപയോഗിക്കുന്നുമില്ല. നേതാവിനുള്ള പക്വത അദ്ദേഹത്തിനില്ല. രാഷ്ട്രീയമെന്താ കുട്ടിക്കളിയാണോ? ഇങ്ങനെ പോയി അവരുടെ പ്രതികരണങ്ങൾ. 'കടലാസ് പൂക്കൾക്കു സ്വാഗതം' എന്നായിരുന്നു കമലിന്റെയും രജനിയുടെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു എം.കെ.സ്റ്റാലിൻ പ്രസ്താവിച്ചത്. കാലാവസ്ഥ മാറുമ്പോൾ ചില ചെടികൾ പുഷ്പിക്കും, പിന്നീടു കൊഴിയും. അതുപോലെ തമിഴ്‌നാട് രാഷ്ട്രീയത്തിലും ഗ്ലാമറസായ കടലാസ് പുഷ്പങ്ങൾ പൂക്കാൻ ഒരുങ്ങുകയാണെന്നാണ് സ്റ്റാലിൻ പരിഹസിച്ചത്.

കമലിന്റെ പാർട്ടിക്കു വളരാനുള്ള ഇടമൊന്നും തമിഴ്‌നാട്ടിൽ ഇല്ലെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എം.വീരപ്പ മൊയ്‌ലിയുടെ പ്രതികരമം. ഡിഎംകെയും അണ്ണാ ഡിഎംകെയും ആണു സംസ്ഥാനത്തെ പ്രധാന പ്രാദേശിക പാർട്ടികൾ. മറ്റുള്ളവർക്കു മുന്നിൽ താരങ്ങളുടെ പാർട്ടികൾ ഒതുങ്ങിപ്പോകും. കമലിന് എന്ത് അജൻഡയാണുള്ളത്. അണ്ണാ ഡിഎംകെ തകരുമെന്നും അവരുടെ ഇടത്തിലേക്കു വളരാമെന്നുമാണു കമൽ പ്രതീക്ഷിക്കുന്നത്. അതു സംഭവിക്കില്ല - ഇതായിരുന്നു മൊയ്‌ലിയുടെ വിലയിരുത്തൽ.

അതേസമയം, രൂക്ഷപ്രതികരണത്തിനു ഒരുമ്പെടാതെ കരുതലോടെയാണ് ബിജെപിയുടെ ഇടപെടൽ. കമലിനു വാർത്തകളുടെ തലക്കെട്ടാകാൻ സാധിക്കും, എന്നാൽ നേതാവാകാൻ കഴിയില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞത്. രാഷ്ട്രീയ ഭൂമികയിൽ താരങ്ങളുടെ പോരാട്ടം നടക്കുമെന്ന് പ്രത്യാശയും അവർ പങ്കുവച്ചു. രജനി കൂടെ വരുമെന്ന നിലയിലായിരുന്നു ഇത്. ആശങ്കയില്ലെന്നും സ്വന്തമായ ആശയാടിത്തറയിലാണു ബിജെപി പ്രവർത്തിക്കുന്നതെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP