Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹിയിൽ പോകുമ്പോൾ തങ്ങാൻ ലാലുവിനൊരു ബംഗ്ലാവ് വേണം..! ഭാര്യ റാബ്രിയെ രാജ്യസഭാ എംപിയാക്കി ആഗ്രഹം സാധിക്കും; മൂത്തമകൾ മിസയും രാജ്യസഭയിലേക്ക്: രണ്ട് ആൺമക്കളെ മന്ത്രിമാരാക്കിയ ലാലുവിന്റെ 'മക്കൾ രാഷ്ട്രീയം തന്ത്രം' കണ്ട് അസൂയപ്പെട്ട് നേതാക്കൾ

ഡൽഹിയിൽ പോകുമ്പോൾ തങ്ങാൻ ലാലുവിനൊരു ബംഗ്ലാവ് വേണം..! ഭാര്യ റാബ്രിയെ രാജ്യസഭാ എംപിയാക്കി ആഗ്രഹം സാധിക്കും; മൂത്തമകൾ മിസയും രാജ്യസഭയിലേക്ക്: രണ്ട് ആൺമക്കളെ മന്ത്രിമാരാക്കിയ ലാലുവിന്റെ 'മക്കൾ രാഷ്ട്രീയം തന്ത്രം' കണ്ട് അസൂയപ്പെട്ട് നേതാക്കൾ

പട്‌ന: തന്റെ ഭാര്യയെയും മക്കളെയും അടുത്ത കുടുംബാംഗങ്ങളെയും പിൻവാതിലിലൂടെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കയറ്റുകയെന്നത് ആർജെഡി നേതാവായ ലാലു പ്രസാദ് യാദവിന്റെ സ്ഥിരം ശൈലിയാണ്. ഇതിന്റെ പേരിൽ എത്രയേറെ വിമർശനങ്ങൾ നിരന്തരം ഏറ്റുവാങ്ങിയിട്ടും തന്റെ ശൈലിയിൽ കടുകിട വ്യത്യാസം വരുത്താൻ ലാലു തയ്യാറായിട്ടില്ല. കേസിലകപ്പെട്ട് ജയിലിൽ പോകേണ്ടി വന്നപ്പോൾ പോലും മറ്റ് നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തുന്നതിന് പകരം അക്ഷരം പോലുമറിയാത്ത തന്റെ ഭാര്യ റാബ്രി ദേവിയെയായിരുന്നു ലാലു തയ്യാറായത്.

നിതീഷ് കുമാർ മന്ത്രിസഭയിൽ രണ്ട് ആൺമക്കളെ മന്ത്രിമാരാക്കിയിട്ടും മക്കൾ രാഷ്ട്രീയം ഊട്ടി വളർത്തുന്നതിനുള്ള തന്റെ ശ്രമത്തിൽ നിന്നും പിന്മാറാൻ താൻ തയ്യാറല്ലെന്നാണ് ലാലു വ്യക്തമാക്കുന്നത്. അതിന്റെ ഭാഗമായി ഇപ്പോഴിതാ റാബ്രിയെയും മൂത്തമകളായ മിസ ഭാരതിയെയും രാജ്യസഭയിലേക്കയക്കാൻ ലാലു അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. അടുത്ത വർഷം നടക്കുന്ന രാജ്യസഭാതെരഞ്ഞെടുപ്പിലൂടെ ഇവരെ ഡൽഹിയിലേക്ക് കയറ്റി വിടാനാണ് ലാലു ശ്രമിക്കുന്നത്.

ഡൽഹിയിൽ പോകുമ്പോൾ താമസിക്കാൻ ബംഗ്ലാവ് ലഭിക്കാനാണത്രെ റാബ്രിയെ ലാലു രാജ്യസഭയിലെത്തിക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടുണ്ട്. റാബ്രിയും മിസയും ബിഹാറിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥികളാകുമെന്ന് ആർജെഡി സ്ഥിരീകരിച്ചിട്ടുണ്ട്. ഈയിടെ നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി 80 സീറ്റുകളാണ് നേടിയത്. സാഹചര്യം ഇങ്ങനെയായിരിക്കെ ഇവർ രണ്ടുപേരും ജയിച്ച് രാജ്യസഭയിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

2016 ജൂലൈയിൽ അഞ്ച് ജെഡി(യു) എംപിമാർ റിട്ടയർ ചെയ്യുന്നതിനാൽ അഞ്ച് രാജ്യസഭാ സീറ്റുകളുടെ ഒഴിവ് വരുന്നുണ്ട്. നിതീഷ് സംസ്ഥാന തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ താൻ കേന്ദ്രതലത്തിൽ പ്രവർത്തിക്കുമെന്നാണ് ലാലു പറയുന്നത്. റാബ്രിയെയും മിസയെയും നോമിനേഷൻ കൊടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് അതിന്റെ ആദ്യ പടിയെന്ന നിലയിലാണ്. ഇതിലൂടെ ലാലുവിന് ഡൽഹിയയിൽ ഒരു വിലാസമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ആർജെഡി ഉറവിടം വ്യക്തമാക്കുന്നു. രാജ്യസഭയിലെത്തിയാൽ മൂന്ന് വട്ടം മുഖ്യമന്ത്രിയായ റാബ്രിക്ക് എംപിയെന്ന നിലയിൽ ഡൽഹിയിൽ സർക്കാർ വക ബംഗ്ലാവ് ലഭിക്കുമെന്നുറപ്പാണ്. ഇതിലൂടെ ഡൽഹിയിലെത്തുന്ന തനിക്ക് താമസിക്കാനൊരു സ്ഥിരം സംവിധാനമുണ്ടാക്കുകയും ലാലുവിന്റെ ലക്ഷ്യമാണ്.നിലവിൽ ആർജെഡി എംപിയായ പ്രേം ചന്ദ് ഗുപ്തയുടെ ഔദ്യോഗിക വസതിയിലോ ഫാം ഹൗസിലോ ആണ് ലാലു ഡൽഹിയിലെത്തുമ്പോൾ താമസിക്കുന്നത്.

ഒരു താൽക്കാലിക താമസ സംവിധാനത്തിനായി തെക്കെ ഇന്ത്യയിൽ നിന്നുള്ള ഒരു എംപിക്കൊപ്പം താമസിക്കാനും ലാലു കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ലാലു റെയിൽ വേ മന്ത്രിയായിരുന്നപ്പോൾ ഡൽഹിയിൽ തങ്ങിയ ബംഗ്ലാവിനേക്കാൾ ചെറിയ ബംഗ്ലാവാണ് ഈ ദക്ഷിണേന്ത്യൻ നേതാവിനുള്ളത്.റാബ്രി എംപിയായി ഡൽഹിയിൽ ബംഗ്ലാവ് ലഭിക്കുന്നതോടെ ഡൽഹിയിലെത്തുന്ന തനിക്ക് അതിൽ വിശാലമായി വാഴാമെന്നാണ് ലാലു സ്വപ്‌നം കാണുന്നത്.

രാജ്യസഭയിലെത്തുന്നതോടെ മിസയ്ക്ക് രാഷ്ട്രീയത്തിൽ ഒരു നല്ല തുടക്കം ലഭിക്കുമെന്നുറപ്പാണ്. ബിഹാറിലെ നിതീഷ് കുമാറിന്റെ കാബിനറ്റിൽ മിസയുടെ രണ്ട് സഹോദരന്മാരായ തേജസ്വിക്കും തേജ് പ്രതാപിനും പ്രധാനപ്പെട്ട സ്ഥാനങ്ങളുണ്ട്.സംഘടനാ തലത്തിലും കേന്ദ്രത്തിലെ രാഷ്ട്രീയത്തിലും തന്റെ മൂത്തമകളായ മിസയ്ക്ക് നിർണായകസ്ഥാനം നേടിക്കൊടുക്കാൻ ലാലു കുറച്ച് കാലമായി ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിസയെ പാടലീപുത്ര മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിപ്പിച്ചിരുന്നത്.

എന്നാൽ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുകയാണുണ്ടായത്. അസംബ്ലി തെരഞ്ഞെടുപ്പിൽ 80 എംഎൽഎമാരെ നേടാൻ ആർജെഡിക്ക് സാധിച്ചിരുന്നെങ്കിലും മിസയ്ക്ക് സംസ്ഥാനത്ത് ഒരു നല്ലസ്ഥാനം നേടിക്കൊടുക്കാൻ ലാലുവിന് സാധിച്ചിട്ടില്ല. മിസയെ രാജ്യസഭയിലേക്ക് അയച്ച് വിജയിപ്പിച്ചാൽ ഭാവിയിൽ അവർക്ക് പാർട്ടിയിൽ ഉന്നതസ്ഥാനം നൽകാൻ ലാലു ഉദ്ദേശിക്കുന്നുണ്ടെന്നാണ് ഒരു ആർജെഡ് ഉറവിടംവെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP