Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംയുക്ത പ്രതിപക്ഷം മോദിക്കെതിരെ നേടിയ ഏറ്റവും വലിയ വിജയം വെള്ളത്തിലായി; യോഗി ആദിത്യനാഥ് രാജിവച്ച ഒഴിവിൽ ഖൊരക്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ച പ്രതിപക്ഷ എംപി ബിജെപിയിൽ ചേക്കേറി; മോദി വിരുദ്ധ സഖ്യത്തിന് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയിൽ ആഹ്‌ളാദിച്ച് മോദിയും അമിത്ഷായും യോഗിയും; ഖൊരക്‌നാഥ് മഠ മേധാവികളെ മാത്രം ജയിപ്പിച്ച മണ്ഡലത്തിലെ അട്ടിമറിജയംപോലും കൈവിട്ട് പ്രതിപക്ഷ സഖ്യം

സംയുക്ത പ്രതിപക്ഷം മോദിക്കെതിരെ നേടിയ ഏറ്റവും വലിയ വിജയം വെള്ളത്തിലായി; യോഗി ആദിത്യനാഥ് രാജിവച്ച ഒഴിവിൽ ഖൊരക്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ച പ്രതിപക്ഷ എംപി ബിജെപിയിൽ ചേക്കേറി; മോദി വിരുദ്ധ സഖ്യത്തിന് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയിൽ ആഹ്‌ളാദിച്ച് മോദിയും അമിത്ഷായും യോഗിയും; ഖൊരക്‌നാഥ് മഠ മേധാവികളെ മാത്രം ജയിപ്പിച്ച മണ്ഡലത്തിലെ അട്ടിമറിജയംപോലും കൈവിട്ട് പ്രതിപക്ഷ സഖ്യം

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഉത്തർപ്രദേശിൽ സംയുക്ത പ്രതിപക്ഷസഖ്യത്തിന് ബിജെപിയെ തറപറ്റിക്കാനാകുമെന്ന് എസ്‌പിയും ബിഎസ്‌പിയും ഉറപ്പിച്ച വിജയമായിരുന്നു കഴിഞ്ഞവർഷം നടന്ന ഖൊരക്പൂർ ഉപതിരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയാകാൻ യോഗി ആദിത്യനാഥ് എംപി സ്ഥാനം രാജിവച്ചതോടെ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം. ഇതിൽ ബിജെപിക്കെതിരെ കൈകോർത്ത് എസ്‌പി-ബിഎസ്‌പി സഖ്യം വിജയിപ്പിച്ചെടുത്ത പ്രവീൺകുമാർ നിഷാദ് ബിജെപി.യിൽ ചേർന്നു.

ഉത്തർപ്രദേശിലെ ബി.എസ്‌പി.-എസ്‌പി. സഖ്യത്തിന്റെ പരീക്ഷണത്തിന് പ്രവീൺ കുമാറാണ് ആദ്യ വിജയം നൽകിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥിരം മണ്ഡലം നഷ്ടപ്പെട്ടത് ബിജെപി.ക്ക് കനത്ത തിരിച്ചടിയായിരുന്നു. ദശാബ്ദങ്ങളായി ബിജെപി കയ്യടിക്കവച്ച മണ്ഡലത്തിൽ നേടിയ അട്ടിമറി വിജയത്തിന്റെ ആഹ്‌ളാദം തട്ടിപ്പറിച്ചെടുക്കാൻ കഴിഞ്ഞത് വലിയ ആഘോഷമായിരിക്കുകയാണ് ബിജെപി ക്യാമ്പിൽ. യുപിയിൽ ഇക്കുറി നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാൻ കൈകോർത്ത എസ്‌പി-ബിഎസ്‌പി സഖ്യത്തിന് വലിയ തിരിച്ചടി ആകുകയാണ് പ്രവീൺ കുമാറിന്റെ കൂറുമാറ്റം.

കഴിഞ്ഞതവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം ബിജെപി നേടിയ സംസ്ഥാനങ്ങളിലൊന്നാണ് യുപി. അവിടെ ബിജെപി വിരുദ്ധ ചേരി രൂപീകരിക്കാതെ കോൺഗ്രസും എസ്‌പിയും ബിഎസ്‌പിയും എല്ലാം ഒറ്റയ്‌ക്കൊറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വോട്ടുകൾ ഭിന്നിച്ചത് ബിജെപിക്ക് വലിയ നേട്ടമായി. 80ൽ 72 സീറ്റാണ് ബിജെപി കഴിഞ്ഞകുറി നേടിയത്. എന്നാൽ ഇത് വലിയ ആപത്തുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ ശക്തമായ സഖ്യം രൂപീകരിക്കാൻ എസ്‌പിയും ബിഎസ്‌പിയും കോൺഗ്രസും ആലോചനകൾ നടത്തിയിരുന്നു.

എന്നാൽ അന്ന് കോൺ്ഗ്രസ് അധ്യക്ഷൻ ആയിരുന്നില്ല രാഹുൽ. മാത്രമല്ല, അഖിലേഷ് യാദവുമായി ചർച്ചയ്ക്ക് അവസാന ഘട്ടം വരെയും രാഹുൽ എത്തിയില്ല. പകരം ഹൈക്കമാൻഡിലെ മറ്റു നേതാക്കളെ അയക്കുകയായിരുന്നു. എന്നാൽ രാഹുൽ നേരിട്ട് ചർച്ചയ്ക്കുവന്നാൽ സീറ്റുവിഭജന ചർച്ച ആകാം എന്ന നിലപാടിൽ അഖിലേഷും മുലായവും ഉറച്ചുനിന്നു. എന്നിട്ടും സഖ്യമുണ്ടാക്കാൻ കഴിഞ്ഞില്ല. ഫലമോ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഗംഭീര വിജയം. അ്ങ്ങനെ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കി ബിജെപി.

സിറ്റിങ് എംപിയായിരുന്ന യോഗി ആദിത്യനാഥ് ഖൊരക് പൂരിൽ നിന്നായിരുന്നു പാർലമെന്റിൽ എത്തിയത്. യോഗി മുഖ്യമന്ത്രിയായതോടെ ഇവിടെ ഒഴിവുവന്നു. ഈ ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പക്ഷേ, യുപിയിലെ പ്രതിപക്ഷ കക്ഷികൾ ഉണർന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്‌പിയും-ബിഎസ്‌പിയും കൈകോർത്താണ് ഇവിടെ ബിജെപിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയത്. പ്രവീൺകുമാർ നിഷാദ് സ്ഥാനാർത്ഥിയാവുകയും ഖൊരക്‌നാഥ് മഠ മേധാവികളെ മാത്രം ജയിപ്പിച്ച് എന്നും ബിജെപിക്കൊപ്പം നിന്ന മണ്ഡലത്തിൽ അട്ടിമറി വിജയം നേടുകയും ചെയ്തു. ഇതൊടു ടെസ്റ്റ് ഡോസായിരുന്നു എസ്‌പി-ബിഎസ്‌പി സഖ്യത്തിന്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്വല വിജയം നേടിയ പ്രദേശത്ത് പ്രതിപക്ഷം വൻ വിജയം നേടി. ശരിക്കും യുപിയിലെ ബിജെപി തട്ടകത്തിന്റെ അടിവേരറുത്ത വിജയമായിരുന്നു അത്. പക്ഷേ, അതെല്ലാം പോയിരിക്കുകയാണ് ഇപ്പോൾ പ്രവീൺകുമാർ നിഷാദിനെ ചാക്കിട്ടുപിടിക്കാൻ ബിജെപിക്ക് കഴിഞ്ഞതിലൂടെ.

മുഖ്യമന്ത്രിയായപ്പോൾ യോഗി രാജിവെച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എസ്‌പി.-ബി.എസ്‌പി.-നിഷാദ്പാർട്ടി സ്ഥാനാർത്ഥിയായ പ്രവീൺകുമാർ നിഷാദ് ബിജെപി. സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. 2014-ൽ യോഗി 1,42,309 വോട്ടുകൾക്ക് ജയിച്ച മണ്ഡലത്തിൽ ബിജെപി.യെ തറപറ്റിക്കാനായത് ദേശീയതലത്തിൽ തന്നെ പ്രതിപക്ഷപാർട്ടികൾക്ക് ആത്മവിശ്വാസം നൽകിയിരുന്നു. അച്ഛൻ സഞ്ജയ് നിഷാദ് തുടങ്ങിയ നിഷാദ് പാർട്ടിയിൽ അംഗമായിരുന്നെങ്കിലും എസ്‌പി. ടിക്കറ്റിലാണ് പ്രവീൺ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇക്കുറിയും എസ്‌പി. ടിക്കറ്റിൽ മത്സരിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത് പ്രവീണിനെ പ്രകോപിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം നിഷാദ് പാർട്ടി ബി.എസ്‌പി.-എസ്‌പി. സഖ്യം വിട്ടതിനുപിന്നാലെയാണ് പ്രവീൺ ബിജെപി.യിലെത്തിയത്. ഈ തിരഞ്ഞെടുപ്പിൽ ബിജെപി.സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് പ്രവീൺ സഖ്യത്തിൽ നിന്ന് വിടുന്നത്. .

19 കൊല്ലമായി ബിജെപിക്കൊപ്പം നിന്ന മണ്ഡലം

പ്രവീൺ കഴിഞ്ഞവർഷം ജയിച്ചതോടെ ഗോരഖ്പൂരിൽ ബിജെപി നേരിട്ട തകർച്ച ചെറിയതായിരുന്നില്ലെന്ന് മണ്ഡല ചരിത്രം വ്യക്തമാക്കുന്നു. ഗോരഖ്പൂരിലൂടെ ബിജെപി നഷ്ടമായത് ശക്തമായ വേരുള്ള, 19 കൊല്ലമായി പാർട്ടിക്കൊപ്പം മാത്രം നിൽക്കുന്ന മണ്ഡലമായിരുന്നു. 1989 മുതൽ ബിജെപിക്കൊപ്പം നിന്ന മണ്ഡലമാണ് ഖൊരക്പൂർ.

ഗോരഖ്പൂരിൽ 2014ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പു ഫലവുമായി താരതമ്യം ചെയ്യുമ്പോൾ തന്നെ ഈ തകർച്ചയുടെ ആഴം വ്യക്തം. 5,39,127 വോട്ടുകളായിരുന്നു മണ്ഡലത്തിൽ യോഗി നേടിയത്. അതായത് ആകെവോട്ടിന്റെ 51.8% വോട്ടുകൾ നേടി 3,12,783 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യോഗിയുടെ വിജയം. എസ്‌പി സ്ഥാനാർത്ഥിയായ രാജ്മതി നിഷാദും ബി.എസ്‌പി സ്ഥാനാർത്ഥി രാം ബുഷാൽ നിഷാദും നേടിയ മൊത്തം വോട്ടുകൾ 4,02,756 ആയിരുന്നു.

1998 മുതൽ യോഗി ആദിത്യനാഥ് ഭരിച്ച ഈ മണ്ഡലം 1989 മുതൽ തന്നെ യോഗിയുൾപ്പെടുന്ന ഗോരഖ്നാഥ് മഠത്തിന്റെ മേധാവികളെ മാത്രം വിജയിപ്പിച്ച ഇടമാണ്. യോഗിയുടെ മുൻഗാമിയായിരുന്ന മഹന്ത് അവേദ്യനാഥായിരുന്നു യോഗിക്ക് മുമ്പ് മൂന്നുതവണ ഇവിടെ ജയിച്ചത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 53.85% വോട്ടുകൾ നേടിയാണ് യോഗി ആദിത്യനാഥ് ഈ മണ്ഡലത്തിൽ വിജയിച്ചത്. 1989നുശേഷം രണ്ടുതവണ മാത്രമാണ് ഗോരഖ്പൂരിൽ ബിജെപിക്ക് കനത്ത പോരാട്ടം നേരിടേണ്ടിവന്നത്. 1998ലും 1999ലും. 1998ൽ വെറും 26,206 വോട്ടുകൾക്കാണ് യോഗി ജയിച്ചത്. 99ലാകട്ടെ 7339 വോട്ടുകൾക്കും.

ഹിന്ദു യുവവാഹിനിയുടെ ശക്തികേന്ദ്രം

യോഗി രൂപം നൽകിയ ഹിന്ദു യുവവാഹിനിയെന്ന സംഘത്തിന്റെ ശക്തികേന്ദ്രം കൂടിയാണ് ഈ മണ്ഡലം. ഹിന്ദു യുവവാഹിനി രൂപം കൊണ്ടതിനു പിന്നാലെ ഗോരഖ്പൂരിലും സമീപ പ്രദേശങ്ങളിലുമുണ്ടായ വർഗീയ സംഘർഷങ്ങളും ആദിത്യനാഥിന് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീടങ്ങോട്ട് യോഗിയുടെ വിജയ മാർജിൻ കൂടിക്കൂടി വന്നു. ഇതിന് പിന്നാലെയാണ് ഈ ശക്തികേന്ദ്രത്തിൽ എസ്‌പി-ബിഎസ്‌പി സഖ്യം കൈകോർത്ത് പ്രവീണിനെ നിർത്തി വിജയം കൊയ്തത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ ആയാണ് ബിജെപി ഈ ഉപതെരഞ്ഞെടുപ്പിനെ കണ്ടത്. അതുകൊണ്ടുതന്നെ ഈ തിരിച്ചടി അക്ഷരാർത്ഥത്തിൽ ബിജെപി ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. എന്നാൽ അവസരം മുതലെടുത്ത് പ്രവീണിനെ തിരിച്ചുപിടിച്ച് പകരം വീട്ടിയിരിക്കുകയാണ് ഇപ്പോൾ ബിജെപി.

പൊതുശത്രുവിനെ നേരിടാൻ ശത്രുവിന്റെ ശത്രുവിനെ കൂട്ടുപിടിക്കുകയെന്ന തന്ത്രമാണ് ബി.എസ്‌പിയും എസ്‌പിയും ഇവിടെ പ്രയോഗിച്ചത്. ഇതേ തന്ത്രം തന്നെയാണ് അവർ ഈ വരുന്ന തിരഞ്ഞെടുപ്പിലും നടപ്പാക്കുന്നത്. അതിനാൽ ഖൊരക്പൂർ എംപിയെ കൈവിട്ടെങ്കിലും ബിജെപിയുടെ ശക്തികേന്ദ്രം തകർത്ത ആത്മവിശ്വാസമുണ്ട് ഇപ്പോഴും എസ്‌പിക്കും ബിഎസ്‌പിക്കും. ദളിത് വോട്ടുകളിൽ ചോർച്ചയുണ്ടായിയെന്ന ബി.എസ്‌പിയുടെ തിരിച്ചറിവാണ് അന്ന് പരീക്ഷണത്തിന് കളമൊരുക്കിയതും അത് ഇപ്പോൾ പ്രാവർത്തികമാക്കാൻ മായാവതിയേയും അഖിലേഷിനേയും പ്രേരിപ്പിച്ചതും. എംപിയെ ബിജെപി കൊണ്ടുപോയെങ്കിലും സഖ്യത്തിന്റെ വോട്ടുബാങ്ക് അവിടെത്തന്നെയുണ്ടെന്നും കരുത്തനായ സ്ഥാനാർത്ഥിതന്നെ സഖ്യത്തിന്റെ ഭാഗമായി വരുമെന്നുമാണ് എസ്‌പിയുടേയും ബിഎസ്‌പിയുടെയും നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP