Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടൽകൊലയാളികളെ രക്ഷിക്കാൻ സുഷമ സ്വരാജ് ലളിത് മോദിക്കൊപ്പം ശ്രമിച്ചോ? ലണ്ടനിലെ ഹോട്ടലിൽ വിവാദ കൂടിക്കാഴ്ചയിൽ ആകെപ്പാടെ ദുരൂഹത; വസുന്ധരയെ ബിജെപി കൈവിട്ടേക്കും

കടൽകൊലയാളികളെ രക്ഷിക്കാൻ സുഷമ സ്വരാജ് ലളിത് മോദിക്കൊപ്പം ശ്രമിച്ചോ? ലണ്ടനിലെ ഹോട്ടലിൽ വിവാദ കൂടിക്കാഴ്ചയിൽ ആകെപ്പാടെ ദുരൂഹത; വസുന്ധരയെ ബിജെപി കൈവിട്ടേക്കും

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വജാജ് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയെ വഴിവിട്ടു സഹായിച്ചു എന്ന വിഷയത്തിൽ വിവാദം മുറുകവേ കേന്ദ്രത്തെ പ്രതിരോധത്തിലാക്കി കൂടുതൽ വെളിപ്പെടുത്തലുകൾ. കടൽക്കൊല കേസിൽ പ്രതികളായ ഇറ്റാലിയൻ മറീനുകളെ സഹായിക്കാൻ ലളിത് മോദി സുഷമക്കൊപ്പം ശ്രമിച്ചു എന്ന വെളിപ്പെടുത്തലാണ് ബിജെപി സർക്കാറിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നത്. യുപിഎ സർക്കാറിന്റെ കാലത്ത് സോണിയയുടെ ഇറ്റാലിയൻ ബന്ധം പോലും ഉയർത്തി ബിജെപി ഈ വിഷയത്തിൽ അന്നത്ത സർക്കാറിനെ പ്രതിരോധത്തിൽ ആക്കിയിരുന്നു.

കടൽക്കൊല കേസ് പ്രതികളായ ഇറ്റാലിയൻ മറീനുകളെ സഹായിക്കാൻ ലളിത് മോദി മുംബൈയിലെ അഭിഭാഷകന്റെ സഹായം തേടിയെന്നതും കഴിഞ്ഞ ഒക്‌ടോബറിൽ ലണ്ടനിലെ ബെന്റ്‌ലി ഹോട്ടലിലെ സ്വകാര്യ വിരുന്നിൽ വിദേശകാര്യ മന്ത്രി സുഷമാസ്വരാജും ലളിത് മോദിയും കൂടിക്കണ്ടെന്നതുമാണ് പുതിയ വെളിപ്പെടുത്തലുകൾ. ഇറ്റാലിയൻ മറീനുകളുടെ കേസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു ലളിത് മോദി നിയമോപദേശം തേടിയതായി മുംബൈയിലെ അഭിഭാഷകൻ സുൽഫിക്കർ മേമൻ വെളിപ്പെടുത്തി. ഉന്നതങ്ങളിലുള്ള ഒരാൾക്കു വേണ്ടിയാണു താൻ സമീപിക്കുന്നതെന്നും ലളിത് മോദി പറഞ്ഞിരുന്നു. കേസിനെ കുറിച്ചു താൻ തയാറാക്കിയ റിപ്പോർട്ട് ലണ്ടനിൽ ചെന്നു ലളിത് മോദിക്കു നൽകിയിരുന്നതായും അഭിഭാഷകൻ വെളിപ്പെടുത്തി.

ലണ്ടനിലെ ബെന്റ്‌ലി ഹോട്ടൽ ഉടമ ജോഗീന്ദർ സംഗറാണ് സ്വകാര്യ വിരുന്നു വിവരം പുറത്തു വിട്ടത്.ആകെ 12 പേർ മാത്രം പങ്കെടുത്ത വിരുന്നിലായിരുന്നു സുഷമ - ലളിത് മോദി കൂടിക്കാഴ്ച. ജോഗീന്ദറിന്റെ കുടുംബവും മറ്റൊരു കുടുംബവും പങ്കെടുത്ത വിരുന്നിൽ സുഷമയും ലളിത് മോദിയും സുഷമയുടെ സഹായിയുമായിരുന്നു അതിഥികൾ.

അതിനിടെ വിവാദം മുറുകവേ ലളിത് മോദി വിവാദത്തിൽ ഉൾപ്പെട്ട രാജസ്ഥാൻ മുഖ്യമന്ത്രിയും പാർട്ടിനേതാവുമായ വസുന്ധര രാജെയെ ബിജെപി. കൈവിടാൻ ഒരുങ്ങുകയാണ്. വസുന്ധരയുടെ രാജിക്കുവേണ്ടിയുള്ള സമ്മർദം പർട്ടിക്കുള്ളിൽ തന്നെ ശക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി പാർട്ടി അധ്യക്ഷൻ അമിത് ഷാ, വസുന്ധരയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും അവർ കൂടിക്കാഴ്ച നടത്തും. വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്‌നാഥ് സിങ്ങുമായി വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു.

സാമ്പത്തികക്രമക്കേടുകൾ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ വിഷയം വസുന്ധരതന്നെ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യട്ടെ എന്നായിരുന്നു തുടക്കംമുതൽ ബിജെപി നിലപാട്. ലളിത് മോദി വിവാവദത്തിൽ ഉൾപ്പെട്ട വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ പാർട്ടി തുടക്കത്തിലേ പിന്തുണച്ചെങ്കിലും വസുന്ധര രാജെയുടെ കാര്യത്തിൽ മൗനം തുടർന്നതും ഇതുകൊണ്ടാണ്.

ലളിത് മോദിയുടെ സത്യവാങ്മൂലം പിന്താങ്ങിയതും മകനും ബിജെപിയുടെ എംപി.യുമായ ദുഷ്യന്ത് സിങ്ങിന്റെ ലളിത് മോദിയുമായുള്ള സാമ്പത്തിക ഇടപാടുകളാണ് ഇവരുടെ നില കൂടുതൽ പരുങ്ങലിലാക്കിയത്. കോൺഗ്രസ് അടക്കമുള്ള കക്ഷികൾ വസുന്ധരയുടെ രാജിക്കായി പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. രാജിവെക്കേണ്ട കാര്യമില്ലെന്ന് ആദ്യം വ്യക്തമാക്കിയ രാജസ്ഥാനിലെ പാർട്ടി, ഡൽഹിയിലെ നേതൃത്വം സ്വരം കടുപ്പിച്ചതോടെ നിലപാട് മാറ്റി.

ദുഷ്യന്തിന്റെ 'കടലാസ്' കമ്പനിയിൽ ലളിത് മോദി 11.6 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവന്ന വാർത്ത. മൗറീഷ്യസിൽനിന്നെത്തിയിരിക്കുന്ന തുകയാകട്ടെ നൂറുശതമാനവും കള്ളപ്പണവഴിയിലാണ് വന്നിട്ടുള്ളത്. കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന മുദ്രാവാക്യവുമായി അധികാരത്തിൽ വന്ന സർക്കാറിനെ ഭാവിയിൽ ഇത് കൂടുതൽ പ്രതിരോധത്തിലാക്കിയേക്കും. കോടികൾ മറിയുന്ന ഐ.പി.എൽ. ക്രിക്കറ്റിലെ അതികായനുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ബിജെപി കരുതലോടെയാണ് നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP