Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗണിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം ആഴ്ചാവസാനത്തോടെ; മെയ് 3 ന് ശേഷം ഗ്രീൻ സോണുകളിൽ സ്വകാര്യ കാറുകൾ അനുവദിച്ചേക്കും; പൊതുഗതാഗതം ഉടനില്ല; സാഹചര്യം അനുകൂലമായാൽ മെയ് മധ്യത്തോടെ ചില സ്ഥലങ്ങളിൽ നിന്ന് പരിമിതമായ തോതിൽ ട്രെയിനുകളും ഫ്‌ളൈറ്റുകളും അനുവദിക്കുമെന്ന് സൂചന; കുറഞ്ഞ കേസുകളുള്ള ജില്ലകൾ തുറക്കുമ്പോഴും മാസ്‌കുകളും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി; രാജ്യത്തുകൊവിഡ് രോഗികളുടെ എണ്ണം 28380 ആയി ഉയർന്നു

ലോക് ഡൗണിൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം ആഴ്ചാവസാനത്തോടെ; മെയ് 3 ന് ശേഷം ഗ്രീൻ സോണുകളിൽ സ്വകാര്യ കാറുകൾ അനുവദിച്ചേക്കും; പൊതുഗതാഗതം ഉടനില്ല; സാഹചര്യം അനുകൂലമായാൽ മെയ് മധ്യത്തോടെ ചില സ്ഥലങ്ങളിൽ നിന്ന് പരിമിതമായ തോതിൽ ട്രെയിനുകളും ഫ്‌ളൈറ്റുകളും അനുവദിക്കുമെന്ന് സൂചന; കുറഞ്ഞ കേസുകളുള്ള ജില്ലകൾ തുറക്കുമ്പോഴും മാസ്‌കുകളും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി; രാജ്യത്തുകൊവിഡ് രോഗികളുടെ എണ്ണം 28380 ആയി ഉയർന്നു

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ലോക് ഡൗണിൽ തീരുമാനം ഈ ആഴ്ചാവസാനത്തോടെ. കോവിഡ് ഏറ്റവും അധികം വ്യാപിച്ച സോണുകളിലോ സംസ്ഥാനങ്ങളിലോ മെയ് 3 ന് ശേഷവും ലോക് ഡൗൺ തുടരുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ സൂചിപ്പിച്ചു. ഘട്ടംഘട്ടമായി ലോക് ഡൗണിൽ ഇളവുവരുത്തുന്നതിൽ മോദി മുഖ്യമന്ത്രിമാരുടെ അഭിപ്രായ ആരാഞ്ഞു. സമ്പദ് വ്യവസ്ഥയെചലിപ്പിക്കാൻ ചില മേഖലകളിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത് എങ്ങനെ എന്നതിലും അഭിപ്രായം തേടി. കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീൻ കോഡിങ് ആധാരമാക്കിയുള്ള പദ്ധതി സമർപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കൊറോണ വൈറസിന്റെ വ്യാപനശൃംഖല മുറിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റെഡ് - ഓറഞ്ച് സോണുകളിൽപ്പെട്ട ജില്ലകളിൽ ഇത് കർശനമായും നടപ്പിൽ വരുത്തണം. ഹോട്‌സ്‌പോട്ടുകളിൽ (അതായത് റെഡ് സോണുകളിൽ), നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. റെഡ് സോണുകളെ ഓറഞ്ച് സോണുകളായും, അവയെ പിന്നീട് ഗ്രീൻ സോണുകളായും മാറ്റുന്നത് ലക്ഷ്യമിട്ടാവണം സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾ എന്ന് മോദി ഓർമ്മിപ്പിച്ചു. കോവിഡുമായി ബന്ധപ്പെട്ട് യാതൊരുവിധ വീഴ്ചയും ഉണ്ടാവാൻ പാടില്ലെന്ന് നിർദ്ദേശിച്ച പ്രധാനമന്ത്രി, മറ്റു രോഗങ്ങൾക്കുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ആരോഗ്യസംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടി.

കുറഞ്ഞ കേസുകളുള്ള ജില്ലകൾ തുറക്കുമ്പോഴും മാസ്‌കുകളും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കണം. കഴിഞ്ഞ ഒന്നരമാസത്തിനിടെ ലോക് ഡൗൺ ആയിരക്കണക്കിന് ജീവനുകൾ രക്ഷിച്ചു. ലോക് ഡൗൺ നീട്ടിയാൽ സമ്പദ് ഘടനയെ ബാധിക്കുമെന്ന് ചില മുഖ്യമന്ത്രിമാർ ഓർമിപ്പിച്ചപ്പോൾ അതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമ്പദ് വ്യവസ്ഥ കെട്ടുറപ്പുള്ളതാണെന്നും പ്രധാനമന്ത്രി മറുപടി നൽകി.

വീഡിയോ കോൺഫറൻസിൽ ഉയർന്ന നിർദ്ദേശപ്രകാരം ലോക് ഡൗൺ കാലം കഴിയുമ്പോൾ ഗ്രീൻ സോണുകളിൽ നിയന്ത്രണങ്ങളോടെ സ്വകാര്യ കാറുകൾ അനുവദിച്ചേക്കും. എന്നാല്, പൊതുഗതാഗതം ഉണ്ടായിരിക്കില്ല. അതായത് ട്രെയിനുകളും, ട്രെയിനുകളും ബസുകളും ഒന്നുമുണ്ടാവില്ല. സ്‌കൂളുകളും , കോളേജുകളും മാളുകളും തുറക്കില്ല. മതസമ്മേളനങ്ങൾക്കും കൂട്ടായ്മകൾക്കും നിരോധനം തുടരും. സാഹചര്യം അനുസരിച്ച് മെയ് മധ്യത്തോടെ ചില സ്ഥലങ്ങളിൽ നിന്ന് നിയന്ത്രിതമായ രീതിയിൽ ട്രെയിനോ ഫ്‌ളൈറ്റുകളോ ഉണ്ടാവാൻ സാധ്യതയുണ്ട്. തിങ്കളാഴ്ചത്തെ യോഗത്തിൽ പങ്കെടുത്ത 9 മുഖ്യമന്ത്രിമാരിൽ അഞ്ച്‌പേർ ലോക് ഡൗൺ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ നാല് പേർ അത് നീട്ടണമെന്ന് ആവശ്യപ്പെട്ടു. ഒഡീഷ, മേഘാലയ, ഹിമാചൽ, ഗോവ മുഖ്യമന്ത്രിമാരാണ് ലോക് ഡൗൺ നീട്ടുന്നതിനെ അനുകൂലിച്ചത്.

മോദി സർക്കാരിന് വ്യക്തതയില്ലെന്ന് മമത

മോദിസർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങളിൽ വ്യക്തതയില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിമർശനം. സംസ്ഥാനങ്ങളിലെ കടകൾ തുറന്നപ്രവർത്തിക്കുന്നത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ നിർദ്ദേശങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഇതിൽ വ്യക്തതകൊണ്ടുവരാൻ ആഭ്യന്തരമന്ത്രാലയം തയ്യാറാവണമെന്ന് അവർ ആവശ്യപ്പെട്ടു.

ലോക്ക് ഡൗൺ കർശനമായ പാലിക്കണമെന്ന് ഒരു ഭാഗത്ത് നിന്നും പറയുമ്പോൾ കടകളെല്ലാം തുറന്നോളൂ എന്നാണ് മറ്റൊരു ഭാഗത്ത് നിന്നും ലഭിക്കുന്ന നിർദ്ദേശം, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? കേന്ദ്രം പറയുന്നതും നൽകുന്ന മാർഗനിർദ്ദേശങ്ങളും തമ്മിൽ വ്യക്തതക്കുറവുണ്ട്. കടകൾ തുറന്നാൽ പിന്നെ എങ്ങനെയാണ് ലോക്ക് ഡൗൺ നടപ്പിലാക്കേണ്ടത് എന്നും മമത ചോദിച്ചു.

പെട്ടന്നാണ് കേന്ദ്രം ഒരോ സർക്കുലറുകൾ ഇറക്കുന്നത്, എനിക്കതിൽ പ്രശ്‌നമില്ല, പക്ഷെ സർക്കുലറുകൾ നൽകുന്നതിന് മുൻപ് സംസ്ഥാനങ്ങളുടെ അഭിപ്രായം എന്താണെന്നത് പരിഗണിക്കണം എന്നും മമത പറഞ്ഞു.

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അനുകൂല അഭിപ്രായമാണെന്ന് മമതാ സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു.

24 മണിക്കൂറിനിടെ 1463 പേർക്ക് കൊവിഡ്

രജ്യത്ത് 24 മണിക്കൂറിനിടെ 1463 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയിൽ 60 പേർ മരണത്തിന് കീഴടങ്ങിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്തുകൊവിഡ് രോഗികളുടെ എണ്ണം 28380 ആയി. ഇതിൽ 21132 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 20,971 ആക്ടിവ് കേസുകളുണ്ട്. 6362 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതുവരെ 886 പേർ രോഗം ബാധിച്ച് മരിച്ചതായും കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.കഴിഞ്ഞ 14 ദിവസത്തിനിടെ 85 ജില്ലകളിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 16 ജില്ലകളിൽ 28 ദിവസത്തിനിടെ ഒരു കൊവിഡ് ബാധിതൻ പോലും ഇല്ലെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. മഹാരാഷ്ട്രയിലെ ഗോണ്ടിയ, കർണാടകയിലെ ദേവാൻഗിരി, ബീഹാറിലെ ലഖി സരായ് എന്നിവയാണ് പുതുതായി ഈ ലിസ്റ്റിൽ ഇടംനേടിയ ജില്ലകൾ എന്ന് ലാവ് അഗർവാൾ വ്യക്തമാക്കി

ഡൽഹി മാക്സ് ആശുപത്രിയിൽ 13 മലയാളി നഴ്സുമാർക്ക് കോവിഡ്

ഡൽഹി പട്പട്ഗഞ്ച് മാക്സ് ആശുപത്രിയിൽ 33 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 13 പേർ മലയാളി നഴ്സുമാരാണ്.ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിലൊന്നാണ് പട്പട്ഗഞ്ചിലെ മാക്സ് ആശുപത്രിച കഴിഞ്ഞയാഴ്ച ഇവിടുത്തെ ചില ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിരവധി പേർ ക്വാറന്റൈനിലായിരുന്നു. ഇവരുടെ പരിശോധനാഫലങ്ങളാണ് ഇന്ന് പുറത്തുവന്നത്. 33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ മലയാളികളാണ്.നേരത്തെ ഈ ആശുപത്രിയിലെ ആറ് മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 33 പേരെയും കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് മാത്രം 88 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

അഞ്ച് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ കൊറോണ മുക്തം

രാജ്യത്തെ എട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഞ്ചെണ്ണവും കൊറോണ വൈറസ് മുക്തമായി. സിക്കിം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പുർ, ത്രിപുര സംസ്ഥാനങ്ങളിൽ നിലവിൽ ഒരാൾക്കുപോലും കൊറോണ വൈറസ് ബാധയില്ലെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് മാധ്യമങ്ങളെ അറിയിച്ചു. മറ്റ് മൂന്ന് സംസ്ഥാനങ്ങൾകൂടി ഉടൻ വൈറസ് മുക്തമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അസമിൽ എട്ടുപേർക്കും മേഘാലയയിൽ 11 പേർക്കും മിസോറമിൽ ഒരാൾക്കും നിലവിൽ കൊറോണ വൈറസ് ബാധയുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളും കൊറോണ പ്രതിരോധ നടപടികളുമായി മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പുതതുതായി ഒരാൾക്കുപോലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി തടഞ്ഞ സംസ്ഥാന സർക്കാരുകളെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP