Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസ വോട്ട് നേടണമെന്ന ഗവർണ്ണറുടെ അന്ത്യശാസനം സ്പീക്കർ ഗൗനിച്ചില്ലെങ്കിൽ അനിശ്ചിതത്വം തുടരും; വിശ്വാസ വോട്ട് നടന്നാൽ പരാജയം ഉറപ്പ്; കർണ്ണാടകയിൽ വൈകിപ്പിക്കൽ രാഷ്ട്രീയം കൊണ്ട് പിടിച്ചു നിൽക്കാനുള്ള കോൺഗ്രസ് നീക്കത്തിന് പ്രയോജനം ഉണ്ടായേക്കില്ല; ഇന്നത്തെ നിയമസഭാ യോഗം അതീവ നിർണ്ണായകം: വിപ്പിലെ ആശയക്കുഴപ്പം നീക്കാൻ സുപ്രീംകോടതിയിൽ വീണ്ടും വിഷയമെത്തിക്കാൻ കോൺഗ്രസ്; കുമാരസ്വാമി സർക്കാർ പ്രതിസന്ധിയിൽ തന്നെ

ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസ വോട്ട് നേടണമെന്ന ഗവർണ്ണറുടെ അന്ത്യശാസനം  സ്പീക്കർ ഗൗനിച്ചില്ലെങ്കിൽ അനിശ്ചിതത്വം തുടരും; വിശ്വാസ വോട്ട് നടന്നാൽ പരാജയം ഉറപ്പ്; കർണ്ണാടകയിൽ വൈകിപ്പിക്കൽ രാഷ്ട്രീയം കൊണ്ട് പിടിച്ചു നിൽക്കാനുള്ള കോൺഗ്രസ് നീക്കത്തിന് പ്രയോജനം ഉണ്ടായേക്കില്ല; ഇന്നത്തെ നിയമസഭാ യോഗം അതീവ നിർണ്ണായകം: വിപ്പിലെ ആശയക്കുഴപ്പം നീക്കാൻ സുപ്രീംകോടതിയിൽ വീണ്ടും വിഷയമെത്തിക്കാൻ കോൺഗ്രസ്; കുമാരസ്വാമി സർക്കാർ പ്രതിസന്ധിയിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകയിലെ സഖ്യ സർക്കാർ വീഴുമെന്ന് ഏതാണ്ട് ഉറപ്പായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കു മുൻപു സർക്കാർ വിശ്വാസം നേടണമെന്നാണ് ഗവർണർ വാജുഭയ് വാല മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കു നൽകിയ കത്തിൽ അന്ത്യശാസനം നൽകിയതും നിർണ്ണായകമാണ്. എന്നാൽ ഗവർണറുടെ ശുപാർശയിൽ സ്പീക്കർ കെ.ആർ.രമേഷ് കുമാർ എന്ത് നിലപാട് എടുക്കുമെന്നു വ്യക്തമല്ല. എങ്ങനേയും വിശ്വാസ വോട്ടെടുപ്പ് ചർച്ച നീട്ടികൊണ്ട് പോയി ഭരണത്തിൽ തുടരാനാണ് കുമാരസ്വാമിയുടെ നീക്കം. വിമത എംഎൽഎമാർ വീണ്ടും കോൺഗ്രസിലെത്തുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. അതിനിടെ വിമത എംഎൽഎമാർക്ക് വിപ്പ് നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ കോൺഗ്രസ് സുപ്രീംകോടതിയുടെ അഭിപ്രായം തേടും. വിമത എംഎൽഎമാരെ നിയമസഭയിൽ എത്തി വോട്ട് ചെയ്യാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. സ്പീക്കർക്കാണ് ഈ നിർദ്ദേശം നൽകിയത്. എന്നാൽ ഇപ്പോഴും എംഎൽഎമാരായി തുടരുന്ന വിമർക്ക് വിപ്പ് കൊടുക്കാനുള്ള അവകാശം ഉണ്ടെന്നാണ് കോൺഗ്രസ് നിരീക്ഷണം.

വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് നിയമസഭ വീണ്ടും ചേരുന്നത്. വിമത എംഎൽഎമാർ സഭയിൽ ഹാജരായില്ലെങ്കിൽ സർക്കാർ വീഴുമെന്നു ഉറപ്പാണ്. 98 പേർ മാത്രമേ കോൺഗ്രസ്-ദൾ സഖ്യത്തിനുള്ളൂ. ബിജെപിക്കൊപ്പം 105 പേരുണ്ട്. എന്നാൽ തങ്ങൾക്കൊപ്പം 99 പേരുണ്ടെന്നാണ് കോൺഗ്രസ്-ദൾ പക്ഷം വ്യക്തമാക്കുന്നത്. ഈ സാചര്യത്തിൽ സ്പീക്കറുടെ ഇന്നത്തെ തീരുമാനം അന്തിമമാകും. വിശ്വാസവോട്ടെടുപ്പ് നീട്ടാൻ സ്പീക്കർ തീരുമാനിച്ചാൽ വിമതരെ അനുനയിപ്പിക്കാൻ രണ്ടു ദിവസം കൂടി കോൺഗ്രസിനും ദളിനും ലഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ സഭ ചേരാനിടയില്ല. അതല്ല വിശ്വാസവോട്ടെടുപ്പുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ കർണാടകയിൽ സർക്കാർ വീണ്ടും. ആകെ സീറ്റ് 224 ആണ്. ഇതിൽ നോമിനേറ്റഡ് അംഗവും ഉൾപ്പെടും. സ്പീക്കർ ഒഴികെയുമാണ്. ബിജെപി-105 പേരുടെ പിന്തുണയുണ്ട്. ഭരണപക്ഷംത്തിന് 99ഉം എന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. കോൺഗ്രസ്: 64 ഉം ദൾ: 34ഉം നോമിനേറ്റഡ് അംഗമായ ഒരാളും. അതുകൊണ്ട് തന്നെ കണക്കിലെ കളികൾ ബിജെപിക്ക് അനുകൂലമാണ്. വലിയൊരു അട്ടിമറിക്ക് കോൺഗ്രസിന് ഇനി കഴിഞ്ഞില്ലെങ്കിൽ സർക്കാർ വീഴും. വിമതർ മുംബൈയിൽ തുടരുകയാണ്. അതുകൊണ്ട് അവരെ സ്വാധീനിക്കാനും കഴിയുന്നില്ല.

20 പേർ വിട്ടു നിൽക്കുമ്പോൾ നിയമസഭയിലെ നിലവിലെ അംഗബലം 204 ആകും. കേവലഭൂരിപക്ഷത്തിനു വേണ്ടത് 103 വോട്ടും. നാമനിർദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്കും വോട്ടുണ്ട്. അത് കുമാരസ്വാമിക്ക് അനുകൂലമായാലും 105 പേർ ബിജെപി പക്ഷത്തുണ്ട്. സ്പീക്കർ അനുകൂലമായി വോട്ട് ചെയ്താൽ പോലും സർക്കാർ വീഴും. ഇത് മനസ്സിലാക്കിയാണ് വിശ്വാസ വോട്ടെടുപ്പിലെ ചർച്ച നീട്ടുന്നത്. പ്രസംഗിക്കുന്നവരെല്ലാം മണിക്കൂറുകളാണ് സംസാരിക്കുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ ചർച്ച എങ്ങുമെത്തിയിട്ടില്ല. ഇങ്ങനെ ചർച്ച നീണ്ടാൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടി വരും. ഇത് വിശ്വാസ വോട്ടെടുപ്പ് നീട്ടാനുള്ള നീക്കമാണെന്ന വിലയിരുത്തലുണ്ട്. ഇതോടെയാണ് വിഷയം ഗവർണ്ണറുടെ മുമ്പിൽ ബിജെപി എത്തിച്ചത്. ഇതോടെയാണ് ഇന്ന് ഒന്നരയ്ക്ക് മുമ്പ് വിശ്വാസ വോട്ട് തേടണമെന്ന നിർദ്ദേശം സർക്കാരിന് മുമ്പിൽ ഗവർണ്ണർ വച്ചത്.

വ്യാഴാഴ്ച വിശ്വാസവോട്ടു തേടണമെന്ന ഗവർണറുടെ ശുപാർശ സ്പീക്കർ അംഗീകരിച്ചിരുന്നില്ല. നിയമസഭ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചേരുമെന്നും സ്പീക്കർ കെ.ആർ.രമേശ് കുമാർ അറിയിച്ചു. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചു നിയമസഭയ്ക്കുള്ളിൽ ബിജെപി അംഗങ്ങളുടെ ധർണ തുടരുകയാണ്. അതേസമയം എംഎൽഎമാർക്ക് വിപ്പ് നൽകുന്ന സംബന്ധിച്ച കോടതി ഉത്തരവിൽ വ്യക്തത തേടി കോൺഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും. വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തിൽ ഒതുക്കിയാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. സർക്കാരിനെ താഴേയിറക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുമാരസ്വാമി പറഞ്ഞു.

അംഗങ്ങൾക്ക് വിപ്പ് നൽകാനുള്ള അധികാരം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്നും അത് നിഷേധിക്കാൻ കോടതിക്ക് ആകില്ലെന്നും സിദ്ധരാമയ്യയും പറഞ്ഞു. പ്രസംഗം നീട്ടി സഭയുടെ പ്രവർത്തനസമയം വർധിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഇതേച്ചൊല്ലി ചെറിയ തോതിൽ ഡി.കെ.ശിവകുമാറും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, പ്രമേയത്തിൽ ചർച്ച തുടരണമെന്നും അംഗങ്ങൾക്ക് വിപ്പ് നൽകുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്നുമാണ് ഭരണപക്ഷ നിലപാട്.അതേസമയം, രാജിവെച്ച 16 പേരുൾപ്പെടെ സഭയിൽ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എംഎ‍ൽഎമാർക്കും വിപ്പുനൽകാൻ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം തങ്ങൾക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

'നിങ്ങളുടെ ഒരു അധികാരവും വിനിയോഗിക്കുന്നതിൽ സഭ എതിരല്ല. ഇതിൽ എനിക്കൊരു പങ്കുമില്ല. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ നിങ്ങൾ കക്ഷിചേരുകയാണെങ്കിൽ നിങ്ങൾക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമുണ്ട്.' എന്നും സ്പീക്കർ പറഞ്ഞു. സഭയിൽ വിപ്പിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കം തുടരുന്നത്. ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കട്ടെയെന്നും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ ബി.എസ് യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിശ്വാസ പ്രമേയത്തിൽ സംസാരിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. അതിനിടെ സഭയിൽ ഹാജാരാകാതിരുന്ന കോൺഗ്രസ് അംഗം ശ്രീമന്ത് പട്ടേൽ മുംബയിലേക്ക് പോയതിന്റെ തെളിവുകൾ ഡി.കെ ശിവകുമാർ ഹാജരാക്കി. ബിജെപി എംഎ‍ൽഎമാർ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 120 അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തിലേറിയ കോൺഗ്രസ്- ദൾ സഖ്യം, ഇന്ന് 1ന്യൂന പക്ഷമാണ്. 224 അംഗ നിയമസഭയിൽ ബിജെപി 104, കോൺഗ്രസ് 80, ജെ.ഡി എസ് 37, ബി എസ് പി 1, കെപിജെപി,1 സ്വതന്ത്രൻ ഒന്ന്. 2018 മെയ്‌ 15ന് നിയമസഭാ തിരഞ്ഞെടുപ്പുഫലം ഇങ്ങനെ. ദളുമായി സഖ്യം രൂപീകരിച്ച കോൺഗ്രസ് ബിഎസ്‌പി എം എൽഎയെയും 2 സ്വതന്ത്രരെയും കൂടെ നിർത്തി 120 പേരുടെ പിന്തുണയോടെ സഖ്യസർക്കാർ രൂപീകരിച്ചു. പിന്നീടുണ്ടായ വിമതനീക്കങ്ങൾക്കൊടുവിൽ രണ്ട് സ്വതന്ത്രരും സഖ്യത്തിന് പിന്തുണ പിൻവലിച്ചു. എം എൽ എ ഉമേഷ് ജാദവ് രാജിവച്ചതും, മന്ത്രി സികെ ശിവള്ളി അന്തരിച്ചതിനും പിന്നാലെ രണ്ട് മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒന്ന് കോൺഗ്രസിന് നഷ്ടമായി. ഇതോടെ ബിജെപി 105, സഖ്യത്തിന് 117 എന്നിങ്ങനെയായി അംഗബലം.

കഴിഞ്ഞമാസം സ്വതന്ത്രരെ മന്ത്രിസ്ഥാനം നൽകി തിരികെക്കൊണ്ടുവന്ന് വീണ്ടും സഖ്യം അംഗബലം വർധിപ്പിച്ചു. പിന്നാലെയുണ്ടായ കൂട്ടരാജിയിൽ 13 എംഎൽഎമാർ കോൺഗ്രസിൽ നിന്നും 3 എം എൽഎമാർ ദളിൽ നിന്നും രാജി നൽകി. ആകെ 16 വിമതർ. തുടർന്ന് സ്വതന്ത്രരും മന്ത്രിസാഥാനം രാജിവച്ച് ബിജെപിയെ പിന്തുണച്ചു. ഇതോടെ സഖ്യം ന്യൂനപക്ഷമായി. ബിജെപിക്ക് സ്വതന്ത്രരുൾപ്പെടെ 107പേരുടെ പിന്തുണയുമായി. 10 കോൺഗ്രസ് മൂന്ന് ദൾ രണ്ട്‌സ്വതന്ത്രർ എന്നിങ്ങനെ 15 വിമതർ മുംബൈയിൽ തുടരുകയാണ്. ബംഗളൂരുവിൽ 2 പേരും ഗോവയിൽ ഒരാളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP