Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യം ഉറ്റുനോക്കുന്ന ബഗുസരായ്; കമ്മ്യൂണിസ്റ്റുകാർക്ക് കാലം കാത്തുവെച്ച കരുത്തുറ്റ നേതാവായ കനയ്യ കുമാർ കറുത്ത കുതിരയാകുമോ; കാഷ്മീർ മുതൽ കന്യാകുമാരി വരെയുള്ള സംഘപരിവാർ വിരുദ്ധ പോരാളികളുടെ സാന്നിധ്യവും പ്രവർത്തനവും സിപിഐക്ക് ഗുണകരമാകുമോ; ബഗുസരായ് ജയിക്കുമെന്ന് ഉറക്കെ വിശ്വസിച്ച് ആസാദി ഗായകൻ; ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ലെന്ന മുദ്രാവാക്യം സ്വയം ഓർമ്മിപ്പിച്ച് ഇടതുപക്ഷം

രാജ്യം ഉറ്റുനോക്കുന്ന ബഗുസരായ്; കമ്മ്യൂണിസ്റ്റുകാർക്ക് കാലം കാത്തുവെച്ച കരുത്തുറ്റ നേതാവായ കനയ്യ കുമാർ കറുത്ത കുതിരയാകുമോ; കാഷ്മീർ മുതൽ കന്യാകുമാരി വരെയുള്ള സംഘപരിവാർ വിരുദ്ധ പോരാളികളുടെ സാന്നിധ്യവും പ്രവർത്തനവും സിപിഐക്ക് ഗുണകരമാകുമോ; ബഗുസരായ് ജയിക്കുമെന്ന് ഉറക്കെ വിശ്വസിച്ച് ആസാദി ഗായകൻ; ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ലെന്ന മുദ്രാവാക്യം സ്വയം ഓർമ്മിപ്പിച്ച് ഇടതുപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ബീഹാർ: ദേശീയരാഷ്ട്രീയം ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും ഉറ്റുനോക്കുന്ന ബെഗുസരായിയിൽ വോട്ടിങ് പുരേഗമിക്കുന്നു. ഇടതുപക്ഷ പാർട്ടികളിൽ സമീപകാലത്ത് ദേശീയ ശ്രദ്ധയാകാർഷിച്ച കനയ്യകുനമാറിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമാണ് ബഗുസരായി. ഗിരിരാജ് സിങ് എന്ന ബിജെപിയുടെ പഴയ പടക്കുതിരയെ ഇവിടെ നേരിടുന്നത് കനയ്യ കുമാറാണ്. സംഘപരിവാർ വിരുദ്ധ ചേരിയുടെ ആവേശവും പ്രതീക്ഷയുമാണ് കനയ്യ കുമാർ. നേതാവല്ല മകനാണ്(നേതാ നഹി, ബേഠാ ഹെ) എന്ന മുദ്രാവാക്യവുമായാണ് കനയ്യ കുമാർ വോട്ടുചേഗിക്കുന്നത്.

'ബെഗുസരായ് ജയിക്കും'

ഇത്തവണ ബെഗുസരായിൽ തികഞ്ഞ ജയപ്രതീക്ഷയുണ്ട് സിപിഐയ്ക്ക്. ഒരു പക്ഷേ രാജ്യത്ത് പാർട്ടി ഇത്രയേറെ വിജയപ്രതീക്ഷ പുലർത്തുന്ന മറ്റൊരു മണ്ഡലമില്ല എന്നു തന്നെ പറയാം. ആദ്യമണിക്കൂറുകളിൽത്തന്നെ കനയ്യ വോട്ട് ചെയ്യാനെത്തി. ഇറങ്ങുന്നതിന് മുമ്പ് ട്വിറ്ററിൽ കനയ്യ പറഞ്ഞതിങ്ങനെ:

''രാഷ്ട്രീയം നമ്മുടെ ജീവിതത്തിൽ എല്ലാ മേഖലകളിലും കയറി ഇടപെടുമ്പോൾ, ബാധിക്കുമ്പോൾ, നമ്മുടെ രാഷ്ട്രീയം എങ്ങനെയാകണമെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. വീട്ടിൽ നിന്നിറങ്ങൂ, വോട്ട് ചെയ്യൂ. കാരണം, ജനാധിപത്യം ശക്തിപ്പെടുന്നത് നമ്മുടെ കയ്യിലൂടെയാണ്.''

വോട്ട് ചെയ്ത് തിരികെ ഇറങ്ങിയപ്പോൾ കനയ്യ പറഞ്ഞതിങ്ങനെ:

''ഇത്തവണ ബെഗുസരായ് വിജയിക്കും. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് നമ്മുടെ ശ്രദ്ധ മാറ്റിയവർക്കുള്ള മറുപടിയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം''.

വോട്ട് വിഭജിച്ച് പോകുമെന്ന വാദങ്ങളെയും കനയ്യ തള്ളിക്കളയുന്നു. കോൺഗ്രസ്- ആർജെഡി സഖ്യവും സിപിഐയുമായി ന്യൂനപക്ഷവോട്ടുകൾ വിഭജിച്ച് പോകുന്നത് കനയ്യക്ക് തിരിച്ചടിയാകുമെന്നാണ് പല അഭിപ്രായസർവേകളും പ്രവചിച്ചിരുന്നത്. ആർജെഡി - കോൺഗ്രസ് സഖ്യത്തിൽ നിന്ന് നേരത്തേ ഇടതുപക്ഷത്തെ ഒഴിവാക്കിയിരുന്നു.

വോട്ടിങ് യന്ത്രത്തിൽ ആദ്യത്തെ പേരാണ് കനയ്യയുടേത്. എങ്ങനെ വോട്ട് ചെയ്യണമെന്നതടക്കം നിർദേശിച്ചുള്ള വീഡിയോ അടക്കം കനയ്യക്ക് വേണ്ടി മണ്ഡലത്തിലെത്തിയ വിദ്യാർത്ഥി സുഹൃത്തുക്കൾ തയ്യാറാക്കി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇത്തവണ ജെഎൻയു അടക്കം നിരവധി കലാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കനയ്യക്ക് വേണ്ടി പ്രചാരണം നടത്താൻ മണ്ഡലത്തിലെത്തിയിരുന്നു.കനയ്യ ഫോർ ബഗുസരായ് എന്ന ഹാഷ്ടാഗോടെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. ഇടത് രാഷ്ട്രീയത്തോട് അനുഭാവം പുലർത്തുന്ന സ്വരാ ഭാസ്‌കറും ശബാന ആസ്മിയും ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങളും നടൻ പ്രകാശ് രാജും സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്രയും കനയ്യക്ക് വേണ്ടി പ്രചാരണം നടത്താനെത്തി.

ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുലയുടെ ആത്മഹത്യയും ജെഎൻയുവിലെ വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസുകളും രാജ്യത്തെ കലാലയങ്ങളിൽ ഉയർത്തിയ അലയൊലികൾ ചെറുതല്ല. 'ആസാദി' എന്ന മുദ്രാവാക്യം രാജ്യത്തെ കലാലയങ്ങളിൽ പ്രതിരോധത്തിന്റെ സ്വരമായി. ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ഇതിനെതിരെയുള്ള പ്രചാരണങ്ങളും സജീവമായിരുന്നു. ജെഎൻയു, എച്ച്‌സിയു വിദ്യാർത്ഥികൾ രാജ്യദ്രോഹികളാണെന്നായിരുന്നു പ്രചാരണം.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്, ഡോക്ടറേറ്റ് നേടി, ഡോ. കനയ്യ കുമാറായാണ് ആ പഴയ ജെഎൻയു യൂണിയൻ ചെയർമാൻ സ്വന്തം ഗ്രാമമായ ബെഗുസരായിൽ തിരിച്ചെത്തിയത്. ഒരിക്കൽ ബിഹാറിന്റെ 'ലെനിൻഗ്രാഡ്' എന്നറിയപ്പെട്ടിരുന്ന ബെഗുസരായ് ഇന്ന് ബിജെപിയുടെ സ്വന്തം മണ്ഡലമാണ്. ഇന്നത്തെ ബഗുസരായ് മണ്ഡലത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും ഉൾപ്പെടുന്ന പഴയ ബലിയ മണ്ഡലത്തിൽ തുടർച്ചയായ മൂന്നു തവണത്തെ വിജയമുൾപ്പെടെ നാലു തവണ സിപിഐ വിജയക്കൊടി പാറിച്ചിരുന്നു. എന്നാൽ ആ പഴയകാല പ്രതാപം തിരിച്ചു പിടിക്കാനുള്ള പെടാപ്പാടിലാണ് ഇന്നത്തെ പാർട്ടി നേതൃത്വം.

അഭി നഹി തോ കഭി നഹി


ദേശീയ രാഷ്ട്രീയത്തിൽ പൊതുവെയും ഇടതുപക്ഷ രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും ഈ തെരഞ്ഞെടുപ്പ് മുന്നോട്ടു വെക്കുന്നതും സ്വയം ഓർമ്മപ്പെടുത്തുന്നതുമായ മുദ്രാവാക്യമാണ് അഭി നഹി തോ കഭി നഹി(ഇത്തവണ അല്ലെങ്കിൽ ഒരിക്കലുമില്ല). രാജ്യം മുഴുവൻ അലയടിക്കുന്ന ഈ മുദ്രാവാക്യം പക്ഷേ രാജ്യത്ത് ഓരേയൊരു മണ്ഡലത്തിൽ മാത്രമാണ് മുഴങ്ങുന്നത്. ഇടതുപക്ഷത്തിന്റെ സ്വന്തം കനയ്യയുടെ ബഗുസരായിൽ മാത്രമാണ്. ഇത്തവണ കൂടി ബിജെപി അധികാരത്തിലെത്തിയാൽ അനിയൊരു പൊതു തെരഞ്ഞെടുപ്പ് പോലും രാജ്യത്ത് ഉണ്ടാകില്ല എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ഭയക്കുന്നു. അല്ലെങ്കിൽ കാലങ്ങളോളം ബിജെപി അധികാരം നിലനിർത്തുമെന്ന് കണക്കു കൂട്ടുന്നു. അതു കൊണ്ടു തന്നെ ഇത്തവണ എന്തു വിലകൊടുത്തും വിജയിക്കണം എന്ന ചിന്തയാണ് മുദ്രാവാക്യത്തിനു പിന്നിൽ.

ഇടതു പക്ഷത്തെ സംബന്ധിച്ച് ബംഗാളിനും കേരളത്തിനും പുറത്ത് സ്വന്തം ശക്തി തെളിയിക്കുക എന്നത് മത്രമല്ല, തങ്ങളുടെ യുവ നേതാവും ഫാസിസ്റ്റ് വിരുദ്ധ പോരാളിയുമായ കനയ്യ കുമാറിന്റെ വിജയം വരാനിരിക്കുന്ന ഇടതുകാലത്തിന്റെ സൂചനയായി ഉയർത്തിക്കാട്ടാൻ കൂടി ഉള്ളതാണ്. അതു കൊണ്ടാണ് രാജ്യമെമ്പാടുമുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ ഇവിടേക്കെത്തി ഗ്രാമങ്ങൾ തോറും ഈ മുദ്രാവാക്യം പാടി നടക്കുന്നത്.

രാഷ്ട്രീയ രംഗത്തുള്ളവർ മാത്രമല്ല, സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർ വരെയാണ് ഈ ചെറുപ്പക്കാരന്റെ വിജയത്തിനു വേണ്ടി ബഗുസരായ് ഗ്രാമങ്ങളിൽ ഈ മുദ്രാവാക്യവും മുഴക്കി പ്രചരണം നടത്തുന്നത്. ജെഎൻയുവിൽനിന്ന് കാണാതായ നജീബിന്റെ ഉമ്മ എന്ന സാദാരണക്കാരിൽ സാധാരണക്കാരിയായ വനിത മുതൽ തുടങ്ങുന്ന പ്രചരണ നിരയിൽ അഭിനേതാക്കളായ ശബാന ആസ്മി, പ്രകാശ് രാജ്, സ്വരഭാസ്‌കർ, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ, ജിഗ്‌നേഷ് മേവാനി എംഎൽഎ, ടീസ്റ്റ സെതൽവാദ്, ഡോ.കഫീൽ ഖാൻ, ഷെഹ്ല റാഷിദ്, വിവിധ സർവ്വകലാശാല യൂണിയൻ ഭാരവാഹികൾ, എഴുത്തുകാർ, അദ്ധ്യാപകർ, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ തുടങ്ങി ആയിരക്കണക്കിന് പേരാണ് പിന്തുണയുമായി ബഗുസാരായിലെത്തി ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചത്.

സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ,ദേശീയ നേതാക്കളായ അമർജിത് കൗർ, ബിനോയ് വിശ്വം,ഡി.രാജ, ഡി.നാരായണ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും ബെഗുസരായിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കേരളത്തിൽനിന്ന് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ഉൾപ്പെടെ നിരവധി എ.ഐ.എസ്.എഫ്- എ.ഐ.വൈ.എഫ് പ്രവർത്തകർ ബെഗുസരായിയിൽ ഉൾനാടുകളിൽ ഉൾപ്പെടെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി.


കനയ്യ ജയിച്ചാൽ നമ്മൾ ജയിച്ചുഎന്നാണ് ബെഗുസരായിയിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകൾ പറയുന്നത്. 'അഭി നഹി തോ കഭി നഹി ' ( ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലുമില്ല ) എന്ന മുദ്രാവാക്യത്തിനു പിന്നിൽ ബെഗുസരായിയിലെ ഭൂരിപക്ഷം ജനങ്ങളും അണിനിരക്കുമെന്ന് ഉറപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP