Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യപ്രദേശിൽ ബിജെപി നേരിടേണ്ടി വരുന്നത് അഗ്‌നിപരീക്ഷ; ആളിപ്പടർന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ശ്രമിക്കുന്ന ശിവ്രാജ് സിങ് ചൗഹാന് കൂനിന്മേൽ കൂരുപോലെ കാർഷിക മേഖലയുടെ തകർച്ചയും തൊഴിലില്ലായ്മയൂം സവർണവോട്ടുകളും; ജ്യോതിരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവത്തിലും കോൺഗ്രസിന് പ്രതീക്ഷ; 13 വർഷം തുടർച്ചയായി മുഖ്യമന്ത്രിക്കസേരയിലിരുന്ന ചൗഹാന് ഇത്തവണ കാലടിറുമോ

മധ്യപ്രദേശിൽ ബിജെപി നേരിടേണ്ടി വരുന്നത് അഗ്‌നിപരീക്ഷ; ആളിപ്പടർന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ശ്രമിക്കുന്ന ശിവ്രാജ് സിങ് ചൗഹാന് കൂനിന്മേൽ കൂരുപോലെ കാർഷിക മേഖലയുടെ തകർച്ചയും തൊഴിലില്ലായ്മയൂം സവർണവോട്ടുകളും; ജ്യോതിരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവത്തിലും കോൺഗ്രസിന് പ്രതീക്ഷ; 13 വർഷം തുടർച്ചയായി മുഖ്യമന്ത്രിക്കസേരയിലിരുന്ന ചൗഹാന് ഇത്തവണ കാലടിറുമോ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഈ മാസം 28ന് ജനം പോളിങ് സ്റ്റേഷനുകളിലേക്ക് പോകുമ്പോൾ മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ജനവിധിയെ എതിരേൽക്കുന്നത് ഏറെ നെഞ്ചിടിപ്പോടു കൂടി തന്നെയാണ്. ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ബിജെപിക്ക് അഗ്‌നിപരീക്ഷ പോലെയാണ് ഈ തെരഞ്ഞെടുപ്പ്. പതിനാലു വർഷത്തെ ഭരണം ഇത്തവണ കൈവിട്ടു പോകാതിരിക്കാനുള്ള അടവുകൾ എല്ലാം തന്നെ ബിജെപി പ്രയോഗിക്കുന്നുണ്ടെങ്കിലും ഭരണകക്ഷിക്കെതിരേ ഉയർന്നിരിക്കുന്ന വികാരങ്ങൾ കണ്ടില്ലെന്നു നടിക്കാൻ ബിജെപിക്കാവില്ല.

പൊതുവേ ഉയർന്നിരിക്കുന്ന ഭരണവിരുദ്ധ വികാരവും മേൽത്തട്ട് വിഭാഗങ്ങൾക്കിടയിലുള്ള അതൃുപ്തിയും കാർഷിക മേഖലയുടെ തകർച്ചയും ബിജെപി മുഖ്യമന്ത്രി ശിവാരാജ് ചൗഹാന് അഭിമുഖീകരിക്കേണ്ട പ്രധാനവെല്ലുവിളിയാണ്. 13 വർഷം തുടർച്ചയായി മുഖ്യമന്ത്രിക്കസേരയിലിരുന്ന ചൗഹാന് ജനങ്ങൾക്കിടയിൽ മെച്ചപ്പെട്ട പ്രതിച്ഛായ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഭരണചക്രത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കുന്ന വലിയൊരു വിഭാഗം ജനത കൂടിയുണ്ടെന്നത് മറക്കാനാവില്ല. നിയമസഭാംഗങ്ങളിൽ ചിലർക്കെതിരേ ഉയർന്നിരിക്കുന്ന അഴിമതി ആരോപണങ്ങളും ബിജെപിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപിച്ചിട്ടുണ്ട്.

സർവേ ഫലം അനുസരിച്ച് ബിജെപി വിരുദ്ധ വികാരം പ്രകടമാക്കുന്ന ഒരു വലിയ വിഭാഗം ജനത സംസ്ഥാനത്ത് നിലവിലുണ്ടെന്നതാണ്. 2003-ൽ ബിജെപി അധികാരത്തിൽ വന്നതു തന്നെ അത്തരത്തിലൊരു വികാരം ഉയർന്ന സാഹചര്യത്തിലായിരുന്നു. ഏറെ നാൾ ഒരു പാർട്ടിയുടെ തന്നെ കീഴിൽ ഭരിക്കപ്പെടാൻ ഇഷ്ടപ്പെടാത്ത ഒരു വലിയ വിഭാഗം ജനതയാണ് ബിജെപിയുടെ പ്രധാന വെല്ലുവിളിയും. ഇതു പ്രധാനമായും വ്യക്തമായത് അടുത്ത കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ്. കോലാറസ്, മുംഗാവലി ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ വീഴ്ച പാർട്ടിയിൽ ഭീതി വളർത്തുന്നുണ്ട്.

സവർണ വോട്ടുകൾ
ജാതി വ്യവസ്ഥകൾ നിർണായക സ്വാധീനം ചെലുത്തുന്ന മധ്യപ്രദേശ് പോലൊരു സംസ്ഥാനത്ത് പാർലമെന്റിൽ ജൂലൈയിൽ ഭേദഗതി ചെയ്യപ്പെട്ട പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കെതിരേയുള്ള പീഡന നിയമം. ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്- പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് (ജഛഅ) ആക്ട്. ഈ നിയമ ഭേദഗതിക്കെതിരേ സെപ്റ്റംബറിൽ സംസ്ഥാനത്തെ ഒട്ടേറെ ജില്ലകളിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. മേൽതട്ട വിഭാഗക്കാരുടെ പുതിയ സംഘടനയായ സപാക്സ്, രജപുത്കർണി സേന തുടങ്ങിയവർ സംയുക്തമായാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്. വർഷങ്ങളായി ബിജെപിയെ പിന്തുണച്ചുവരുന്ന ഇത്തരം മേൽത്തട്ട് വിഭാഗക്കാരുടെ വേട്ട് ഇത്തവണ മലക്കം മറിയാൻ തന്നെയാണ് സാധ്യതയെന്നതാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

ആദിവാസികൾക്കിടയിൽ 2003-നു ശേഷം ബിജെപി നേടിയ സ്വാധീനം ഇത്തവണ ഇടിയുമെന്നും സൂചനയുണ്ട്. ഈ അതൃപ്തി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സുപ്രധാന ഘടകമാണ്. ഒരു കാലത്ത് കോൺഗ്രസിനുണ്ടായിരുന്ന ആധിപത്യമാണ് പിന്നീട് ബിജെപി പിടിച്ചെടുത്തത്. എന്നാൽ ഇന്ന് ആദിവാസി സമൂഹം ഏറെ അസ്വസ്ഥരും ബിജെപി വിരുദ്ധരുമാണ്.

ഈ ഭയത്തെ മറികടക്കാൻ ബിജെപിക്കുള്ളിൽ വൻ സംഘടനാ പ്രവർത്തനമാണ് നടക്കുന്നതെന്നാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സവർണ വിഭാഗക്കാർക്കിടയിൽ ഉയർന്നിരിക്കുന്ന രോഷം മറികടക്കാൻ ബിജെപിക്ക് ഏറെ വിയർക്കേണ്ടതായും വരും. കേന്ദ്രത്തിലും ബിജെപിക്കുള്ള സ്വാധീനത്തിന്റെ തോത് കുറയ്ക്കാൻ ഇത്തരം സവർണവിഭാഗക്കാർക്കിടയിലെ അതൃപ്തിക്ക് കാരണമാകും.

കാർഷിക മേഖലയുടെ തകർച്ച
സംസ്ഥാനത്തെ ജനസംഖ്യയിൽ 70 ശതമാനവും കർഷകരാണ്. വർക്കിങ് പോപ്പുലേഷനിൽ 83 ശതമാവും. രാജ്യത്തെ കാർഷിക മേഖലാ വളർച്ചയിൽ മുമ്പന്തിയിൽ നിൽക്കുന്നതും മധ്യപ്രദേശ് തന്നെ. കാർഷിക മേഖലയുടെ വളർച്ചയിലും മറ്റും കിസാൻപുത്ര ആയ ശിവാരാജ് ചൗഹാൻ ഏറെ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും 2003 മുതൽ പതിനായിരത്തിലധികം കർഷകരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത് എന്നതും ഒരു സത്യമാണ്. സംസ്ഥാനത്തെ കാർഷിക മേഖല ഇപ്പോൾ നേരിടുന്ന പ്രതിസന്ധി ആരേയും ഭയപ്പെടുത്തുന്നതുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മൻസോർ സംഭവം.വിളകൾക്ക് കൂടുതൽ വിലയാവശ്യപ്പെട്ട് കർഷകർ മൻസോർ ജില്ലയിൽ നടത്തിയ പ്രക്ഷോഭത്തിൽ പൊലീസ് വെടിവയ്പിൽ ആറു പേർ കൊല്ലപ്പെടുകയും ചെയ്തു.

മൻസോർ സംഭവം ഉണ്ടാക്കിയ നാണക്കേട് ഒഴിവാക്കാൻ പിന്നീട് സർക്കാർ കർഷകർക്കായി പല സ്‌കീമുകളും നടപ്പാക്കി. എന്നാൽ ഈ സാഹചര്യം മുതലെടുക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിനായി. കർഷകരുടെ പ്രക്ഷോഭത്തിന്റെ വാർഷികം ആഘോഷിക്കാൻ ഈ വർഷം ആറിന് മൻസോറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ റാലി സംഘടിപ്പിക്കുകയും ചെയ്തു. പാർട്ടിയുടെ ഔദ്യോഗിക ഇലക്ഷൻ പ്രചാരണത്തിന് ഇതൊരു തുടക്കമായിരുന്നു എന്നു വേണമെങ്കിലും പറയാം.

കാർഷിക മേഖലയുടെ പതനത്തിനൊപ്പം കേന്ദ്രനയങ്ങളും നോട്ടു നിരോധനവും ജിഎസ്ടിയുമൊക്കെ സംസ്ഥാനത്തെ തകർച്ചയുടെ വക്കിൽ എത്തിച്ചിട്ടുണ്ട്. ചൗഹാന്റെ ജനപ്രീതിയെ മറികടന്ന് കർഷകരിൽ ഇത്തരം വികാരം ആളിക്കത്തിൽ ബിജെപി തീർച്ചയായും പതനത്തിലേക്കായിരുന്നു എന്നു തീർച്ചയായും പറയാം.

തൊഴിലില്ലായ്മ
രാജ്യത്തെ മറ്റേതു സംസ്ഥാനത്തെ പോലെ തന്നെ ചൗഹാൻ സർക്കാരിന് നേരിടേണ്ടി വരുന്ന മറ്റൊരു പ്രധാനവിഷയമാണ് തൊഴിലില്ലായ്മ. ലേബർ മിനിസ്ട്രിയുടെ കണക്കനുസരിച്ച് 2015-16 കാലഘട്ടങ്ങളിൽ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 40ശശതമാനവും ഉൾമേഖലകളിൽ 44 ശതമാനവുമാണെന്നാണ്. സംസ്ഥാനത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 43 ശതമാനവും. സംസ്ഥാനത്ത് തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിൽ ബിജെപി സർക്കാർ അമ്പേ പരാജയമാണെന്നാണ് വ്യക്തമാകുന്നത്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബിജെപിക്കു മേൽ സമ്മർദം ചൊലുത്തുന്നത്. അധികാരത്തിലേറിയാൽ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുമെന്നും സംസ്ഥാനത്ത് ഏറെ തൊഴിൽ സാധ്യതകൾ സൃഷ്ടിച്ചെടുക്കുമെന്നും കോൺഗ്രസ് വാദം മുഴക്കുന്നുണ്ട്.

ബിജെപിക്ക് പ്രധാനമായും നേരിടേണ്ടത് കോൺഗ്രസിനെ ആകെയാൽ യുവനേതാവ് ജ്യോതിരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവവും ബിജെപിക്ക് തിരിച്ചടിയാകും. ഏറ്റവുമൊടുവിലെ കണക്കുകളനുസരിച്ച് അഞ്ച് ശതമാനത്തിൽ കുറയാത്ത വോട്ടുകൾ ബിജെപിയിൽനിന്ന് അടർത്തിമാറ്റാൻ കഴിഞ്ഞാൽ മധ്യപ്രദേശിൽ കോൺഗ്രസിന് വിജയിക്കാനാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP