Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെഡ് പ്ലസ് സുരക്ഷ വേണ്ടെന്നു നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ; ഡൽഹിക്കു പൂർണ സംസ്ഥാന പദവി നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആം ആദ്മി പാർട്ടി നേതാവ്

സെഡ് പ്ലസ് സുരക്ഷ വേണ്ടെന്നു നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ; ഡൽഹിക്കു പൂർണ സംസ്ഥാന പദവി നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആം ആദ്മി പാർട്ടി നേതാവ്

ന്യൂഡൽഹി: മുഖ്യമന്ത്രിയാകുമ്പോൾ തനിക്ക് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടന്ന കൂടിക്കാഴ്ചയിലാണ് കെജ്‌രിവാൾ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്നും ആഭ്യന്തരമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പതിനാലിനു നടക്കുന്ന സത്യപ്രതിജ്ഞയ്ക്കു രാജ്‌നാഥിനെ കെജ്‌രിവാൾ ക്ഷണിക്കുകയും ചെയ്തു.

സാധാരണക്കാർക്കൊപ്പമുള്ള വ്യക്തിയാണ് കെജ്‌രിവാളെന്നും അദ്ദേഹത്തിന് സുരക്ഷാ സൈനികരുടെ ആവശ്യമില്ലെന്നുമാണ് പാർട്ടി നിലപാട്. രാജ്‌നാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഎപി നേതാവ് മനീഷ് സിസോദിയയും കെജ്‌രിവാളിനൊപ്പം ഉണ്ടായിരുന്നു. അതേസമയം കെജ്‌രിവാളിന് താൽപര്യമില്ലെങ്കിലും സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ എല്ലാ കേന്ദ്രമന്ത്രിമാരെയും ശനിയാഴ്ച രാംലീല മൈതാനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആം ആദ്മി പാർട്ടി ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിക്കാനായി നാളെ രാവിലെ 10.30ന് കെജ്‌രിവാൾ മോദിയെ കാണും.

ഡൽഹിയിലെ എല്ലാ എംപിമാരേയും കേന്ദ്ര മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് മനീഷ് സിസോദിയ പറഞ്ഞത്. തങ്ങളുടെ ഏറ്റവും വലിയ ക്ഷണം ജനങ്ങൾക്കാണ്. എല്ലാ ജനങ്ങളുമാണ് ഇവിടെ മുഖ്യമന്ത്രിയാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കിരൺ ബേദി, അണ്ണാ ഹസാരെ എന്നിവരേയും ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്. 2013ലെ കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നു അണ്ണ ഹസാരെ വിട്ടു നിന്നിരുന്നു. ഇക്കുറിയും സത്യപ്രതിജ്ഞ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന നിലപാടിലാണ് ഹസാരെ.

50,000ത്തോളംപേരെ ഒരേ സമയം ഉൾക്കൊള്ളാനാകുന്നതാണ് രാം ലീല മൈതാനി. 2011ൽ അഴിമതി വിരുദ്ധ കാമ്പയിൻ നടന്നതും ഇവിടെയാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ ജനങ്ങളോടും റേഡിയോയിലൂടെ കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. ധാരാളം പ്രമുഖ വ്യക്തികളും അതിലേറെ ജനങ്ങളും പങ്കെടുക്കുമെന്നതിനാൽ ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞച്ചടങ്ങ് സുരക്ഷയുടെ കാര്യത്തിൽ പൊലീസിനു വെല്ലുവിളി സൃഷ്ടിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP