Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറക്കില്ലൊരിക്കലും ഈ ഉരുക്കുമനുഷ്യനെ എന്ന് ആരാധകർ വാഴ്‌ത്തുമെങ്കിലും നിർണായകമായ വിധി ദിനത്തിൽ പൃഥ്വിരാജ് റോഡിലെ വസതി വിജനം; ആഘോഷങ്ങളുടെ കാതടപ്പിക്കുന്ന ഒച്ചകൾ കേൾക്കാതെ പുറത്തേക്ക് കണ്ണുനട്ട് ഈ 92 കാരൻ; ലാലുപ്രസാദ് യാദവ് ബിഹാറിൽ തളച്ചിടും വരെ രഥയാത്രയിലൂടെ അശ്വമേധം നടത്തിയ എൽ.കെ.അദ്വാനി ഇന്ന് ഏകാന്തതയുടെ കൂട്ടിൽ; അയോധ്യ വിധി ധന്യനിമിഷമെന്ന് പറയുമ്പോഴും കാണാൻ ആകെ എത്തിയത് ഉമാ ഭാരതി മാത്രം

മറക്കില്ലൊരിക്കലും ഈ ഉരുക്കുമനുഷ്യനെ എന്ന് ആരാധകർ വാഴ്‌ത്തുമെങ്കിലും നിർണായകമായ വിധി ദിനത്തിൽ പൃഥ്വിരാജ് റോഡിലെ വസതി വിജനം; ആഘോഷങ്ങളുടെ കാതടപ്പിക്കുന്ന ഒച്ചകൾ കേൾക്കാതെ പുറത്തേക്ക് കണ്ണുനട്ട് ഈ 92 കാരൻ; ലാലുപ്രസാദ് യാദവ് ബിഹാറിൽ തളച്ചിടും വരെ രഥയാത്രയിലൂടെ അശ്വമേധം നടത്തിയ എൽ.കെ.അദ്വാനി ഇന്ന് ഏകാന്തതയുടെ കൂട്ടിൽ; അയോധ്യ വിധി ധന്യനിമിഷമെന്ന് പറയുമ്പോഴും കാണാൻ ആകെ എത്തിയത് ഉമാ ഭാരതി മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശനിയാഴ്ച രാവിലെ തലസ്ഥാനത്ത് പൃഥ്വിരാജ് റോഡിലെ ഈ മുതിർന്ന നേതാവിന്റെ വീട്ടിലെത്തിയാൽ അയോധ്യ വിധി പ്രഖ്യാപിക്കുന്ന ദിവസമാണെന്നേ തോന്നില്ലായിരുന്നു. ചില്ലറക്കാരനല്ല ഈ നേതാവ്. ഒരുകാലത്ത് അയോധ്യപ്രസ്ഥാനത്തിന് വേണ്ടി രാവും പകലും ഉറക്കം ഒഴിഞ്ഞ മനുഷ്യൻ. രഥയാത്രകളിലൂടെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ആണിക്കല്ലായ നേതാവ്. എൽ.കെ.അദ്വാനി. 92 കാരനായ അദ്വാനിയെ കാണാൻ ഇന്ന് അധികമാരും വന്നില്ല. ഒരുപക്ഷ് ഉമാ ഭാരതി ഒഴിച്ചാൽ.

അധികം സൂരക്ഷാക്രമീകരണങ്ങൾ ഒന്നും വസതിക്ക് പുറത്തുണ്ടായില്ല. ആഘോഷങ്ങളുടെ നേരിയ സൂചനയുമില്ല. ഒരുദിവസം മുമ്പ് അദ്വാനി 92 ാം പിറന്നാൾ ആഘോഷിച്ചപ്പോൾ ഇതായിരുന്നില്ല സ്ഥിതി. നേതാക്കളുടെ ഒരുഘോഷയാത്രയായിരുന്നു പൃഥ്വിരാജ് റോഡിലേക്ക്. പ്രധാനമന്ത്രിയും, അമിത്ഷായും അടക്കം.

അദ്വാനിയും ആരെയും പ്രതീക്ഷിച്ചില്ല. അദ്ദേഹവും പുറത്തിറങ്ങിയില്ല. അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കാനുള്ള സുപ്രീം കോടതി വിധി തന്നെ അനുഗ്രഹീതനാക്കുന്നുവെന്ന് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി പറഞ്ഞു.ഇതൊരു ധന്യനിമിഷമാണ്. താൻ ന്യായീകരിക്കപ്പെട്ടതായി തോന്നുന്നു. വിധിയെ സ്വാഗതം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായി രാമജന്മഭൂമി പ്രസ്ഥാനത്തിന് തന്റേതായ സംഭാവനകൾ നൽകാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു. മുസ്ലിം പള്ളി പണിയുന്നതിനായി അയോധ്യയിൽ തന്നെ അഞ്ച് ഏക്കർ നൽകണമെന്ന കോടതി വിധിയേയും സ്വാഗതം ചെയ്യുന്നതായി അദ്വാനി പറഞ്ഞു.

ബിജെപിയുടെ വിജയത്തിന്റെ വേര് അയോധ്യ പ്രസ്ഥാനത്തോടുള്ള അദ്വാനിയുടെ പ്രതിബദ്ധതയാണെന്ന് ഉമാ ഭാരതി പറഞ്ഞു. ഈ യത്‌നത്തിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വച്ച എല്ലാവർക്കുമൊപ്പം അദ്വാനിജിക്കും ആദരം അർപ്പിക്കുന്നു, അവർ പറഞ്ഞു. കോടതി വിധി വന്ന സാഹചര്യത്തിൽ ഇനി തർക്കങ്ങൾ മാറ്റി വച്ച് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷമാണ് ഉണ്ടാകേണ്ടതെന്നും അദ്വാനി പറഞ്ഞു.

ഉരുക്ക് മനുഷ്യന്റെ ദൗത്യം

തന്നെ ആർഎസ്എസും പാർട്ടിയും ഏൽപിച്ച ദൗത്യം വിജയകരമാക്കുക, അതിൽ പരമൊരു ആനന്ദം അദ്വാനിക്ക് ഉണ്ടായിരുന്നില്ല. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള പ്രചാരണത്തെ കൊടുമ്പിരി കൊള്ളിച്ച് കൊണ്ടുള്ള രഥയാത്ര അങ്ങനെയായിരുന്നു.

ഗുജറാത്തിലെ സോമനാഥിൽ നിന്ന് ഉത്തര പ്രദേശിലെ ഫൈസാബാദിലേക്ക് വിവിധ സംസ്ഥാനങ്ങളിലൂടെയായിരുന്നു എൽ.കെ അദ്വാനിയുടെ രഥമുരുണ്ടത്. ഇതിന് താങ്ങായി പ്രൊഫ. മുരളി മനോഹർ ജോഷിയും മറ്റും ഏകതാ യാത്ര പോലുള്ള പരിപാടികളും സംഘടിപ്പിച്ചു. തെക്കേ അറ്റത്ത് കേരളത്തിലും സംസ്ഥാന അധ്യക്ഷൻ രാമൻ പിള്ള സമാന്തര രഥയാത്ര നടത്തി. ബിഹാറിൽ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് രഥയാത്രയെ തളച്ചിട്ടു.

പാർട്ടിയും തളച്ചിട്ടു ഉരുക്കുമനുഷ്യനെ

മോദിയുഗം വന്നതോടെ അദ്വാനി പിന്തള്ളപ്പെട്ടു. അമിത്ഷായും മോദിയുമായി എല്ലാറ്റിലും അവസാന വാക്ക്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് സീറ്റ് കിട്ടാതെ വിഷമിച്ച അദ്വാനിയെ എല്ലാവരും കണ്ടതാണ്. അമിത് ഷായാണ് അവിടെ നിന്ന് ജനവിധി നേടിയത്. സീറ്റ് നിഷേധിച്ചതിലല്ല അദ്ദേഹത്തിന് പ്രശ്‌നമെന്നും നിഷേധിച്ച രീതിയിലാണ് കടുത്ത നിരാശയെന്നും അദ്വാനിയുമായി അടുത്ത വൃത്തങ്ങൾ അന്ന് വ്യക്തമാക്കിയിരുന്നു. വിരമിക്കൽ പ്രായപരിധി കർശനമാക്കിയാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അദ്വാനി വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു.

1998 മുതൽ തുടർച്ചയായി അഞ്ചുവട്ടം ഗാന്ധിനഗർ തിരഞ്ഞെടുത്തത് അദ്വാനിയെ തന്നെ. എന്നാൽ, സീറ്റ് നിഷേധത്തോടെ മുതിർന്ന നേതാവിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പടിയിറക്കമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പതിനഞ്ചാം വയസ്സിൽ ആർഎസ്എസ്. പ്രവർത്തകനായി പൊതുരംഗത്തിറങ്ങിയ അദ്വാനിക്ക് തൊണ്ണൂറ്റി ഒന്നാം വയസ്സിൽ നിർബന്ധിത വിരമിക്കലാണ് പാർട്ടി നൽകിയത്.

ദീർഘകാലം പാർലമെന്റിലും ദേശീയരാഷ്ട്രീയത്തിലും ബിജെപി.യുടെ മേൽവിലാസങ്ങളായിരുന്നു എ.ബി. വാജ്‌പേയിയും എൽ.കെ. അദ്വാനിയും. ശക്തരായ ഈ രണ്ടു നേതാക്കളുടെ ബലത്തിലായിരുന്നു ബിജെപി. അറിയപ്പെട്ടിരുന്നത്. ബിജെപി.യുടെ സ്ഥാപകനേതാക്കൾ. ഒരാൾ സൗമ്യനായിരുന്നെങ്കിൽ മറ്റെയാൾ കർക്കശക്കാരനായിരുന്നു. രാഷ്ട്രീയനിലപാടുകളിലും ഈ മൃദു-ഘര വ്യത്യാസങ്ങൾ വ്യക്തമായിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായപ്പോൾ അദ്വാനി ഉപപ്രധാനമന്ത്രി. പ്രധാനമന്ത്രി പദം അദ്വാനിയുടെ അടുത്തെത്തിയപ്പോഴാകട്ടെ പഴയ ശിഷ്യനുവേണ്ടി വഴി മാറേണ്ടിവന്നത് ചരിത്രം. വാജ്‌പേയി മരണത്തിൽ മറഞ്ഞു. അദ്വാനിയാകട്ടെ, മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ രാഷ്ട്രീയവിസ്മൃതിയിലേക്ക്.

ഒരിക്കൽ ബിജെപി.യുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്ന എൽ.കെ. അദ്വാനിയുടെ വിശ്വസ്ത ശിഷ്യനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, മോദിയും അമിത്ഷായും ബിജെപി.യുടെ കടിഞ്ഞാൺ കൈയിലെടുത്തതോടെ അദ്വാനിയുഗത്തിന് പകുതി തിരശ്ശീല വീണു. കലഹിക്കാൻ ഒരുങ്ങിയെങ്കിലും പ്രായം തടസ്സം നിന്നതോടെ ബിജെപി.യുടെ സംഘടനാസംവിധാനത്തിന് ഒതുങ്ങി. ആർ.എസ്.എസും അനുനയിപ്പിച്ചു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ നിശബ്ദസാക്ഷിയായിരുന്നു അദ്വാനി. ഒരിക്കൽ പോലും സഭയിൽ സംസാരിക്കാനായിട്ടില്ല. എങ്കിലും എല്ലാ ദിവസവും സഭയിലെത്തുന്ന കൃത്യതയുള്ള പാർലമെന്റേറിയനായിരുന്നു അദ്ദേഹം.

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പായി മുതിർന്ന നേതാക്കളെ ബന്ധപ്പെട്ട് സ്വയം വിരമിക്കാൻ ബിജെപി ദേശീയ ദേശീയ ജനറൽ സെക്രട്ടറി രാം ലാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അദ്വാനി അനുസരിക്കാൻ തയ്യാറായിരുന്നില്ല. മുതിർന്ന നേതാക്കൾ തന്നെ ബന്ധപ്പെടാൻ സന്നദ്ധത കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

2014-ൽ ബിജെപി അധികാരത്തിലേറിയ ഉടൻ അദ്വാനിയേയും അദ്ദേഹത്തിന്റെ കൂടെയുള്ള മുതിർന്ന നേതാക്കളേയും പാർട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. അരുൺ ഷോരി, യശ്വന്ത് സിൻഹ, മുരളീ മനോഹർ ജോഷി എന്നിവരായിരുന്നു ബിജെപി ഉപദേശക സമിതി പാനലിലുണ്ടായിരുന്നത്. തുടർന്ന് തൊട്ടടുത്ത വർഷങ്ങളിലായി ഈ നേതാക്കളെ സുപ്രധാന ചുമതലകളിൽ നിന്നും പാർട്ടി പരിപാടികളിൽ മാറ്റി നിർത്തുകയും ചെയ്തു. പിന്നീട് അദ്വാനി ഒഴികെയുള്ള മറ്റു നേതാക്കളെല്ലാം മോദി സർക്കാരിന്റെ കടുത്ത വിമർശകരായി മാറുകയുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP